2021 ഒക്‌ടോബർ 30, ശനിയാഴ്‌ച

അറബിക്കടലും അറ്റ്ലാൻറിക്കും: ആസ്വാദനം

 



ഒരു കുഞ്ഞിൻറെ ജനനം എന്ന് പറയുന്നത് അനന്തമായ സാധ്യതകളാണ്. ആ കുഞ്ഞിൽ എന്തൊക്കെയാണ് പ്രകൃതി ഒളിപ്പിച്ച് വെച്ചിട്ടുള്ളതെന്ന് ആർക്കാണ് പ്രവചിക്കാൻ കഴിയുക? അത്തരത്തിൽ തന്നെയാണ് പുതിയ എഴുത്തുകളെയും എഴുത്തുകാരെയും ഈയുള്ളവൻ വായിക്കുന്നത് .സ്ഫോടനാത്മകമായ പ്രതിഭാ ശേഷിയുള്ളവർ ഉണ്ടാവാതിരിക്കില്ലല്ലോ … എവിടെയാണ് കാലം ഒരു മൈൽ കുറ്റി നാട്ടിയിട്ടുള്ളത് എന്ന് ആർക്കാണ് പ്രവചിക്കാനാവുക ?

ഏറ്റവും ഒടുവിൽ ഞാൻ വായിച്ചത് പുതിയ എഴുത്തുകാരനായ, ശ്രീ: അഷ്റഫ് കാനാമ്പുള്ളിയുടെ ” അറബിക്കടലും അറ്റ്ലാൻറിക്കും ” എന്ന നോവലാണ്. പിൻ കവറിലെ, എം ടി യുടെ വാക്കുകൾ മനപ്പൂർവ്വം വായിച്ചില്ല .നോവലിൻറെ തുടക്കത്തിലുള്ള ,എൻ. പി .ഹാഫിസ് മുഹമ്മദിൻറെ കുറിപ്പും വായിച്ചില്ല .രണ്ടും എൻറെ വായനയെ സ്വാധീനിക്കരുതെന്ന നിർബന്ധമുണ്ടായിരുന്നു. ഈ നോവലിൻറെയെന്നല്ല ഏത് സാഹിത്യത്തിൻറെയും അവതാരികയോ പഠനമോ ആദ്യം വായിക്കുന്ന പതിവില്ല.

എന്താവും ഈ എഴുത്തുകാരന് നമ്മോട് പറയാനുണ്ടാവുക എന്ന കൗതുകത്തിലാണ് വായന തുടങ്ങിയത്. നോവൽ തുടങ്ങി 14 പേജ് കഴിഞ്ഞപ്പോഴേക്കും ബോധ്യമായി ഈ എഴുത്തുകാരന് വായനക്കാരോട് പലതും പറയാനുണ്ടെന്ന്. ആ പറച്ചിലിന് ലളിതമായൊരു ഭാഷാ ശൈലിയുമുണ്ട്. വായനക്കാരെ ഭാഷ കൊണ്ടുള്ള സർക്കസ് കാണിച്ച് മയക്കിയ എത്രയോ രചനകൾ നമ്മൾ ശ്വാസംമുട്ടി വായിച്ചു തീർത്തിരിക്കുന്നു.

ശ്രീ: അഷ്റഫ് കാനാമ്പുള്ളി ഭാഷയെ അതിൻറെ നേരിൽ, ലളിതമായി എന്നാൽ പ്രമേയം ആവശ്യപ്പെടുന്ന ശക്തി സൗന്ദര്യങ്ങളോടെ ഉപയോഗിച്ചിരിക്കുന്നു എന്നത് ഒരു ചെറിയ കാര്യമല്ല .ഭാഷയാണ് എഴുത്തുകാരുടെ ആയുധി. ഭാഷ തന്നെയാണ് വായനക്കാരുമായി സംവദിക്കുന്നത്. ഭാഷയുടെ കാര്യത്തിൽ ഈ എഴുത്തുകാരൻ വിജയിച്ചിരിക്കുന്നു .

ഇനി നോവലിൻറെ കഥയിലേക്ക് വന്നാൽ പുതു പുത്തൻ പ്രമേയം ഒന്നുമല്ല അറബിക്കടലും അറ്റ്ലാൻറിക്കും നമ്മോട് പറയുന്നത് .പക്ഷേ തൻറെ പ്രമേയത്തെ അവതരിപ്പിക്കാൻ നോവലിസ്റ്റ് തെരഞ്ഞെടുത്ത പശ്ചാത്തലവും കാലനിർണ്ണയങ്ങളും തികച്ചും പുതുമയുള്ളതാണ്.

അറ്റ്ലാൻറിക്കിൽ നിന്ന് അറബിക്കടലോളം നീളുന്ന ചരിത്രത്തിൻറെയും ചതിയുടെയും കച്ചവടത്തിൻറെയും പ്രണയത്തിൻറെയും അതിജീവനത്തിൻറെയും കഥപറയുന്ന ഈ നോവലിൽ നമ്മൾ മറ്റൊരു കോഴിക്കോടിനെ കാണുന്നു .എസ് .കെ. യും, എം.ടി യും, എൻ.പി.മുഹമ്മദും, പി.എ. മുഹമ്മദ് കോയയും പറയാത്ത കോഴിക്കോടിൻറെ മറ്റൊരു കഥ .

വെറുമൊരു കഥ പറച്ചിൽ മാത്രമല്ല ഇത്. എഴുപതുകളിലെ കോഴിക്കോടിൻറെ സാമൂഹ്യജീവിതവും കച്ചവട ജീവിതവുമെല്ലാം നോവലിസ്റ്റ് പൊതിഞ്ഞു വെച്ചിട്ടുള്ളത് ഹാരിസ് എന്ന കഥാനായകൻറെയും സാറയുടെയും പ്രണയത്തിൻറെ സുഗന്ധത്തിലാണ്.

ഹാരിസിൻറെ സ്കൂൾ കാലവും ചാവക്കാട്ട് നിന്ന് കോഴിക്കോട്ടേക്കുള്ള വരവും ചുരുങ്ങിയ വാക്കുകളിലാണ് നോവലിസ്റ്റ് അവതരിപ്പിച്ചിട്ടുള്ളതെങ്കിലും അതിനൊരു ചാരുതയുണ്ട് .ഹാരിസിൻറെ ക്യാമ്പസ് കാലം പ്രണയ കാലം കൂടിയാണ്. എഴുപതുകളിലെയും എൺപതുകളിലെയും നമ്മുടെ ക്യാമ്പസുകൾ എങ്ങനെയായിരുന്നുവെന്ന് ,നമ്മുടെ പ്രണയകാലങ്ങൾ എങ്ങനെയൊക്കെ ആയിരുന്നു എന്ന് നമ്മൾ ഈ നോവലിൽ അനുഭവിച്ചറിയുന്നു.

തിരതല്ലുന്ന പ്രണയക്കടലുകളെ ഉള്ളിലൊളിപ്പിച്ച്, ഒരു വാക്കിനും മറുവാക്കിനും ഇടയിൽ ദിവസങ്ങളുടെ കാത്തിരിപ്പും ,ഒരു നോട്ടത്തിനും മറു നോട്ടത്തിനുമിടയിൽ മാസങ്ങളുടെ തപസ്യയും, ഒരു ചിരിക്കും മറു ചിരിക്കുമിടയിൽ വർഷങ്ങളുടെ ധ്യാനവും പൂക്കാലമാക്കി മാറ്റിയ ആ പ്രണയ കാലങ്ങൾ ഇന്ന് നമുക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയില്ല .ആ കാലം അനുഭവിക്കാത്തവർ പോലും ഈ പ്രണയ കാലത്തിൻറെ മാസ്മരികതയിൽ ലയിച്ച് പോകും വിധം അഷ്റഫ് കാനാമ്പുള്ളി തൻ്റെ വാക്കുകളെ ഭംഗിയായി അടുക്കി വെച്ചിരിക്കുന്നു.

ഈ നോവലിൻ്റെ എട്ടാം അധ്യായമായ ,ജൂബിലി, ഒറ്റ ശ്വാസത്തിലാണ് വായിച്ച് തീർത്തത് .ഒരു കാലത്തിൻ്റെ ക്യാമ്പസും അവിടെ പൂത്ത പ്രണയമന്ദാരങ്ങളും എനിക്കുചുറ്റും കുളിർ മഴയായി പെയ്തു. ആ അധ്യായം അവസാനിക്കുന്നത് ഹാരിസ് സാറയുടെ കത്ത് വായിച്ച് അവസാനിപ്പിക്കുന്നിടത്താണ്.

നോവലിസ്റ്റ് എഴുതുന്നു.

” ഈ ഭൂമി മുഴുവനും പനിനീർപ്പൂക്കളെക്കൊണ്ടു ഞാൻ പുതപ്പിക്കാം. സമുദ്രങ്ങളെ മുഴുവനും ഞാൻ എൻ്റെ കണ്ണുനീർ കൊണ്ട് നിറച്ചേക്കാം. വാനോളം വാഴ്ത്തിക്കൊണ്ട് സകല സ്വർഗ്ഗങ്ങളേയും ഞാനിളക്കിമറിക്കാം. ഇതൊന്നുമവിടുത്തെ മനസിനെ കീഴ്പ്പെടുത്താനാവില്ലെന്നെനിക്കറിയാം. കീഴ്പ്പെടുത്താനായിട്ടൊരു വഴി മാത്രമേയുള്ളൂ, എല്ലാമായ എൻ്റെ മനസ്സ് അവിടുത്തെ മനസാവുക ”

റൂമി ” ഇതാ ഞാനത് തന്നിരിക്കുന്നു.”

സാറഎന്ന കഥാപാത്രത്തെ വളരെ ചുരുങ്ങിയ വിവരണങ്ങൾ കൊണ്ടാണ് നാമറിയുന്നത് .പക്ഷേ ഈ നോവലിലെ ഏറ്റവും മികച്ച കഥാപാത്രം സാറയാണ് .അവളുടയുള്ളിൽ പ്രണയമുണ്ട്. പ്രണയത്തിനു മാത്രം സാധ്യമാവുന്ന വിശുദ്ധിയുണ്ട് .നീണ്ട കാത്തിരിപ്പുകളുടെ വേദനയുണ്ട് .

പഠനം തീരും മുമ്പ് തന്നെ കച്ചവടത്തിൻ്റെ ലോകത്ത് എത്തിപ്പെടുന്ന ഹാരിസിനെ കാത്തിരുന്ന ആ ലോകവും, അവിടുത്തെ മനുഷ്യരും അവരുടെ ജീവിതങ്ങളും ബന്ധങ്ങളും ചതിയും പ്രതികാരങ്ങളും അറബിക്കടൽ പോലെ വായനക്കാരുടെ ഉൾത്തീരങ്ങളിൽ വന്ന് തിരതല്ലി നുര പത ചിതറിക്കുന്നു.

മതം ഇന്നത്തെ പോലെ മദമായി മാറാത്ത , അടയാളങ്ങളായി ചുരുങ്ങാത്ത, ആയുധമെടുത്ത് അലറി വിളിക്കാത്ത ആ നല്ല കാലവും , ( നമ്മൾ വീണ്ടെടുക്കേണ്ട കാലം) മതത്തിൻ്റെ സത്തയായ ആത്മീയതയുടെ നനുത്ത സ്പർശവും ഈ കോഴിക്കോടൻ ജീവിതങ്ങളുടെ സംഗീതമായി നോവലിലുടനീളം ഉണ്ട്. എന്താണ് മതം എന്നതിലുപരി എന്തല്ല മതം എന്ന് മനസ്സിലാക്കിയ ഒരു സർഗ്ഗാത്മക മനസ്സിനേ ഈ അന്തരീക്ഷം സൃഷ്ടിക്കാൻ ആവു…

തുടക്കകാരൻ്റെ വിറയലോ ഇടർച്ചയോ ഇല്ലാതെ ശ്രീ :അഷ്റഫ് കാനാമ്പുള്ളി തൻ്റെ പ്രമേയത്തെ ,തനിക്ക് വായനക്കാരോട് പറയാനുള്ള കാര്യങ്ങളെ പറയേണ്ട വിധത്തിൽ പറഞ്ഞിട്ടുണ്ട് .ആദ്യ നോവലാവുമ്പോൾ വൈകാരികതയെ അതിവൈകാരികത ആക്കിമാറ്റി വായനക്കാരെ വട്ടം ചുറ്റിക്കുന്ന ഏർപ്പാടൊന്നും ഈ നോവലിൽ എഴുത്തുകാരൻ ചെയ്തിട്ടില്ല എന്നത് അത്ഭുതം തന്നെയാണ്. തീർച്ചയായും നീണ്ട കാലത്തിൻ്റെ സർഗ്ഗാത്മക ഊർജ്ജം ഈ കയ്യടക്കത്തിൻ്റെ പിന്നിലുണ്ട് .

തനിക്ക് ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്ന കച്ചവടത്തിൽ നേരിടേണ്ടിവന്ന ചതിക്കു മുമ്പിൽ ഹാരിസ് അമ്പരന്ന് നിൽക്കുന്ന ഒരു ഘട്ടമുണ്ട് ഈ നോവലിൽ . പകയിലേക്കും പ്രതികാരത്തിലേക്കും ഏതൊരു മനുഷ്യനെയും നടത്തിക്കുന്ന, അല്ലെങ്കിൽ മറവി നൽകുന്ന ലഹരി വഴികളിലേക്ക് നയിച്ചേക്കാവുന്ന ആ ജീവിത ഘട്ടത്തിൽ അവനെ കൂട്ടുകാരൻ അസ്സു കൂട്ടിക്കൊണ്ടുപോകുന്നത് പഴയൊരു മാളികപ്പുറത്തേക്കാണ്. കോഴിക്കോട് അബ്ദുൽ ഖാദറിൻ്റെ മാസ്മരിക സംഗീതത്തിലേക്ക്. സാരംഗിയുടെ നേർത്ത വിതുമ്പലിലേക്ക് . എല്ലാം മറക്കുന്ന, ലഹരികളുടെയെല്ലാം ലഹരിയായ സംഗീതത്തിൻ്റെ ആ മെഹ്‌ഫിലിൽ വിൻസൻ്റ് മാസ്റ്ററുണ്ട്. ഹാർമോണിയത്തിൽ വിൻസൻ്റ് മാഷ് തീർക്കുന്ന ഇന്ദ്രജാല മുണ്ട് .അവരോഹണം എന്ന ആ 18 ആം അധ്യായം വായിച്ചു തന്നെ അനുഭവിക്കേണ്ട അനുഭൂതിയാണ്.

നോവലിൻ്റ കഥ മുഴുവൻ ചുരുക്കി പറയുക എന്നത് അനുചിതമായതിനാൽ അത് ചെയ്യുന്നില്ല. ഇതിലെ ഹാരിസ് എന്ന കഥാനായകൻ നമ്മളിൽ ആരൊക്കെയോ ആണ്. നമ്മുടേതായ പലതും ഹാരിസിലുണ്ട്. അവൻ്റെ പ്രണയവും ഭൗതിക നേട്ടങ്ങളും പ്രണയ നഷ്ടവും അവനെ ചൂഴ്ന്നു നിൽക്കുന്ന ചരിത്രവുമൊക്കെ നമ്മുടെത് കൂടിയാക്കി മാറ്റി, അത് അനുഭവിപ്പിക്കുന്നതിൽ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു .

ഈ നോവലിൻ്റെ അന്തരീക്ഷവും, വേലു മൂപ്പനും ,പരുന്ത് ആലിയും ,സുധിയും,സാക്ഷാൽ എം.ടി .യുമൊന്നും നമ്മളെ വിട്ട് പെട്ടെന്ന് പോവില്ല .

എം.ടി. ഇതിലൊരു കഥാപാത്രമാണോ എന്ന് ചോദിച്ചാൽ അത് നിങ്ങൾ വായിച്ചു തന്നെ അറിയുക. ഒരു കണ്ണീർ തുള്ളിയുടെ വിതുമ്പലായി സാറ ഇപ്പോൾ എൻ്റെ ഉള്ളിലുണ്ട് .അവളിലേക്ക് ഹാരിസ് ഓടി തീർത്ത ദൂരങ്ങളുമുണ്ട്. അവൻ ഇടറി വീണ വഴികളുണ്ട് .

ഒടുക്കം അവനെ തേടിയെത്തുന്ന സാറയുടെ പിതാവായ പുലിക്കാട്ടിൽ അഹമ്മദ് എന്ന കഥാപാത്രം ഈ നോവലിലെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമാണ്. ഇത്തരം ഒരുപാട് കഥാപാത്രങ്ങൾ ഇന്നും നമുക്ക് ചുറ്റുമുണ്ട് എന്നത് ,ഈ എഴുത്തുകാരൻ്റെ നിരീക്ഷണപാടവത്തിന് തെളിവാണ്.

തുടക്കംമുതലേ ഹാരിസിൽ നോവലിസ്റ്റിനെ കണ്ടെത്താനാണ് എൻ്റെ വായന എന്നോട് പറഞ്ഞത്.ഹാരിസ് എം.ടി .യെ കാണുന്ന രംഗം എത്തിയപ്പോൾ, എം .ടി .യോട് ചോദിക്കുന്ന ,പറയുന്ന കാര്യങ്ങൾ വായിച്ചപ്പോൾ അഷ്റഫ് കാനാമ്പുള്ളി എന്ന എഴുത്തുകാരൻ തൻ്റെ തന്നെ ചോരയും നീരും കൊണ്ടാണ് ഹാരിസിനെ സൃഷ്ടിച്ചിട്ടുള്ളത് എന്നതിനു മറ്റു തെളിവുകൾ വേണ്ട എന്നായി . ( ഇതൊരു അതി വായനയായെങ്കിൽ എഴുത്തുകാരൻ മാപ്പ് തരട്ടെ )

നോവൽ വായിച്ചു കഴിഞ്ഞു പിന്നെയും രണ്ട് ദിവസം കഴിഞ്ഞാണ് എം.ടി.ഈ നോവലിന് ചാർത്തിക്കൊടുത്ത കയ്യൊപ്പ് ഞാൻ വായിച്ചത് .എം.ടി.യുടെ ഈ ചെറുകുറിപ്പ് അഷ്റഫ് കാനാമ്പുള്ളി എന്ന എഴുത്തുകാരൻ്റെ നിറുകയിൽ തൊട്ട അനുഗ്രഹത്തിൻ്റെ വിരലടയാളമാണ്.

തീർച്ചയായും ധാരാളം വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യേണ്ട, (അങ്ങനെ സംഭവിക്കുക തന്നെ ചെയ്യും ) ഈ നോവലിൻ്റെ ആദ്യ പതിപ്പ് തന്നെ വായിക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് .

ഈ അടുത്ത കാലത്ത് ഉള്ളിൽ ചേർത്തുവച്ച പ്രദീപൻ പാമ്പിരിക്കുന്നിൻ്റെ എരിയും ,ലിസിയുടെ വിലാപുറങ്ങളും, വി.എം. ദേവദാസിൻ്റെ ഏറിനുമൊപ്പം ഞാനീ അറബിക്കടലിനെയും അറ്റ്ലാൻ്റിക്കിനെയും ചേർത്ത് വെക്കുന്നു. ഇനിയുള്ള വായനകൾക്കായി .


മുഹമ്മദ് അബ്ബാസ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ