2022 ജൂൺ 25, ശനിയാഴ്‌ച

അതിജീവിത

 

“സ്ത്രീ ശാക്തീകരണം അതിജീവിതകളിലൂടെ” സെമിനാർ, വനിതാ കൂട്ടായ്മ, റോയൽ റസിഡന്റസ് അസോസിയേഷൻ, ഫോർട്ട്‌ കൊച്ചി എന്ന് സുവർണ ലിപികളിലെഴുതിയ പ്രൗഢഗംഭീരമായ ആ സദസിന്റെ വെള്ളിവെളിച്ചത്തിലേക്ക് കടന്നു ചെല്ലുമ്പോൾ എന്തുകൊണ്ടോ ഞാനാകെ ചൂളിയിരുന്നു. അർഹതയില്ലാത്തിടത്ത് കയറി ചെന്ന ഒരുവളെപ്പോലെ ഞാൻ വിളറി വെളുത്തു. സ്വതവേ അന്തർമുഖിയായ എനിക്ക് ഇത്തരമൊരു വേദിയും ഹൈക്ലാസ് അന്തരീക്ഷവും ആദ്യാനുഭവം ആയിരുന്നു.

ഫോർട്ട് കൊച്ചിയിലെ ആ റസിഡന്റഷ്യൽ ഏരിയയിലേക്ക് ഞങ്ങൾ താമസം മാറിയിട്ട് ഏകദേശം രണ്ടു മാസമേ ആകുന്നുള്ളൂ. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനും എന്റെ മകനും ഭാര്യയും കുഞ്ഞും. ഗ്രാമാന്തരീക്ഷത്തിൽ നിന്ന് പൊടുന്നനെ ഒരു വൻ നഗരത്തിലേക്കുള്ള പറിച്ചു നടൽ എന്നെയാകെ വിഷമിപ്പിച്ചുവെങ്കിലും, മോന്റെ അച്ഛന്റെ വിയോഗത്തിന് ശേഷം നാട്ടിൽ അമ്മ ഒറ്റയ്ക്ക് കഴിയേണ്ട എന്ന മകന്റെ തീരുമാനത്തിനു ഞാൻ എതിര് പറഞ്ഞില്ല. വെറുതെ അവർക്ക് കൂടി എന്തിനൊരു വിഷമം ഉണ്ടാക്കണം. വാശി പിടിച്ചു ഒറ്റയ്ക്കൊരു വീട്ടിൽ കഴിയുന്നതിലും നല്ലത് നമുക്ക് വേണ്ടപ്പെട്ടവരുടെ കൂടെ കഴിയുന്നത് തന്നെയാണ്. നഗരത്തിലെ തിരക്കുള്ള ജോലി കഴിഞ്ഞ് ദിവസവും നാട്ടിലേക്ക് വന്നു പോകാൻ മകനോട് പറയുന്നത് സ്വാർത്ഥത തന്നെയാണ്.

ഇങ്ങോട്ട് താമസം മാറ്റി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഇവിടുത്തെ വനിതാ സംഘം പ്രസിഡന്റ് ശ്രീമതി രമ ബേബി എന്നെ കാണാനെത്തി. ശ്രീമതി രമ ഒരു റിട്ടയെർഡ് പ്രൊഫസർ ആണ്. എന്റെ ചില എഴുത്തുകുത്തുകളൊക്കെ അവർ വായിച്ചിട്ടുണ്ടത്രേ. ഒരു എഴുത്തുകാരി ഞങ്ങളുടെ റസിഡൻസ് ഏരിയയിൽ വന്നിട്ട് പരിചയപ്പെടാതെങ്ങനെ എന്ന ആമുഖവുമയാണ് അവർ സംസാരിച്ചു തുടങ്ങിയത്. ഞാൻ വലിയ എഴുത്തുകാരിയൊന്നുമല്ല. ചില എഴുത്തുകൾ ആനുകാലികങ്ങളിലൊക്കെ വന്നിട്ടുണ്ട് എന്നല്ലാതെ കാര്യമായൊന്നുമില്ലന്ന് ഞാനവരോട് വിനീതയായി.

“അങ്ങനയല്ല മിസ്സിസ് രേഖ രാമചന്ദ്രൻ, നിങ്ങളുടെ എഴുത്തുകൾ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്ഥത പുലർത്തുന്നവയാണ്. കുറച്ചേ എഴുതിയിട്ടുള്ളുവെങ്കിലും വായനശീലമുള്ളവർ നിങ്ങളെ അറിയുന്നു. ശ്രദ്ധിക്കുന്നു.”

“സന്തോഷം” ഞാനവരുടെ നേർക്ക് കൈകൂപ്പി.

“മിസ്സിസ് രേഖ രാമചന്ദ്രൻ ഞാനിപ്പോൾ വന്നത് മറ്റൊരു കാര്യം സംസാരിക്കാനാണ്. ഈ വരുന്ന വനിതാ ദിനത്തോടനബദ്ധിച്ച് ഒരു സെമിനാർ സംഘടിപ്പിക്കുന്നുണ്ട്. അതിൽ സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകൾക്ക് ആദരവ് നൽകുന്നുണ്ട്. അതിലൊരാൾ നിങ്ങൾ ആണ്. അതിന് ക്ഷണിക്കാൻ കൂടിയാണ് ഞാൻ വന്നത്.”

“ആദരവോ, അയ്യോ എനിക്കിത്തരം പരിപാടികളിൽ ഒന്നും പങ്കെടുത്ത് ശീലമില്ല. നാട്ടിൽ ഒരു യു പി സ്ക്കൂൾ അദ്ധ്യാപികയായിരുന്ന ഞാൻ, സ്ക്കൂൾ വേദിയിൽ അല്ലാതെ മറ്റൊരു പൊതു പരിപാടികൾക്കും പങ്കെടുത്തിട്ടില്ല. ശ്രീമതി രമ ബേബി എന്നോട് ക്ഷമിക്കണം. പരിപാടിക്ക് ഞാൻ വരാം. ആദരവൊന്നും വേണ്ട.”

“താങ്കൾ ഭയപ്പെടാതെ മിസ്സിസ് രേഖ, ഈ ആദരവ് ഞങ്ങൾക്കൊരു അഭിമാനം കൂടിയാണ്. ഞങ്ങളുടെ റസിഡൻസ് ഏരിയയിൽ നല്ലൊരു എഴുത്തുകാരി കൂടിയുണ്ടെന്ന് നാലാൾ അറിയുന്നത് ഞങ്ങൾക്കും അഭിമാനമാണ്. അതുകൊണ്ട് എതിർത്തൊന്നും പറയണ്ട, മാർച്ച്‌ 8 നു വൈകീട്ട് 7 മണിക്ക് നമ്മുടെ തന്നെ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി. ഫാമിലിയായിട്ടു പോന്നോളൂ”

കൂടുതൽ ഒന്നും പറയാനാവാതെ അവരുടെ സ്നേഹപൂർണമായ നിർബന്ധത്തിനു വഴങ്ങിയതാണ് ഇന്നിപ്പോ ഇവിടെ വന്നിങ്ങനെ വിറങ്ങലിച്ചു നിൽക്കുന്നത്.

“അമ്മേ, നമ്മുക്കിവിടെ ഇരിക്കാം.”

മകൻ എന്നെ മുൻ നിരയിലെ ഒരു സീറ്റിൽ കൊണ്ടിരുത്തി. അടുത്ത സീറ്റുകളിൽ അവനും ഭാര്യയും കുഞ്ഞും.

വേദിയിൽ പരിപാടികൾ തുടങ്ങി കഴിഞ്ഞു. മുഖ്യ പ്രഭാഷക സമൂഹത്തിലെ അതിജീവിതകളായ സ്ത്രീകളെക്കുറിച്ചാണ് പ്രസംഗിക്കുന്നത്. ഇന്ന് ഏറെ താരതിളക്കത്തോടെ വെള്ളിത്തിരയിലും മറ്റു മേഖലകളിലും മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന പ്രശസ്‌തയായ ഒരു വനിതയുടെ അതിജീവനത്തിന്റെ കഥ അവർ ഉദാഹരിച്ചു. അവരുടെ ഊർജസ്വലതയും ആത്മവിശ്വാസവും സ്ത്രീകൾ മാതൃകയാക്കേണ്ടതാണെന്ന് അവർ അടിവരയിട്ടു പ്രസ്താവിച്ചു. അടിച്ചമർത്തപ്പെട്ടു പോയിട്ടും ഒരു നാൾ ഫീനിക്സ് പക്ഷിയെപോലെ ഉയർത്തെഴുന്നേറ്റ അവരുടെ ചിത്രങ്ങൾ ഹാളിൽ വച്ചിരുന്നു സ്‌ക്രീനിൽ തെളിഞ്ഞു. പൊട്ടിച്ചിരിക്കുന്ന, മോഡേൺ വേഷങ്ങൾ ധരിച്ച, പ്രായത്തെ വെല്ലുന്ന ചുറുചുറുക്കോടെയുള്ള ആ ചിത്രങ്ങൾ ഏതൊരു സ്ത്രീയിലും ആത്മവിശ്വാസം നിറയ്ക്കുന്നവയായിരുന്നു.

അങ്ങനെ സമൂഹത്തിന്റെ പല മേഖലകളിൽ ഉന്നത സ്ഥാനം വഹിക്കുന്ന പല വനിതകളെക്കുറിച്ചും അവർ  പ്രതിപാദിച്ചു. ചില പേരുകൾ സമൂഹത്തിനു മുമ്പിൽ തുറന്നു പറയാൻ പാടില്ലാത്തതാവയെങ്കിലും അതിജീവിത എന്ന പദത്തിലൂടെ അവരെയും പ്രഭാഷക ഉയർത്തിക്കാട്ടി.

ഓരോ അതിജീവിതകളെക്കുറിച്ച് കേൾക്കുമ്പോഴും എന്റെ മനസ്സിൽ തെളിഞ്ഞത് അവളുടെ മുഖം മാത്രമായിരുന്നു. ഞാനോർത്തു. അവളെ ഒരിക്കലും ഈ സമൂഹം തിരിച്ചറിയില്ല. ഒരിക്കലും ഒരാദരവും അവൾക്ക് ലഭിക്കില്ല.

വേദിയിൽ പ്രഭാഷണം നീണ്ടു പോകുന്നു. എന്റെ ചിന്തകൾ അവളിലേക്കും.

ഞാനവളെ ആദ്യമായി കാണുന്നത് എന്റെ വിവാഹദിവസമാണ്. ആദ്യമായി വീട്ടിൽ നിന്ന് മാറി പുതിയൊരു വീട്ടിൽ പുതിയൊരന്തരീക്ഷത്തിൽ എത്തിയതിന്റെ വീർപ്പുമുട്ടലിൽ, ചുറ്റും കൂടിയവരുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുത്ത് ഇരിക്കുമ്പോഴാണ്, കൂടി നിന്നവർക്കിടയിലൂടെ തിക്കി തിരക്കി ഒരു പെൺകുട്ടി എന്റെ കൈയിൽ വന്നു തൊട്ടത്.

“ചേച്ചി, എന്നെ അറിയോ?”, അൽപ്പം കൊഞ്ഞയുള്ള സംസാരം. ഞാൻ സാകൂതം അവളെ നോക്കി. എട്ടൊ പത്തോ വയസ്സുള്ള ഒരു പെൺകുട്ടി. അവളുടെ ശരീരത്തിനു പാകമാവാത്ത വിധത്തിലുള്ള അയഞ്ഞ പട്ടുപാവാടയും

ബ്ലൗസും, ആകെ അലങ്കോലമായ മുടിയിൽ വാടി തുടങ്ങിയ മുല്ലമാല. എങ്കോണിച്ച കണ്ണുകൾകൊണ്ട് അവൾ എന്നെയാണോ നോക്കുന്നതെന്നറിയാതെ ഞാൻ അവളെ നോക്കി ചിരിച്ചു.

“ഇതിപ്പോ എവിടുന്നാ വലിഞ്ഞു കേറി വന്നേ ഈ വെകിളി പെണ്ണ്, പോ അപ്രത്തെങ്ങാനും” കൂട്ടത്തിൽ ആരോ അവളെ പുറകോട്ട് പിടിച്ച് നീക്കി.

ചിരിച്ചു കൊണ്ടുതന്നെ ഓടി പോകുന്നതിനിടയിൽ അവൾ വിളിച്ചു പറഞ്ഞു.

“ചേച്ചി നമ്മക്ക് നാളെ കാണാട്ടോ, ഞാൻ അപ്രത്തെ വീട്ടിലെയാ”

“അതൊരു തലേംവാലുമില്ലാത്ത പെണ്ണാ. അപ്രത്തെ സുകുമാരന്റെ മോളാ. തള്ള കുഞ്ഞിലേ അതിനെ ഉപേക്ഷിച്ചു പോയി. പിന്നെ കാശൊള്ള വീട്ടിലെയാ കേട്ടോ.” കൂട്ടത്തിലാരോ അവളെപ്പറ്റി പറഞ്ഞു.

അത് കഴിഞ്ഞ് പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ നല്ല കൂട്ടായി. ശരിക്കും ഒരു പൊട്ടിപെണ്ണായിരുന്നു അവൾ. എല്ലായിടത്തും ഓടി പാഞ്ഞു നടക്കും. ആരെന്തു വഴക്കു പറഞ്ഞാലും ചിരിക്കുക മാത്രം ചെയ്യും. എല്ലാരും അവളെ പൊട്ടിക്കാളിയെന്നും, വെകിളിയെന്നും വിളിച്ചപ്പോ ഞാനവളുടെ പേര് വിളിച്ചു കാർത്തികയെന്നത് ചുരുക്കി കാർത്തൂ എന്ന്.

അവൾക്കത് ആഹ്ലാദമായിരുന്നു. അച്ഛൻ മാത്രേ അവളെ അങ്ങനെ വിളിക്കാറുള്ളുത്രേ.

സ്കൂളിൽ ജോലിക്കിട്ടിയെപ്പിന്നെ അവളെ കാണുന്നത് അവധി ദിവസങ്ങളിൽ മാത്രമായിരുന്നു. എന്നാലും ഒരവസരം കിട്ടിയാൽ അവളോടി എന്റയടുക്കൽ വരും. ഒരിക്കൽ മോന്റെ ഒന്നാം പിറന്നാളിന്റെയന്ന് കുറച്ച് പായസം അവൾക്ക് കൊടുക്കാനാണ് ഞാനവളുടെ വീട്ടിലേക്ക് ചെന്നത്.

“കാർത്തൂ” ന്ന് നീട്ടി വിളിച്ച് മുറ്റത്തേയ്ക്ക് കയറുമ്പോ കണ്ടു, വെപ്രാളപ്പെട്ടെന്നപ്പോലെ വീട്ടിനകത്തുന്ന് ഇറങ്ങി വരുന്ന രതീഷ്. അവനാകെ വിയർത്തുകുളിച്ചിരുന്നു. എന്റെ മുഖത്തു നോക്കാതെ മുറ്റത്തിരുന്ന സൈക്കിൾ എടുത്തു അവൻ വേഗത്തിൽ പോയി. എന്തോ പന്തികേട് തോന്നിയ ഞാൻ അകത്തേക്ക് നോക്കി. ചിരിച്ചു കൊണ്ട് ഇറങ്ങി വരികയാണ് കാർത്തൂ.

“ചേച്ചി, ഞാനും ചേട്ടായിം കൂടെ കളിക്കേരുന്നു “

“എന്ത് കളി”

“അതോ, വലുതാവുമ്പോ ചേട്ടായി ന്നെ കല്യാണം കഴിക്കാന്ന പറഞ്ഞേക്കുന്നെ, ചേട്ടായി എനിക്ക് കുറേ ഉമ്മ തരും, പിന്നെ….. “

എന്റെ ഹൃദയമിടിപ്പ് കൂടി.. വിറയ്ക്കുന്ന ശബ്ദത്തിൽ ഞാൻ ചോദിച്ചു.

“പിന്നെ?”

“പിന്നെ കൈകൊണ്ടു എന്തൊക്കെയോ ചെയ്യും, ചിലപ്പോ ഒക്കെ എനിക്ക് വേദനിക്കും. ന്നാലും ചേട്ടായി അല്ലെ, എനിക്ക് കുറേ മിട്ടായി ഒക്കെ കൊണ്ടു തരും”

നെഞ്ചിടിപ്പോടെയാണ് ഞാനെല്ലാം കേട്ടത്. എട്ടുപൊട്ടും തിരിയാത്ത ഈ കുഞ്ഞിനോട് ഞാനെന്താണ് പറയേണ്ടത് എന്നറിയാതെ ഉഷറി. എന്നാലും ഞാൻ പറഞ്ഞ് കൊടുത്തു

“ഇനി ഇങ്ങനെയുള്ള കളിയൊന്നും പാടില്ല കാർത്തൂ. കാർത്തൂ വല്യ കുട്ടിയായില്ലേ. ” അവൾ തലയാട്ടി സമ്മതിച്ചു.

എന്നിട്ടും തൃപ്തിയാവാതെ ഞാനവളെകൊണ്ട് സത്യം ചെയ്യിച്ചു. ചെയ്തത് ശരിയല്ല എന്ന് തോന്നിയിട്ടാണോ എന്തോ അവളെന്നോട് സത്യം ചെയ്ത് പറഞ്ഞു.

“ഇല്ല ചേച്ചി സത്യായിട്ടും കാർത്തൂ നി ങ്ങനെത്തെ കളി കളിക്കൂല്ല”

കാലം കടന്നു പോയി. കാർത്തൂ എന്റെ മുന്നിലൂടെ ആണ് വളർന്നത്. എന്തോ ഒരു നിമിത്തം പോലെ അവൾ വയസറിയിച്ചപ്പോ എന്റടുത്തായിരുന്നു. ഞാനണവൾക്ക് വേണ്ട കാര്യങ്ങൾ പറഞ്ഞ് കൊടുത്തത്. പഠിത്തത്തിൽ തീരെ മോശമായിരുന്നു കാർത്തൂ. ഏഴാം തരത്തിൽ പഠിക്കുമ്പോഴാണ് അവൾ വയസ്സറിയിച്ചത്. പിന്നീട് അവൾ സ്കൂളിൽ പോയിട്ടില്ല. അവളുടെ അച്ഛനും അവളെ പഠിപ്പിക്കുന്നതിൽ വല്യ താല്പര്യം ഒന്നുമുണ്ടായില്ല.

“അല്ലെങ്കിൽ തന്നെ പഠിച്ചിട്ടിപ്പോ ന്തിനാ, പതിനെട്ടു വയസ്സ് തെകഞ്ഞ ആരുടേലും കൂടെ ഇറക്കി വിടണം, ദത്രേ ള്ളൂ “

ഇതായിരുന്നു അയാളുടെ വർത്തമാനം. തലമുറകൾ കൈമാറികിട്ടിയ കുടുംബസ്വത്ത്‌ നോക്കി നടത്തുക എന്ന ഉത്തരവാദിത്തം മാത്രമേ അയാൾക്കുണ്ടായിരുന്നുള്ളൂ.

അയൽവീടുകളിൽ എന്താവശ്യം വന്നാലും കാർത്തൂ മുന്നിലുണ്ടാവും.  കലപില വർത്തമാനം പറഞ്ഞ് കൊണ്ട് എല്ലായിടത്തും ഓടിനടക്കും. എന്ത് ജോലിയും ചെയ്യും. ആൾക്കാർ ശരിക്കും അത് മുതലെടുത്തു. ഉള്ള പണിയൊക്കെ ഏൽപ്പിച്ചു കൊടുക്കും അവൾക്ക്, എന്തേലും തട്ടുകേടു വന്നാലോ, വെകിളി, കോങ്കണ്ണി എന്നൊക്കെയുള്ള വിളിയും. പക്ഷെ അതൊന്നും അവളെ ബാധിക്കുന്ന ഒരു പ്രശ്നമേ ആയിരുന്നില്ല. ചിരിച്ചു കൊണ്ട് അവൾ അടുത്ത പണിയിൽ വ്യാപ്രതയാകും.

പ്രായത്തിൽ കവിഞ്ഞ വളർച്ചയായിരുന്നു അവൾക്ക്. കണ്ണുകളുടെ എങ്കോണിപ്പും കൊഞ്ഞയുള്ള വർത്താനവും ഒഴിച്ചാൽ ഒരു ഒത്തപെണ്ണ്. പതിനേഴു വയസായപ്പോ മുതൽ അവളുടെ അച്ഛൻ കല്യാണാലോചന തുടങ്ങി. പക്ഷെ കാണാൻ വന്നവരൊക്കെ അവളുടെ കണ്ണും സംസാരവും കണ്ട് ഒഴിവായിപ്പോയി. അവസാനം കനത്ത സ്ത്രീധനം കൊടുത്തു ജോലിയും കൂലിയുമില്ലാത്ത ഒരുവന് അവളെ കെട്ടിച്ചു നൽകി. അവന്റെ നാട്ടിൽ തന്നെ ഒരു വീടും വച്ചുകൊടുത്തു. വീടിന്റെ മുമ്പിൽ തന്നെ ഒരു പലചരക്കു കടയും അവളുടെ അച്ഛൻ ഇട്ടുകൊടുത്തു.

തലനിറയെ മുല്ലപ്പൂ ചൂടി, പട്ടുടുത്ത്, സർവ്വാഭരണ വിഭൂഷിതയായി ചെക്കന്റെ വീട്ടിലേക്ക് പോയ കാർത്തുവിന്റെ സന്തോഷം നിറഞ്ഞ മുഖം ഇപ്പോഴും എന്റെ കണ്മുന്നിലുണ്ട്.

പിന്നെ ഞാനവളെ കാണുന്നത് രണ്ടു വർഷങ്ങൾക്കു ശേഷം ഒരു ആശുപത്രി വരാന്തയിലാണ്. മുഷിഞ്ഞ ഒരു സാരി വാരിചുറ്റി ഒക്കത്ത് കൈക്കുഞ്ഞുമായി. ചിരി മാത്രം പഴയതുപോലെ തന്നെ.

എന്നെ കണ്ടതും ചേച്ചി എന്ന വിളിയുമായി അവളോടി വന്നു.

“എന്താ കോലം കാർത്തൂ ഇത്, എന്താ നീ വീട്ടിലേക്കൊന്നും വരാത്തത്”

“വീട്ടിലേക്കൊന്നും വിടൂല്ല ചേച്ചി. അവിടെ ചേട്ടൻ അമ്മ പറയുന്നത് മാത്രേ കേൾക്കൂ. പ്രസവത്തിനൊന്നും അതാ വരാഞ്ഞേ”

“ഉം, നിനക്ക് സുഖമാണോ, നീയെന്താ ഒറ്റയ്ക്ക് കുഞ്ഞിനേം കൊണ്ട്, അവനെന്ത്യേ?” ചിരിച്ചു കൊണ്ടായിരുന്നു മറുപടി.

“ചേട്ടൻ ഭയങ്കര കുടിയാ ചേച്ചി,  ഇപ്പൊ ദാ കുടിച്ച് വെളിവിലാണ്ട് കെടക്കുവാണ്. മോന് ഒന്നേകാൽ വയസ്സിലെ കുത്തിവെയ്പ്പെടുക്കാൻ വന്നതാ ഞാൻ, ചെല്ലുമ്പോഴേക്കും ഒരു മെന ആക്കിട്ടുണ്ടാകും മുറിയൊക്കെ. ശർദ്ധിച്ചും മൂത്രോഴിച്ചും ചിലപ്പോ തൂറിമിടും. ഒക്കെ ഞാൻ തന്നെ മെനയാക്കണം. തള്ള തിരിഞ്ഞു കൂടി നോക്കൂല്ല. തിന്നാറാവുമ്പോ അടുക്കളേൽ കേറി വരും.”

“നിനക്ക് വീട്ടിലേക്ക് പോന്നൂടെ, എന്തിനാ ഇങ്ങനെ”

അവൾ പൊട്ടിപെണ്ണിനെ പോലെ ചിരിച്ചു. ന്നിട്ട് പറഞ്ഞു.

“എന്തിനാ ചേച്ചി, അച്ഛനെ നാണം കെടുത്തുന്നെ? അച്ഛൻ എല്ലാ ആഴ്ചെ വരും. അരിം സാധനങ്ങളും കാശും ഒക്കെ കൊണ്ട് തരും.”

പിന്നെ ഒരു സ്വകാര്യം പോലെ സ്വരം താഴ്ത്തി പറഞ്ഞു.

“കാശ് തരുന്ന കാര്യം അങ്ങേർക്കറിയില്ല. അതൊക്കെ ഞാൻ ബാങ്കിൽ കൊണ്ട് ഇടും. എന്റെ കൊച്ചിന് എന്തേലും വേണ്ടേ?, പിന്നെ ഞാൻ ചെന്നിട്ടു വേണം കട തുറക്കാൻ. കിട്ടണതിൽ പാതി കുടിക്കാൻ എടുത്തോണ്ട് പോവും, ന്നാലും ബാക്കി ഒള്ളത് ഞാൻ ബാങ്കിലിടും”

“പിന്നെ ചേച്ചി, സ്വർണം ഒക്കെ ഞാൻ ബാങ്കിൽ കൊണ്ടോയി വച്ചു. രണ്ടുമൂന്നു വളകളൊക്കെ എന്നെ പറ്റിച്ചു മേടിച്ചോണ്ട് പോയി അങ്ങേര്. പിന്നെ എനിക്ക് തോന്നി ശരിയാവത്തില്ലന്ന്.”

“നിന്നെ ഉപദ്രവിക്കോ അവൻ?”

“ഉവ്വ, അങ്ങേര് വെവരം അറിയും. ഒരു തവണ തല്ലാൻ വന്നിട്ടുണ്ട്. ഞാൻ തിരിച്ചും അങ്ങട്ട് കൊടുത്തു. നടുംപുറത്തിട്ട്. പിന്നെ അങ്ങേര പണിക്ക് വന്നിട്ടില്ല.”

ഞാൻ അത്ഭുതത്തോടെ അവളെ നോക്കി.

പൊട്ടിപെണ്ണ്!

കുഞ്ഞിനെ ഒന്നു തലോടി അവളെ യാത്രയാകുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവളപ്പോഴും ചിരിക്കുകയായിരുന്നു.

പൊട്ടച്ചിരി!

പിന്നീട് അവളെ കാണുന്നത് സുകുമാരൻ ചേട്ടൻ മരിച്ച അന്നാണ്. വർഷങ്ങൾ കഴിഞ്ഞ്. ചടങ്ങുകൾ ചെയ്തത് അവളുടെ മകനായിരുന്നു. ചുറുചുറുക്കുള്ള ഒരു മിടുക്കൻ കുട്ടി!

തിരക്കൊഴിഞ്ഞപ്പോൾ അവളെ കാണാൻ ചെന്നു. വിശേഷങ്ങൾ പറഞ്ഞു. മകൻ പ്ലസ് ടു കഴിഞ്ഞത്രേ. പഠിക്കാൻ മിടുക്കൻ. എല്ലാത്തിലും A+. ഉപരിപഠനത്തിന് ചേരാൻ പോകുന്നു.

“അമ്മ പറഞ്ഞിട്ടുണ്ട്, ആന്റിയെപ്പറ്റി” അവൻ ചിരിച്ചുകൊണ്ട് പരിചിതനായ ഒരാളെപ്പോലെ സംസാരിച്ചു.

എനിക്കപ്പോൾ അവളെക്കുറിച്ച് എന്തിനോ അഭിമാനം തോന്നി.

“അടുത്തത് സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്കുള്ള ആദരവാണ്. ആദ്യമായി പ്രശസ്ത എഴുത്തുകാരിയും നമ്മുടെ റസിഡൻസിലെ പുതിയ അംഗവുമായ ശ്രീമതി രേഖ രാമചന്ദ്രനെ ക്ഷണിക്കുന്നു.”

“അമ്മേ, വേദിയിലേക്ക് ചെല്ല്” മകൻ തോളത്തു തട്ടി കൊണ്ട് പറഞ്ഞു.

മെല്ലെ എഴുന്നേറ്റ് വേദിയിലേക്ക് നടന്നു. പൊന്നാട അണിയിക്കലും മൊമെന്റോ തരലുമൊക്കെ കഴിഞ്ഞു.

“ഇനി ശ്രീമതി രേഖ രാമചന്ദ്രൻ നമ്മോട് രണ്ടു വാക്ക് സംസാരിക്കുന്നതാണ്.” അവതാരക എന്റെ നേരെ തിരിഞ്ഞു പറഞ്ഞു.

“മാഡം, അതിജീവിതകളായ വനിതകൾക്ക് വേണ്ടി രണ്ടു വാക്ക് ” അവർ മൈക്ക് എന്റെ നേർക്ക് നീട്ടി

വിറയലോടെ മൈക്ക് കയ്യിലെടുത്തു.

“എല്ലാവർക്കും നമസ്കാരം. ഇങ്ങനെയൊരു വേദിയിൽ നില്ക്കാനും ആദരവ് സ്വീകരിക്കാനുമായതിൽ ഞാൻ അഭിമാനിക്കുന്നു. ഇതിന്റെ സംഘടകർക്ക് എല്ലാം എന്റെ അകമഴിഞ്ഞ നന്ദി, സ്നേഹം”

ഒന്നു നിർത്തി വീണ്ടും തുടർന്നു.

“ഇവിടെ പ്രതിപാദിക്കപ്പെട്ട എല്ലാ അതിജീവിതകളായ വനിതാ രത്നങ്ങൾക്കും ഭാവുകങ്ങൾ. അവരെയോർത്ത് അഭിമാനിക്കുന്നു. അവർ നമുക്കൊരോരുത്തർക്കും പ്രചോദനമാകുന്നു. എന്നാൽ നമ്മൾ അറിയാത്ത, കാണാത്ത, കണ്ടാലും തിരിച്ചറിയാനാവാത്ത അനേകമനേകം സ്ത്രീകൾ ഗ്രാമങ്ങളിൽ, നഗരങ്ങളിൽ, തെരുവുകളിൽ ഒക്കെ ജീവിക്കുന്നുണ്ട്. ജീവിതത്തോട് പടവെട്ടി. ചിലപ്പോൾ തോറ്റ്, ചിലപ്പോൾ ജയിച്ച്. അവരെക്കൂടി നമുക്കീ വനിതാ ദിനത്തിൽ ഓർമ്മിക്കാം”

“നന്ദി നമസ്കാരം”

കൈകൾ കൂപ്പി വേദിയിൽ നിന്നിറങ്ങുമ്പോൾ മനസ്സിന്റെ സ്‌ക്രീനിൽ കാർത്തുവിന്റെ ചിരിക്കുന്ന മുഖം നിറഞ്ഞു.


ജിസ പ്രമോദ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ