2021 ഫെബ്രുവരി 16, ചൊവ്വാഴ്ച

അപൂർവ്വം ചിലർ


ചില ആൾക്കാരുണ്ട്, കല്യാണത്തിനും മരണത്തിനും മാത്രം കാണുവാൻപറ്റുന്നവർ. ഇവർ ആരാണെന്നോ എന്താണെന്നോ ചിലപ്പോൾ നമുക്കറിയില്ല. പക്ഷെ താലികെട്ടും ശവദാഹവും/ശവമടക്കും എല്ലാം അവർ പറയുന്നതുപോലെയാണ്. നമ്മൾ അനുസ്സരിക്കും. കാരണം ഇവർ വകയിലെ ഏതോ ബന്ധുവാണെന്നാണ് വയ്പ്പ്. തിരക്കിനിടയിൽ ഇവർ ആരാണെന്നു ചോദിക്കുവാൻ പോലും നമ്മൾ മറന്നുപോകും, അല്ലെങ്കിൽ അതിനൊന്നും സാവകാശം കിട്ടാറില്ല. പക്ഷെ കല്യാണം നടക്കുമ്പോൾ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്ന പ്രശ്‌നക്കാരായും (താലി എങ്ങനെ കെട്ടണമെന്നും എങ്ങോട്ടു തിരിഞ്ഞു നിൽക്കണമെന്നും ഒക്കെ ഇവർ പറയും) മരണസമയത്ത് ബന്ധുക്കൾക്ക് താങ്ങായും ഇവരുണ്ടാകും. അതുകഴിഞ്ഞു പക്ഷെ ഇവരെ പൊടിക്ക്പോലും കണ്ടുകിട്ടില്ല. മേൽപ്പറഞ്ഞവരെപോലെതന്നെ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്ന് പെട്ടെന്ന് പോയ്‌ക്കളയുന്ന ചില സുഹൃത്തുക്കളുണ്ട്. അവർ എവിടെനിന്നും വന്നുവെന്നോ, എവിടേക്ക് പോയെന്നോ നമുക്ക് വ്യക്തമായ ധാരണകളുണ്ടാകണം എന്നില്ല. വർഷങ്ങൾക്കുശേഷം പഴയ സുഹൃത്തുക്കളായ ഗോപകുമാറിനെയും സുധീറിനെയും സുരേഷിനെയും ശ്രീവിദ്യയേയും ശ്രീരേഖയേയും നാൻസിയെയുമൊക്കെ നമ്മൾ നവമാധ്യമങ്ങളിലൂടെ വീണ്ടും കണ്ടുമുട്ടുമെങ്കിലും, എത്ര തിരഞ്ഞാലും ഇവരെമാത്രം കാണാനാകില്ല. അവർ വാൽനക്ഷത്രങ്ങളെപ്പോലെ എവിടെനിന്നോ വരുന്നു എവിടേക്കോ പോയ്മറയുന്നു! പക്ഷെ ചെറിയ കാലംകൊണ്ട് ഇവർ നമ്മുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റം വളരെ വലുതായിരിക്കാം. ഇവർ ചിലപ്പോൾ നമ്മെ ഓർക്കുന്നുപോലും ഉണ്ടാകില്ല. പക്ഷെ നമ്മൾ മാത്രം അവരെ ഓർത്തുകൊണ്ടിരിക്കും. എന്നെങ്കിലും വീണ്ടും കാണും എന്ന പ്രതീക്ഷയിൽ.

എനിക്കുമതുപോലൊരു സുഹൃത്തുണ്ടായിരുന്നു. ജവഹർ. പത്താംക്‌ളാസ്സിൽ പഠിക്കുമ്പോൾ ഒരുവർഷം മാത്രം കണ്ട് പരിചയമുള്ള ഒരു സുഹൃത്ത്. മലയാള സാഹിത്യത്തെ പാഠപുസ്തകങ്ങളിലൂടെയും പിന്നെ കവിതാപാരായണ മത്സരങ്ങൾക്കുവേണ്ടിയുള്ള കാണാപ്പാഠത്തിലൂടെയും മാത്രം വായിച്ചറിവുള്ള സമയത്താണ് തലസ്ഥാന നഗരിയിലെ ആ സർക്കാർ സ്ഥാപനത്തിൽ പത്താംതരത്തിൽ പഠിക്കുവാൻ ചേരുന്നത്. ഗ്രാമത്തിൽ നിന്നുള്ള പറിച്ചുനടൽ എന്നൊക്കെ ആലങ്കാരികമായി പറയാമെങ്കിലും എൺപതുകളുടെ അവസാനത്തിൽ പോലും കേരളത്തിലെവിടെ ഗ്രാമങ്ങൾ ഇരിക്കുന്നു? ഭൂരിഭാഗം ജനങ്ങളും നാഗരികരായ നാട് വേറേയുണ്ടോ ഇന്ത്യാമാഹാരാജ്യത്തിൽ? എന്തായാലും പുതിയ നഗരത്തിൽ കാത്തിരുന്നത് പുത്തൻ ശീലങ്ങളും, സുഹൃത്തുക്കളും, കലാലയയ ജീവിതവുമായിരുന്നു. ജവഹർ എന്ന മലയാള സാഹിത്യകുതുകിയുമായുള്ള സൗഹൃദം തുടങ്ങുന്നതവിടെയാണ്, അവസാനിക്കുന്നതും. വായനയുടെ വിശാലമായ ലോകത്തിലേക്കുള്ള വാതായനം കൂടിയായിരുന്നു ആ സൗഹൃദം. വായന കഥകളിലേക്കും, നോവലുകളിലേക്കും കലാകൗമുദിയിലേക്കും മാതൃഭുമിയിലേക്കും വളർന്നു (അന്നൊക്കെ കലാകൗമുദി കഴിഞ്ഞിട്ടേ മാതൃഭൂമി ആഴ്ചപ്പതിപ്പ് പോലുംമുണ്ടായിരുന്നുള്ളു – ശ്രീമാൻ കൃഷ്ണൻനായർ മാത്രമല്ല കുറ്റവാളി. ഒരുകാലത്ത് മാതൃഭൂമിക്കും മുകളിലായിരുന്നു കലാകൗമുദിയുടെ എഡിറ്റോറിയൽ ക്വാളിറ്റി). മാത്രവുമല്ല വായനയുടെ ആക്കം അന്ന് സ്കൂൾ ലൈബ്രറിയിൽ നിന്നും പബ്ലിക് ലൈബ്രറിയിലേക്കുള്ള ദൂരവും കുറച്ചു, ഗ്രന്ഥപ്പുരകളുടെ പൊടിമണക്കുന്ന ഇടുങ്ങിയഇടനാഴികളിൽ ഒളിച്ചിരുന്ന രത്നശേഖരങ്ങളെ കയ്യോടെ പൊക്കി സായൂജ്യമടഞ്ഞു. വായനയുടെ പശി പക്ഷേ തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ.

ജവഹർ ഒരു കവിയായിരുന്നു, കഥാകാരനായിരുന്നു എല്ലാത്തിനും മുകളിൽ ഒരു വായനക്കാരനായിരുന്നു. പതിനാല് വയസ്സാണ്, പക്ഷെ ഇരുപത്തിനാലിന്റെ വായന. ആ പ്രേരണയിൽ ഞാനും വായിച്ചു തുടങ്ങിയാണ്. കഥകളും കവിതകളും നോവലുകളും പലത് വായിച്ചെങ്കിലും അന്ന് വായിച്ചതിൽ ഇപ്പോഴും ഓർമ്മയിൽ നിൽക്കുന്നത് പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ മാത്രം. എന്തുകൊണ്ടോ അതിരാണിപ്പാടവും ശ്രീധരനും മനസ്സിൽ എന്നും ഒട്ടിനിന്നു. വായന തുടങ്ങിയപ്പോൾ എന്തെങ്കിലും കുറച്ചുമാത്രം അറിഞ്ഞുകഴിയുമ്പോൾ സർവ്വജ്ഞപീഠം കയറിയപോലെ തോന്നുന്ന മനുഷ്യസഹജമായ ഒരഹങ്കാരം അക്കാലത്ത് എന്നെയും പിടികൂടിയെന്ന് പറഞ്ഞാൽ മതിയല്ലോ. നാല് പുസ്തകങ്ങൾ ‌വായിച്ചു കഴിഞ്ഞപ്പോൾ എഴുതിത്തകർക്കാം എന്ന് വിചാരിച്ചുകളഞ്ഞു. എളുപ്പത്തിൽ എഴുതിത്തീർക്കാം എന്ന കാരണത്താൽ കവിതപോലെ എന്തൊക്കയോ എഴുതിനോക്കി. പാഠപുസ്തകത്തിലെ കവികളിലല്ലാതെ അന്ന് ഓയെൻവിയിലും ചുള്ളിക്കാടിലും മാത്രം കവിതകണ്ടകാലം. ‘ഭൂമിക്കൊരുചരമഗീതം’ കാണാതെപഠിച്ച ധാരണ മാത്രമേ അക്കാലത്തുണ്ടായിരുന്നുള്ളൂ നല്ല കവിതകളെക്കുറിച്ച്‌. അതും ഒൻപതാം ക്ലാസ്സിൽ നാട്ടിലെ ഹൈസ്കൂളിൽ വച്ച്. പദ്യപാരായണ മത്സരത്തിന് വേണ്ടിയായിരുന്നു സാഹസം. സ്കൂൾ തലത്തിൽ ഒന്നാം സമ്മാനം കിട്ടി സബ് ജില്ലാ തലത്തിൽ മത്സരിക്കാൻ ചെന്ന് മത്സരപ്പട്ടികയിൽ പേരുകാണാതെ ഇളിഭ്യനായി തിരികെവന്നത് മറ്റൊരു കഥ.

ജവാഹറിലേക്കു തിരികെ വരുമ്പോൾ പെട്ടെന്ന് ഓർക്കുന്നത് അവന്റെ ചിരിയും, കൗമാരത്തിന്റെ വിയർപ്പ്മണവുമാണ്. നിഷ്കളങ്കമായ ചിരി, രൂക്ഷമായ വിയർപ്പ് മണം. എന്നെയും അതുപോലെ തന്നെ മണത്തിരിക്കും അയാൾക്ക്. വെളുത്തുകോലുന്നനെയുള്ള ശരീരത്തിലെ വട്ടമുഖത്തിലെ പാൽപ്പുഞ്ചിരി വെളുത്ത യൂണിഫോമിലെ ‘ഉജാലയുടെ’ നീലിമയിൽ തട്ടി പ്രതിഫലിക്കുമ്പോൾ ജവാഹർ പുതുതായി വായിച്ച ഒരു കഥയെക്കുറിച്ചോ കവിതയെക്കുറിച്ചോ പറയുകയായിരിക്കും. ചിലപ്പോഴൊക്കെ ചില കുറിപ്പുകൾ കാണിക്കും. സ്വന്തം കവിതകളോ അതോ കഥകളോ? ശെരിക്കും ഓർക്കാൻ കഴിയുന്നില്ല. നേരത്തെ സൂചിപ്പിച്ചതുപോലെ അതേ സമയത്ത്, പതിനാല് വയസിലാണ് ഞാനും ആദ്യമായി എഴുതുന്നത്. കുറേ വായിച്ചുകഴിയുമ്പോൾ എല്ലാപേർക്കും തോന്നുന്ന ഒര് ഭ്രാന്ത്, അഹങ്കാരം; അങ്ങനെയാണല്ലോ എഴുത്തിന്റെ തുടക്കം. എന്റെ എഴുത്ത് ആദ്യമായി വായിക്കുന്നത് ജവാഹർ ആയിരിക്കും (ഇത് പറയുമ്പോൾ ഞാൻ ഇപ്പോൾ ഒരു എഴുത്തുകാരൻ ആണെന്ന് തെറ്റിദ്ധരിക്കരുത്. പതിനേഴ് വയസ്സിനു ശേഷം ഗൗരവതരമായി മലയാളത്തിൽ എഴുതിത്തുടങ്ങിയിട്ട്‌ കഷ്ടി രണ്ട് വർഷം ആകുന്നു. അതുവരെ എഴുത്ത് ഇംഗ്ലീഷിൽ ആയിരുന്നു കൂടുതലും ജോലിയുടെ ഭാഗമായി. അക്കാഡമിക് എഴുത്ത്. അറിയാമല്ലോ ആരും വായിക്കാത്ത അക്കാഡമിക് പേപ്പറുകൾ!). എന്റെ ‘മഹാകാവ്യം’ വായിച്ച്‌ ജവഹർ ചിരിച്ചതേയുള്ളു. പക്ഷെ ആ ചിരിയിൽ അന്ന് മനസ്സിലാകാത്ത, പക്ഷെ ഇന്ന് മനസ്സിലാകുന്ന പലതുമുണ്ടായിരുന്നു. ഞാൻ പിന്നെയും കവിതകൾ എഴുതി, കഥപോലെയും എന്തോ എഴുതിനോക്കി. മൂന്നുവർഷം കഴിഞ്ഞാണ് ഇത് നമുക്ക് പറ്റുന്ന പണിയല്ലെന്നും, വായനയാണ് പരമമായകാര്യമെന്നും മനസ്സിലാക്കിയത്. ചിലപ്പോൾ കൈവിട്ടുപോകുന്ന അഹന്തകൊണ്ട് ഇതുപോലെ ചിലതൊക്കെ എഴുതിപ്പോകുമെങ്കിലും അവിടെത്തുടങ്ങിയ വായന ഇന്നും കഴിഞ്ഞിട്ടില്ല. വളർന്നപ്പോൾ വായനയും കൂടെ വളർന്നു. മണങ്ങളുടെയും മത്സരങ്ങളുടെയും മദത്തിന്റെയും കൗമാരതുടക്കത്തിൽ മലയാളസാഹിത്യത്തിലേക്ക് ജവാഹർ കൂട്ടുവന്നില്ലായിരുന്നെങ്കിൽ രവിയേയും, ശ്രീധരനെയും, സേതുവിനെയും, ദാസനെയും അപ്പുണ്ണിയെയും, ആമിയെയും ഭീമനെയും ഒന്നും ചിലപ്പോൾ ഒരിക്കലും കണ്ടുമുട്ടിയേക്കില്ലായിരുന്നു. എംടിയുടെയും സേതുവിന്റെയും ഒ.വി. വിജയന്റെയും പേരിൽ മനസ്സിൽ ക്ഷേത്രങ്ങള്‍ കെട്ടിപ്പൊക്കില്ലായിരുന്നു.

സ്കൂൾകാലം കഴിഞ്ഞ് ‘അത്ര ചെറിയ ഡിഗ്രി അല്ലാത്ത’ പ്രീഡിഗ്രി കാലം തുടങ്ങുമ്പോഴും ജവഹർ നഗരത്തിൽ ഉണ്ടായിരുന്നു. പിന്നെയും ജവഹറിനെ കണ്ടുമുട്ടിയിരിക്കാം. പക്ഷെ അപ്പോഴേക്കും അയാളുടെ ദൗത്യം കഴിഞ്ഞിരുന്നല്ലോ? പിന്നെ സൗഹൃദമുണ്ടായിരുന്നില്ല, ബാക്കിയായത് വായന മാത്രം.

ജവഹർ എന്ന വാക്കിന് ‘അമൂല്യരത്‌നം’ എന്നാണർത്ഥം. വായനയുടെ സ്വർണ്ണഖനിയിലേക്ക് കൈപിടിച്ചാനയിച്ച അമൂല്യരത്നത്തെ സ്നേഹത്തോടെ ഓർക്കട്ടെ. ചിലരങ്ങനെയാണ്, നമ്മെ നേരായവഴിയിലൂടെ നയിക്കുവാൻ മാത്രം നമ്മുടെ ജീവിതത്തിലേക്ക് വന്നുകയറും, പിന്നെയൊരു പോക്കാണ്. അതെ, അപൂർവ്വം ചിലർ.



സുമേഷ് രാമചന്ദ്രൻ

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ