2022 ജൂൺ 25, ശനിയാഴ്‌ച

മുഖമൊഴി


 നിക്ഷേപങ്ങൾക്ക് പുറകേ ഓടുന്ന ഒരു ജനക്കൂട്ടത്തിൽ ജീവിക്കുവാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ. പല പല തട്ടിപ്പ് നിക്ഷേപങ്ങൾക്കും വിധേയരായിട്ടുള്ളവർ. ആട്, എമു മുതൽ മാഞ്ചിയം വരെ വളർത്തിയവരാണ് നമ്മൾ. അതുകൊണ്ട് തന്നെ കുട്ടികളെ വളർത്തുന്നതിലും ഒരു നിക്ഷേപ സാധ്യത ചിന്തിക്കുന്നതിൽ തെറ്റില്ല.

ഏറ്റവും മുന്തിയ സ്ക്കൂളുകളിൽ പഠിപ്പിച്ച്, അതിലേറെ പണം മുടക്കി ട്യൂഷനുമയച്ച് ഇരുപത്തഞ്ചോളം വർഷങ്ങൾ മുടക്കിയ പണം തിരിച്ചു പിടിയ്ക്കണമെന്ന നമ്മുടെ കച്ചവട മനസ്ഥിതി ചിന്തിച്ചാൽ ഞാൻ കുറ്റം പറയുകയില്ല.

ഒരു കാലത്ത് ആൺകുട്ടികളെ കൂടുതൽ പഠിപ്പിയ്ക്കുകയും പെൺകുട്ടികളെ പഠിപ്പിക്കുന്നതിലുണ്ടാകുന്ന നഷ്ടത്തേക്കുറിച്ച് ചിന്തിക്കുകയും ചെയ്തിരുന്ന ഒരു സമൂഹം ഇവിടെ ഉണ്ടായിരുന്നു.

പെൺകുട്ടികളും സമ്പാദിച്ചു കൊടുക്കുവാൻ തുടങ്ങിയതിനു ശേഷമാകണം, ആ ചിന്താഗതിയിലും മാറ്റങ്ങളുണ്ടായിത്തുടങ്ങി.

പണസമ്പാദനം എക്കാലത്തേയും ഒരു ജീവിതരീതിയാക്കി മാറ്റിയത് നമ്മൾ മാത്രമാണെന്ന് പറയുന്നതിൽ അതിശയോക്തിയുണ്ടാകില്ല. പാശ്ചാത്യ സമൂഹങ്ങളിൽ ഇത്തരം സമ്പാദ്യശീലം വളരെ കുറവാണ്. അവർ ജോലി ചെയ്യുന്നു. ആ പണം ആഘോഷങ്ങൾക്കായും, അവരുടെ സന്തോഷങ്ങൾക്കായും ചിലവഴിക്കുന്നു. നമ്മളാകട്ടെ സന്തോഷങ്ങളും ആഘോഷങ്ങളും ഒഴിവാക്കി ആ പണം ചേർത്ത് വച്ച് വളർത്തുന്നു. സമ്പാദിക്കും തോറും സമ്പാദിക്കുവാനുള്ള ആസക്തി ഉണ്ടാക്കുന്നു.

അടുത്തയിട പലയിടങ്ങളിലും വർദ്ധിച്ചു വരുന്ന വൃദ്ധ സദനങ്ങൾ, ഒരു പക്ഷേ മക്കളിൽ നിക്ഷേപിക്കുന്ന പണം ഒരു പരാജയമാണെന്ന തോന്നൽ, ഇത്തരത്തിലുള്ള വ്യാപാരികളിൽ ഉടലെടുക്കാൻ കാരണമായിട്ടുണ്ടാകാം. അല്ലെങ്കിൽ ആസന്നഭാവിയിൽ ഉണ്ടായേക്കാം.

ഏതൊരു ബിസിനസുകാരനും ആഗ്രഹിക്കുന്നത് ലാഭം ആണല്ലോ. ഇവിടെയും ലാഭം കൊയ്യാൻ കഴിയും. കുട്ടികളെ അവരുടെ അഭിരുചിക്കനുസരണം പഠിപ്പിക്കുക എന്നതാണ് ഉത്തമ മാർഗ്ഗം. സ്നേഹമെന്ന മന്ത്രം കുട്ടികളെ പഠിപ്പിക്കാൻ നമ്മൾ പലപ്പോഴും മറന്നു പോകുന്നു. വിദ്യാഭ്യാസത്തിനോടൊപ്പം അതും പകർന്നു നൽകുക. കൂടെയുണ്ട് എന്ന വിശ്വാസം പകർന്നു നൽകുക. കച്ചവടത്തിൽ നഷ്ടം വരില്ല എന്ന് ഉറപ്പ്. സ്വാർഥത പഠനമാർഗ്ഗമാക്കുന്നവർ സ്വാർത്ഥരായി ത്തന്നെ ജീവിച്ചു തീർക്കുന്നതിൽ എന്താണദ്ഭുതം? നല്ലൊരു മനുഷ്യനാകാനുള്ള അറിവുകൾ കൂടി നൽകുമ്പോഴാണ് വിദ്യാഭ്യാസം പൂർണ്ണമാകുന്നത്.

എല്ലാ കച്ചവടങ്ങളും ലാഭ നഷ്ടസാധ്യതകൾ ഉള്ളതാണ് എന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ. ഇപ്പോൾ പലതിലും നിയമപ്രകാരമുള്ള മുന്നറിയിപ്പായി ഇത് രേഖപ്പെടുത്തുന്നുമുണ്ട്. ഒരു കുട്ടി ജനിയ്ക്കുമ്പോൾ എടുത്തു കൊണ്ട് വന്നു കാണിക്കുന്ന ഭൂമിയിലെ മാലാഖമാർ ഇത്തൊരമൊരു മുന്നറിയിപ്പു കൂടി തരാൻ ഇടവരാതിരിക്കട്ടെ. നമ്മുടെ കുട്ടികളെയെങ്കിലും വാണിജ്യച്ചരക്കായി കാണാതിരിക്കാനുള്ള മനസ്ഥിതി നമുക്കുണ്ടാകട്ടെ.

വീണ്ടുമൊരു സ്‌കൂൾകാലം തുടങ്ങുകയായി. നമ്മൾ മാറ്റി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇതാകട്ടെ ഈ മാസത്തെ ചിന്ത.


ഡോ. സുനീത് മാത്യു  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ