2022 മാർച്ച് 3, വ്യാഴാഴ്‌ച

അഴി-മതി!


 

ഇന്നത്തെ പത്രത്തിൽ കണ്ട വാർത്ത. "ജയിച്ച പരീക്ഷ തോറ്റെന്നു വിശ്വസിപ്പിച്ച് 1.5 ലക്ഷം രൂപ കൈക്കൂലി; എംജിയു ജീവനക്കാരി പിടിയിൽ..."

വായിക്കുന്ന ആരിലും ഒരത്ഭുതവും ഉളവാക്കാത്ത, ഒരു സാധാരണ വാർത്ത. ഈ സാധാരണത്വത്തിൻറെ കാരണം, അഴിമതി ജീവവായു പോലെ നമ്മുടെയൊക്കെ ജീവിതത്തിന്റെ ഭാഗമാകുന്നു എന്നതുതന്നെ. പ്രബുദ്ധമായ കേരളത്തിന്റെ സ്ഥിതി ഇതാണെങ്കിൽ മറ്റു സംസ്ഥാനങ്ങളുടെ കാര്യം പറയാനെന്തിരിക്കുന്നു?

ട്രാൻസ്പരൻസി ഇന്റർനാഷണൽ (Transparency International) പ്രസിദ്ധീകരിക്കുന്ന കറപ്ഷൻ പെർസെപ്ഷൻസ് ഇൻഡക്സിൽ (Corruption Perceptions Index - CPI), ഇന്ത്യ (2021-ൽ) എൺപത്തിയഞ്ചാം സ്ഥാനമാണ് അലങ്കരിക്കുന്നത്. നൂറിൽ നാല്പതു പോയിന്റ്. നൂറിൽ എൺപത്തെട്ടു പോയിന്റുമായി ഡെന്മാർക്കും, ഫിൻലാൻഡും, ന്യൂസിലാൻഡും അഴിമതിരാഹിത്യത്തിൽ ഒന്നാം സ്ഥാനത്ത്.  അഴിമതിയുടെ കാര്യത്തിൽ നാം ആർക്കും പിന്നിലല്ലെന്ന് നമുക്കെല്ലാം അറിയുന്ന കാര്യമാണല്ലോ. എന്നാലും എന്തായിരിക്കും  നമ്മുടെ നാട്ടിൽ അഴിമതി ഇത്രയും കൂടാൻ കാരണം? വെറുതേ സമയം മെനക്കെടുത്താതെ പോകണം എന്നായിരിക്കും നിങ്ങളുടെ മനസ്സിൽ. പലകാരണങ്ങൾ ചൂണ്ടിക്കാട്ടാൻ ഉണ്ടാകും. എനിക്ക് തോന്നുന്ന കാര്യങ്ങൾ പറയാം.

ഫിൻലാൻഡും, ന്യൂസിലാൻഡും സന്ദർശിക്കാനും, മറ്റു  മുൻ നിരയിലുള്ള രാജ്യങ്ങളായ സിംഗപ്പൂരിലും ഓസ്‌ട്രേലിയയിലും ജീവിക്കാനും, പിന്നെ അഴിമതിയിൽ ഇന്ത്യയോട് കിടപിടിക്കുന്ന മലേഷ്യയിൽ ജീവിച്ചതിന്റെയും വെളിച്ചത്തിലുള്ള ചില 'വെളിപ്പെടുത്തലുകളാണ്.' തെളിവുകളൊന്നുമില്ല!

സാമൂഹികവും, രാഷ്‌ടീയവും സാമ്പത്തികവുമായ പല കാരണങ്ങളും നിരത്താമെങ്കിലും, അഴിമതികളുടെ പ്രധാന ഉത്തരവാദിത്വം ഒരേയൊരു കൂട്ടർക്ക് മാത്രമാണ്. നാം തന്നെ. ഞാനും നിങ്ങളുമാണ് ഇതിന് 'കാരണഭൂതർ.'  എങ്ങനെയെന്നല്ലേ? പറയാം.  സാധാരണക്കാരായ നമുക്ക് കാര്യങ്ങൾ നടക്കണമല്ലോ. സർക്കാർ ജോലി വേണം, വീട് വയ്ക്കാൻ അനുമതി വേണം,  സർക്കാർ സ്ഥാപനങ്ങളിൽ പോയാൽ കാര്യങ്ങൾ എളുപ്പം നടക്കണം, പോലീസ് സ്റ്റേഷനിലും കോടതിയിലും കാര്യങ്ങൾ നമുക്കനുകൂലമാകണം. അതിന് കൈമടക്കാനും, കാശ് മുടക്കാനും നമുക്ക് മടിയില്ല. ഔചിത്യമില്ലാത്ത ആവശ്യക്കാരായിപ്പോയി, ഞാനും, നിങ്ങളും. ഇത് നന്നായി അറിയുന്നവർ വേറെ എന്ത് ചെയ്യണം? ആവശ്യകത (demand) ഉള്ളതുകൊണ്ടാണല്ലോ വിതരണം (supply) യഥേഷ്ടം നടക്കുന്നത്. അപ്പോൾ നമ്മൾ കൈക്കൂലി കൊടുക്കില്ല എന്ന് പറയുവാനും, കുറച്ചു മെനക്കെടാനും, കുറച്ചൊക്കെ നഷ്ടംസഹിക്കാനും തയ്യാറായാൽ ചിലപ്പോൾ ചിലമാറ്റങ്ങൾ വന്നാലായി. പഴയയൊരു കാര്യം ഓർമ്മ വന്നു. പോസ്റ്റ്ഗ്രാജുവേഷനും യുജിസി നെറ്റുമൊക്കെയെടുത്തു ഇപ്പോ കോളേജ് അധ്യാപനയിക്കളയാം എന്ന് വിചാരിച്ച, ഈയുള്ളവൻ,  ഇനിയും അഞ്ചുലക്ഷം രൂപ ഉണ്ടാക്കി കോളേജ്  മാനേജ്മെന്റിന് മുന്നിൽ കാഴ്ചവക്കണമെന്നുകേട്ട് അന്തം വിട്ട കഥ. അല്പം പുരാതനമാണ് സംഭവം. ഇപ്പോഴാണെങ്കിൽ തുകയിൽ ഒന്നോ രണ്ടോ പൂജ്യങ്ങളും കൂടുതലുണ്ടാകുമായിരുന്നു. പക്ഷെ അത് കൈമടക്കല്ല, നാട്ടുനടപ്പ് മാത്രം. നാട്ടുനടപ്പിന് മനസ്സില്ലാത്തതുകൊണ്ട് നാടുതന്നെ വിട്ടു എന്നത് മറ്റൊരു കഥയാക്കാം. ഇത് മനസ്സിലാക്കിയ കോളേജ് മാനേജ്‌മന്റ് ഈ ദുരാചാരം എന്നെന്നേക്കുമായി നിർത്തലാക്കി വിളംബരമിറക്കി എന്നാണ് കേട്ടത്! തള്ളുന്നതിനു നികുതിയില്ലല്ലോ!

രണ്ടാമതായി വേണ്ടത് അഴിമതി തടയാനുള്ള ശരിയായ നിയമങ്ങളും അത് നടപ്പിൽ വരുത്താൻ കഴിവും ആത്മാർഥതയുമുള്ള ഭരണാധികാരികളും ഉദ്യോഗസ്‌ഥരും ആണ്. നിയമങ്ങൾ നമുക്കുമുണ്ട്, അത് നടപ്പിൽ വരുത്തുന്നവർ ശരിയല്ലെങ്കിൽ പിന്നെന്തു ചെയ്യും. സിംഗപ്പൂരിൽ കുറേനാൾ ജീവിച്ചു എന്ന് പറഞ്ഞുവല്ലോ. നിയങ്ങൾ നടപ്പിൽ വരുത്തുന്നതിൽ ഇത്രയൂം ശുഷ്കാന്തിയുള്ള വേറൊരു നാട് കണ്ടിട്ടില്ല. ചെറിയനാടായതുകൊണ്ടു കാര്യങ്ങൾ കുറച്ചൊക്കെ എളുപ്പമായിരിക്കും. പക്ഷെ, അഴിമതി പോയിട്ട് അഴി എന്ന് വിചാരിച്ചാൽ തന്നെ അഴിക്കുള്ളിലാകുന്ന നാടാണ്. കൂട്ടത്തിൽ ജീവിതത്തിൽ മറക്കാനാകാത്ത കണക്കിന് ചൂരൽ അടിയും കിട്ടും. Caning എന്ന് ആംഗലേയത്തിൽ പറയും. അതുകൊണ്ട് തന്നെ ആൾക്കാർ ജാഗരൂകരാണ്. നിയമലംഘനമുണ്ടായാൽ എവിടെനിന്നെറിയാത്ത രഹസ്യ പോലീസുകാർ ഓടിയെത്തും. അവരെകണ്ടാൽ പോലീസുകാരാണെന്ന് തോന്നില്ല എന്ന് മാത്രം. അതുപോലൊരു നാട്ടിൽ നാട്ടാർക്കും പേടിയുണ്ടാകും. കുറച്ചു പേടിയൊക്കെ നല്ലതിനല്ലേ. അതുകൊണ്ടുള്ള ഗുണം, ആരുടെയും കാലുപിടിക്കണ്ട എന്നതുമാത്രമല്ല. അല്ലലില്ലാതെ ജീവിക്കാം. ഏതു പാതിരാത്രിക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഭയമില്ലാതെ എവിടെയും പോകാം. ഫിൻലാൻഡിലും ന്യൂസിലാൻഡിലും ഇതുപോലെ തന്നെയാണ്. കൊച്ചുകുട്ടികൾ ഒറ്റയ്ക്ക് യാത്രചെയ്യുന്നത് കൂടുതലും കണ്ടത് ഫിൻലാൻഡിലാണ്. ഓസ്‌ട്രേലിയയെക്കുറിച്ചു ഇത് പറയാനാകില്ല. അഴിമതി വളരെകുറവാണെങ്കിലും കുറ്റകൃത്യങ്ങൾ കുറവല്ലാത്ത രാജ്യമാണ്. 

മൂന്നാമതായി, നാട്ടിന്റെ (നാട്ടാരുടേയും) സാമ്പത്തിക ശാസ്ത്രം നന്നാക്കണം. ലോകത്തിലേക്കും ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ലോകനേതാവ് ആരാണെന്നറിയുമോ? സിംഗപ്പൂർ പ്രധാനമന്ത്രി. ശമ്പളം US$1,610,000 (12 കോടി രൂപ). ഒരു മാസം ഒരു കോടിയോളം രൂപ! ഇത് അമേരിക്കൻ പ്രസിഡന്റിന് കിട്ടുന്ന ശമ്പളത്തിന്റെ  നാലിരട്ടി കൂടുതലാണ്. ഇത്രയൊന്നുമില്ലെങ്കിലും ഇതുപോലെയൊക്കെ തന്നെയാണ് അവിടുത്തെ മന്ത്രിമാരുടെയും ശമ്പളം. സ്വകാര്യമേഖലയിലേതുപോലെയോ അതിൽ കൂടുതലോ ശമ്പളം വാങ്ങുന്നവരാണ് സർക്കാർ ജീവനക്കാർ. ആദായ നികുതിയാണെങ്കിൽ പേരിന് മാത്രം. പിന്നെയെന്തിന് അഴിമതി കാണിക്കണം. ഓസ്‌ട്രേലിയിലും ഇതുപോലെയൊക്കെ തന്നെയാണ്, നികുതി കൂടുതലാണെന്ന് മാത്രം. നാട്ടാർക്ക് അഴിമതിനടത്തി ജീവിക്കേണ്ട കാര്യമില്ലെന്നു ചുരുക്കം. ഇതിനിടയിലും ചില ആർത്തിപ്പണ്ടാരങ്ങൾ ഉണ്ടാകാം.  പക്ഷെ സിംഗപ്പൂർ പോലുള്ള രാജ്യങ്ങളിൽ  ആർത്തി കാണിച്ചാൽ പണി ഉറപ്പാണ്. നമ്മുടെ നാട്ടിലും ചില പണിയൊക്കെ ചിലപ്പോൾ വഴിമാറി വന്നേക്കാം. പക്ഷെ അഴിമതിപ്പണം കൊണ്ട് പുതുവഴികൾ തുറക്കാം എന്നിരിക്കെ എന്തിനു ഭയക്കണം, ആരെ ഭയക്കണം, അല്ലേ?

നാലാമതായി, വ്യക്തികൾക്കും സമൂഹത്തിനും അഴിമതികൾക്കെതിരായി പോരാടുവാനുള്ള ധൈര്യവും, സഹായവും, സർവോപരി അവബോധവും ഉണ്ടാകണം എന്നതാണ്. എന്നെപ്പോലെ നാടുവിട്ടുപോകാൻ എളുപ്പമാണ്. ഇവിടെത്തന്നെ നിന്ന് പോരാടാണ് ബുദ്ധിമുട്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാധ്യമങ്ങൾക്കും, സന്നദ്ധസംഘടനകൾക്കും വേണമെങ്കിൽ പലതും ചെയ്യാനാകും. പലരും നല്ല കാര്യങ്ങൾ ചെയ്യുന്നുമുണ്ട്. സ്വയം ഒന്നും ചെയ്തില്ലെങ്കിലും അഴിമതിക്കെതിരായി പോരാടുന്നവരെ സഹായിക്കാനെങ്കിലും കഴിഞ്ഞാൽ, അത് മതി.

ഇതൊക്കെയായിട്ടും, അഴിമതി കാണിച്ചു അഴി-മതി (കാരാഗൃഹത്തിലെ അഴിയാണ്‌ ഉദ്ദേശിച്ചത്) എന്ന് മാത്രം ചിലർ വിചാരിച്ചാൽ, എന്ത് ചെയ്യാനാകും? 

ഒരു കഥകൂടിപ്പറഞ്ഞു നിർത്താം. സ്ഥലം പ്രസിദ്ധനായ കുലാലുംപുർ അന്താരാഷ്ട്ര വിമാനത്താവളം (KLIA). ഇതെഴുതിവിടുന്നവൻ പുതിയ ജോലിയിൽ പ്രവേശിക്കാനായി മെൽബണിലേക്കുള്ള വിമാനം കയറാനുള്ള തിരക്കിലാണ്. കുലാലുംപൂരിലെ പൊറുതി നിർത്തി ഉള്ള ചപ്പും ചവറും പെട്ടിയിലായിക്കഴിഞ്ഞപ്പോഴേക്കും പെട്ടിയുടെ ഭാരം കുറച്ചു കൂടിപ്പോയി. കൂടുതലും ആഗ്രഹിച്ചു വാങ്ങിയ പുസ്തകങ്ങളാണ്. കളയാനും മനസ്സുവന്നില്ല. അധികഭാരതിന്റെ മനസ്താപത്തിൽ നിൽക്കുമ്പോൾ മൂവായിരം റിങ്കിറ്റ്‌ (Malaysian Ringgit - ഏകദേശം 50000 ഇന്ത്യൻ രൂപ) ഫൈൻ അടച്ചു കടന്നുപോകാൻ വിധിച്ചു, മലേഷ്യൻ എയർലൈൻസ് ഉദ്യോഗസ്ഥൻ. കയ്യിലെ കാശുപോകുന്നതിന്റെ മനോവിഷമത്തിൽ നിൽക്കുമ്പോൾ ഒരു സുമുഖൻ അടുത്തുവന്നു. യൂണിഫോം കണ്ടപ്പോൾ മലേഷ്യൻ എയർലൈൻസ് ജീവനക്കാരാണെന്ന് മനസ്സിലാക്കി. മനോവിഷമത്തിന്റെ കാര്യം അറിഞ്ഞുള്ള വരവാണ്. ശെരിയാക്കാം എന്ന് ഉറപ്പുതന്നു. പകരം ഒരു ചെറിയ ഉപകാരം ചെയ്യണം. ഒരഞ്ഞൂറു റിങ്കിറ്റ്‌ ആരുംകാണാതെ അയാൾ കൊണ്ടുവന്ന കവറിലേക്കു ഒളിച്ചുകടത്തി കവറുകൈമാറണം. പിന്നെ മനസ്സിലെ ഭാരം ഇറക്കിവച്ചു പെട്ടിയിലെ അധികഭാരവുമായി നാടുവിട്ടോളണം! രണ്ടായിരത്തിയഞ്ഞൂറ് റിങ്കിറ്റിന്റെ ലാഭക്കച്ചവടം. കവർ എന്റെ കയ്യിൽ തന്ന് അത്  എങ്ങനെ കൈമാറണം എന്നറിയിച്ചു അയാൾ നടന്നകന്നു. വന്നത് മാലാഖയാണോ ചെകുത്താനാണോ എന്ന് മനസ്സിലാക്കതെ ഞാനും നിന്നു.

ഞാൻ എന്ത് ചെയ്തുകാണും എന്നാണ് നിങ്ങൾ വിചാരിക്കുന്നത്?

പ്രധാനപ്പെട്ട ഒരുകാര്യം പറയാൻ വിട്ടുപോയി. ചിലപ്പോഴെങ്കിലും സാഹചര്യങ്ങളാണ് നമ്മെ  അഴിമതിക്കാരാക്കുന്നത്.

എന്ത് സൗകര്യപ്രദമായ തത്വശാസ്ത്രം!

 

സുമേഷ് രാമചന്ദ്രൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ