2022 മാർച്ച് 30, ബുധനാഴ്‌ച

അമ്മയും വെെദികനും : ഗ്രേസ്യാ ദലദ (ഇറ്റലി)


 

(നൊബേൽ സമ്മാനം നേടിയ കൃതി)

ദാരിദ്ര്യത്തിനും കഷ്ടപ്പാടുകൾക്കുമിടയിൽ ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയ വിധവയുടെ ധർമ്മസങ്കടങ്ങൾക്കൊടുവിലെ ആത്മത്യാഗമാണ്  ഈ നോവലിൻ്റെ ഇതിവൃത്തം.

വെെദികവൃത്തിയിൽ തന്റെ മകന്റെ ഔന്നത്യം ഉറ്റുനോക്കിയ മാതാവിന്  തീവ്രാനുരാഗിയായ വെെദികൻ്റെ അന്തഃസംഘർഷങ്ങളാണ് നേരിടേണ്ടി വരുന്നത്. പ്രണയത്തിനും ആത്മീയതയ്ക്കും ഇടയിൽപ്പെട്ട് വഴിയറിയാതെ, ഇടറിവീഴാൻ പോകുന്ന മകനെയോർത്ത് ഉരുകിയമരുന്ന മാതൃഹൃദയത്തിൻ്റെ നൊമ്പരങ്ങളാണ് ഈ നോവലിലൂടെ ദലദ നമുക്ക് പകർന്നു തരുന്നത്.

ദരിദ്രവും ശപിക്കപ്പെട്ടതുമായ ഒരു ഇടവക. പൂർണ്ണമായും ദെെവത്തെ മറന്നപോലെയാണ് അവിടത്തെ ജനങ്ങൾ ജീവിച്ചു പോകുന്നത്. മുമ്പ് അവിടെ ഉണ്ടായിരുന്ന വെെദികൻ തന്നിഷ്ട്ടക്കാരനും   മദ്യവും മന്ത്രവാദവും എല്ലാം ഉപയോഗിക്കുന്ന, ഇടവകയിലെ ജനങ്ങളാരും ഇഷ്ടപ്പെടാത്തതുമായ ഒരാളായിരുന്നു.

ഒടുവിൽ പരിചാരകരാരുമില്ലാതെ അസുഖം വന്ന് പള്ളിയിൽക്കിടന്ന് ആ വെെദികൻ മരണമടയുന്നു.

ക്രൂരനായ ആ പുരോഹിതൻ്റെ പ്രേതാത്മാവ് അവിടെ അലഞ്ഞ് തിരിയുന്നുണ്ടെന്ന് ഭയപ്പെട്ട്  പുതിയ വെെദികരാരും അവിടേക്ക് വരാറില്ല…

ഈ സമയത്താണ് വെെദികനായ പോളും അദ്ദേഹത്തിൻ്റെ മാതാവായ മരിയ മഗ്ദലനയും ആ ഇടവകയിലേക്ക് കടന്നുവരുന്നത്. യുവാവായ പോളിനെ  ഇടവകയിലെ ജനങ്ങളെല്ലാം ദെെവദൂതനെപ്പോലെ സ്വീകരിച്ചു. സ്വന്തം ചിലവിൽ പാലം പണിതും, പള്ളിയും പരിസരവും മോഡികൂട്ടിയും, ആ യുവ വെെദികൻ വളരെ പെട്ടന്നുതന്നെ ഇടവക്കാരുടെ ഇഷ്ടം പിടിച്ചു പറ്റി. അതുവരെ പള്ളിയിൽ വരാതിരുന്ന നാട്ടുകാർ പള്ളിയിലെ നിത്യസന്ദർശ്ശകരായി മാറി.

ഇതിൽ  ഏറ്റവും കൂടുതൽ സന്തോഷിച്ചത് മറ്റാരുമായിരുന്നില്ല പോളിൻ്റെ അമ്മ മരിയയായിരുന്നു. മകൻ എല്ലാവരും അംഗീകരിക്കുന്ന ഒരു വെെദികനാവണമെന്നതായിരുന്നു വിധവയായ ആ അമ്മയുടെ ആഗ്രഹം. തൻ്റെ മകൻ തൻ്റെ പ്രതീക്ഷകൾക്കനുസരിച്ച് വളരുന്നതിൽ മരിയ അതീവ സന്തുഷ്ടയായിരുന്നു.

എന്നാൽ മരിച്ചുപോയ അച്ഛൻ്റെ പ്രേതം പുതിയ വെെദികനെ ദ്രോഹിക്കുമെന്ന നാട്ടുകാരുടെ ആശങ്ക ശരിവെക്കുന്ന രീതിയിലായിരുന്നു പോളിൻ്റെ പെട്ടന്നുള്ള സ്വഭാവമാറ്റം. യാതൊരു ദുശ്ശീലവും ഇല്ലാതിരുന്ന സൽസ്വഭാവിയായ തൻ്റെ മകൻ ഈയിടെയായ് രാത്രിയിൽ ആരുമറിയാതെ  മുറിവിട്ട് പുറത്ത് പോകാറുണ്ടെന്ന സത്യം അമ്മ ഞെട്ടലോടെ മനസ്സിലാക്കുന്നു. മകനോട് അതിനെ കുറിച്ച് ചോദിക്കാനുള്ള ധെെര്യമില്ലാതെ അവർ ധർമ്മസങ്കടത്തിലാവുന്നു..ഒടുവിൽ എന്തും വരട്ടേ എന്ന  ദൃഢനിശ്ചയത്തോടെ രാത്രിയിൽ മകനെ പിൻതുടരാൻ മരിയ തീരുമാനിക്കുന്നു.

ഈ കഥാസന്ദർഭത്തിൽ സ്വാഭാവികമായും വായനക്കാരൻ്റെ  മനസിലേക്ക് മറ്റൊരു അമ്മ കടന്നു വരാം.

മാക്സിം ഗോർക്കിയുടെ അമ്മ എന്ന നോവലിലെ വിപ്ലവകാരിയായ പവേലിൻ്റെ  അമ്മ നിലോവ്ന.

ഇവിടെ  ആത്മീയതിയിൽ നിന്ന് വഴിവിട്ട് സഞ്ചരിക്കുന്ന പോളിനെ രാത്രിയിൽ ആരുമറിയാതെ പിൻതുടരുന്ന മരിയ  എന്ന അമ്മയും, അവിടെ വിപ്ലവകാരിയായ മകൻ ജയിലിലായപ്പോൾ മകൻ ചെയ്യേണ്ട ജോലി സ്വയം ഏറ്റെടുത്ത് രാത്രിയിൽ ആരുമറിയാതെ ലഘുരേഖകൾ വിതരണം ചെയ്യാനിറങ്ങിപ്പുറപ്പെടുന്ന പവേലിൻ്റെ അമ്മയും. ആത്മീയതയുടെ പാതയിലേക്ക് മകനെ തിരിച്ച് കൊണ്ടുവരാൻ ശ്രമിക്കുന്ന മരിയയും  മകനോടൊപ്പം വിപ്ലവത്തിൻ്റെ പാത പിൻതുടരുന്ന നിലോവ്നയും.

ആഗ്നസ് എന്ന സുന്ദരിയായ യുവതിയുടെ വീട്ടിലേക്കാണ് തൻ്റെ മകൻ രാത്രിയിൽ  പോകുന്നത് എന്ന് ആ അമ്മ തിരിച്ചറിയുന്നു.അവൾ അവിടെ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു അവിവാഹിതയാണ്. ഇല്ല. തൻ്റെ മകൻ്റെ ഈ പോക്ക് ശരിയല്ല. അവനെ നേർവഴിക്ക് കൊണ്ടുവരേണ്ടത് ഒരമ്മയുടെ ചുമതലയാണ്.പക്ഷേ എങ്ങനെ പോളിനോട് ഈ കാര്യം താൻ  പറയും? പറയാതെ വയ്യതാനും , അവർ വേഗം വീട്ടിലേക്ക് തിരിച്ച് നടന്നു. അസ്വസ്ഥമായ മനസ്സുമായ് മകൻ വരുന്നതും കാത്ത് ഇരുന്നു.

പോളും മരിയയും തമ്മിലുള്ള സംഭാക്ഷണം ശ്രദ്ധിക്കുക.

മരിയ : ” പോൾ നീ എവിടെയായിരുന്നു എന്നെനിക്കറിയാം  ഏതാനും രാത്രികളിലായ് നീ പുറത്ത് പോകുന്നത് ഞാൻ അറിയുന്നുണ്ട്.ഇന്ന് നിൻ്റെ ഒപ്പം വന്ന് നീ പോയ ഇടം ഞാൻ മനസ്സിലാക്കി.മകനേ നീ

ചെയ്യുന്നതെന്താണെന്ന് നീയൊന്ന് ആലോചിച്ചു നോക്കു.”

പോളിൽ നിന്നും കുറേ സമയത്തേക്ക്  മറുപടിയൊന്നും ഉണ്ടായില്ല.

”അമ്മേ ഞാൻ ഒരു രോഗിയുടെ അടുത്തായിരുന്നു”

”പക്ഷേ ആ വീട്ടിൽ ആർക്കും അസുഖമില്ലല്ലോ” അമ്മ പറഞ്ഞു

”രോഗമുള്ളവരെല്ലാം ശയ്യാവലംബികളാവണമെന്നില്ലല്ലോ”  പോളിൻ്റെ മറുപടി

”അങ്ങനെയെങ്കിൽ  നീ കാണാൻ ചെന്ന ചെറുപ്പക്കാരിയേക്കാൾ അസുഖം നിനക്കാണ് . നീ ആദ്യം നിന്നെതന്നെ ചികിത്സിക്കു. അറിവില്ലാത്തവളാണെങ്കിലും ഞാൻ നിൻ്റെ അമ്മയാണ് എന്തിനേക്കാളും വലിയ രോഗമാണ് പാപമെന്ന് എനിക്കറിയാം”

”എന്നെ ശല്യപ്പെടുത്തരുത് നല്ലതും ചീത്തയും തിരിച്ചറിയാൻ  എനിക്കു കഴിയും ”

എന്ന് പറഞ്ഞ് പോൾ തൽക്കാലത്തേക്ക്  അമ്മയുടെ മുന്നിൽ നിന്നും രക്ഷപ്പെടുന്നു.

പോളിൻ്റെ മനസ്സും പ്രക്ഷുബ്ധമാണ് താൻ ചെയ്യുന്നത് വലിയ അപരാധമാണെന്ന് അറിയാഞ്ഞിട്ടല്ല .പക്ഷേ മനസ്സ് അതൊരു കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ഓടുകയാണ് എത്ര ശ്രമിച്ചിട്ടും അതിനെ നേർവഴിക്കാക്കാൻ പോളിന് സാധിക്കുന്നില്ല.

നോവലിൽ നല്ലൊരു ഭാഗവും സഞ്ചരിക്കുന്നത് പോളിന്റേയും അമ്മയുടേയും ചിന്തകളിലൂടെയാണ്. കാറ്റും കോളും നിറഞ്ഞ ആ രണ്ട് മനസ്സുകളിലെ വിചാരവികാരങ്ങളെ നോവലിസ്റ്റ് വളരെ തൻമയത്വത്തോട് കൂടി വായനക്കാരനു മുന്നിൽ തുറന്നു വെക്കുന്നു.

ആഗ്നസിനെ മറക്കാൻ പോൾ കഴിവതും ശ്രമിച്ചു നോക്കി. ഒടുവിലയാൾ ആ തീരുമാനത്തിലെത്തി മറക്കുക തന്നെ. അവളോടത് അയാൾ പറയുകയും ചെയ്തു. പക്ഷേ ആഗ്നസിൻ്റെ പ്രണയം  തീക്ഷണമായിരുന്നു അവൾ ഒരിക്കലും അതിന് ഒരുക്കമായിരുന്നില്ല. പോൾ എന്നെ ഉപേക്ഷിക്കാനാണ് നിൻ്റെ തീരുമാനമെങ്കിൽ പള്ളിയങ്കണത്തിൽ വന്ന് നമ്മുടെ പ്രേമകഥ ഞാൻ വിളിച്ചു പറയും എന്നവൾ ഭീക്ഷണി മുഴക്കുന്നു.

പോൾ ഇത് അമ്മയുടെ മുന്നിൽ അവതരിപ്പിക്കുന്നു.ആ സ്ത്രി വളരെ ഭയപ്പെെട്ടു പോകുന്നു .തൻ്റെ മകൻ്റെ വെെദിക ജീവിതം ഇതാ അവസാനിക്കാൻ പോകുന്നു.

കഥയുടെ അവസാനം പള്ളിയങ്കണത്തിൽ പ്രാർത്ഥനയ്ക്കായ് കൂടിയ ജനങ്ങൾ ആഗ്നസും മരിയയും   കൂട്ടത്തിലുണ്ട്. അവൾ പറഞ്ഞതുപോലെ ചെയ്യുമോ എന്നോർത്ത് പോൾ ആകെ തകർന്നിരിക്കുകയാണ്.

പെട്ടന്നാണ് അത് സംഭവിച്ചത് മരിയ അടുത്തിരിക്കുന്ന സ്ത്രീയുടെ ചുമലിലേക്ക് വീഴുകയായിരുന്നു.

ആൾക്കാർ ഓടികൂടി.  ”ആ സ്ത്രി  മരിച്ചിരിക്കുന്നു” ആരോ പറഞ്ഞു.

പോൾ ഓടിവന്ന് അമ്മയെ മടിയിൽ കിടത്തി. തന്നെ കീഴ്പ്പെടുത്തിയ അതേ ഭീതിയിൽ നിന്ന്, അതേ ദുഃഖത്തിൽ നിന്നുണ്ടായ ഞെട്ടലാണ് അമ്മയുടെ മരണകാരണമെന്ന്  അവൻ തിരിച്ചറിയുന്നു.

തൻ്റെ ചുറ്റും കൂടിയിരിക്കുന്ന വിഭ്രാന്തി പൂണ്ട ജനങ്ങൾക്കിടയിൽ നിന്ന് ഈറനണിഞ്ഞ ആ വെെദികൻ്റെ കണ്ണുകൾ തന്നെ തന്നെ നോക്കികൊണ്ടിരിക്കുന്ന  ആ രണ്ടു കണ്ണുകളുമായ് ഇടഞ്ഞു.

മാതൃപുത്ര ബന്ധത്തിൻ്റെ അസാധാരണവും അതിഗൂഡവുമായ വെെകാരിക തലങ്ങളാണ് ഈ കൃതിയിൽ അനാവരണം ചെയ്യപ്പെട്ടിട്ടുള്ളത്.


ലിബേഷ് കാരിയിൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ