2022 മാർച്ച് 30, ബുധനാഴ്‌ച

ഫിഷ് കേക്ക്


 

അന്തർദേശീയ യാത്രികർ കണ്ടിട്ടുണ്ടാകുവാൻ സാധ്യതയുള്ള ഒരു പലഹാരമാണ്, ഫിഷ് കേക്ക്.  ഏഷ്യൻ ഫിഷ് കേക്കും യൂറോപ്പിയൻ ഫിഷ് കേക്കും തമ്മിൽ ധാരാളം വ്യത്യാസങ്ങളുണ്ടെങ്കിലും അതിലെയും ചേരുവകകൾ മിക്കതും ഒന്നുതന്നെ. അന്നജം, മാംസ്യം, കാൽസിയം എന്നിവ നല്ലരീതിയിൽ അടങ്ങിയിരിക്കുന്നു. ജീവകം എയും കുറഞ്ഞ അളവിലെങ്കിലും ലഭ്യമാക്കുന്നു ഈ പലഹാരം. ഒപ്പം മുട്ടയുടെ എല്ലാ ഗുണങ്ങളുംലഭ്യമാകുകയും ചെയ്യും.  പ്രഭാത ഭക്ഷണമായും സായാഹ്‌ന ഭക്ഷണമായും ഇതുപയോഗിക്കാം. ഏഷ്യൻ ഫിഷ് കേക്കിനെ നമുക്ക് വേണ്ടി അൽപ്പം മാറ്റപ്പെടുത്തി ഇവിടെ പരിചയപ്പെടുത്തുന്നു.


ചേരുവകൾ

കപ്പപ്പൊടി : 3 /4 കപ്പ്

മൈദ : 1/4 കപ്പ്

മീൻ : 1/4 കിലോ 

മുട്ട : 2  എണ്ണം

പഞ്ചസാര : 1/ 2 ടീ സ്പൂൺ

മഞ്ഞൾപ്പൊടി : 1/2 ടീ സ്പൂൺ

വെളുത്തുള്ളി : 5 ഇതൾ

പച്ചമുളക് : 3 എണ്ണം

വിനാഗിരി : 3 ടേബിൾ സ്പൂൺ

ഉപ്പ് : ആവശ്യത്തിന്

വെള്ളം : ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

മീൻ നന്നായി വേവിച്ച്‌ മുള്ളുകളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി വയ്ക്കുക. തുടർന്ന് പഞ്ചസാര, ഉപ്പ്, മഞ്ഞൾപ്പൊടി, വിനാഗിരി,വെള്ളം എന്നിവ ഒരു പാത്രത്തിൽ ചൂടാക്കുക. ഇതിലേക്ക് വെളുത്തുള്ളി, പച്ചമുളക് എന്നിവ നന്നായി അരിഞ്ഞത് ചേർത്തിളക്കി ഏതാനും മിനിറ്റുകൾ ചൂടാക്കുക. അതിനു ശേഷം ഈ പാത്രത്തിലേക്ക് വേവിച്ച മീൻ കഷ്ണങ്ങൾ ചേർത്തിളക്കുക. അതിലേക്കു കപ്പപ്പൊടിയും, മൈദയും ചേർത്ത് നന്നായി കുഴയ്ക്കുക. ഇത് നല്ല ഒട്ടുന്ന പരുവത്തിൽ ചെറിയ രൂപങ്ങളിൽ തയ്യാറാക്കുക. കട്ലെറ്റ് പോലെയോ, ബോൾ പോലെയോ, നിങ്ങളുടെ ഇഷ്ടമുള്ള മറ്റാകൃതികളിലോ ഇതിനെ രൂപപ്പെടുത്താം. തുടർന്ന് ഇതിനെ രണ്ടു വിധത്തിൽ പലഹാരമാക്കാം. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ചശേഷം ഇതിനെ അതിൽ ഇട്ടു നന്നായി വേവിച്ച ശേഷം വെള്ളം കളഞ്ഞുപയോഗിക്കാം. അതുപോലെതന്നെ ആവിയിൽ പുഴുങ്ങിയും ഉപയോഗിക്കാം. വേണമെങ്കിൽ ഇത് എണ്ണയിൽ പൊരിച്ചുമെടുക്കാം.

മുളക് ചമ്മന്തിയോ, സോസോ ഉപയോഗിച്ച് ഇത് നമുക്ക് ഉപയോഗിക്കാം. വെറുതെ കഴിക്കുന്നതും രുചികരം തന്നെ.


ഡോ. ഷേർളി സുനീത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ