മുതിർന്നവരെ പോലെ കുട്ടികളിലും വിവിധ മാനസിക പ്രശ്നങ്ങൾ ഉണ്ടാകാം. അവരുടെ അത്തരം പ്രശ്നങ്ങൾ അതിന്റെ തീവ്രതയിൽ മനസ്സിലാക്കുവാൻ മുതിർന്നവർക്കു പലപ്പോഴും കഴിഞ്ഞെന്നുവരില്ല.
വിഷാദ രോഗം അതിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. കുട്ടികളിലെ വിഷാദരോഗത്തിനു ഒരു പ്രത്യേക കാരണം പറയുക ശ്രമകരമാണ്. കുടുംബ പ്രശ്നങ്ങൾ, പാരമ്പര്യം, കാലാവസ്ഥ മാറ്റം, ജൈവ രാസവ്യതിയാനം എന്നിവ വിഷാദത്തിനു കാരണമാകാം.
വിഷാദത്തിനു ആൺകുട്ടികളിലും പെൺകുട്ടികളിലും കാരണങ്ങൾ ചിലപ്പോൾ സമാനമാകാം .എന്നാൽ കൗമാരക്കാരിൽ കാരണങ്ങൾ വ്യത്യസ്തമയിരിക്കാം. മൂന്നു മുതൽ എട്ടു ശതമാനം കുട്ടികളെ ഇതു ബാധിക്കാം. 50% കുട്ടികളിൽ ഇതു വീണ്ടും വരാനുള്ള സാധ്യത കാണാറുണ്ട്. പതിനഞ്ചു വയസ്സുകഴിഞ്ഞാൽ പെൺകുട്ടികളിൽ രോഗ സാധ്യത ഇരട്ടിയാകുന്നു.
പാരമ്പര്യമായി വിഷാദരോഗമുള്ളവരുടെ മക്കളെ കൂടുതൽ ശ്രദ്ധിക്കണം. രണ്ടാമത്തെ കുട്ടി ജനിക്കുന്നതോടെ പ്രത്യേകിച്ച്, രണ്ടുപേരും തമ്മിൽ പ്രായവ്യത്യാസക്കൂടുതലുണ്ടെങ്കിൽ മൂത്ത കുട്ടിയിൽ ചില മാനസിക ബുദ്ധിമുട്ടുകൾ ഉടലെടുത്തേക്കാം. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാകും കുട്ടി. “എന്റെ വീട് അപ്പൂന്റേം” എന്ന മലയാള സിനിമയുടെ കഥാ തന്തു ഇതായിരുന്നു. തന്നോടുള്ള വീട്ടുകാരുടേയും നാട്ടുകാരുടേയും സ്നേഹം കുറഞ്ഞു എന്നൊരു തോന്നൽ വരാം. ഈ പ്രശ്നത്തെ തിരിച്ചറിയാതെ എരുതീയിൽ എണ്ണ ഒഴിക്കുന്നതു പോലെയുള്ള മുതിർന്നവരുടെ കമന്റുകൾ അവരിൽ വീണ്ടും പ്രശ്നങ്ങൾ കൂട്ടുന്നു. മൂത്ത കുട്ടികൾ പെട്ടന്ന് വൈകാരിക പക്വത നേടുകയോ വൈകാരികമായി വളരുകയോ തളരുകയോ ചെയ്യുന്നത് ഇമ്മാതിരി പലവിധ ചെറു ഷോക്കുകളിലൂടെയാണ്. കുട്ടികൾക്ക് ഈ ഘട്ടത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിവുണ്ടാകുകയില്ല. പറഞ്ഞു കൊടുക്കാൻ മുതിർന്നവർ മിക്കവരും സമയം കണ്ടെത്തിയെന്നും വരില്ല. രക്ഷിതാക്കൾക്കും ഈ ഘട്ടത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിവുണ്ടാകുകയില്ല. ഇതു ബാല വിഷാദത്തിന്റെ തറക്കല്ലിടാം.
മൂത്തത് പെൺകുട്ടിയും ഇളയത് ആൺകുട്ടിയുംകൂടിയാണെങ്കിൽ കഥ ഭീകരമാവാം.ഇളയ ആൺകുട്ടി പിറക്കുന്നതോടെ ഒരു പുതിയ താരോദയമുണ്ടായതു പോലെയുള്ള വീട്ടുകാരുടെ പ്രതികരണങ്ങൾ അവളിൽ മാനസിക സംഘർഷാവസ്ഥയുണ്ടാക്കുന്നു. കുട്ടികാലത്ത് ഉടലെടുക്കുന്ന മിക്ക മാനസിക പെരുമാറ്റ തകരാറുകൾക്കും കാരണം കുട്ടികൾക്കിടയിലെ ആത്മസഘർഷങ്ങളാണ്. പെൺകുട്ടികൾ വീട്ടിൽ ഒറ്റപ്പെടുവാൻ തുടങ്ങുന്നു. സത്യത്തിൽ വീട്ടിലല്ല സ്വന്തം മനസ്സിലെ തോന്നലാണത്. വീട്ടിലെ ആൺ മേൽക്കോയ്മയുടെ സ്വാധീനം അവരിലെ മാനസിക വളർച്ചയെ സ്വാധീനിക്കാം. ആൺകുട്ടിക്കൊപ്പം പരിഗണന ലഭിക്കുന്നില്ലെന്ന തോന്നലും, അമിത സംരക്ഷണവേലികളും ഇവരിൽ നിരാശാബോധം വളർത്തുന്നു. തന്റെ ജന്മം തന്നെ ഒരു നഷ്ടമാണല്ലോ എന്ന് ചിന്ത ഫ്രോയിഡിന്റെ “പെനിസ് എൻവി ” സിദ്ധാന്തത്തോടൊപ്പം ചിന്തിക്കേണ്ടതു തന്നെ. ഇതുകൂടാതെ ലൈംഗികമായ മോശാനുഭവങ്ങൾ, അതിനെ ചൊല്ലിയുള്ള അമിത ഭീതി എന്നിവയും ഉറക്കം കെടുത്താം. ഒപ്പം കൗമാര ഹോർമോണുകളുടെ വ്യതിയാനവും, ചിന്തകളെ തകരാറിലാക്കുന്നു. മാസമുറയ്ക്കനുസരിച്ചുള്ള സ്വഭാവ വ്യതിയാനങ്ങളും(PMT) പ്രത്യേകിച്ച് ദേഷ്യവും, പൊട്ടിത്തെറിക്കലുമെല്ലാം രക്ഷിതാക്കൾ വേണ്ടരീതിയിൽ മനസ്സിലാക്കാതെ കുറ്റപ്പെടുത്താം. വീട്ടുകാരിൽ നിന്നു സ്നേഹവും കരുതലും കിട്ടുന്നില്ല എന്ന തോന്നൽ പെൺകുട്ടികളിൽ വളരാം. ‘വീട്ടിൽ എന്തുകിട്ടുന്നില്ലയോ അതു നാട്ടിൽ സുലഭമായി കിട്ടുന്ന’ കാലമായതിനാൽ പല വിധ ചൂണ്ടയിലും വലകളിലും ഇവർ ബോധ പൂർവ്വമോ അബോധപൂർവ്വമോ കുടുങ്ങിയെന്നും വരാം.
ആൺകുട്ടികളിൽ ഇതു കൂടാതെയുള്ള കാരണങ്ങൾ നോക്കാം. കൗമാരകാലത്ത് സ്വഭാവികമായും ഉടലെടുക്കുന്ന ലൈംഗിക ചിന്തകൾ അവരുടെ നിയന്ത്രണത്തിലല്ലല്ലോ. നിശാസ്വപ്നങ്ങളിലും ദിവാസ്വപ്നങ്ങളിലും ലൈംഗികത കടന്നു കൂടുന്നതും സ്വയംഭോഗത്തിലേർപ്പെടുന്നതും ചിലരിൽ ഇതിനോട് ആസക്തിയുണ്ടാക്കുകയും, മറ്റുചിലരിൽ പാപ ചിന്തയും, നിരാശയും കുറ്റബോധവും, ഒടുവിൽ അപകർഷതാ ബോധവും വിഷാദവുമായും മാറാറുണ്ട്. തെറ്റായ മതബോധനങ്ങൾ ഇതിനു ആക്കം കൂട്ടുന്നു. ലൈംഗിക വിദ്യാഭ്യാസം പാഠ്യവിഷയത്തിൽ വേണ്ട രീതിയിൽ ഇനിയും ഉൾപ്പെടുത്തിയിട്ടില്ലല്ലോ!
ചില കുട്ടികൾ പെട്ടന്ന് ഭക്ഷണം തീരെ കഴിക്കാതിരിക്കുകയും, മെലിയുകയും ചെയ്യാം, മറ്റു ചിലകുട്ടികൾ അമിതമായി ഭക്ഷണം കഴിച്ച് തടി കൂടുകയും ചെയ്യാം. ചില കുട്ടികൾക്ക് ഉറക്കം കൂടാം. മറ്റു ചിലർ ഉറങ്ങുകയേയില്ല. ചില കുട്ടികൾ എപ്പോഴും സങ്കടപ്പെട്ടിരിക്കും.പഠിക്കുവാനും മറ്റുള്ള കാര്യങ്ങൾക്കും ശ്രദ്ധകുറയുന്നു. ശരീരത്തിനു ക്ഷീണവും അവശതയും അനുഭവപ്പെടാം. ചില കുട്ടികളിൽ അകാരണമായ കുറ്റബോധം തോന്നാം, ദേഷ്യം, ദുശ്ശാഠ്യം എന്നിവയും പ്രകടിപ്പിക്കാം. അതുവരെ വളരെ പ്രിയമായിരുന്ന അച്ഛനോടും അമ്മയോടുമൊക്കെ ശത്രുക്കളോടെന്നപോലെ പെരുമാറിയെന്നും വരാം. ആത്മഹത്യാചിന്തകളും ആത്മഹത്യാശ്രമങ്ങളും ചില കുട്ടികൾ പ്രകടിപ്പിച്ചേക്കാം. പലപ്പോഴും വളരെ നിസ്സാരമായ കാര്യങ്ങൾക്കായിരിക്കും ഇവരുടെ അമിതമായ രോഷപ്രകടനങ്ങൾ, ചില കുട്ടികൾ ഈ സമയത്ത് ലഹരികളിൽ അഭയം തേടാറുമുണ്ട്.
ചിലരിൽ മനോജന്യ ശാരീരിക രോഗങ്ങളൂടെ രൂപത്തിലായിരിക്കും വിഷാദരോഗങ്ങൾ പ്രകടമാവുക. മാറാത്ത തലവേദന, വയറുവേദന, ചെവിവേദന, നടുവേദന, എന്നിങ്ങനെയൊക്കെ ലക്ഷണങ്ങൾ പ്രകടമാവാം. ഒ.സി.ഡി, സാഹചര്യങ്ങളോട് പൊരുത്തപ്പെടുവാൻ കഴിയാതെ വരിക എന്നിങനെയുള്ള ലക്ഷണങ്ങളും പ്രകടിപ്പിക്കാം. ഇതെല്ലാം ഇവരുടെ പഠന പഠനേതര പ്രവർത്തങ്ങളിൽ പ്രതിഫലിക്കാം.
അസുഖം തുടക്കത്തിൽ തിരിച്ചറിഞ്ഞാൽ ചികിത്സ എളുപ്പമാണ്. കൗൺസിലിങ് മാത്രം മതിയാകും. ആത്മഹത്യാ പ്രവണതയുള്ള കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ രോഗം കൂട്ടുന്ന സാഹചര്യങ്ങളും മതിയായ ചികിത്സ വേണ്ട സമയത്തു ലഭിക്കാത്തതും രോഗം മൂർഛിക്കുവാനും, ഔഷധ ചികിത്സ ലഭ്യമാക്കേണ്ട അവസ്ഥയിലെത്തിക്കുവാനും ഇടയാക്കിയേക്കാം.
രക്ഷിതാക്കളെ ബോധവൽക്കരിക്കുക എന്നതാണ് പ്രധാനം. കുട്ടികളെ കൂടുതൽ കുറ്റപ്പെടുത്താതെയിരിക്കാൻ ശ്രദ്ധിക്കുക. അവരുടെ കൂടെ നിങ്ങൾ ഉണ്ടെന്ന് ഉറപ്പു കൊടുക്കുക. അവരുടെ തെറ്റുകൾ രക്ഷിതാക്കൾ ക്ഷമിക്കുക സമാധാനത്തിൽ തിരുത്തുക. അവർ സ്വയം കുറ്റപ്പെടുത്തുന്നതിനെയും തടയുക. തെറ്റുകൾ പറ്റുക മനുഷ്യസഹജമാണെന്നു പറഞ്ഞു സമാധാനിപ്പിക്കുക. എന്നു വിചാരിച്ച് വീണ്ടും തെറ്റ് ചെയ്തോളാനല്ല മറിച്ച് തൽക്കാലത്തേക്ക് അവരെ ഈ അവസ്ഥയിൽ നിന്നു രക്ഷിക്കാനാണ് നാം ഇത്തരത്തിൽ അഭിനയിക്കേണ്ടത്.
സാവകാശം അവരെ ഉത്തരവാദിത്തമുള്ള ജോലികളിലേക്ക് എത്തിക്കുക. യാഥാർത്ഥ്യ ലോകത്തിലേക്ക് കൊണ്ടുവരുക. ശാരീരികമായ കളികളെ പ്രോത്സാഹിപ്പിക്കുക, അങ്ങനെ അവരുടെ ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന അനാവശ്യ ഹോർമോണുകളുടെ ആധിക്യം കുറയ്ക്കാൻ പ്രേരിപ്പിക്കുക.
ഡോ. ടി. ജി. മനോജ് കുമാർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ