ധാവണി പ്രായംതൊട്ടേ
കണ്ണു നീട്ടിയെഴുതി
ചുണ്ടിൽ കടും ചുവപ്പെഴുതി
അലുക്കിട്ട കുപ്പായമിട്ട്
കറുത്ത വാവിന്
ചുവന്നു കാത്തിരിക്കുന്ന
പൂപ്പാത്രമുണ്ടവൾക്ക്.
അടിമുടി പൂത്തുനിന്ന്
സൂര്യകാന്തി പൂക്കളെമാത്രം
ഗർഭം ധരിക്കാൻ കൊതിച്ചത്.
കൂടൊരുക്കി
പട്ടുമെത്ത വിരിച്ച്
തെല്ലും മുഷിയാതെ
കാത്തിരിക്കുന്ന,
എല്ലാ വെളുത്ത വാവിനും സൂര്യകാന്തിയെ മാത്രം
ഉറ്റുനോക്കുന്ന
പൂപ്പാത്രം.
ഇരുപത്തെട്ടിന്റെ കാത്തിരിപ്പിൽ
നിലാവിന്റെ തോളുചാരി
വേലിയിറക്കത്തിൽ
നിരാശയുടെ ചുവന്ന കണ്ണീർ
ഇടക്ക് ഒഴുക്കിക്കളയുമത്.
സ്വയം കഴുകിപ്പിഴിഞ്ഞ്
വേദനിച്ചാലും,
കാത്തിരിപ്പിലേക്ക് ഉറ്റുനോക്കി
മുറതെറ്റുന്നത് വരെ
സ്നേഹത്തിന്റെ ചാലുകീറി
പഞ്ഞിക്കെട്ട് കെട്ടും.
മാസക്കുളിയിൽ
കരഞ്ഞു തീർക്കും.
പിന്നെ പുഴയൊഴുകാതായനാൾ
സൂര്യകാന്തി വിത്തു മുളച്ചുവെന്നറിഞ്ഞ്
മധുരം പകുക്കും.
ചുറ്റിനും വേൾപൂൾ തീർത്തു
പുഴയപ്പോൾ ചുറ്റിലും
പതുപതുത്ത കോട്ടകെട്ടും.
നട്ടു നനച്ചു തൊട്ടു തലോടി
നീന്തൽ പഠിപ്പിച്ചി-
തളുകളിൽ ഉമ്മവെച്ച്
വട്ടം കെട്ടിപ്പിടിച്ച്
സുരക്ഷിതമാക്കും.
അവളുടെ ഒത്ത നടുവിൽ
ജീവനിൽ ചരടുകോർത്ത
ഒരു പിടിവള്ളി പൊക്കിൾക്കൊടിയിൽ
നിന്നും ഊഞ്ഞാലു കെട്ടും.
ഏറെ വളവും നനവും കരുതും.
നിറയെ തേൻ ശേഖരിച്ചു വെയ്ക്കും.
പൂപ്പാത്രമിരിക്കുന്ന മുറിയും
നെറ്റിപ്പട്ടംകെട്ടി അതിസുന്ദരിയാവും.
വ്യാക്കൂണുകളിൽ പുളിമാങ്ങയും
മസാലദോശയും ഇടം പിടിക്കും.
അങ്ങനെ ഒരിക്കൽ
പൂപ്പാത്രം പൂത്തുതുടങ്ങും.
അകത്തളങ്ങളിൽ ക്ലാവ് പിടിക്കും.
ചിലപ്പോൾ ഇത്തിൾകണ്ണികളും
കൂണുകളും പൊന്തി വരും.
ആരുമറിയാതെ
കുഞ്ഞൻ ഞണ്ടുകൾ ഒളിച്ചിരിക്കും,
പെറ്റുപെരുകും.
അവറ്റകളെ കണ്ടുപിടിച്ചു
പടിയടയ്ക്കുന്നത്
ബാലികേറാമലയാണ്,
മഹാ ഭാഗ്യമാണ്.
ഇടക്ക് നിലവിളിക്കുന്ന
ചുവന്ന പുഴയിലെ ചുഴിയിൽ
ജീവരക്തം വാർന്നോഴുകുമ്പോൾ
സുര്യകാന്തിപൂക്കൾ
ഇടംവലം കെട്ടിപ്പിടിക്കും.
അവസാനം,
സൂചിമുനപോലെ
വേദന തിന്നുന്ന
പൂപ്പാത്രത്തെ ഇനി
വേണ്ടെന്നു വയ്ക്കും.
സൂര്യകാന്തി പൂത്ത പാടമാണ്.
കണ്ണടച്ചു പൂത്ത(പൂ )പാത്രം
തച്ചുടച്ചു കളയും.
“സ്വസ്ഥം!
ഇനി ഇരുപത്തിയെട്ടിന്റെ കാത്തിരുപ്പ്
വേണ്ടല്ലോ “എന്ന്
കൺകോണിൽ ഒരു തുള്ളി
നുണ ചിരിച്ചുചിരിച്ച്
കവിളുകളെ നനയ്ക്കും.
റാണി സുനിൽ
2022 ജൂൺ 25, ശനിയാഴ്‌ച
പൂ(ത്ത)പ്പാത്രം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
-
കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന വാർത്തകളാണ് നാം നിത്യേനയെന്നവണ്ണം കേൾക്കുന്നത്. പണ്ട് നമുക്കറിയാത്ത സ്ഥലങ്ങളിലായിരുന്നുവെങ്കിൽ, ഇന്നത...
-
സിനിമയായി തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് 1944 ൽ പ്രസിദ്ധീകരിച്ച ബാല്യകാലസഖി. പ്രണയ പശ്ചാത്തലത്തിലെ ദുരന്ത കഥ പറയുന്ന ബഷീറിൻറെ ഈ നോവ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ