2021 ഒക്‌ടോബർ 30, ശനിയാഴ്‌ച

മഴമേഘം

 


വിൻഡോ ഗ്ലാസിൽ വീണു ചിതറുന്ന മഴത്തുള്ളികൾ നോക്കിയിരിക്കെ മൃദുലയ്ക്ക് കരച്ചിൽ വന്നു തൊണ്ടയിൽ കെട്ടി. മിഴികളിൽ ഉരുണ്ടുകൂടിയ മഴമേഘങ്ങളെ പെയ്യാൻ അനുവദിക്കാതെ അവൾ കണ്ണുകൾ ഇറുക്കി അടച്ചു തുറന്നു. മടിയിലിരുന്നുറങ്ങുന്ന അമ്മുവിനെ ഒന്നുകൂടി നെഞ്ചോടടുക്കി പിടിച്ചു.

അവൾ കിരണിനെ നോക്കി. ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചിരിക്കുകയാണ് അവൻ. അരമണിക്കൂറിലേറെയായി ഈ യാത്ര തുടങ്ങിയിട്ട്. ഈ സമയത്തിനിടയ്ക്ക് ഒരു വാക്ക് മിണ്ടിയിട്ടില്ല രണ്ടാളും. അമ്മു ഉണർന്നിരുന്നെങ്കിൽ അവളോടെങ്കിലും എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാമായിരുന്നു. വാക്കുകൾ അവളുടെ തൊണ്ടക്കുഴിയിൽ വന്ന് തിങ്ങി നിന്നു.

“പാട്ട് വയ്ക്കട്ടെ കിരൺ?”, രണ്ടും കല്പ്പിച്ചു ചോദിച്ചു.

അവന്റെ മുഖത്ത് പൊടുന്നനെ കോപം ഇരച്ചു കയറി.

“പാട്ട്!, ഇനിയിപ്പോ പാട്ടും കൂടി വയ്ക്കാഞ്ഞിട്ടാണ്, അല്ലെങ്കിലേ നശിച്ച ഒരു മഴ, വഴിയിലാകെ ബ്ലോക്കും, ഇതിന്റിടേൽ വണ്ടിയൊടിക്കുന്നവന്റെ പാട് നിനക്കറിയോ?, ഒരുങ്ങിക്കെട്ടി കയറി ഇരുന്നാൽ മതിയല്ലോ?”

ഇരച്ചു വന്ന സങ്കടത്തിരമാല പിന്നെയും മിഴികൾ നിറച്ചപ്പോൾ അവൾ നിരത്തിൽ വീണൊഴുകുന്ന മഴയിലേക്ക് മിഴി തിരിച്ചു.

“നിന്നെയും അരികിലിരിത്തി പെരുമഴയത്ത്, ഓ മൃദുലേ… എന്ന പാട്ടും വച്ച് നമുക്കൊരു ലോങ്ങ്‌ ഡ്രൈവ് പോകണം “

ഭൂതകാലത്തിലെവിടെയോ നിന്ന് കിരണിന്റെ മധുര ശബ്ദം. അവൾ മിഴികൾ ഇറുക്കിയടച്ചു സീറ്റിലേക്ക് ചാഞ്ഞു കിടന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ചിണുങ്ങിക്കൊണ്ട് അമ്മു എഴുന്നേറ്റു.

“അമ്മാ, മൂത്രോഴിച്ചണം”

“അമ്മുക്കുട്ടി, ഇപ്പൊ തന്നെ ഷോപ്പിലെത്തും അവിടെ ടോയ്‌ലെറ്റിൽ പോവാട്ടോ”

“നിച്ചു ഇപ്പൊ പോണം” അവൾ കരയാൻ തുടങ്ങിയപ്പോൾ മൃദുല കിരണിനെ വീണ്ടും ഒന്ന് നോക്കി. അവനിതൊന്നും ശ്രദ്ധിച്ച മട്ടില്ല.

“കിരൺ, അമ്മൂന് മൂത്രമൊഴിക്കണം, ഒന്നു വണ്ടി ഒതുക്കൂ”

“പെരുവഴിയിലാണോ ഇതൊക്കെ, ഒരു പബ്ലിക് ടോയ്‌ലെറ്റ് പോലും ഇല്ലാത്ത നാടാണ്. വീട്ടീന്നിറങ്ങുമ്പോ കൊച്ചിനെ ടോയ്‌ലെറ്റിൽ വിട്ടിട്ട് കൊണ്ടുവരണമായിരുന്നു. അതെങ്ങനെ ഉടുത്തൊരുങ്ങാൻ അല്ലെ നേരമുള്ളൂ. ഇപ്പൊ കടയിലെത്തും, അവിടെ ടോയ്‌ലെറ്റിൽ പോകാം”

“കുഞ്ഞിന് പറ്റുന്നില്ല കിരൺ ഒന്നു വണ്ടിയൊതുക്കൂ”, അവൾ കേണൂ.

“നാശം പിടിക്കാൻ”, പുലമ്പിക്കൊണ്ട് അവൻ വണ്ടിയൊതുക്കി.

മോളെ ഒരു പോസ്റ്റിനു പുറകിൽ കൊണ്ടു പോയിരുത്തി മൂത്രമൊഴിപ്പിച്ചു തിരിച്ചു വണ്ടിയിൽ കയറി.

പത്തുമിനിറ്റിനുള്ളിൽ നഗരത്തിലെ വലിയ ടെക്സ്റ്റയിൽ ഷോപ്പിലെത്തി. പാർക്കിഗ് ഏരിയയിൽ വണ്ടി ഇട്ട് ഷോപ്പിനകത്തേക്ക് നടക്കുമ്പോൾ കിരൺ പറഞ്ഞു.

” ആവശ്യമുള്ളത് എന്താ എന്ന് വച്ച എടുത്തോളണം, ഇതു നല്ലതാണോ, അതു നല്ലതാണോ എന്നൊന്നും കൊഞ്ചാൻ നിൽക്കണ്ട, കേട്ടല്ലോ?”

ശബ്ദം ഉയർത്തിയാണ് അവൻ പറയുന്നത്. ആരെങ്കിലും കേട്ടുവോ എന്നറിയാൻ അവൾ ചുറ്റും നോക്കി. അവളെ സഹതാപത്തോടെ നോക്കി ഒരു ഫാമിലി അവരെ കടന്നു പോയി. അപമാനഭാരം കൊണ്ട് അവളുടെ തലകുനിഞ്ഞു.

ഓണത്തിനുള്ള പർച്ചേസിങ് ആണ്. രണ്ടു കൂട്ടരുടെയും അച്ഛനും അമ്മയ്ക്കും അടക്കം എല്ലാവർക്കും ഡ്രസ്സ് എടുക്കണം.

“പോയി എടുത്തിട്ട് വാ, ഞാനിവിടെ ഉണ്ടാവും”, കിരൺ കസ്റ്റമഴ്‌സിനുള്ള സെറ്റിയിൽ ഇരുന്നു കൊണ്ട് പറഞ്ഞു.

പല നിലകളിൽ ആയിട്ടാണ് ഓരോ സെക്ഷനും. മൃദുല ദയനീയമായി അവനെ നോക്കി. ഒന്നു കൂടെ വന്നെങ്കിൽ!

“എന്നാൽ മോളും കൂടി ഇവിടെ ഇരിക്കട്ടെ, ഞാൻ പോയി എടുത്തിട്ട് വരാം”

” നിനക്കെന്താ കൊച്ചിനെ കൂടി കൊണ്ടുപോയാൽ, എനിക്ക് കുറേ കാൾസ് അറ്റൻഡ് ചെയ്യാനുണ്ട്.”

അവന്റെ ശബ്ദം വല്ലാതെ ഉയർന്നു. മൃദുല ആരെയും നോക്കിയില്ല. അവൾ അറിയുന്നുണ്ടായിരുന്നു ചുറ്റിലും നിന്ന് അവർക്ക് നേരെ നീളുന്ന പരിഹാസമോ, സഹതാപമോ നിറഞ്ഞ നോട്ടങ്ങൾ. മോളെയും കൈക്കുപിടിച്ച് അവൾ ഓരോ ഇടങ്ങളും കയറിയിറങ്ങി. പെണ്ണുങ്ങൾ ഏറ്റവും ആസ്വദിച്ചു ചെയ്യുന്ന കാര്യമാണ് പുതുവസ്ത്രങ്ങൾ എടുക്കൽ. പക്ഷെ മൃദുലയ്ക്ക് യാതൊരു ഉന്മേഷവും തോന്നിയില്ല. എന്തെക്കൊയോ എടുത്ത് എന്ന് ഒപ്പിച്ച് അവൾ ബില്ലിംഗ് സെക്ഷനിൽ എത്തി.

ബില്ല് കിട്ടികഴിഞ്ഞു അവൾ കിരണിനെ തിരഞ്ഞു. ആർക്കോ ഫോൺ ചെയ്യുകയാണ് അവൻ. ബില്ല് കൈയിൽ കൊടുത്തിട്ട് അവൾ അമ്മുനെയും കൊണ്ട് സെറ്റിയിൽ ഇരുന്നു.

“എല്ലാവർക്കും എടുത്തോ?”

ഉവ്വെന്നവൾ തലയാട്ടി. ബില്ലടച്ചു കഴിഞ്ഞപ്പോൾ ജീവനക്കാർ തന്നെ ഒക്കെ എടുത്ത്‌ കാറിൽ എത്തിച്ചു കൊടുത്തു.

“അമ്മാ വിശക്കുന്നു.” അമ്മു ചിണുങ്ങാൻ തുടങ്ങി. അച്ഛനോട് പറ എന്ന് മൃദുല മോളെ കണ്ണു കാട്ടി.

“അച്ഛ, വിശക്കുന്നു”

“ബിസ്‌ക്കറ്റ് ഒന്നും എടുത്തില്ലേ?” അവൻ മൃദുലയോടായി ചോദിച്ചു.

“ഇല്ല”

“എത്ര പറഞ്ഞാലും പഠിക്കില്ല, പുറത്തിറങ്ങുമ്പോ കുറച്ച് വെള്ളോം ബിസ്ക്കറ്റും എടുക്കാൻ”

“വെള്ളം എടുത്തിട്ടുണ്ട്”, അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.

“ഓ, അതെങ്കിലും എടുത്തല്ലോ”, അവൻ പുച്ഛം നിറഞ്ഞ സ്വരത്തിൽ പറഞ്ഞു കൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു.

നഗരത്തിലെ മുന്തിയ ഹോട്ടലിനു മുമ്പിൽ വണ്ടി പാർക്ക് ചെയ്ത് കിരൺ പുറത്തിറങ്ങി. അമ്മുവിനെയും കയ്യ്ക്ക് പിടിച്ചു അവൾ അവന്റെ പുറകെ നടന്നു. ഒരു ഫാമിലി റൂമിൽ കയറി ഇരുന്ന് കിരൺ മോളോട് ചോദിച്ചു.

“അമ്മൂസിന് എന്താ വേണ്ടെ കഴിക്കാൻ?”

“എനിച്ച് മോമോസ് വേണം അച്ഛാ”

“ഉം, വാങ്ങി തരാട്ടോ, നിനക്കെന്താ വേണ്ടേ?”

“എനിക്കൊരു കോഫി മാത്രം മതി”

“അധികം ജാടയൊന്നും കാണിക്കേണ്ട, ന്താ വേണ്ടെന്ന് വച്ച പറയ്‌, രാത്രി കുറെ ആവും വീടെത്താൻ “

“കിരൺ വാങ്ങുന്നത് തന്നെ എനിക്കും മതി “

“എനിക്കൊന്നും വേണ്ടെങ്കിലോ, എന്താന്ന് വച്ച പറഞ്ഞു തുലയ്ക്ക്, കഴിച്ചിട്ട് വേഗം പോകാനുള്ളതാ. കൊഞ്ചി ഇരിക്കാൻ നേരമില്ല “

അവന്റെ ശബ്ദം ഉയരുന്നത് കേട്ട് അവൾ വേഗം പറഞ്ഞു.

“എനിക്ക് മസാലദോശ മതി”

കൊണ്ടു വന്നു വച്ച ഭക്ഷണം അവർ നിശബ്ദമായിരുന്നു കഴിച്ചു തുടങ്ങി. പലപ്പോഴും മൃദുലയ്ക്ക് കഴിക്കുന്നത് നെഞ്ചിൽ കെട്ടി. കണ്ണുകൾ നിറഞ്ഞു തൂവാൻ തുളുമ്പി നിന്നു.

രുചിയറിയാതെ വിഴുങ്ങി എഴുന്നേറ്റ് വാഷ്റൂമിൽ എത്തി കൈകഴുകുമ്പോൾ അവൾ മുന്നിലെ കണ്ണാടിയിൽ നോക്കി. വീങ്ങി നിൽക്കുന്ന കണ്ണുകൾ. വിതുമ്പാൻ വിറകൊള്ളുന്ന ചുണ്ടുകൾ. കൈകഴുകി മോളെയും കൊണ്ട് കാറിൽ പോയിരുന്നു.

” നിനക്ക് ഇത്ര ഇഷ്ട്ടാണോ മസാല ദോശ? ഒന്നു ആർത്തിപ്പിടിക്കാതെ തിന്നടി പെണ്ണേ, എത്ര വേണേലും ഇനിയും വാങ്ങി തരാം”

കിരൺ അവളോട് ചേർന്നിരുന്നു, അവളെ ഊട്ടുകയാണ്.

മൃദുല പുറത്തേക്ക് നോക്കി. മഴപെയ്തൊഴിഞ്ഞ് ഈറനായ രാത്രി. തെരുവ് വിളക്കുകളുടെ പ്രകാശം പ്രതിഫലിച്ചു തിളങ്ങുന്ന റോഡ്. നൈറ്റ്‌ ഡ്രൈവുകൾ ആസ്വാദിച്ചിരുന്ന ഒരു കാലം അവളുടെ മനസ്സിൽ തെളിഞ്ഞു.

ഓർമ്മകൾ പെയ്യാൻ തുടങ്ങിയപ്പോഴേക്കും കിരൺ എത്തി വണ്ടി സ്റ്റാർട്ട്‌ ചെയ്തു.

“രാത്രി ഡ്രൈവ് മെനക്കേടാണ്”, അവൻ ആരോടെന്നില്ലാതെ പറഞ്ഞു.

വീട്ടിലെത്തി,വാങ്ങിയ സാധനങ്ങൾ ഒക്കെ എടുത്ത് വച്ച് ഫ്രഷ് ആയി വന്നപ്പോഴേക്കും പതിനൊന്നു മണിയായി. അമ്മു കാറിൽ വച്ചേ ഉറക്കമായിരുന്നു.

ഒരു നൈറ്റ്‌ ഗൗൺ ധരിച്ച് ഈറൻ മുടി അഴിച്ചിട്ട് മൃദുല റൂമിൽ എത്തിയപ്പോൾ, കിരൺ അവളെ ആകെയൊന്ന് നോക്കി. പിന്നെ അവളുടെ കൈക്ക് പിടിച്ചു വലിച്ച് നെഞ്ചോടടുപ്പിച്ചു. കിടക്കയിലേക്ക് കിടത്തി. റൂമിലെ അരണ്ട വെളിച്ചത്തിൽ നിറഞ്ഞു തൂവുന്ന രണ്ടു മിഴികൾ മാത്രം.

അവളുടെ മിഴികൾ ചുണ്ടുകളാൽ ഒപ്പി കൊണ്ട് അവൻ പറഞ്ഞു.

“നീ എന്നോട് ക്ഷമിക്ക്, ഓഫീസിലെ സ്‌ട്രെസ്, മറ്റുകാര്യങ്ങൾ എല്ലാം കൂടി വരുമ്പോ ഞാനാകെ ഭ്രാന്തനെപ്പോലെയാകും. അതാ നിന്നോടിങ്ങനെ? നീയല്ലാതെ മറ്റാരാ എന്നെ മനസിലാക്കാൻ?”

മൃദുല കൈ ഉയർത്തി അവന്റെ വായ്പൊത്തി. അവനോട് ഒന്നുകൂടെ പറ്റിച്ചേർന്നു കിടന്നു.

തളർന്നുറങ്ങുന്ന കിരണിനെ ഒന്നു നോക്കി വസ്ത്രങ്ങൾ നേരെയാക്കി മൃദുല എഴുന്നേറ്റു. വാക്കുകൾക്ക് ആഴമേറിയ മുറിവുകൾ ഹൃദയത്തിൽ സൃഷ്ടിക്കാൻ കഴിയുമെന്ന് കിരൺ അറിയുന്നില്ലേ? പുറത്ത് മഴയുടെ ഇരമ്പം. വീണ്ടും പെയ്യുകയാണ്. അവൾ സാവധാനം വാതിൽ തുറന്നു പുറത്തിറങ്ങി.

“അച്ഛ, നിക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയാവുന്നു, ഞാനിന്ന് അച്ഛന്റേം അമ്മേടേം കൂടെ കിടന്നോട്ടെ?”

“ന്റെ കുട്ടി വന്നു കിടന്നോ, ഇങ്ങനെ ഒരു പേടിപെണ്ണ് “

ഇരുട്ടിപ്പോൾ അവളെ പേടിപ്പിച്ചില്ല. പെരുമഴയത്തേക്ക് അവളിറങ്ങി നിന്നു. അവളെ അടിമുടി നനച്ച് മഴ അവളിലേക്കാഴ്ന്നിറങ്ങി. അച്ഛന്റെ ചൂട് മഴയ്ക്ക്, അമ്മേടെ തണുപ്പ് കാറ്റിന്. അവൾ നനഞ്ഞുകൊണ്ടേയിരുന്നു.


ജിസ പ്രമോദ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ