കാടകത്തു മാ നിഷാദ കേട്ടതെങ്ങനെ
താടക പിടഞ്ഞ കാഴ്ച കണ്ടതാകുമോ
കാടുവിട്ടു പോയിടാത്ത പേട എങ്ങനെ
പേടിയാർക്കും നല്കി എന്നതാരുടെ കഥ?
കാടനെയ്തിടുന്നതാം ശരമവനുടെ
വീടകത്തു വീണ പട്ടിണി തടയുവാൻ
നാടനെയ്തിടുന്നതാം ശരമവനുടെ
കൂടെയുള്ളവന്നു കൂടെ പേടി തട്ടുവാൻ
കാടകത്തു മാ നിഷാദ കേട്ടതെങ്ങനെ
മോടിയുള്ളബല തൻ്റെ മോടിയുള്ളിടം
പേടിയുള്ളവനറുത്തു മാറ്റിയപ്പഴോ
കൂടെയുള്ളബല കൈകൾ വിട്ട നേരമോ?
ചാടി വീണുപോയ മർക്കടമൊരിക്കലും
തേടുകില്ല കൂട്ടരോടു കൂട്ടുകൂടുവാൻ
പേടിയോടെ വിട്ടകന്നു പോയവനൊരു
താടി പൊട്ടിയോനവന് ഒത്ത കൂട്ടുമായ്
കാടകത്തു മാ നിഷാദ കേട്ടതെങ്ങനെ
കാടിനെ നശിച്ചനാടിനൊപ്പമാക്കുവാൻ
നാടനന്നൊളിശരമയച്ചു കണ്ടതോ ?
കോടരീ സമത്തിലഗ്നി സ്നാനമേകലോ?
ചേടി പോലെ വന്നു ബീജമേറ്റ നാളിലാ
ആടലെന്നിയേ അടവി തന്നിൽ വിട്ടതോ?
ആട ചുറ്റിയങ്ങടുത്തു വച്ച കാഞ്ചനം
വീടരെന്നുറച്ചു കേളിയാടിയപ്പൊഴോ?
കാടകത്തു മാ നിഷാദ കേട്ടതെങ്ങനെ
കേടു വിട്ടൊഴിഞ്ഞിടാത്ത ബാലർ വാജിയെ
വാടിയിൽ തടഞ്ഞു നിർത്തിയെന്നു കണ്ട നാൾ
നാടുവിട്ട ലക്ഷണക്കേടു കൊണ്ടതോ?
വടിയിൽ വിരിഞ്ഞ പൂക്കളാം കുശങ്ങളെ
കൂടയിലിറുത്തിടാനണഞ്ഞു വന്നതാം
കേടുവന്ന മാനസ്സമതിനെ നോക്കിയോ
പാടിയന്നു മാ നിഷാദ എന്നു കാടകം
ജോളി കുത്തുകല്ലുങ്കൽ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ