സിനിമ കൊണ്ട് ലോകോത്തരമായ കാവ്യങ്ങൾ സൃഷ്ടിച്ച സംവിധായകന്റെ വിഖ്യാതമായ രണ്ട് തിരക്കഥകളുടെ വിവർത്തനങ്ങളാണ് ദെെവത്തിന്റെ മൗനം .
മൗനം (The silence), കാട്ടുഞാവല്പ്പഴങ്ങൾ ( wild strawberries), ലോകസിനിമയിലെ രണ്ട് ഇതിഹാസങ്ങൾ നമുക്കിവിടെ വായിച്ചെടുക്കാം.
മതങ്ങൾ കാണിച്ചു തരുന്ന ദെെവത്തെ അംഗീകരിക്കാൻ തയ്യാറല്ലാത്തൊരു തൂലികയാണ് ബർഗ്‌മാന്റേത്. ദൈവമുണ്ടോ എന്ന ചോദ്യം ഉന്നയിക്കുന്ന കഥാപാത്രങ്ങളെ ഈ രണ്ടു തിരക്കഥകളിലും കാണാം. ദൈവമില്ലെന്നും, അഥവാ ഉണ്ടെങ്കിൽ തന്നെ ദൈവത്തിന് മനുഷ്യ ജീവിതത്തിൽ പ്രത്യേകിച്ച് നിയന്ത്രണമൊന്നുമില്ലെന്നും, ദൈവം മൗനിയാണെന്നും, ജീവിതമെന്നത് ഒരു ദുരന്തനാടകമാണെന്നും സിനിമ പറഞ്ഞുവെക്കുന്നു. സമകാലീനമായ സാമൂഹ്യരാഷ്ട്രീയ സംഭവവികാസങ്ങളോട് വലിയ താൽപ്പര്യമൊന്നും പ്രകടിപ്പിക്കാത്തവരാണ് ബർഗ്‌മാൻന്റെ മിക്ക കഥാപാത്രങ്ങളും….
മൗനം
ഏകാന്തതയുടേയും ഒറ്റപ്പെടലിന്റേയും സ്നേഹിക്കാനുള്ള കഴിവുകേടിന്റേയും പ്രതീകമായ് ലെെംഗീകത മാറുന്ന പ്രത്യേകതരം അവസ്ഥയാണ് മൗനം മുന്നോട്ടുവയ്ക്കുന്നത്.
സിനിമ തുടങ്ങുമ്പോൾ എസ്തർ, എന്നീ സഹോദരിമാർ അജ്ഞാതമായ ഏതോ രാജ്യത്തിലൂടെ തീവണ്ടിയിൽ തങ്ങളുടെ അവധിക്കാലം ആഘോഷിക്കാനുള്ള യാത്രയിലാണ്. അന്നയുടെ മകൻ ജോഹനും കൂടെയുണ്ട് .
എസ്തർ വിവർത്തകയാണ് ഒപ്പം രോഗിണിയും. സഹോദരിയായ അന്നയോട് സ്വവർഗ്ഗ രതിയിലധിഷ്ഠിതമായ സ്നേഹം ഉള്ളിൽ കൊണ്ടുനടക്കുന്നവളാണ് എസ്തർ ..
സിനിമാതീയറ്ററിൽ വച്ച് ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രേമസല്ലാപം കാണാനിടയായ അന്ന അടക്കാനാവാത്ത അഭിനിവേശത്തിന്റെ പിടിയിലമരുന്നു. മദ്യഷോപ്പിലെ വെയിറ്ററുമായ് ലെെംഗീകബന്ധത്തിലേർപ്പെടുന്നിടത്തേക്കാണ് ഈ അഭിനിവേശം അന്നയെ കൊണ്ടെത്തിക്കുന്നത്…
ശേഷം അന്ന പറയുന്നുണ്ട് ”നിങ്ങള് എത്ര നല്ല മനുഷ്യനാണ്! നമുക്ക് തമ്മിൽ പരസ്പരം അറിഞ്ഞുകൂട എന്നതുതന്നെ വളരെ മനോഹരമായിരിക്കുന്നു ”
സ്ത്രീകൾ ലെെംഗീകതയ്ക്ക് ഇണയെ തിരഞ്ഞെടുക്കുമ്പോൾ പൊതുവെ പറഞ്ഞ് പോകാറുളള വ്യവസ്ഥാപിതമായ ചില വാർപ്പ് മാതൃകകൾ തിരസ്ക്കരിക്കപ്പെടുകയാണിവിടെ… ബർഗ്‌മാന്റെ മറ്റ് കഥാപാത്രങ്ങളും ഇത്തരം മാതൃകകൾക്ക് ഉള്ളിൽ മെരുങ്ങാൻ കൂട്ടാക്കാത്തവരാണ് …
ബാല്യകാലത്ത് സ്വന്തം പിതാവുമായുണ്ടായ അസാന്മാര്ഗ്ഗിക ബന്ധത്തിന്റെ പുറത്ത് സ്വവർഗ്ഗാനുരാഗിയും സ്വയംഭോഗത്തിനടിമയുമായി മാറിയ എസ്തറിനെ സ്ത്രെെണഭാവം ഒട്ടുമില്ലാത്തൊരു കഥാപാത്രമായാണ് ബർഗ്‌മാൻ അവതരിപ്പിക്കുന്നത്.
അമ്മയോടും ,ആന്റിയോടുമുള്ള ജോഹന്റെ പെരുമാറ്റം നിർവ്വികാരപരമാണ്. ചുറ്റും നടക്കുന്ന കാര്യങ്ങളെല്ലാം അവനറിയുന്നുണ്ടെങ്കിലും മുതിർന്ന തലമുറയെ മനസിലാക്കാനുള്ള അവന്റെ കഴിവ് പരിമിതമാണ്…ഹോട്ടലിലെ പരിചാരകർക്ക് മുഖം കൊടുക്കാതെ ഒഴിഞ്ഞ് മാറി നടക്കുകയും, ചുവരിലെ നഗ്നചിത്രത്തിലേക്ക് കുറേ നേരം നോക്കി നില്ക്കുകയും ചെയ്യുന്ന തരത്തിലേക്ക് അവനിലും സ്വഭാവരൂപീകരണം സംഭവിച്ചുകൊണ്ടിരുന്നു….
സംഭാഷണം വളരെ കുറച്ച് മാത്രമേയുള്ളു എന്നതാണ് ഈ ചിത്രത്തിന്റെ സവിശേഷത. എസ്തർ, അന്ന, ജോഹൻ ഇവർ മൂന്നുപേരുമനുഭവിക്കുന്ന ഒറ്റപ്പെടലിന്റേയും, സ്നേഹശൂന്യതയുടേയും വെെകാരിക തലങ്ങളാണ് സിനിമയിൽ കൂടുതലായും പ്രതിപാദിക്കുന്നത്. പൗരുഷഭാവം നിറഞ്ഞുനിൽക്കുന്ന എസ്തർ തനിക്ക് സഹോദരിയോടുളള ലെെംഗീകാഭിനിവേശം നിഷ്ക്കരുണം തള്ളപ്പെട്ടതിന്റെ വേദനയിൽ നീറുകയാണ്.
മറുവശത്ത് തന്റേതായ ലോകത്തിന്റെ ആസ്വാദനതലം തേടിപ്പോവുന്ന അന്നയും,
ഇവർ രണ്ടുപേര്ക്കുമിടയിൽ സ്നേഹിക്കാനോ, സ്നേഹിക്കപ്പെടാനോ ആകാതെ ജോഹനും.
കാട്ടുഞാവൽപ്പഴങ്ങൾ
കടുത്ത വേദനകൾക്കിടയിലും സ്നേഹം മാത്രമാണ് ശാന്തി എന്ന സന്ദേശമാണ് കാട്ടുഞാവൽപ്പഴങ്ങൾ ഉയർത്തിപ്പിടിക്കുന്നത്.
വിശ്രമ ജീവിതം നയിക്കുന്ന 76 കാരനായ ഇഷാക് ബോർഗ് എന്ന ഡോക്ടറാണ് കേന്ദ്രകഥാപാത്രം…
തനിക്ക് ലഭിച്ച ഓണററി ബിരുദം സ്വീകരിക്കുന്നതിനായി മുൻ സർവകലാശാലയിലേക്ക് മകന്റെ ഭാര്യയോടൊപ്പം അദ്ദേഹം നടത്തുന്ന യാത്രയാണ് കഥയിലെ ഇതിവൃത്തം.. യാത്രിയിൽ തന്റെ ഭൂതകാല ഓർമ്മകളിലേക്ക് അദ്ദേഹം ഇറങ്ങിച്ചെല്ലുന്നു. കുടുംബം, കാമുകി ,ഭാര്യ,എല്ലാം ഓർമ്മയിൽ തെളിയുകയാണ്.
മുറപ്പെണ്ണായ സാറയെ സ്വന്തമാക്കാൻ സാധിക്കാതിരുന്നത്, ഭാര്യയുടെ അവിശ്വസ്തത, നിരാശനിറഞ്ഞ ഓർമ്മകൾ മാത്രമേ അദ്ദേഹത്തിന് കണ്ടെടുക്കാൻ സാധിച്ചുള്ളു…
വർഷങ്ങൾക്കു ശേഷം അദ്ദേഹം തന്റെ അമ്മയെ സന്ദർശ്ശിക്കുന്ന രംഗം വെെകാരികമാണ്..
”എനിക്കൊരു വലിയ തെറ്റ് കൂടിയുണ്ട്, ഞാനിതുവരെ മരിച്ചില്ല, പുതിയ തലമുറയുടെ പിന്തുടർച്ചാവകാശങ്ങളൊന്നും അവരുടെ പരിപാടിയനുസരിച്ച് yaadhy യാഥാർഥ്യമാകുന്നില്ല”. ഒറ്റപ്പെടലിന്റേയും, സ്നേഹശ്യൂനതയുടേയും മുഴുവൻ വേദനയും അമ്മയുടെ വാക്കുകളിൽ നിറഞ്ഞുനില്ക്കുന്നുതായി കാണാം …
കെെവിട്ടുപോയ ജീവിതസൗഭാഗ്യങ്ങളെ കുറിച്ചുള്ള വിഷാദകരമായ ഓർമ്മകളിൽ നിന്നും ആരും മുക്തരല്ലെന്ന ലോകസത്യം ബോർഗ്ഗിലൂടെ പ്രതിഫലിക്കുന്നു. കഴിഞ്ഞുപോയ കാലത്തെ തന്റെ തീരുമാനങ്ങളെല്ലാം തനിക്ക് സമ്മാനിച്ചത് നിരാശയും നഷ്ടങ്ങളും നിറഞ്ഞ തണുത്തുറഞ്ഞ ജീവിതമായിരുന്നെന്ന സത്യം ബോർഗ്ഗ് ഉൾക്കൊള്ളുന്നു. അതോടൊപ്പം കുറ്റബോധങ്ങൾ എത്രത്തോളമുണ്ടെങ്കിലും ജീവിതം മുന്നോട്ട് തന്നെ എന്ന വലിയ ആശയത്തിന്റെ സന്ദേശവാഹകനായും ബോർഗ്ഗ് മാറുന്നു.
സംവിധായകരുടെ സംവിധായകൻ എന്നറിയപ്പെടുന്ന ഇന്ഗ്മര് ബര്ഗ്മാന് നിരവധി ഓസ്ക്കർ പുരസ്ക്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. അദ്ദേഹം ഈ ഭൂമിയിൽ ഉപേക്ഷിച്ചു പോയ വസന്തങ്ങളാണ് അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും..
ലിബേഷ് കാരിയിൽ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ