തെരുവീഥികൾ പ്രകമ്പനം കൊണ്ടു
വിറച്ചിടുമാനേരം ,
കണ്ണിൽ നിന്നുതിരുന്ന നീർത്തുള്ളികൾ
ചുടുചോര പോലാമണ്ണിൽ പതിച്ചീടവേ !
അതാ വരുന്നുണ്ടേയൊറ്റച്ചിലമ്പും
കൈയ്യിലുയർത്തി –
ക്കലിപൂണ്ടലറിക്കൊണ്ടവൾ കണ്ണകി .
പാണ്ഡ്യനാട്ടരചനിൻ മുമ്പാകെതന്നുയിർ –
കണവന്റെ ജീവൻ തിരിച്ചു വാങ്ങാൻ .
ലഭ്യമല്ലാവാഴ്‌വ് എന്നു തിരിച്ചറിഞ്ഞുടനെ
ശപിച്ചവളാ തമിഴകത്തെ !
സംഘത്തമിഴ്ദേശം മധുരൈമാവട്ടത്തെ
തീയിലെരിച്ചവളാർത്തലച്ചു.
വെന്തെരിയുന്നു മനുഷ്യദേഹങ്ങൾ .
വെന്തെരിയുന്നു വണികർവ്യാപാരങ്ങൾ.
രത്നവും മുത്തും പവിഴവുമല്ലെന്നുവേണ്ട –
പൊരുൾക്കൾ മൊത്തമഴിയുന്നു.
നെടുംചെഴിയരാജാവിൻ കൊട്ടാര സമുച്ചയം
വൻ തീഗോളമായ് നിന്നു കത്തിടുന്നു.
താൻ വാഴ്ന്ത കാലത്തിൽ കറുത്ത താളുകൾ
ചാരമായ് കാറ്റിൽ പറന്നുയരേ,
കരിഞ്ഞ ചോരയും മാംസവും
കാലിൽ പതിപ്പിച്ച്
നടന്നിടുന്നേയവൾ മധുരയിൻ നായകി.
നടന്നു മറയവേ നാശങ്ങളേറ്റവും
ദുരിതവും വന്നു വീണ മണ്ണിൽ
അത്രയും ദൂരെയല്ലെങ്കിലും കേൾക്കാം
ഒരു പെണ്ണിൻ അടക്കിയ തേങ്ങലുകൾ.
ചന്ദ്രജ്യോതിയെന്നു പുകഴ്പെറ്റ പെണ്ണവൾ
തെന്മധുരൈവണികർ
കുടുംബത്തിൽ ചേർന്നവൾ ,
വൈഗയാർക്കരയിൽ തളർന്നിരുന്ന്
തൻമകൻ പോയെന്നുറക്കെ പുലമ്പുന്നു.
“അമുതനേ നീയെങ്ങും പോയിടാതെ
അമ്മയ്ക്കു നീയെന്നും അമൃതു തന്നെ.”
വീശുമീ കാറ്റിലവന്റെ ശ്വാസം
പാറിപ്പറന്നിടും ചെറുകിളി പോൽ,
ഉയരുന്ന പുകയിലവന്റെ ഗന്ധം
ചക്രവാളത്തിൽ ചേർന്നിടുന്നു.
” അറിയുന്നു ഞാനെൻ മകനേ…… –
അമുതനേ …..
നിൻ മനം എന്തു തവരു ചെയ്തു?
എരിയുന്ന തീയിൻ വായിലകപ്പെടാൻ
നെടുംചെഴിയരാജനാർ നിനക്ക് ?
തപ്പും തവരുമായ് ശിക്ഷ നൽകിയ
നൃപനോ പ്രാണൻ വെടിഞ്ഞു പോയി.
പാവമാം കോവലനെന്നേയുലകം വിട്ടു –
പോയെന്നാലുമെന്റെ കുഞ്ഞേ ….
നിന്റെയിളം പ്രാണനെന്തിനു വിട്ടുപോയി?”
ഇങ്ങനെ പലവിധം പുലമ്പുന്നു മാതാവ്,
തൻ വയറ്റിലടിച്ചലറിക്കരയവേ !
കളകളം പാടിയൊഴുകുന്ന വൈഗയും
അന്നു പാടി ഒടുങ്ങാത്ത ദുഃഖത്തിൻ ഗാനം.
വീണ്ടും പുലമ്പുന്നു ചന്ദ്രജ്യോതിയവൾ
“ഇനി ഞാനെന്തിനീ ധരണിയിൽ ?
ഹൃദയത്തിൽ ചൂടുവാൻ പൂക്കളില്ല ,
സ്നേഹിക്കുവാനിന്നു നീയുമില്ല.
വീടില്ല നാടില്ല നഗരമില്ല,
എന്നിൽ കുരുത്ത പ്രാണനില്ല.
ഇനിയെന്തിനു ഞാനീക്കത്തുന്ന –
മധുരയ്ക്ക് കാവലാകാനോ ?
പെൺകോപമാടിത്തിമർത്തു തകർന്ന –
നാട്ടിലൊരുണങ്ങിയ പുൽക്കൊടി പോൽക്കഴിയാൻ ,
കുഞ്ഞേ … ,നീയില്ലാതെന്നാലൊരിക്കലും
ആവില്ലയിനിയും ജീവിച്ചിടാൻ .”
എന്നും പറഞ്ഞുകൊണ്ടവൾ തന്റെ
തളർന്ന കാലുകൾ നിലത്തുരച്ച്
ഏന്തിവലിഞ്ഞങ്ങു പോകുന്നു മുന്നോട്ടു
നിതാനമൊഴുകും വൈഗയിലലിഞ്ഞിടാൻ.
അപ്പോഴേയ്ക്കണഞ്ഞു തുടങ്ങുന്നു മധുരയിൽ
കത്തിയുയരുന്ന തീജ്വാലകൾ.
അറിയില്ല, ആരുമേ പാടിയില്ല.
സംഘത്തമിഴിലും കേട്ടതില്ല.
ഔവ്വയാറിന്റെ ഭാണ്ഡത്തിൻ കെട്ടിലും
ഇളങ്കോമഹാൻ തന്റെ തൂലികത്തുമ്പിലും
കണ്ടില്ല, കേട്ടില്ല ഞാനീയമ്മ തൻ
മരിച്ച മനസിന്റെ വിങ്ങലുകൾ.
പൗർണ്ണമി പുഷ്കരൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ