2022 ജൂൺ 25, ശനിയാഴ്‌ച

വയലറ്റ് മറുക്


 അയാൾ എനിക്കൊരു മുറിയായിരുന്നു. എന്റെ സങ്കടങ്ങളേയും എന്റെ നിരാശകളെയും, എന്റെ മുൻകോപങ്ങളെയും നാല് ചുവരുകൾക്കുള്ളിൽ അടക്കിവെച്ചുകൊണ്ട്, എന്നെ പൊതിഞ്ഞു വെച്ചിരുന്ന ഭംഗിയുള്ള മുറി.

എന്നന്നേയ്ക്കുമായി ആ മുറിയുടെ താക്കോലാണ് കളഞ്ഞുപോയിരിക്കുന്നത്. ആ മുറിയാണ് അടഞ്ഞു പോയിരിക്കുന്നത്. അയാൾ ഇതിനു മുൻപും  ഇത്രയും ശാന്തമായി ഉറങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്.

അതിന് തൊട്ടുമുൻപ് ഞങ്ങൾ ഒരുപാട് സംസാരിച്ചിരുന്നു. അതൊരു വെയിൽ മങ്ങിയ ഞായറാഴ്ച പകൽ ആയിരുന്നു. ഞാൻ, അയാളുടെ ഉറച്ച ശരീരത്തിലൂടെ മെല്ലെ വിരലുകൾ ഓടിച്ചു. അയാളുടെ കഴുത്തിൽ, രോമാവൃതമായ നെഞ്ചിനു തൊട്ടു മുകളിലായി, ഒരു വയലറ്റ് മറുക് ഉണ്ടായിരുന്നു.!

” നിനക്ക്, എന്നിൽ ഏറ്റവും ഇഷ്ടം എന്താണ്? “

” ഈ വയലറ്റ് മറുക്!”

” ഒഹ്, വയലറ്റ്! നിനക്ക് ആരോ ആ നിറത്തിൽ കൈവിഷം തന്നതാണ് പെണ്ണേ. അതല്ലാതെ മറുകുകൾ എല്ലാം കറുപ്പാണ്. “

ഞാൻ സമ്മതിച്ചു കൊടുക്കാറില്ല.

” നിങ്ങൾക്ക് അതിനെ വയലറ്റായി കാണുവാൻ കഴിയാത്തത് കൊണ്ടാണ്. “

ആ വിഷയത്തിൽ ഏതുസമയവും ആരുമായും ഞാൻ തർക്കിക്കുമായിരുന്നു.

അയാൾ എന്റെ അണിവയറിൽ വീണ്ടും അധരങ്ങളാൽ തഴുകികൊണ്ടിരുന്നു.  ഞാൻ മൗനമായി മുറിയിലെ കറങ്ങുന്ന പങ്കയിൽ  മാത്രം ദൃഷ്ടി ഉറപ്പിച്ചു. 

” നിങ്ങള്ക്ക്,  എന്നോട് പ്രണയം തോന്നുന്നുണ്ടോ..? ”

എന്റെ കണ്ണുകളിലേയ്ക്ക് അയാൾ നോക്കി.  അവ അപ്പോഴും മുകളിലേയ്ക്ക് മാത്രം ശ്രദ്ധിച്ചു കൊണ്ടിരുന്നു. 

” എന്ന് തിരക്കിയാൽ..?  നിന്നോട് പ്രണയം തോന്നാത്ത പുരുഷന്മാർ ഉണ്ടോ?  ശരീരം കൊണ്ട് നീ എന്തു സുന്ദരിയാണ്.  നിനക്ക് വല്ലാത്ത വശ്യതയാണ്.  എന്തുകൊണ്ട് നീ നിന്നിൽ അമരുന്ന പുരുഷന്മാരെ കൈവിടുന്നു.?  നിന്റെ പ്രണയത്തിന്റെ ഭംഗി നൽകാതെ കൈവിടുന്നു? ”

അയാൾ  നഗ്നമായ മാറിടങ്ങളിൽ ചുംബിച്ചു കൊണ്ട് വീണ്ടും ചോദിച്ചു.

” അതിന് നിങ്ങൾക്ക് എന്നെ പ്രണയിക്കുവാൻ കഴിയുമോ? “

“എന്തോ അറിയില്ല. “

” നിങ്ങളുടെ ആദ്യകാമുകിയെയും, ഭാര്യയെയും പ്രണയിച്ചത് പോലെയാണോ? അങ്ങനെ എനിക്കൊരു പ്രണയം ആവശ്യമില്ല, വിവേക്. “

” ഒഹ്, പ്ലീസ് നിധി. ഒരു പുരുഷന് അവന്റെ ജീവിതത്തിൽ അങ്ങനെ ഒരുപാട് സ്ത്രീകൾ ഉണ്ടായേക്കാം. ഒരുപാട് പേരെ പ്രണയിച്ചുവെന്നാൽ ഓരോ സ്നേഹങ്ങൾ ഓരോ തരം പ്രണയിക്കപ്പെടലുകൾ അവനിൽ ഉണ്ടെന്നല്ലേ അർഥം. എനിക്കാരുടേയും ഗുഡ് സർട്ടിഫിക്കറ്റ് ചാകുമ്പോൾ ആവശ്യമില്ല. “

” അതേയ്, ഒന്ന് മാറുവോ കുട്ടി “

ഞാൻ ഒന്ന് ഞെട്ടിയത് പോലെ ചുറ്റും നോക്കി. കത്തിതീർന്ന ചന്ദനത്തിരികൾക്ക് പകരം പുതിയൊരു കൂട് ചന്ദനത്തിരിയുമായി വന്ന പൊക്കമുള്ള ഒരാൾ ആണ്. അത്, വിവേകിന്റെ ആരാണ്? അച്ഛനോ? അമ്മാവനോ?  എനിക്ക് മനസ്സിലായില്ല.

ആ ചന്ദനത്തിരിയുടെ ഫേഗ്രൻസ് ഏതായിരിക്കുമെന്ന് മാത്രം ഞാൻ തലപുകഞ്ഞു ആലോചിച്ചുകൊണ്ടിരുന്നു. ചില ഗന്ധങ്ങൾ, അയാൾക്ക് ഇഷ്ടമായിരുന്നില്ലല്ലോ.

 അയാളുടെ ഭാര്യ, വിളക്കിനു മുന്നിൽ ഇരിക്കുന്നുണ്ട്. അവരുടെ കണ്ണുകൾ നനഞ്ഞിട്ടുണ്ടോ? അവർ മൂക്കുപിഴിയുന്നുണ്ടോ? അവർക്ക് കഷ്ടിച്ച്, 35 വയസ്സ് പ്രായം കാണും. ഇപ്പോൾ അവർ ചിന്തിക്കുന്നത് എന്തായിരിക്കും?

എനിക്ക് അവിടെ ശ്വാസം മുട്ടുന്നത് പോലെ തോന്നി. ഞാൻ പതിയെ വീടിന്റെ അകത്തു കടന്നു. ആ വീട്ടിൽ ഇപ്പോൾ ആരും തന്നെ അപരിചിതർ അല്ല. ആർക്കും എവിടെയും കയറാം. ഞാൻ, വിവേകിന്റെ മുറി എളുപ്പം കണ്ടുപിടിച്ചു.

അവന്റെ അലമാരകളിൽ, എന്റെ വിയർപ്പുമണം ഒളിച്ചിരിക്കുന്ന സാരി ഉണ്ടായിരുന്നിരിക്കണം. ഒരിക്കൽ ബാംഗ്ലൂരിൽ വെച്ച് ഒരു വീഡിയോ കോളിൽ അവൻ എന്റെ വയലറ്റ് സാരി പുതച്ച് ഇരിക്കുന്നത് എന്നെ കാണിച്ചു തന്നിട്ടുണ്ട്.

അവന്റെ മാൽബോറോ സിഗരറ്റ് ഗന്ധം പൊടുന്നനെ എന്നെ പൊതിയുന്നത് പോലെയോ, എനിക്ക് വീണ്ടും ശ്വാസം മുട്ടുന്നത് പോലെയോ തോന്നി. ഞാൻ തിരികെ അവനെ കാണുന്ന ദൂരത്തിൽ മാറി നിന്നു. 

എനിക്കും അവൻ എന്റെ ആയിരുന്നു, എനിക്കും അവനെ നഷ്ടമായിരിക്കുന്നു. എനിക്കും അവനെ കെട്ടിപ്പിടിക്കണമായിരുന്നു. എനിക്കും അവന്റെ നെഞ്ചിൽ കിടന്നു പൊട്ടിക്കരയണമായിരുന്നു.

 അവന്റെ ഭാര്യ അകത്തു പോയി വിശ്രമിക്കട്ടെ. ഞാൻ ഇരുന്നോളാം അവന്റെ അടുത്തെന്നു ഉറക്കെ പറയണമായിരുന്നു. പക്ഷേ ഞാൻ ആരാണ്?! എനിക്കെന്ത് അവകാശം?! പണ്ടെപ്പോഴോ കൂടെ കിടന്നതോ?

അങ്ങനെയെങ്കിൽ ബാംഗ്ലൂർ നഗരത്തിലെ മുന്തിയതരം എല്ലാ പെൺകുട്ടികൾക്കും അതിനുള്ള അവകാശം ഉണ്ടായിരിക്കും. ഒന്നും ആരെയും വിശുദ്ധനാക്കുന്നില്ലല്ലോ.

” ഇനി ആരാ ഉള്ളത്? “

കാൽക്കൽ എള്ളും പൂവും സമർപ്പിക്കുവാനാണ്. ഞാൻ പതിയെ നീങ്ങി നിന്നു, അവനെ നോക്കി. അവൻ എന്നെ നോക്കുന്നുണ്ട്.

” ഇനി, എന്തിനാണ് നീ വന്നത്? “

എന്നാണോ ആ നോട്ടത്തിന്റെ അർഥം.? ഞാൻ അവനെ തന്നെ നോക്കിയിരുന്നു. അവന്റെ കഴുത്തിൽ ആ വയലറ്റ് മറുക് തെളിഞ്ഞുവന്നു. ഉടുപ്പിച്ചിരുന്ന വെള്ളയുടെ മുകളിലൂടെ വയലറ്റ് നിറം പടർന്നൊഴുകി.

” ദേ, വയലറ്റ് മറുക് “

ഞാൻ ഉറക്കെ പറഞ്ഞു. എല്ലാവരും എന്നെ സൂക്ഷിച്ചു നോക്കി. ഞാൻ പതിയെ ഒന്നും മിണ്ടാതേ ഇറങ്ങി നടന്നു. പുറകിൽ ആരോ പിറുപിറുക്കുന്നുണ്ടായിരുന്നു.

” ഹേയ് അതൊരു ഈച്ചയാണ്. മറുകാണെന്ന് ആ കുട്ടിയ്ക്ക് തോന്നീതാവും. ശാലിനി, ആ തോർത്ത് കൊണ്ട് ഒന്ന് വീശിയേക്കൂ. “

ഞാൻ, തർക്കിക്കുവാൻ നിന്നില്ല. എനിക്ക് അല്ലെ നഷ്ടമായത്, എനിക്ക് അല്ലെ ദുഃഖമുള്ളത്. എന്നെയല്ലേ അവൻ എന്നും വേദനിപ്പിക്കുന്നത്? ആവില്ല, അത് ഈച്ച തന്നെയാകും. വയലറ്റ് മറുക് ആവില്ല.ആവുകയേ ഇല്ല.


ഹരിത. ആർ. മേനോൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ