2022 ജൂൺ 25, ശനിയാഴ്‌ച

ദുരിതപർവ്വം

 

ദുരിതവഴികൾ താണ്ടി

ഇനിയും എത്താത്തവർ

മാറാലപ്പടർപ്പുകളുടെ

ഇരുണ്ട മേൽക്കൂരയിൽ

തളർന്നിരിപ്പായിരിക്കും.

വാതിലുകൾ

കൊട്ടിയടക്കുന്നതിന്റെ

രൂക്ഷഗന്ധം

കരിന്തിരികത്തുന്ന

നിലവിളക്കിനെ

ചുറ്റിവരിയുന്നു

ഉമ്മറപ്പടിയിൽ

ചടഞ്ഞിരിക്കുന്ന

നോട്ടം തെറ്റിയ

കൃഷ്ണമണികൾ

കണ്ണീരുപ്പിന്റെ

ചവർപ്പിൽ

നിലാമഴയോട്

കിന്നാരം പറയുന്നുണ്ട്.

അടിവേരിളകിയ

പത്തായപ്പുരകൾ

അനാഥമോഹങ്ങളുടെ

അസ്ഥിപഞ്ജരമായി

നെടുവീർപ്പിടുന്നു..

ഇനിയും മടങ്ങി വരാത്തവർ

മലിനമാക്കപ്പെട്ട

തെരുവോരങ്ങളുടെ

ദുരന്തഗീതം പാടാൻ

തിക്കും തിരക്കും

ക്കൂട്ടുകയാണ്…


ശിവൻ തലപ്പുലത്ത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ