2021 ഫെബ്രുവരി 16, ചൊവ്വാഴ്ച

വിലാസിനി ഫ്രം കുട്ടൻക്കടവ്- 1



കുട്ടൻക്കടവ് പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ എല്ലാ ശ്രദ്ധയും വാടകവിലാസിനിയിലേക്ക് തിരിയുകയായിരുന്നു. പതിനൊന്ന് സീറ്റുള്ള കുട്ടൻക്കടവ് പഞ്ചായത്തിൽ അഞ്ച് സീറ്റ് വീതം ഇരുമുന്നണികളും നേടിയപ്പോൾ, പഞ്ചായത്ത്‌ കെട്ടിടം സ്ഥിതിചെയ്യുന്ന ടൌൺ വാർഡിൽ നിന്നും സ്വതന്ത്രയായി വിജയിച്ച വിലാസിനി ആർക്കൊപ്പം നിൽക്കുന്നുവോ അവർ പഞ്ചായത്ത്‌ ഭരിക്കുമെന്ന അവസ്ഥ വന്നതോടെ ഇരു മുന്നണിനേതാക്കളും ഇറച്ചിക്കടക്ക് മുന്നിൽ വട്ടമിട്ടുപറക്കുന്ന മണിയനീച്ചകളെ പോലെ വിലാസിനിഭവന്റെ മുറ്റത്ത്‌ കാത്തുകിടന്നു.

വിലാസിനിയാകട്ടെ ആദ്യ ദിവസങ്ങളിൽ ആർക്കും പിടികൊടുക്കാതെ വഴുതിമാറികൊണ്ടേയിരുന്നു, ഖദർദാരികളും, വിപ്ലവകാരികളും വിലാസിനിഭവന് മുന്നിൽ കാത്തുകിടക്കുമ്പോൾ, അകത്തെ അടച്ചിട്ട മുറിയിൽ നീണ്ട ചർച്ചകൾ പുരോഗമിക്കുകയായിരുന്നു.

വിലാസിനിയുടെ അധ്യക്ഷതയിൽ നടക്കുന്ന അടിയന്തിരയോഗത്തിൽ പങ്കെടുക്കുന്ന മറ്റുവ്യക്തികൾ വിലാസിനിയുടെ കെട്ടിയോൻ ചന്ദ്രകാന്തനും, പട്ടാളത്തിൽ നിന്ന് അടുത്തൂൺപറ്റി ഈയടുത്തകാലത്ത് നാട്ടിലെത്തിയ മേജർ മണിയപ്പനുമായിരുന്നു. മണിയപ്പനായിരുന്നു തിരഞ്ഞെടുപ്പ്കാലത്ത് വിലാസിനിയുടെ പ്രധാന ഫണ്ട് റെയിസർ ഒപ്പം പ്രചരണത്തിന്റെ പങ്കായവും മണിയപ്പനായിരുന്നു.

കുട്ടൻക്കടവ് ടൗണിലെ പഞ്ചായത്ത്‌ ഓഫീസ് സ്ഥിതിചെയ്യുന്നത് ഉൾപ്പടെ ഒട്ടുമിക്ക കെട്ടിടങ്ങളും മണിയപ്പന്റെ പേരിലുള്ളതാണ്, അവയുടെയൊക്കെ വാടകപിരിക്കുന്ന ജോലി കുറേക്കാലമായി ഏറ്റെടുത്തിരിക്കുന്നത് വിലാസിനിയാണ്‌, അങ്ങനെയാണ് വാടകവിലാസിനിയെന്ന പേരും വീണത്. വാടകപിരിക്കുന്ന ജോലി വിലാസിനിയേറ്റെടുക്കുന്നതിന് മുമ്പ് വാടക കുടിശികയിനത്തിൽ ഒരുപാട് തുകയായിരുന്നു മണിയപ്പന് തന്റെ കെട്ടിടവരുമാനത്തിലേക്ക് കിട്ടുവാനുണ്ടായിരുന്നത്,

എന്നാൽ വിലാസിനി ആ ഉത്തരവാദിത്തമേറ്റെടുത്തതോടെ ചിത്രമാകെ മാറി , ലാലുപ്രസാദ് യാദവ് റെയിൽവേ മന്ത്രിയായതോടെ നിരന്തരം നഷ്ട്ടത്തിലോടിയിരുന്ന ഇന്ത്യൻറെയിൽവേ ലാഭത്തിന്റെ പാളത്തിലേക്ക് മാറിയത് പോലെ, കിട്ടാനുള്ള കുടിശിക മേടിച്ചെടുത്തും,മാസവാടക സമയാസമയം പിരിച്ചും നഷ്ടത്തിലോടിയിരുന്ന മണിയപ്പന്റെ ബിസിനസ്സിനെ ലാഭത്തിലേക്ക് കൈപിടിച്ചുകയറ്റുവാൻ വിലാസിനിക്ക്‌ കഴിഞ്ഞു.

ആദ്യം നയത്തിൽ പറഞ്ഞു നോക്കിയും,പിന്നീട് ഇത്തിരി തെറിവാക്കുകളുടെ അകമ്പടിയോടെ പിണങ്ങിയും,അതുമൊത്തില്ലേൽ കൈക്കരുത്ത് കാട്ടിയും വാടക പിരിച്ചെടുക്കുന്ന വിലാസിനിയുടെ വൈഭവം മണിയപ്പനെ ഹാടാത് ആകർഷിച്ചു. “കുട്ടൻക്കടവിലെ മഹിളാലാലുപ്രസാദ്” എന്ന വിശേഷണമാണ് , ബിസിനസ്സ് മാനേജ്മെന്റിലെ വിലാസിനിയുടെ നൈപുണ്യം കണ്ട് മനംനിറഞ്ഞ മണിയപ്പൻ ചാർത്തി നല്കിയത്.

ഏകദേശം നാലുമാസങ്ങൾക്ക് മുമ്പ് വിലാസിനി പത്രത്താളുകളിലും, സോഷ്യൽമീഡിയയിലുമൊക്കെ ഏതാനും ദിവസങ്ങൾ നിറഞ്ഞു നിന്നിരുന്നു. പഞ്ചായത്ത്‌ സെക്രട്ടറി അരവിന്ദാക്ഷനെ ഓഫിസിൽ കയറി കുത്തിനുപിടിക്കുന്ന വിലാസിനി അന്നേ വാർത്തയായിരുന്നു. പഞ്ചായത്ത്‌ കെട്ടിടത്തിന്റെ വാടക ഏതാനും മാസങ്ങളായി തരാതെ കബളിപ്പിക്കുന്ന അരവിന്ദാക്ഷന്റെ നടപടിയോടുള്ള വിലാസിനിയുടെ പ്രതിക്രിയയായിരുന്നു അന്ന് സെക്രട്ടറിയുടെ ഓഫീസിൽ കണ്ടത്.

അരവിന്ദാക്ഷന്റെ അലക്കിതേച്ച വെള്ളഷർട്ടിന്റെ ഹൃദയഭാഗത്ത്‌ തന്നെ പിടിമുറുക്കിയ വിലാസിനി ഏതാനും അസംസ്‌കൃതപദങ്ങളുടെ അകമ്പടിയോടെ കെട്ടിടവാടക കൃത്യസമയത്ത് നൽകേണ്ടതിന്റെ ആവശ്യകത പഠിപ്പിച്ച ശേഷം, പോക്കറ്റിൽ നിന്ന് വാടകകാശ് ബലമായി കൈക്കലാക്കി, വാടക രസീതും നല്കിയാണ് അന്ന് പഞ്ചായത്തിൽ നിന്ന് പിൻവാങ്ങിയത്.

വിലാസിനിയുടെ അന്നത്തെ നടപടിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പിന്നീട് ചിലസെലിബ്രിറ്റി മഹിളാമണികൾ, അങ്ങ് തെക്ക് പത്മനാഭന്റെ മണ്ണിൽ ഒരു യുട്യൂബ് നായരെ സമാന രീതിയിൽ കയ്യേറ്റം ചെയ്തതെന്ന് കുട്ടൻക്കടവിലെ ചില ലോക്കൽ പാണൻമാർ ഇപ്പോഴും പാടിനടക്കുന്നുണ്ട്.

അടിയന്തിര ചർച്ചക്കായി അടഞ്ഞുകിടന്ന വിലാസിനിഭവന്റെ പ്രധാന വാതിൽ തുറക്കപ്പെട്ടത്തോടെ, ശ്രീകോവിൽ നട തുറക്കുമ്പോൾ ദർശനസായൂജ്യം നേടാൻ തിക്കുംതിരക്കുമുണ്ടാക്കുന്ന ഭക്തരെ അനുസ്മരിപ്പിച്ചു വിലാസിനിഭവന് മുന്നിൽ കാത്തുകിടന്ന പ്രാദേശിക മുന്നണി നേതാക്കന്മാരുടെ പെരുമാറ്റം.

ചർച്ചയുടെ തീരുമാനമറിയിക്കുവാനായി വിലാസിനിയുടെ ഔദ്യോഗിക വക്താവ് എന്നനിലയിൽ കെട്ടിയോൻ ചന്ദ്രകാന്തൻ നേതാക്കൾക്കരികിലേക്കെത്തി.

“പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനം വിലാസിനിക്ക്‌ നല്കുന്ന മുന്നണിയെ പിന്തുണക്കും, ഒപ്പം കൂടുതൽ ചർച്ചകളും വേണം, ഇനിയുള്ള ചർച്ചകൾ നിങ്ങൾ ലോക്കൽ നേതാക്കളുമായില്ല, കുറഞ്ഞത് ജില്ലാതലനേതാക്കളുമായി മാത്രമേ അടുത്ത ഘട്ട ചർച്ചയുള്ളൂ”.

വിലാസിനി പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ട വിവരം നിമിഷനേരം കൊണ്ട് തന്നെ നാട്ടിലാകെ പരന്നു.

“അവളാണ് മിടുക്കി”

“അവളെ മുന്നിൽ നിർത്തി ആ മണിയപ്പനായിരിക്കും ഭരണം”

“സെക്രട്ടറി അരവിന്ദനും, വിലാസിനിയുമായി ഒത്തുപോകുമോ?”

മീഞ്ചന്തയിലും, ചായക്കടയിലും, തൊഴിലുറപ്പ് പണിയിടങ്ങളിലുമടക്കം നാലാൾ ഒന്നിച്ചു കൂടുന്ന സ്ഥലങ്ങളിലെല്ലാം വിലാസിനിയായി ചർച്ചാവിഷയം.

പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനം നല്കണമെന്ന ആവശ്യം അംഗീകരിച്ചു കൊണ്ട് ഇരുമുന്നണികളുടെയും ജില്ലാനേതാക്കൾ വിലാസിനിഭവനിലേക്ക് കടന്നുവന്നതോടെ രണ്ടാം ഘട്ട ആവശ്യം വിലാസിനി മുന്നോട്ടു വെച്ചു.

മാസങ്ങൾക്ക് മുമ്പ് പഞ്ചായത്ത്‌ ഓഫീസിൽ കയറി സെക്രട്ടറി അരവിന്ദനെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ അരവിന്ദൻ നല്കിയ കേസ് പിൻവലിപ്പിക്കണം.

ഐ.പി.എൽ ക്രിക്കറ്റിന്റെ താരലേലത്തിൽ മികച്ച കളിക്കാർക്ക് വേണ്ടി ടീമുകൾ വാശിയോടെ ലേലം വിളിക്കുന്നതിനെ അനുസ്മരിപ്പിച്ചുകൊണ്ട്, 

വിലാസിനിയുടെ രണ്ടാമത്തെ ആവശ്യവും ഇരുമുന്നണികളും അംഗീകരിച്ചതോടെ വിലാസിനി തന്റെ മൂന്നാമത്തെ ആവശ്യം മുന്നോട്ടുവെച്ചു.

“കുട്ടൻക്കടവ് പഞ്ചായത്തിൽ പ്രസിഡന്റിന് സർക്കാർ വക ഔദ്യോഗിക വാഹനമില്ല, ആയതിനാൽ തനിക്ക് വരുന്ന അഞ്ചു വർഷക്കാലം സഞ്ചരിക്കുവാനായി കാറും, ഡ്രൈവറും പാർട്ടി ചിലവിൽ വേണം”

മൂന്നാമത്തെ ആവശ്യത്തിന് മുന്നിൽ ഒരുകൂട്ടർ കമ്മറ്റി കൂടി തീരുമാനിക്കണമെന്നറിയിച്ചു പിന്മാറിയതോടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് മറുകൂട്ടർ വിലാസിനിയെ സ്വന്തമാക്കി.

വിലാസിനി പ്രസിഡന്റായി ചുമതലയെല്ക്കുന്ന ദിവസം, വിലാസിനിയുടെ പേരിലുള്ള കേസുകൾ എല്ലാം പിൻവലിച്ച സെക്രട്ടറി അരവിന്ദൻ തന്നെ വിലാസിനിക്ക് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സത്യവാചകം ചൊല്ലികൊടുത്തു.

വിലാസിനിയുടെ സ്ഥാനാരോഹണവും, സെക്രട്ടറി അരവിന്ദന്റെ കേസ് പിൻവലിക്കലുമൊക്കെ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ വാർത്തയാക്കി.

വിലാസിനി സ്ഥാനമെറ്റെടുത്തതിന്റെ മൂന്നാം നാൾ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ഓഫീസിൽ ഒരു പ്രമുഖ ചാനലുകാർ വിലാസിനിയുടെ വിശേഷങ്ങൾ പകർത്തുകയാണ്,

“വിലാസിനിക്ക്‌ ഏറ്റവും ഇഷ്ട്ടമുള്ള ഭക്ഷണമെന്താണ്?”

“കപ്പയും ചാളയും”

റിപ്പോർട്ടർ പെൺകുട്ടിയുടെ ചോദ്യത്തിന് നാട്ട്യങ്ങളില്ലാതെ ഒരു ചെറുപുഞ്ചിരിയോടെ വിലാസിനി മറുപടി നല്കിയ നേരത്ത് തന്നെയാണ് മേജർമണിയപ്പൻ പ്രസിഡന്റിന്റെ ഓഫീസിലേക്ക് കടന്നുവന്നത്.

“റോഡ് നിർമ്മാണത്തിന്റെ ഫയൽ ഒപ്പിട്ട് വേഗം വിടണം”

മണിയപ്പൻ അഗമനോദ്ധേശം അറിയിച്ചതോടെ വിലാസിനി ചാനലുകാരോട് രണ്ടു മിനിറ്റ് ബ്രേക്ക് പറഞ്ഞു മണിയപ്പനിലേക്ക് കടന്നു.

“കാര്യം എന്നെ നിർത്തി ജയിപ്പിച്ചെടുത്തത് മണിയപ്പന്റെ മിടുക്കാണ് സമ്മതിച്ചു, എന്ന് കരുതി ഇവിടെ ഇരുന്നു പഞ്ചായത്ത്‌ ഭരിച്ചു കളയാമെന്ന് കരുതരുത്,

റാബ്രിദേവിയെപ്പോലെ ഭരിക്കുവാൻ എനിക്ക് താല്പര്യമില്ല, ജയലളിതയെപ്പോലെ ഭരിക്കുവാനാണ് എനിക്കിഷ്ട്ടം. ഫയലിന്റെ കാര്യം ഞാൻ പഠിച്ചു വേണ്ടത് ചെയ്തോളാം, അത് കൊണ്ട് തത്ക്കാലം മണിയപ്പൻ പോകുക”.

മണിയപ്പന് മറുപടി നല്കി വിലാസിനി വീണ്ടും ചാനലുകാരിലേക്ക്,

പുതിയ പ്രസിഡന്റിന് കപ്പയും ചാളയും പ്രിയമെന്ന തലക്കെട്ട് തയ്യാറാക്കിയ റിപ്പോർട്ടർ അടുത്ത ചോദ്യവുമായി വിലാസിനിയിലേക്ക് കടക്കുന്ന നേരത്ത് മണിയപ്പൻ പഞ്ചായത്ത്‌ ഓഫീസിന്റെ പടവുകളിറങ്ങുകയായിരുന്നു.

“അവളുടെ കപ്പയും, ചാളയും, ജയലളിതയും കാണിച്ചുകൊടുക്കാം”

പഞ്ചായത്ത്‌ അങ്കണത്തിൽ കിടന്ന പ്രസിഡന്റിന്റെ വാഹനത്തെ നോക്കി പുലമ്പി മണിയപ്പൻ നടന്നു നീങ്ങി.


തുടരും



കെ. ആർ. രാജേഷ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ