രോഗമായി കിടന്നപ്പോഴാണ് സ്വന്തമായ സമയം വിഷാദച്ചിരിയുമായി അവരുടെ മുന്നിൽ ഒതുങ്ങിയിരുന്നത്. കഴിഞ്ഞു പോയ ഓട്ടമത്സരങ്ങളിലെല്ലാം ആശിച്ചിരുന്നു, സ്വന്തമായ ഇത്തിരി സമയത്തിന്. എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കണമെന്ന്. ഇന്നിപ്പോ എഴുതാൻ വിറയ്ക്കും കൈകൾ വഴങ്ങില്ല, തിരശ്ശീലകൾ വീണ കണ്ണുകൾ അനുവദിക്കില്ല. ചവച്ചു ചതച്ച് ചവറു പരുവമായപ്പോഴാണ് സ്വന്തമായ സമയം നീണ്ടു പരന്നു കിടക്കുന്നത്.
എന്തിനായിരുന്നു ആ ഓട്ടപ്രദക്ഷിണങ്ങളെല്ലാം? നീണ്ടിരുണ്ട നാട പോലെ നീങ്ങിപ്പോയ വർഷ ങ്ങൾ. അതിനിടയിൽ മൂന്നാലു കുഞ്ഞുങ്ങൾ. ഭർത്തൃ ശുശ്രൂഷ. തളർന്നു പോയ മകളുടെ പരിചരണം. അങ്ങനെയങ്ങനെ കൂലിയില്ലാജോലികളുടെ ചതുപ്പില് മുങ്ങിക്കിടപ്പായിരുന്നു ആത്മാവും ശരീരവും. രാത്രി, പതിനൊന്നു മണിയെ ശ്വാസം മുട്ടി വലിഞ്ഞു തൊടുമ്പോൾത്തന്നെ ഒരു ശത്രുവെന്നോണം ബന്ധനത്തിലാക്കുന്ന അടുക്കളയുടെ ചങ്ങലകളറുത്ത് അഗ്നിയുടെ പൊള്ളും സ്പർശങ്ങളിൽ നിന്നും വിടുതൽ നേടി മറ്റൊരു കനൽ പ്രഭാതത്തിലേക്ക് കണ്ണടയ്ക്കും. പുകയുന്ന അടുപ്പുകൾ, ആളിക്കത്തുന്ന തീ, ഉണങ്ങിയ വിറകുകൾ, പഴങ്ങൾ, പച്ചക്കറികൾ അങ്ങനെ ഒട്ടനവധി വിഷയങ്ങൾ മനസ്സിലൂടെ ഇടറി നീങ്ങും. വെന്തു തീരുന്ന സ്വന്തം ജീവിതം. ആരും വരില്ല കൂട്ടിരിക്കാൻ. കാത്തു കാത്തിരിക്കുന്ന മരണസത്രം. മറ്റാരും വരില്ല കൂടെ, അതിൽ പ്രവേശിക്കാൻ. ഒറ്റയ്ക്ക്, ഒരുപാട് ഒറ്റയ്ക്ക് പൂർത്തിയാക്കണം യാത്രയത്രയും. ഓരോന്ന് ചിന്തിച്ച് ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴാവും ഭർത്താവിന്റെ ഈർഷ്യ.
‘ഇങ്ങനത്തെ മണ്ണു പോലുള്ള പെണ്ണുങ്ങളായാ ആണുങ്ങൾ വഴി തെറ്റാതിരിക്കോ? നിനക്കാകെ ഉറങ്ങണം. പെണ്ണായാ ആണിനെ കെട്ടിയിടാന് കഴിയണം സ്വന്തം ശരീരം കൊണ്ട്..’
‘ശരിയാണ്, ‘ക്ഷീണിച്ച കൺപോളകൾ പണിപ്പെട്ട് തുറന്ന് അവൾ മനസ്സിലുരുവിടും.
ഇനീപ്പോ തുള വീണ ഈ സത്രവും തന്നെ കൈ വിട്ടാൽ പേമാരിയിൽ എന്തു ചെയ്യുമാവോ? കൊടിയ വേനലിൽ മേലാകെ പൊള്ളിത്തിണർക്കുമാവോ? യാതൊരു താൽപ്പ ര്യവുമില്ലാതെ അയാൾക്ക് വേണ്ടിയൊരു ഭക്ഷണപാത്രമാകുമ്പോൾ അവൾ പിന്നെയും ചിന്തിക്കും ഒരിക്കലും ഉത്തരം കിട്ടാത്ത ജീവിതമെന്ന പദപ്രശ്നത്തെപ്പറ്റി.
ഭാഗ്യം! മകൾ മരണപ്പെട്ടു. അവൾ സങ്കടക്കണ്ണുകൾ വലിച്ചടച്ചു..ദിനം തോറും അന്യരായിക്കൊണ്ടിരിക്കുന്ന ഈ മനുഷ്യർക്ക് വേണ്ടിയാണല്ലോ സ്വന്തം ആരോഗ്യം, സ്വപ്നങ്ങൾ എല്ലാം ഒരു ഉപ്പേരിക്കെന്നോണം കഷ്‌ണിച്ചത്. വ്യസനത്തിന്റെ തീമരത്തിനു ചുവട്ടിലിരിക്കാനാണ് ഈ കണ്ട വഴിയെല്ലാം അലഞ്ഞത്.
സ്വന്തമായ കുറച്ചു സമയം ഉണ്ടായിരുന്നെങ്കിൽ എന്തിനെക്കുറിച്ചായിരുന്നു താനന്ന് എഴുതുക? വ്യർത്ഥമായ ഒരു യാത്രയെക്കുറിച്ചോ? നഷ്ടമായ ബാല്യത്തെക്കുറിച്ചോ? സ്വപ്നപ്പൂക്കൾ വിരിഞ്ഞിരുന്ന യൌവനത്തെക്കുറിച്ചോ? കിടപ്പിൽ നിന്നെണീക്കാതെ ഇരുപതു വയസ്സു വരെ തന്റെ തോളിലൊരു പെരുങ്കല്ലായി തൂങ്ങിക്കിടന്ന മകളെക്കുറിച്ചോ? പരിഗണനയോടെ രണ്ടു വാക്കുച്ചരിക്കാൻ സമയവും സൌകര്യവുമില്ലാത്ത ആണ്മക്കളെക്കുറിച്ചോ? ‘നിങ്ങടെ അമ്മേ നോക്കാൻ ആരെയെങ്കിലും ഏർപ്പാടാക്കിക്കോ’ എന്ന് ആക്രോശിക്കുന്ന മരുമക്കളെക്കുറിച്ചോ? ആവർത്തന വിരസതയുടെ ചവർപ്പ് പതഞ്ഞൊഴുകുന്ന വിഷയങ്ങൾ. കണ്ടെത്തണം. പുതുമ നിറഞ്ഞ മറ്റൊരു വിഷയം.
‘ഏറ്റം കഠിനമായതും ഇതിനു ഈസി. ജീവിതം ആഘോഷമാക്കൂ.’ മുമ്പൊരിക്കൽ കണ്ട മിക്സിപ്പരസ്യം പൊടുന്നനെ അവരുടെ മനസ്സിലേക്ക് ഊർന്നു വീണു. ഒരു സുന്ദരി കടുകടുത്ത എന്തൊക്കെയോ ജാറിലിടുന്നതും ഓൺ ചെയ്യുമ്പോൾ ഒരു സംഗീതധ്വനിയോടെ മിക്സി വളരെ വേഗം അതെല്ലാം അരച്ച് തീർക്കുന്നതും..തന്റെ ലൊക്കട മിക്സി കൊടുത്ത് അതൊന്നു സ്വന്തമാക്കണം. ഒരു ഫാക്ടറിയുടെ ബഹളമാണ് തന്റെ മിക്സിക്ക്. ആരവത്തോടെയല്ലാതെ അതൊന്നും അരച്ചു എളുപ്പമാക്കില്ല. മഹാമല തലയിൽ വീണാലും ചിരിക്കാനാവുക, കഠിനയാത്രകളിലെല്ലാം മൂളിപ്പാട്ട് പാടാനാവുക, മിക്സിയിൽ നിന്ന് അങ്ങനെ പലതും പഠിക്കാനുണ്ട്. എക്സ്ചേൻജ് ഓഫറുണ്ടായിട്ടും പഴയത് മാറ്റാനോ പുതിയ സംഗീതം സ്വന്തമാക്കാനോ ഭര്ത്താവിന്റെ സമ്മതമുണ്ടായില്ല.
‘എന്റെ അമ്മ അമ്മീലാ അരച്ചിരുന്നത്. എന്തായിരുന്നു ആ കറികളുടെ ഒരു സ്വാദ്. നീ ഉദ്യോഗത്തിനൊന്നും പോണില്ലാലോ. എന്താപ്പോ ഇവിടെ ഇത്ര വല്യ പണി?’
‘ഹേയ്, ഒരു പണിയുമില്ല.’ വെറുപ്പോടെ വാക്കുകളെ അയാളിലേക്ക് ചുരുട്ടിയെറിഞ്ഞ് മകളുടെ അടുത്തെത്തി. ഓ! ദുർഗന്ധം കൊണ്ട് ആരും അടുക്കില്ല. അപ്പിയിലും മൂത്രത്തിലും അവൾ വാടിയ താമരപ്പൂ പോലെ കിടക്കുന്നു. ഒരു നേരമെങ്കിലും ഇവളെ പരിചരിച്ചിരുന്നെങ്കിൽ അയാളാ വിഷം ചീറ്റും വാക്കുകളാൽ ഇങ്ങനെ കൊത്തുമായിരുന്നോ? ജോലിക്കുള്ള യോഗ്യതയുണ്ടായിട്ടും ഈയൊരു മകൾക്ക് വേണ്ടിയാണ് എല്ലാം ഉപേക്ഷിച്ചത്. തന്റെ ത്യാഗങ്ങൾ വെണ്ണീരും കരിക്കട്ടയുമായി കുപ്പയിലെറിയാനുള്ളതോ? ഗൾഫിൽ നിന്ന് ആങ്ങളയെത്തിയപ്പോൾ ആദ്യം ആവശ്യപ്പെട്ടത് ആ മിക്സി വാങ്ങിത്തരാനാണ്. തന്റെ ദുര്യോഗങ്ങളിലേക്ക് സഹതാപത്തിന്റെ ഒരു നൂൽതുണ്ട് നീട്ടി അവൻ ചിരിച്ചു. ‘അന്ന് നിന്റെയീ കല്യാണം നടത്തേണ്ടിയിരുന്നില്ല..എന്താ ചെയ്യാ? വിധിയെ ആർക്കാ തടുക്കാമ്പറ്റാ?’
ഏഴായിരം രൂപ കൊടുത്ത് ആ അമൂല്യനിധി സ്വന്തമാക്കിയപ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദമുണ്ടായി. കുരുമുളകും മഞ്ഞളുമൊക്കെ പൊടിച്ചെടുക്കുമ്പോൾ തന്റെ ഉള്ളില് എരിഞ്ഞു പുകയുന്ന അനേകം അസ്വസ്ഥതകളെയും ജാറിലേക്ക് കുടഞ്ഞിട്ടു. ടാൽക്കം പൌഡർ പോലെ മിനുസപ്പെട്ട് അവ കുസൃതിയോടെ ചിരിച്ചു.
അങ്ങനെ പത്തു കൊല്ലത്തോളം സന്തതസഹചാരിയായിരുന്ന മിക്സിയാണ് മകളുടെ മരണത്തെത്തുടർന്ന് തകർന്നു തരിപ്പണമായത്. താനെത്ര സൂക്ഷ്മതയോടെ കൊണ്ടു നടന്നതായിരുന്നു. പൊട്ടിക്കിടക്കുന്ന,മഞ്ഞള് പുരണ്ടു വൃത്തികേടായ അതിന്റെ അവയവങ്ങൾ. തന്റെ ജീവിതവും ഒരു ചില്ലുപാത്രമായിരുന്നു, ചില്ലുതരികളായി അതാരോ കുത്തിയുടച്ചിരിക്കുന്നു.
പിന്നീടധിക ദിവസം അമ്മിയിൽ അരക്കേണ്ടി വന്നില്ല. ജോലിക്കു പോകുന്ന മരുമക്കൾ എന്നേ വേറെ ചേക്കേറിയിരുന്നു. ഒരു ചമ്മന്തിക്ക് അൽപ്പം തേങ്ങ അരച്ചെടുക്കുമ്പോഴാണ് തല ചുറ്റാൻ തുടങ്ങിയത്. അതു വരെ നേരെ കണ്ട കാഴ്ചകളെല്ലാം കറങ്ങിക്കറങ്ങി കൈ കൊട്ടിച്ചിരിച്ചു. പിന്നെ ആരോ തന്നെ നിലത്തേക്ക് മറിച്ചിട്ടു.
പുറത്തെങ്ങോ പോയി മടങ്ങിയ ഭർത്താവ് ഒരു ചായക്ക് ആവശ്യം വന്നപ്പോഴാണ് ഭാര്യയെ തിരഞ്ഞത്. വർക്ക് ഏരിയയിൽ ചത്ത പോലെ കിടക്കുന്ന ആ പേക്കോലത്തെ അയാൾ എങ്ങനെയൊക്കെയോ കട്ടിലിലെത്തിച്ചു.
രോഗപ്പുതപ്പ് അങ്ങനെ ആസകലം പൊതിഞ്ഞു. വസന്തം ഒരോർമ്മത്തെറ്റു പോലെ പുളച്ചു നീന്തി. ഏതാണ് സത്യം? വിത്തിന്റെ മുള പൊട്ടലോ മരത്തിന്റെ പൂക്കാലമോ? പൂ കൊഴിയലോ? നരച്ച മുടിച്ചുരുൾ
ചെറുകാറ്റിൽ കണ്ണിനെയും മൂക്കിനെയും ചൊറിഞ്ഞു. അരിച്ചു നടക്കുന്ന പേനുകൾ തലയിലെ ചോര കുടിച്ച് ചുണ്ടു തുടച്ചു. ശരീരം മറ്റേതൊക്കെയോ ജീവികളുടെ ആഹാരമാകാൻ തുടങ്ങുന്നു.
ഈ കഠിനകാലത്തെ ഏതു മിക്സിക്കാണ് അരച്ചു സംഗീതമാക്കാനാവുക? ചരിഞ്ഞു കിടക്കാൻ ആഗ്രഹം തോന്നി. ദേഹത്തിന്റെ ഭാഗമേയല്ലാത്തത് പോലെ ഇടതു വശം ഒരു മരക്കഷ്ണമായി. ഇനിയെന്തു ചെയ്യും? കണ്ണീർ ബാക്കിയില്ലാത്ത കണ്ണുകൾ ചുട്ടു പൊള്ളി. കുമിയുന്ന ഇരുൾ മേഘങ്ങൾ ഒരു വൻപേമാരിയെ ഗർഭം ധരിച്ച് വേദനയോടെ ഇഴഞ്ഞു നീങ്ങി………………….
ഷെരീഫാ മണ്ണിശ്ശേരി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ