2022 മാർച്ച് 30, ബുധനാഴ്‌ച

പ്രതീക്ഷയുടെ പുലരികൾ


 എന്തുകൊണ്ടെന്നറിയില്ല

ചിലർക്കുമാത്രം ജീവിതമിത്ര
ദുസ്സഹവും നിന്ദ്യവും
പരിഹാസമാർന്നതും
വേദനാജനകവുമാവുന്നത്.
പക്ഷെ ഒന്നറിയാം
അവരാകും അത്രമേൽ
ആസക്തമായ് ജീവിതത്തെ
കൊതിക്കുന്നത്.
തന്നോട് ചേർന്ന് നിൽക്കുന്നവരെ
ജീവനായ് നെഞ്ചോട് ചേർക്കുന്നത്.
അത്രമേൽ സ്നേഹിക്കപ്പെടാൻ കൊതിക്കുന്നത്.
ഉള്ളിലൊരു സങ്കടക്കടൽ
അലതല്ലുമ്പോഴും
പെയ്തൊഴിയാ മേഘങ്ങൾ
മിഴികളിൽ പേമാരിയാകുമ്പോഴും
കിട്ടാകനിപോൽ ഇടയ്ക്കെല്ലാം
വീണുകിട്ടുന്ന കുഞ്ഞുകുഞ്ഞു
സന്തോഷങ്ങളെയവർ ആഘോഷമാക്കും.
വേദനയിലും  നിങ്ങൾക്കായൊരു
പുഞ്ചിരിയവർ കരുതിവെക്കും.
നിരാശയിലുഴലുമ്പോഴും
പ്രതീക്ഷയുടെ പുലരികളെയവർ
സ്വപ്നം കാണും.
പട്ടടയിലൊടുങ്ങുമ്പോഴും
പ്രതീക്ഷകൾ പൂവണിയുന്നൊരു
പുനർജ്ജന്മമവർ ആത്മാവിൽ
പേറുന്നുണ്ടായിരിക്കും.
ശരിക്കും അവരല്ലേയീ മണ്ണിൽ
ജീവിച്ചു മരിക്കുന്നവർ!

ജിസ പ്രമോദ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ