2022 ജൂൺ 25, ശനിയാഴ്‌ച

മഴക്കാല രോഗങ്ങൾ ശ്രദ്ധിക്കുക


 അങ്ങനെ കോവിഡിനു കൂട്ടായി മഴക്കാലം കൂടി വന്നിരിക്കുന്നു. രോഗാണുക്കൾക്കെല്ലാം കുശാലുകാലം. അവർക്കു അനുകൂല കാലാവസ്ഥ, നമുക്കാണെങ്കിൽ പ്രതികൂല കാലവും.

അതുകൊണ്ടുതന്നെ മഴ കെടുതിയുടെ ഭീകരാന്തരീക്ഷം നാം അനുഭവിക്കാൻ പോകുന്നതേയുള്ളു. ആരോഗ്യ രംഗത്തുള്ളവർ (അതോ അനാരോഗ്യ രംഗത്തുള്ളവരോ?) ചിന്തിക്കേണ്ട കാര്യങ്ങൾ പലതാണ്.

വെള്ളപൊക്കമുണ്ടാകുന്ന സ്ഥലങ്ങളിൽ എല്ലാവരുടേയും സെപ്റ്റിക് ടാങ്കുകളും കുടിവെള്ള ശ്രോതസ്സുകളും ഒരേ തറനിലവാരത്തിലായിരിക്കും. കുറച്ചു ദിവസം കൊണ്ടു നാടും വീടും റോഡും എല്ലാം മലിനപൂരിതമായിട്ടുണ്ടാവും. (അതേ സമയം എല്ലാ ഓവുചാലുകളിലേയും അഴുക്കെല്ലാം റോഡിലൂടെ ഒഴുകി ഓവുചാൽ ക്ലീൻ ആയിട്ടുണ്ടാവും.)

വീണ്ടും കേരളം ഒരു രോഗകാലത്തേക്ക്‌ മാറാൻ തിയറിറ്റിക്കലായി എല്ലാ സാധ്യതയും ഉണ്ട്‌. കോവിഡിനു കൂട്ടായി പലവിധ രോഗങ്ങളും ഉടൻ വരുന്നു കാത്തിരിപ്പിൻ.

1) മഞ്ഞപ്പിത്തം: ഇതിൽ ഹെപ്പാറ്റൈറ്റിസ്‌ എ എന്ന ഇനത്തിലുള്ള വൈറസ്‌ ജന്യമായ മഞ്ഞപിത്തമാണ് പടരാൻ സാധ്യത കൂടുതൽ. ശ്രദ്ധയോടെ ചികിൽസിച്ചില്ലങ്കിൽ വീണ്ടും വീണ്ടും രോഗം ബാധിച്ചുകൊണ്ടിരിക്കും. എല്ലാവരിലേക്കും രോഗം പകർത്തികൊണ്ടുമിരിക്കുവാൻ ശേഷിയുള്ള ഒരു നിത്യ ഹരിതനായകനാണ്. മഞ്ഞപ്പിത്തം.

2) ടൈഫോയിഡ്‌: സാൽമനെല്ല കുടുമ്പത്തിൽ പെട്ട ബക്റ്റീരിയകളാണു രോഗകാരികൾ. രോഗിയുടെ അല്ലങ്കിൽ രോഗവാഹകരുടെ വിസർജ്ജ്യത്തിലൂടെ, വെള്ളത്തിലൂടെ, ചുറ്റുപാടുമുള്ള പ്രതിരോധശേഷി കുറഞ്ഞവരെയെല്ലാം ബാധിക്കാം.

3) വയറിളക്ക രോഗങ്ങൾ( Acute diarhoeal diseases -ADD): മലിന ജലത്തിലൂടെ ഇത് കുട്ടികളിലും വൃദ്ധരിലും പെട്ടെന്ന് ബാധിക്കുന്നു. കുടിവെള്ളം മാത്രം ശ്രദ്ധിച്ചാൽ മതിയാകില്ല.

എലിപ്പനി: ഓവുചാലുകൾ എലിവർഗ്ഗങ്ങളുടെ കോളനികളാണല്ലോ. പാവങ്ങൾ ഭൂരിഭാഗവും മഴകൊണ്ട് ചത്തിട്ടുണ്ടാവും പ്രത്യേകിച്ച് പെരുച്ചാഴികൾ. ആ നാട്ടിലെ എലികൾക്ക് എലിപ്പനിയുണ്ടെങ്കിൽ അവയുടെ വിസർജ്ജ്യങ്ങളിലൂടെയും ശവങ്ങളിലൂടെയും ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ പടർത്തുന്ന എലിപ്പനി പടരാം. ശരീരത്തിലുണ്ടാകുന്ന മുറിവുകളിലൂടെയും മലിന ജലത്തിൽ കുളിക്കുന്നതു വഴിയും രോഗാണു ശരീരത്തിലെത്തും.

നമ്മുടെ കൊതുകുകൾ: പെരും മഴയത്ത് കൊതുകു മക്കൾ ചത്തുപോകുന്നതിനാൽ അവയുടെ എണ്ണം കുറഞ്ഞിട്ടുണ്ടാകും. മഴഒന്നു കുറയുമ്പോൾ കഥ മാറുന്നു. ചുറ്റും മുട്ടയിടാൻ ഇഷ്ടം പോലെ വെള്ളം. മലിനജലം വേണ്ടവരായ ക്യൂലക്സ് (മന്ത് പരത്തുന്നവൻ), അനോഫിലസ്( മലേറിയ പരത്തുന്നവൻ) എന്നിവർക്കു ബഹുത്ത് ഖുശി. ശുദ്ധജലത്തിൽ മുട്ടയിടുന്ന ഈഡിസ്സിനാണേൽ (ചിക്കുൻ ഗുനിയ, ഡെങ്കി ഫയിം) അതിലും സുഖം, അവർ പെറ്റു പെരുകും നമുക്കാണേൽ ആരോഗ്യക്കുറവും. പനി കൊണ്ട്ജീവിക്കാൻ രക്ഷയില്ല എന്ന സ്ഥിതിവരും.കോവിഡ് കാർന്നോരായി എല്ലാം നോക്കി കണ്ട് എല്ലാ രോഗികളിലുമങ്ങ് കൂടും. മരണ നിരക്കുകളും കൂടാം.

എന്തു ചെയ്യും?

അഞ്ചുമിനിറ്റെങ്കിലും തിളപ്പിച്ച വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. ഹോട്ടലിൽ കാണുന്ന രീതിയിൽ ചൂടുവെള്ളവും തണുത്തവെള്ളവും മിക്സ് ചെയ്യുന്ന പരിപാടി വേണ്ട.

പച്ചവെള്ളത്തിൽ അടിക്കുന്ന ജ്യൂസുകൾ വേണ്ടന്നു വയ്ക്കുക. പച്ചവെള്ളത്തിലരയ്ക്കുന്ന ചമ്മന്തി പോലും വേണ്ടാന്നു വച്ചേക്കു. സോഡയും, ഫ്രിഡ്ജിൽ വച്ച് പച്ചവെള്ളവും, ഐസും, എല്ലാത്തിലും  ഒരു ശ്രദ്ധവേണം.

മലിനജലത്തിൽ ഇറങ്ങുമ്പോൾ കാലുകളിൽ മുറിവുള്ളവർ ശ്രദ്ധിക്കുക.

കൊതുകുകൾ വ്യാപിക്കാതെ ശ്രദ്ധിക്കുക.

അയൽ പക്കത്തുള്ള രോഗികൾക്ക് എന്തുരോഗമാണെന്നറിഞ്ഞ്, അവരിൽ നിന്നുരോഗം മറ്റുള്ളവരിലേക്ക് പടരാതെ നോക്കാൻ അയൽക്കൂട്ടങ്ങളും റെസിഡൻസ് അസോസിയേഷനുകളും ജാഗരൂകമായിരിക്കുക.

ഡങ്കിപ്പനി,  മങ്കിപ്പനി, ചിക്കൻ ഗുനിയ, പക്ഷിപ്പനി,പന്നിപ്പനി, എലിപ്പനി, കോവിഡ്  എന്നിങ്ങനെ വിവിധ പേരിലുള്ള ഒരോ രോഗത്തിനേയും പേടിച്ച് വെവ്വേറെ വാക്സിനും പ്രധിരോധമരുന്നുകളും കഴിച്ച് പേടിച്ചു ജീവിക്കുകയല്ല, സ്വന്തം  ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധ ശേഷികൂട്ടുക, എന്നതാണു ശാശ്വത പരിഹാരം.

ഈ സമയം മനുഷ്യന്റെ ആരോഗ്യം കുറവാണെന്നും രോഗാണുക്കൾക്കും രോഗവാഹകർക്കും അനുകൂലമാണെന്നുമുള്ള യാഥാർഥ്യം തിരിച്ചറിഞ്ഞ് ജീവിക്കുക.

രോഗത്തെ പുറത്തിറങ്ങി വീട്ടിലേക്ക് കൂടെ വിലിച്ച് കൊണ്ടുവരാതിരിക്കുക.

നല്ല ഭക്ഷണം, ഉറക്കം,യോഗ പോലെയുള്ള വ്യായാമങ്ങൾ എന്നിവ ശിലിക്കുക

ഡോ. ടി.ജി.മനോജ് കുമാർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ