2021 ഫെബ്രുവരി 16, ചൊവ്വാഴ്ച

എൻ എൻ പിള്ള




ക്ലാസിൽ ഇരുന്നിട്ട് കുട്ടന് ഇരിപ്പുറക്കുന്നില്ല. ദുർ ഗ്ഗ എന്ന് ഇരട്ടപ്പേരുള്ള ഹിന്ദി സാറിന്റെ ക്ലാസാണ്. അറുബോറൻ ക്ലാസ്. ഇന്ന് വൈകുന്നേരം കുട്ടനെ നാടകം കാണിക്കാൻ കൊണ്ടുപോകാമെന്ന് ലോനച്ചൻ അങ്കിൾ പറഞ്ഞിട്ടുണ്ട്. ദർബാർ ഹാൾ മൈതാനത്ത്. വൈകുന്നേരത്തെ ബെല്ല് ഒന്നടിച്ചാൽ മതിയെന്ന് അവൻ അക്ഷമ പൂണ്ടു.

കുട്ടൻ ഒരു നാടകമേ കണ്ടിട്ടുള്ളു. സ്‌കൂൾ വാർഷികത്തിന് കുട്ടനെ പഠിപ്പിക്കുന്ന സാറന്മാർ അഭിനയിച്ച നാടകം. അതാണെങ്കിൽ പാതിയും

മനസിലായതുമില്ല. കണക്ക് പഠിപ്പിക്കുന്ന ആന്റണി സാറും ചൂരൽ പോലെ നീണ്ട ശരീരമുള്ള കുഞ്ഞച്ചൻ സാറും കൂടി സ്‌കൂൾ മൈതാനത്തെ സ്റ്റേജിൽ കയറി നിന്ന് എന്തൊക്കെയോ പറഞ്ഞു. കുഞ്ഞച്ചൻ സാറിന്റെയും ആന്റണി സാറിന്റെയും ദേഹത്ത് മഞ്ഞയും ചുവപ്പും നീലയും വട്ടവെളിച്ചം വീഴുന്നു. ആന്റണി സാറിന്റെ കഷണ്ടിത്തല മഞ്ഞ വെട്ടത്തിൽ സ്വർണ്ണത്തളികപോലെ തിളങ്ങുന്നു. ഇരുവരും ചേർന്ന് ഒട്ടകപ്പാൽ കറക്കാൻ പോകുന്നത് നല്ല രസമായിരുന്നു. കുട്ടന്റെ അടുത്തിരുന്ന കരടി ഷിബു ചെവിയിൽ സംശയം പറഞ്ഞു. ‘ഒട്ടകം പാല് തരുവോട?’

‘നിക്കറിയില്ല’ കുട്ടൻ തോൾ കുലുക്കി. ക്രിസ്മസ് പരീക്ഷക്ക് പാൽ തരുന്ന മൃഗങ്ങൾ ഏതൊക്കെയെന്ന ചോദ്യത്തിന് കടുവയെന്ന് പറഞ്ഞതിന് സേവ്യർ സാറിന്റെ വക ചെവിയിൽ ചോക്കും കൂട്ടിപ്പിടിച്ച് തിരുമ്മു കിട്ടിയതിന്റെ വേദന അവനിപ്പോളും മാറിയിട്ടില്ല.

തോളിൽ ചോക്കുകഷണം വന്നു വീണപ്പോളാണ് ഞെട്ടിയുണർന്നത്. ദുർഗ്ഗ കുട്ടനെ ലക്ഷ്യമാക്കി എറിഞ്ഞതാണ്. ഹിന്ദിസാറിന്റെ ചുവന്ന കണ്ണുകൾ നേരിടാനാവാതെ അവൻ മുഖം കുനിച്ചു. ദുർഗ അലറി. “എന്തോർത്ത് ഇരിക്കുവാടാ….”

ഉച്ചക്ക് ചോറുണ്ടതിനു ശേഷം പാത്രം കഴുകി ഷർട്ടും ട്രൗസറും വൃത്തികേടാക്കി മടങ്ങുമ്പോൾ നാടകം കാണാൻ പോകുന്ന കാര്യം ജോസഫ് എൻ എയോട് പറഞ്ഞു.

“നാടകത്തിന്റെ പേരെന്താ?”

“പേരെണ്ടാക്വോ നാടകത്തിന് ?”

“മനുഷ്യർക്കൊള്ളത് പോലെ നാടകത്തിനും പേരെണ്ട്. ആരാ അഭിനയിക്കണത് ?”

“നിക്കറീല്ല”

“ഒന്നുമറിയാതെ ആണാട പൊട്ടാ നാടകം കാണാൻ പോണത്?” കുട്ടൻ ജോസഫ് എൻ എയെ അത്ഭുതത്തോടെ നോക്കി. ഇവന് എല്ലാം അറിയാം.

സ്‌കൂൾ വിട്ടുവെന്ന് കുമാരൻ ചേട്ടൻ ബെല്ലടിച്ച് അറിയിച്ചു. ഇത്രയും മധുരമുള്ള സംഗീതം അവൻ അടുത്തെങ്ങും കേട്ടിട്ടില്ല. കൂട് തുറന്നുവിട്ട കിളിയെപ്പോലെ പുറത്തേക്ക് പറന്നു. മട്ടമ്മൽ അമ്പലത്തിന്റെ മുൻപിൽ എത്തിയപ്പോളാണ് ഓർത്തത്.

സ്ഥിരമായി സ്‌കൂളിലേക്ക് ഒരുമിച്ചു വരുകയും പോകുകയും ചെയ്യുന്ന ലാജനോടും റിംഗ്‌സനോടും പറഞ്ഞില്ല. സ്‌കൂൾ വിട്ട് അവർ കാത്തുനിൽക്കും.

ചുമലിലെ ബാഗിന് പതിവില്ലാത്ത ഭാരം. എന്നാലും ബാഗും ചുമന്നുകൊണ്ട് ഓടി. നൊവേന കൂടാൻ യൗസേപ്പിതാവിന്റെ പള്ളിയിലേക്ക് വരുകയായിരുന്ന കർമലിത്താത്തി പരിഭ്രമത്തോടെ ചോദിച്ചു. “എന്താ കുട്ടാ ഓടണത് ?”

ഉത്തരം പറയാൻ നിന്നില്ല. വിശദീകരിക്കാൻ നിന്നാൽ പിന്നേം താമസിക്കും. തേവരപ്പാലത്തിൽ നിന്ന് വലത്തേക്ക് താഴേക്കുള്ള കരിങ്കല്ലുകൾ അടർന്നുതുടങ്ങിയ പടികൾ ഓടിയിറങ്ങി പുഴയോരത്തു കൂടി വീട്ടിലേക്കോടി.

വീട്ടിൽ അമ്മാച്ചി പിടിയും ചായയും എടുത്തുവച്ചിട്ടുണ്ടായിരുന്നു.

കുട്ടന്റെ ചുരുണ്ട മുടിയിൽ വാത്സല്യത്തോടെ തലോടി അമ്മാച്ചി പറഞ്ഞു. “കുളിച്ചിട്ടു വാ..”

തോർത്തും സോപ്പുമെടുത്ത് കുളിമുറിയിലേക്ക് നടന്നു. പുഴയോട് ചേർത്തുപണിത മോന്തായമില്ലാത്ത കുളിമുറിക്കു മുകളിലൂടെ കാക്കകൾ കോന്തുരുത്തിക്കും തിരിച്ചു തേവരക്കും പറന്നു. കുട്ടൻ തുറന്ന ആകാശം നോക്കി കുളിച്ചു. പുഴയ്ക്കക്കരെ ഉണങ്ങിയ പാടത്ത് മുതിർന്ന ചേട്ടന്മാർ കാൽപ്പന്ത് കളിക്കുന്ന ശബ്ദം. തെങ്ങുകൾ ഗോൾ പോസ്റ്റുകളാക്കി സൂര്യൻ വേമ്പനാട്ടുകായലിൽ മുങ്ങാംകുഴി ഇടുന്നതുവരെ കോന്തുരുത്തിയിലെ ചേട്ടന്മാർ കളി തുടരും.

കുളി കഴിഞ്ഞ് പുറത്തേക്കിറങ്ങി വീട്ടുമുറ്റത്തെ പുഴയിലേക്കുള്ള ചെറിയ പടവിൽ നിന്ന് ദൂരേക്ക് നോക്കി. തേവരപ്പാലത്തിനപ്പുറത്ത് സൂര്യസ്നാനം. തേവരയുടെ മുഖം അപ്പോൾ നാണം കൊണ്ട് ചുവന്ന നവവധുവിനെ പോലെ.

കുളി കഴിഞ്ഞു കട്ടിലിൽ വന്നിരുന്ന് പിടിയും ചായയും കഴിച്ചു. അമ്മാച്ചിയുടെ വിരലുകളുടെ മുദ്രകളുള്ള രണ്ടു പിടികൾ. ഷിപ്പ്‌യാർഡിൽ നിന്ന് അഞ്ചു മണിയുടെ സൈറൺ ഉയർന്നപ്പോൾ പിടഞ്ഞെണീറ്റു.

“അങ്കിൾ ഇപ്പൊ വരും.” കട്ടിലിനരിൽ നിലത്ത് കാലും നീട്ടിയിരുന്ന് അരി പേറ്റുന്ന മുറം കാലുകളിൽ വച്ച് അച്ചിങ്ങ അരിയുകയായിരുന്ന അമ്മാച്ചി ഉറക്കെ ചിരിച്ചു. അമ്മാച്ചിയുടെ അണപ്പല്ലില്ലാത്ത മോണ പുറത്തു കണ്ടു.

“നീയത് കഴിച്ചുതീർക്ക്. നാടകോക്ക തൊടങ്ങുമ്പ രാത്രിയാകും..”

ഇടവഴിയരികിലെ ജനാലക്കൽ കർമലി താത്തിയുടെ ഇടറിയ ശബ്ദം കേട്ടു. “കുഞ്ഞാമീ….”

“എന്താ കര്മലീ താത്തി?” ജനാലയുടെ അഴി ഉറഞ്ഞുപോയ വിടവിലൂടെ കർമിലിതാത്തി മുഖം കടത്തി. കർമിലിതാത്തിക്ക് മുന്നിൽ നടുവിലെ പല്ലില്ല. അഴിയില്ലാത്ത ജനാല പോലെ തന്നെ.

“കൊച്ചെന്താ ഓടിവന്ന കണ്ട്…”

“അതാ, അവന ലോനച്ചൻ നാടകത്തിന് കൊണ്ടോകാന്ന് പറഞ്ഞ്…”

“അത്രേള്ളാ. പേടിച്ചു പോയല്ലാ..” കൊന്തയുടെ അറ്റത്തുള്ള യൂദാശ്ലീഹായുടെ ചിത്രത്തിൽ തെരുപ്പിടിച്ച് വിശേഷങ്ങൾ പറഞ്ഞ് കർമിലിതാത്തി പോയി.

അങ്കിൾ വന്നപ്പോൾ മുതൽ കുട്ടൻ പോകാൻ തിരക്കുകൂട്ടി. പിടി കഴിച്ച് ചായ കുടിച്ച് മുറ്റത്തേക്കിറങ്ങി തെങ്ങിൻ ചുവട്ടിൽ വച്ചിരുന്ന കുടമുയർത്തി മുഖം കഴുകി വായ കുലുക്കുഴിഞ്ഞു ദൂരേക്കു നീട്ടിത്തുപ്പി അങ്കിൾ പറഞ്ഞു. “സന്ധ്യയാവട്ടെ മോനെ”

കോന്തുരുത്തിക്ക് മുകളിലുള്ള ആകാശം കറുക്കുന്നതും കാത്ത് കുട്ടൻ വരാന്തയിൽ അക്ഷമനായി നിന്നു. മെല്ലെ, പുഴവെള്ളത്തിൽ ഇരുട്ടു പെയ്യുന്നു.

ഇരുട്ടിയപ്പോൾ കുട്ടൻ അങ്കിളിന്റെ സൈക്കിളിന്റെ പിന്നിലിരുന്ന് ദർബാർ ഹാൾ മൈതാനത്തേക്ക് പുറപ്പെട്ടു. ജോസഫ് എൻ എയിൽ നിന്ന് സമാഹരിച്ച ചോദ്യങ്ങൾ അവന്റെ ഉള്ളിൽ തുളുമ്പി.

“നാടകത്തിന്റെ പേരെന്താ അങ്കിളേ?” “നമ്മൾ കാണാൻ പോണ നാടകത്തിന്റ പേര് കണക്കു ചെമ്പകരാമൻ. എൻ എൻ പിള്ളേടെ നാടകാ..”

അങ്കിൾ നാടകത്തെക്കുറിച്ച് വാചാലനായി. കുട്ടന് ഒന്നും പിടികിട്ടിയില്ല. അവന് ആകെ അറിയാവുന്നത് സുനിച്ചേട്ടന്റെ വീട്ടിൽ താമസിക്കുന്ന പിള്ള അങ്കിളിനെ മാത്രമാണ്. കണക്ക് എന്ന് കേട്ടപ്പോൾ അല്പം പരിഭ്രമിച്ചു. കണക്ക് അവന് തീരെ ഇഷ്ടമല്ല.

ദർബാർ ഹാൾ മൈതാനം ദീപപ്രഭയിൽ തിളങ്ങി നിന്നു. ഇടതുവശത്ത് പരീക്ഷിത്ത് തമ്പുരാൻ താമസിച്ചിരുന്ന ഇരുനില കൊട്ടാരം. തലയുടെ കൃത്യം നടുവിൽ നിന്ന് ഇരുവശത്തേക്കും മുടികൾ ചീവിയൊതുക്കിയ വൃദ്ധനെപ്പോലെ നരച്ച ഓടുകൾ ചരിച്ചുപാകിയ കൊട്ടാരം. ഒരിക്കൽ അങ്കിൾ കുട്ടനെ അവിടെ കൊണ്ടുപോയിട്ടുണ്ട്.

വലതുവശത്ത് താൽക്കാലികമായി കെട്ടിയുയർത്തിയ സ്റ്റേജ്. സ്റ്റേജിൽ കെടുകയും തെളിയുകയും ചെയ്യുന്ന പ്രകാശം കുട്ടനെ അത്ഭുതപ്പെടുത്തി. മൈതാനത്തിന് എതിർവശത്തുള്ള മതിലിൽ സൈക്കിൾ ചാരിവച്ച് പൂട്ടി കുട്ടന്റെ കൈ പിടിച്ച് അങ്കിൾ റോഡ് മുറിച്ചു കടന്ന് മൈതാനത്തിന്റെ മതിലിനരികിലേക്ക് ചെന്നു. മണ്ണെറിഞ്ഞാൽ താഴെ വീഴാത്തത്ര പുരുഷാരം മൈതാനം നിറഞ്ഞു നിൽക്കുന്നു.

‘നാടകം തുടങ്ങിയെന്ന് തോന്നുന്നു.” അങ്കിൾ വൈകിയെത്തിയവന്റെ ലജ്ജയോടെ പറഞ്ഞു. കുട്ടൻ സ്റ്റേജിലെ വെളിച്ചത്തിലേക്ക് ആകാംക്ഷയോടെ നോക്കി. ഏതോ രാജാവിന്റെ പ്രതിമക്ക് മുന്നിൽ നിന്ന് പ്രായം തോന്നിക്കുന്ന ഒരാൾ എന്തൊക്കെയോ സംസാരിക്കുന്നു. അത് കേട്ട് കടൽത്തിര ഇളകുന്നത് പോലെ ആളുകൾ ചിരിച്ചു മറിയുന്നു.

“ദതാണ് എൻ എൻ പിള്ള” അങ്കിളിന്റെ ശബ്ദത്തിൽ കടുത്ത ആരാധന. പുരുഷാരത്തെ മുഴുവൻ കുടുകുടെ ചിരിപ്പിക്കുന്ന മെലിഞ്ഞ മനുഷ്യനെ കൂടുതൽ നന്നായി കാണാൻ കുട്ടൻ രണ്ടുചുവട് മുന്നോട്ടുവച്ചു. ചന്ദ്രക്കല നിലത്തു കുത്തിവച്ചത് പോലെ പണിത മതിലിന്റെ മുകളിൽ കയറിനിന്നാൽ കൂടുതൽ നന്നായി കാണാനാവും.

പക്ഷെ, കണ്ണടച്ചു തുറക്കുന്ന വേഗതയിൽ ദർബാർ ഹാൾ മൈതാനത്തിന്റെ മതിലിനെ ചുറ്റികിടന്നിരുന്ന, ഇരുട്ടുകൊണ്ട് മാത്രം മേൽഭാഗം മറച്ച വലിയൊരു ഓവുചാൽ അവനെ അതിന്റെ അഗാധതയിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുട്ടൻ കാനയിലേക്ക് ആഴ്ന്നുവീണു.

“കുട്ടാ…” പരിഭ്രമിക്കുന്ന ശബ്ദത്തിൽ വിളിച്ചു കൊണ്ട് ഇരുകാലുകളും കിടങ്ങിനു മേൽ കവച്ചുനിന്ന് അങ്കിൾ അവനെ ഓവുചാലിൽ നിന്ന് പൊക്കിയെടുത്ത് റോഡിൽ നിറുത്തി. നാളുകളായി ജലസ്പര്ശമില്ലാതെ കിടന്നിരുന്ന ഓവുചാലിലെ മണ്ണും അഴുക്കും കുട്ടനെ പൊതിഞ്ഞുപിടിച്ചിരുന്നു.

“എവിടെ പോയാലും നീയെന്താ ശ്രദ്ധയില്ലാതെ…” പതിഞ്ഞ ശബ്ദത്തിൽ ശകാരിച്ചു കൊണ്ട് അങ്കിൾ കുട്ടന്റെ വസ്ത്രങ്ങളിൽ പറ്റിയ അഴുക്കുകൾ തട്ടിക്കളഞ്ഞു.

“മനുഷ്യനെ നാണം കെടുത്തും”. എതിർവശത്തെ മെഡിക്കൽ സ്റ്റോറിലേക്ക് കൂട്ടിക്കൊണ്ടുപോയി ചോര പൊട്ടിയൊലിക്കുന്ന കൈകാലുകളിൽ ബാൻഡ് എയ്ഡ് ഒട്ടിച്ചു. അങ്കിൾ വല്ലാതെ ഭയന്നെന്ന് തോന്നി.

“വീട്ടിപ്പോകാം. നാടകോം കാണണ്ട, ഒന്നും കാണണ്ട.”

“എനിക്ക് നാടകം കാണണം.” കുട്ടൻ സ്റ്റേജിലേക്ക് നോക്കി പറഞ്ഞു. സ്റ്റേജിൽ നിന്നുകൊണ്ട് വെള്ള ഷർട്ടിട്ട മനുഷ്യൻ ഇപ്പോളും അംഗവിക്ഷേപങ്ങളോടെ സംസാരിക്കുന്നു. സൂക്ഷ്മമായ ചെവിയോടെ പ്രേക്ഷകർ അയാളെ ശ്രദ്ധിക്കുന്നു.

“വരാൻ പറഞ്ഞാ വന്നോളണം. കൂടുതൽ ഒന്നും പറയണ്ട”.

അങ്കിളിന്റെ ദേഷ്യം നിമിഷം തോറും വർദ്ധിച്ചുവന്നു. കുട്ടനെ റോഡിലൂടെ സൈക്കിളിന്റെ സമീപത്തേക്ക് വലിച്ചിഴച്ചു. അവൻ റോഡിനു നടുവിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

“നിക്ക് നാടകം കാണണം” ഗത്യന്തരമില്ലാതെ അങ്കിൾ വഴങ്ങി. അവന്റെ മണിബന്ധത്തിൽ അമർന്നിരുന്ന പരുക്കൻ കൈകൾ മനസില്ലാമനസോടെ അയഞ്ഞു. കുട്ടൻ ചങ്ങലയിൽ നിന്ന് രക്ഷപ്പെട്ടോടുന്ന പോലെ മതിലിനരികിലേക്ക് ഓടി.

“സൂക്ഷിച്ച്” പിന്നിൽ അങ്കിളിന്റെ ശബ്ദം. പിന്നാലെ വന്ന് കുട്ടനെ പൊക്കി കിടങ്ങിനപ്പുറത്ത് മതിലിനു മുകളിൽ നിറുത്തി.

ഇപ്പോൾ അവന് നാടകം കുറേക്കൂടി നന്നായി കാണാം. എൻ എൻ പിള്ളയെ കാണാം. മുട്ടുകൈ പൊട്ടിയ വേദന കടിച്ചമർത്തി കുട്ടൻ എൻ എൻ പിള്ളയെ കണ്ണെടുക്കാതെ നോക്കി നിന്നു. ആളുകൾ തലയറഞ്ഞ് ചിരിച്ച ഒരു നിമിഷത്തിൽ അവൻ പിന്നിലേക്ക് തലതിരിച്ച് അങ്കിളിനെ നോക്കി. പിന്നിൽ കൈകൾകെട്ടി നിൽക്കുകയായിരുന്ന അങ്കിൾ എൻ എൻ പിള്ളക്ക് കൊടുത്ത ചിരിയുടെ പാതി അവനും സമ്മാനിച്ചു.



ജോമോൻ ജോസ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ