കാട്ടുതാറാവിൻ്റെ കരച്ചിൽ കേൾക്കുന്ന പാടത്തെപറ്റി നീ കേട്ടിട്ടുണ്ടോ ? ആ പാടം വേറെയെവിടേയുമല്ല നിൻ്റെ നെഞ്ചിൽ തന്നെയാണ് .
അവിടെ കേൾക്കുന്ന താറാവിൻ്റെ കരച്ചിലിനെ നീ ഭയപ്പെടുന്നു. കേൾക്കാനിഷ്ട്ടപ്പെടുന്നില്ല . ഓരോ വിവാഹിതയുടെ നെഞ്ചിലും അങ്ങനെയൊരു പാടവും കാട്ടുതാറാവിൻ്റെ കരച്ചിലുമുണ്ട്.
പുരുഷ കേന്ദ്രീകൃതമായ സാമൂഹ്യ വ്യവസ്ഥയിൽ സ്ത്രി ജന്മംതൊട്ടേ സംസ്ക്കാരബോധമുള്ളവളായിരിക്കണമെന്നും അതവളെ ഭാര്യയായും അമ്മയായും രൂപപ്പെടുത്തണമെന്നും അതിനുപ്പുറം ഒരു ലോകമവൾക്കില്ലെന്നും ശഠിക്കുന്ന അപരിഷ്കൃതമായ വ്യവസ്ഥയെയാണ് ഈ നോവൽ കടന്നാക്രമിക്കുന്നത്…
കാലങ്ങൾക്കു മുമ്പ് ആരേയും ആർക്കുവേണമെങ്കിലും പ്രാപിക്കാം എന്നതായിരുന്നത്രേ അവസ്ഥ. ആ കാലത്ത് തൻ്റെ അമ്മയെ ഒരു ബ്രാഹ്മണൻ കൂട്ടികൊണ്ടുപോകുന്നത് പിതാവായ ഉദ്ദാലകനോടൊപ്പം നിസ്സഹായതോടെ നോക്കി നിൽക്കേണ്ടി വന്ന മകനാണ് ശ്വേതകേതു.പില്ക്കാലത്ത് ശ്വേതകേതു വിവാഹിതർക്കായ് കടുത്ത നിയമം സൃഷ്ടിച്ചു.ആ നിയമമാണ് ഇന്നും വിഹിതരായവർ തുടർന്നു പോകുന്നത്.
ഈ ഐതീഹ്യ കഥയിൽ നിന്നും വർത്തമാനകാലത്തിലെ ഒരു കുടുംബത്തിലേക്ക് നേരിട്ടുള്ളൊരു കടന്നുവരവാണ് ജാരൻ…
ഭർത്താവിലെ കാട്ടുമൃഗത്തിന് മൃതുശരീരം പോലെ വഴങ്ങാൻ നിർബന്ധിതയാകുന്നൊരു ഭാര്യ
മനസ്സിലെ സ്നേഹത്തെ നെെമിഷികാനന്ദത്തിനായ് ബലികഴിക്കാൻ തയ്യാറല്ലാത്ത അവിവാഹിതനായ നായകൻ …
ആധുനിക ബംഗാളി സാഹിത്യത്തിലെ തലയെടുപ്പുള്ള എഴുത്തുകാരനായ ബുദ്ധദേവ് ഗുഹ ജാരനിലൂടെ പറയുന്നത് പ്രധാനമായും സ്ത്രീപുരുഷ ബന്ധങ്ങളിലെ സങ്കീർണ്ണതകളാണ്….
കിഷ അതീവ സുന്ദരിയാണ് പാട്ടുപാടാൻ അറിയുന്നവൾ സാഹിത്യവാസനയുള്ളവൾ നല്ല സൗന്ദര്യബോധമുള്ളവൾ എല്ലാമാണ് .പക്ഷേ ഭർത്താവായ പിക്കു നേരെ തിരിച്ചാണ് ഇതിലൊന്നും ഒരുതാൽപ്പര്യവുമില്ലാതെ കേവലമൊരു ശരീരം മാത്രമായ് ഭാര്യയെ കാണുന്നയാൾ.
അവൾ നന്നായ് വീട് അലങ്കരിക്കും ജനൽ കർട്ടനുകളും മേശവിരിപ്പകളും എന്നും പുത്തൻ പോലെയുണ്ടാവും നന്നായ് പൊട്ടുതൊടും നന്നായ് ഒരുങ്ങും പക്ഷേ കണ്ണുള്ളവർക്ക് എപ്പോഴും എല്ലാം കാണാൻ കഴിഞ്ഞോളണമെന്നില്ലല്ലോ,
മനസ്സുള്ളതുകൊണ്ട് മാത്രം മനസ്സിലാക്കാൻ എല്ലാവർക്കും കഴിയുന്നില്ലല്ലോ.ഇതാണ് പിക്കുവിനെ കുറിച്ചുള്ള കിഷയുടെ പരാധി … ഇവരുടെ മകനാണ് ടുബുൽ
അരിപ്രസാദ് പിക്കുവിൻറെ കൂട്ടുകാരൻ വയസ്സ് നാൽപ്പത് കഴിഞ്ഞെങ്കിലും വിവാഹം കഴിച്ചിട്ടില്ല …
അരി നല്ല വായനക്കാരനാണ് പുസ്തകങ്ങളാണ് അരിയുടെ പ്രധാന കൂട്ടുകാർ .
കിഷയും അരിയും തമ്മിൽ പല വിഷയങ്ങളും സംസാരിക്കാറുണ്ട്.
നല്ല പുസ്തകങ്ങൾ നല്ല കൂട്ടുകാരാണ്. പുസ്തകം ശരിയായ അനുഭൂതി നൽകുന്നു. ആരേയും ഉപദ്രവിക്കുന്നില്ല.സ്വയം നികൃഷ്ടനാണെന്ന് കാണിക്കുകയുമില്ല അസൂയയോ വിദ്വേഷമോ ഇല്ല.ജീവിത്തിൽ അപമാനിതരായവർക്കും ദുഃഖം സഹിക്കേണ്ടി വന്നവർക്കു പുസ്തകങ്ങളുടെ ലോകമാണ് സ്വർഗ്ഗം . ഇത്തരം വിഷയങ്ങളൊക്കെയാണ് ഇവർ ചർച്ചചെയ്യാറുള്ളത്.പല കാര്യത്തിലും അവരുടെഅഭിപ്രായങ്ങൾ ഒന്നാണെന്ന കാരണത്താൽ അവർ അടുക്കാൻ തുടങ്ങി….
അവർ ഒരു യാത്രപോവുകയാണ് അരിയുടെ കാറിൽ പിക്കുവും കിഷയും ടുബുലും. യാത്രയിലുടനീളം അവർ പലതും സംസാരിക്കുന്നു…
കിഷയുടെ ഒരഭിരുചിയും പിക്കുവുമായ് ചേർന്നു പോകുന്നതല്ലെന്നും ഒരിക്കലും കിഷയ്ക്ക് പറ്റിയ ഭർത്താവല്ല പിക്കുവെന്നും അരി പതിയെ മനസ്സിലാക്കുന്നു
എന്നാലും അവൾ സന്തോഷം അഭിനയിക്കുന്നു… എന്തിന് ?
ഓരോ വിവാഹിതയ്ക്കും ഒരു തുറന്ന വരാന്തയുടെ ആവിശ്യമുണ്ട് നിത്യജീവിതത്തിൻ്റെയും ഭർത്താവിൻ്റേയും പിടിയിൽ നിന്ന് പുറത്ത് വന്ന് കുറച്ചൊന്നാശ്വസിക്കാൻ പറ്റിയ വാരാന്ത അവർക്കുവേണം. അവിടെ നിന്നുകൊണ്ട് പുറത്തുനിന്നുവരുന്ന കാറ്റ് കുറച്ച് നേരം ഏറ്റാൽ അവർക്ക് അവരെ പുനരുജ്ജീവിപ്പിക്കാൻ കഴിയും. വീർപ്പുമുട്ടിക്കുന്ന മുറിയിലേക്ക് തിരിച്ചു പോകാനുള്ള കഴിവ് അവർക്ക് കിട്ടുന്നു.
അവളുടെ മുറി എത്രത്തോളം സത്യമാണോ അത്രതന്നെ വാസ്തവമാണ് അവളുടെ വരാന്തയും.ഒരുവൾ അവളുടെ മുറിയിൽ തൃപ്തയാണെന്ന് പറയുമ്പോൾ ഒന്നുകിൽ അവൾ സത്യമല്ല പറയുന്നത് അല്ലെങ്കിൽ ആത്മാവിനെ വഞ്ചിക്കുന്നതിൽ അവൾ വിശ്വസിക്കുന്നുണ്ടാവണം…
കിഷയുടെ മനസ്സും പ്രക്ഷുപ്തമാണ്..ആരാണ് തന്നെ ഇത്രയതികം വഞ്ചിക്കുന്നത് മറ്റാരുമല്ല അത് ഞാൻ തന്നെയാണ് .
ദാമ്പത്യം ഒരു ജയിലാവുകയാണ് ഇതിലെ തടവുകാർക്ക് നമ്പറോ പ്രത്യേക വേഷമോ ഇല്ല. മുഖത്ത് ചിരി തുന്നിപിടിപ്പിക്കണം.വേണ്ടത്ര ആഘോഷങ്ങളോടെയാണ് താനി ജയിലിലേക്ക് ആനയിക്കപ്പെട്ടത് .അഗ്നിയെ സാക്ഷിനിർത്തി അർത്ഥമറിയാത്ത സംസ്കൃതപദങ്ങളിൽക്കൂടി നടത്തിയ പ്രതിഞ്ജകളെവിടെ ? എല്ലാം വെറുതെ .ഈ വിവാഹമെന്ന ബന്ധനത്തിൽ നിന്നും തനിക്കിനി മോചനമില്ലെന്നോ.
അരിച്ചേട്ടൻ എത്ര നന്നായ് എന്നെ മനസ്സിലാക്കിയിരിക്കുന്നു. അരിച്ചേട്ടൻ എന്നും തൻറെ സ്വപ്നത്തിൽ ജീവിക്കണം തൻ്റെ മനസ്സിൽ വിരാചിക്കണം.
ശാരീരികാനന്ദം നിമിഷങ്ങളോളം മാത്രം നീണ്ടു നിൽക്കുന്നു.സ്വപ്നസുഖം ഓർക്കുന്തോറും ജീവിക്കുന്നു.എന്നും ഒഴുകുന്ന ആനന്ദ സാഗരത്തിൽ അവർക്കിരുവർക്കും ഒന്നിച്ചൊഴുകണം.ഒരിക്കലും ആ ഒഴുക്ക് നിലയ്ക്കരുത്.എന്നൊക്കെയുള്ള ചിന്തകൾ അവളുടെ മനസ്സിനെ ഉലയ്ക്കുന്നു.
യാത്രയ്ക്കിടയിൽ അവർ ഒരു ബംഗ്ലാവിൽ താമസിക്കുന്നു.പിക്കുവിന് പുറം കാഴ്ച്ചകളോടൊന്നും താൽപ്പര്യമില്ല .മദ്യം അതുമാത്രം മതി.അരിയേയും നിർബന്ധിക്കും അരി മദ്യം വളരെ കുറച്ച് മാത്രമേ കഴിക്കുകയുള്ളു.. കിഷയ്ക്ക് പുറം കാഴ്ച്ചകൾ കാണണം കാടിൻ്റെ ഭംഗി ആസ്വദിക്കണം രാത്രിയിൽ നിലാവ് പൂത്ത്നിൽക്കുന്ന വേളയിൽ നക്ഷത്രങ്ങളുടെ ഭംഗി കണ്ടറിയണം.പക്ഷെ പിക്കുവിന് ഒന്നിലും താൽപ്പര്യമില്ല എന്നത് അവളെ വിഷമിപ്പിക്കുന്നു…പ്രകൃതി സൗന്ദര്യം ഒരാൾക്കു തനിയെ ആസ്വദിക്കാൻ പറ്റും പക്ഷെ തുല്ല്യം അനുഭവിച്ചറിയാൻ ഒരാൾ കൂടെയുണ്ടെങ്കിൽ പങ്കിട്ടാസ്വദിക്കുന്നതിൽ ഇരട്ടി മധുരമുണ്ട് അരിയോടൊപ്പം കെെകൾ ചേർത്ത് പിടിച്ചങ്ങനെ നടക്കാൻഅവളുടെ മനസ്സ് കൊതിക്കുന്നു…
മേഘമെല്ലാം നീങ്ങി ചന്ദ്രനുദിച്ചുയർന്നു നിൽക്കുന്നൊരു രാത്രി .മഴയുടെ തണുപ്പും നനവും വിടാതെ വനത്തിൻ്റേയും പർവ്വതനിരകളുടേയും പശ്ചാത്തലത്തിൽ ആരോ തളിച്ചുമെഴുകിയ ആകാശത്തിൽ തേച്ചുമിനുക്കി കമഴ്ത്തിവച്ച ഓട്ടുപാത്രംപോലെ ചന്ദ്രൻ പ്രകാശിക്കുന്നു,സുഗന്ധവുമേറ്റി അനിർവ്വചനീയമായ അനുഭൂതിയും പകർന്നുകൊണ്ട് കുളിർക്കാറ്റ് തഴുകി തലോടി കടന്നു പോകുന്നു. ആ രാത്രിയിൽ…അവൾ മദ്യപിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന പിക്കുവിനടുത്തു നിന്നും അരിച്ചേട്ടൻ്റെ അടുത്തെത്താൻ കൊതിച്ചു…വാതിൽ തുറന്ന് അരിയുടെ അടുത്തെത്തിയ അവളെ അരി നിരാശപ്പെടുത്തി.നെെമിഷികാനന്ദത്തിനായ് തൻ്റെ പ്രണയത്തെ ബലികഴിക്കാൻ തയ്യാറെല്ലെന്ന അരിയുടെ വാദം അവളെ സങ്കടപ്പെടുത്തി.
ശ്വേതകേതുവിൻ്റെ നീചമായ നിയമവ്യവസ്ഥയിൽ നിന്നും പുറത്ത് കടക്കാൻ അരിയവളെ നിർബന്ധിക്കുന്നു.
ഞാൻ കൂട്ടിലകപ്പെട്ട കിളിയാണ് കൂടിന് വെളിയിലേക്ക് ഏറിയാൽ കൊക്കുകൾ കൊണ്ടുവരാൻ പറ്റും.മറ്റുപക്ഷികൾ കൊണ്ടുവരുന്ന വന്യഫലങ്ങൾ അനുഭവിക്കാനായാലായി. അല്ലാതെ അതിന് മറ്റൊരു കൂട്ടിലേക്ക് പോകാൻ കഴിയുന്നതെങ്ങനെ അവൾ വിലപിക്കുന്നു.
നിനക്കതിനു കഴിയില്ല കീഷേ… അവഹേളനവും അശ്രദ്ധയും കൊണ്ട് നീ ഓരോ നിമിഷവും നിന്നെത്തന്നെ വഞ്ചിക്കുകയാണ്. വെെവാഹിക ജീവിതം എന്നുവച്ചാൽ അണ്ടർവെയറും ധരിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന പിക്കുവിൻ്റെയടുത്ത് കിടക്കലല്ല .ഭർത്താവിൻ്റെഓഫീസ് സമയവും മകൻ്റെ സ്ക്കൂളും മാത്രമല്ല ജീവിതം. നീ നിന്നെ എനിക്കു താ എൻ്റെ സർവ്വസ്വവും നൽകി ഞാൻ നിന്നെ വിളിക്കുന്നു നീ വരുമോ.
അവൾക്കതിന് കഴിയില്ല ഉദ്ദാലകനെപ്പേലെ നിസ്സഹായതയോടെ നോക്കിനിൽക്കേണ്ടിവരുന്ന പിക്കുവല്ല സങ്കടപ്പെട്ട് നിൽക്കേണ്ടിവരുന്ന ശ്വേതകേതുവാണ് അവൾക്കുമുന്നില്ലെ പ്രതിസന്ധി .അതെ ടുബുൽ തന്നെ..!!
ജനാലയിലൂട നിലാവിൽ കുളിച്ച് നിൽക്കുന്ന പ്രകൃതിയിലേക്ക് കണ്ണുകൾ പായിച്ച് അവൾ പാടുകയാണ് പുറത്തെ പ്രകൃതി സൗന്ദര്യവും വേദനയുടെ കാർമേഘവുമാണ് അവളെ പാടാൻ പ്രേരിപ്പിക്കുന്നത് .അതുകൊണ്ട് തന്നെ ആ ഗാനം മനോഹരമാണ്……..
അരി വരാന്തയിലിരുന്ന് അതേ നിലാവിലേക്ക് നോക്കി ആ ഗാനം ആസ്വദിക്കുകയാണ്……
ലിബേഷ് കാരിയിൽ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ