വീടും മനസ്സിൽ ചുമന്ന് പോകുന്ന
ഒരുവൾ പെട്ടെന്നങ്ങില്ലാതാവുമ്പോൾ
വീട് ഒരുവേള നിശ്ചലമാകും.
കയിലുകൾ തൊട്ട് കൈക്കലത്തുണി വരെ
അവളെ പരതും.
അടുക്കളപ്പുറത്ത് സ്ഥിരമായി വരുന്ന
പൂച്ചപ്പെണ്ണ് അവളുടെ പയ്യാരം പറച്ചിൽ
കേൾക്കാതെ അമ്പരന്ന് നിൽക്കും.
ആ കുറിഞ്ഞിപ്പൂച്ചയ്ക്കവളെക്കുറിച്ച്
അറിയാത്തതൊന്നുമുണ്ടാവില്ല.
അവൾ പറയുമ്പോൾ കൃത്യമായി
മൂളിക്കേൾക്കുന്ന ഒരേയൊരാൾ
കുറിഞ്ഞി ആയിരുന്നല്ലോ.
അന്നും രാവിലെ സങ്കടങ്ങളും
പരിഭവങ്ങളും കേൾക്കാനിരുന്നതല്ലേ!
ചെടിച്ചട്ടിയിലെ
കറിവേപ്പും കാന്താരിയും
കാറ്റുപോലെ വന്ന്
തങ്ങളെ നുള്ളിയെടുത്തു കൊണ്ടുപോവുമ്പോൾ
ഒന്ന് തൊട്ടു തലോടാൻ
മറക്കാത്ത തിരക്കിട്ടോടിപ്പായുന്ന
ഒരുവളെ കാത്തിരിപ്പുണ്ടാവും.
സമയത്തിൻ്റെ ഓട്ടപ്പാച്ചിലിൽ
അലക്കിയ തുണി വൈകുന്നേരം
തോരാനിടാമെന്ന് കരുതിയാവും
രാവിലെ വീട്ടിൽ നിന്നിറങ്ങിയത്.
ബക്കറ്റിലിരുന്ന് അവയ്ക്ക്
ശ്വാസം മുട്ടുന്നുണ്ടാവും.
അലമാരയ്ക്കുള്ളിൽ അവൾക്കേറ്റം
പ്രിയപ്പെട്ട സാരികൾ അവളുടെ
ഗന്ധവും കാത്തിരിപ്പുണ്ടാവും.
ആഭരണപ്പെട്ടിയിലെ മൂക്കൂത്തികൾ
ഊഴം കാത്തിരുന്ന് തളർന്നിട്ടുണ്ടാവും.
പുത്തൻ കലണ്ടറിൽ അവിടവിടെ പതിച്ചിരുന്ന
ഇത്തിരി വലിയ മെറൂൺ വട്ടപ്പൊട്ട്
അവളെ സുന്ദരിയാക്കാൻ കൊതിച്ച് കാത്തിരുന്നു.
ചിട്ടിയുടേയും ലോണിൻ്റേയും
കണക്കുകൾ മനസ്സിലിട്ട്
വീണ്ടും വീണ്ടും കൂട്ടുകേം കുറയ്ക്കുകേം
ചെയ്യുന്നതു കൊണ്ടാവാം
അവയെല്ലാം അവളിൽ തന്നെ
ഒതുങ്ങിപ്പോയത്.
തലേന്ന് വായിച്ചു വച്ച പുസ്തകം
രാവേറുംവരെ മിണ്ടിപ്പറഞ്ഞിരിക്കാൻ
അവളെയും കാത്ത് അക്ഷമയോടിരിക്കുന്നുണ്ടാവാം.
അവളുടെ മേശപ്പുറത്ത് കറുത്ത പുറംചട്ടയിൽ
പറന്നു പോകുന്ന പക്ഷിയുടെ ചിത്രമുള്ള
ഡയറിയുണ്ടാവും.
അതൊന്നു തുറന്നു നോക്കിയാൽ
കുനുകുനാന്നെഴുതി വച്ചിരിക്കുന്നതു കാണാം.
സ്വപ്നങ്ങളും മോഹങ്ങളും ഒന്നുമല്ല
അതിലുണ്ടാവുക,
പകരം……
ഓടിപ്പോയ ജീവിതത്തിൻ്റെ
കണക്കുകൾ കറുപ്പു മഷിയിലങ്ങനെ
നിരന്നിരിക്കുന്നതു കാണാം.
കാലത്തിൻ്റെ നാൾവഴിയിൽ
ഇനിയൊന്നും എഴുതി ചേർക്കാനില്ലാതെ
കാർമേഘനിറമുളള ആ പേന അരികിലുണ്ടാവും.
ഇന്നലെ തിടുക്കത്തിൽ അടച്ചു വയ്ക്കുമ്പോൾ
ഇന്നൊന്നും എഴുതാനുണ്ടാവില്ല
എന്നറിയില്ലായിരുന്നല്ലോ.
അജിത.വി.അമ്പലപ്പുഴ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ