2021 ഓഗസ്റ്റ് 25, ബുധനാഴ്‌ച

അയനം


 മാറിൽ തറച്ചതാം അമ്പുമായി


ശ്രാവണനന്നു കരഞ്ഞ നേരം

കേട്ടില്ല മാ നിഷാദാ എന്നത്

കാട്ടിലതെന്തുകൊണ്ടായിരിക്കാം

ധർമ്മവതിയാം അഹല്യമേലേ

ദുർമോഹി കാമാസ്ത്രമെയ്ത നേരം

കേട്ടില്ലരുതെന്ന ചൊല്ലു തെല്ലും

കേട്ടതഹല്യ കല്ലായിടട്ടെ

വേദവതിക്കുമേൽ പംക്തികണ്oൻ

വേലയിറക്കിയ നേരത്തുമാ

കാടിനകത്തു മുഴങ്ങിയില്ല

മാ എന്നാെരു ചെറു വാക്കു പോലും

താടക വീണു പിടഞ്ഞ നേരോം

കേൾക്കുവാനായില്ല ഈ വകകൾ

കാരണം ആജ്ഞയാം വാക്ശരങ്ങൾ

എയ്തതു ദീക്ഷ ധരിച്ചവരാ

ശംബുകൻ വീണു പിടയുമ്പൊഴും

കമ്പമുണ്ടായില്ല മാനസത്തിൽ

കമ്പിൻ്റെ പോലും വില അവന്

കല്പിച്ചതില്ല അവർണനല്ലേ?

മൂക്കും മുലയും മുറിഞ്ഞു നാരി

കാറിയാ കാടു നടുങ്ങിയാലും

കേൾക്കില്ല കാരണം നാരിയെന്നാൽ

കല്ലായ്ക്കിടക്കേണ്ടഹല്യയല്ലേ?

ബാലിവധത്തിലെ നേരുകേടിൽ

ചൊല്ലുവാനാവില്ല കുറ്റമൊട്ടും

ദുർബലർക്കു ബലം സഖ്യമെന്ന്

നിർമലമായുള്ള സത്യമല്ലേ?

കിഞ്ചന വാക്കിൻ്റെ പിൻബലത്തിൽ

അഞ്ചാതെ കാട്ടിലയച്ചനേരം

വഞ്ചന പാടില്ല എന്ന ശബ്ദം

ഇഞ്ചിനു പോലുമേ കേട്ടതില്ല

മേധാശ്വ മോചനം ലക്ഷ്യമാക്കി

മന്നനാ മക്കളോടേറ്റ നേരം

മാനിനി ‘മാ നിഷംഗി’ ഉരച്ചു

മക്കളെ മാറോടു ചേർത്തുവച്ചു.


ജോളി കുത്തുകല്ലുങ്കൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ