2021 ഓഗസ്റ്റ് 25, ബുധനാഴ്‌ച

അയനം


 ‌“നിനക്ക് ഓർമീണ്ടോ സരസൂ..പണ്ട് മനയ്ക്കലെ എടോഴിൽ വെച്ച് നിന്നെ പാമ്പ് കടിച്ചത്..?

അന്ന് കേശു വൈദ്യരാ പറഞ്ഞത് ‘ആയിരംകൊടം ആടണം’..ന്ന്..

പുലിക്കടവിലെ കിണറ്റിൽ നിന്നും അഞ്ഞൂറ് കൊടം ഞാനും, അഞ്ഞൂറ് രേവിയും,കൂടി കോരി നിന്റെ തലയിൽ ധാരയൊഴിച്ചു..തണുത്തു നീ കിടുകിടാ വിറച്ചു..നിനക്ക് ഓർമ്മിണ്ടോ..? എബടെ..?അശ്രീകരം..!!

ഇത്രേം പെട്ടെന്ന് ഒറങ്യൊ?”

കല്യാണി ചോദിച്ചു..

അനിയത്തി സരസൂ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല..ഒന്നും കേൾക്കാതെ മച്ചിലെ കൂരിരുട്ടിലേക്ക് കണ്ണും നട്ട് കിടക്കുകയായിരുന്നു..

അവർക്ക് ചെവി പതുക്കെയാണ് ..

കല്യാണി പിന്നെയും എന്തൊക്കെയോ പറഞ്ഞു..

ആ ഒച്ചകൾ ഇരുട്ടിൽ മുട്ടിത്തിരിഞ്ഞു കൊഴിഞ്ഞു..

ജരാനരകൾ ബാധിച്ച രണ്ടുപേർ ഇരുട്ടിലേക്ക് നോക്കി കിടന്നു..

കല്യാണി ഉറങ്ങുവോളം വർത്തമാനം പറയും..മറുപടി ഇല്ലെങ്കിൽ സരസുവിനെ പ്രാകും,പുലഭ്യം പറയും,..

ചിലപ്പോൾ മാപ്പു ചോദിക്കും..!

സരസൂ ഒന്നും കേൾക്കുകയില്ല..

സരസൂ ഓർത്തു..ഭർത്താവുപേക്ഷിച്ചപ്പോൾ എത്തിയതാണ് ഏടത്തിയുടെ അടുത്ത്..ഏടത്തിക്ക് മകൾ ഉണ്ട്..വന്നു നോക്കാൻ  നേരമില്ല..താനുള്ളത് കൊണ്ട് അവൾക്ക് വരാതെ കഴിഞ്ഞു..

ഒന്നു ചീഞ്ഞാൽ മറ്റൊന്നിന് വളം എന്നല്ലെ..മകനും ഉണ്ടായിരുന്നു.. സതീശൻ..!

ഉറങ്ങാൻ കിടക്കുമ്പോൾ മാത്രം കല്യാണി കുട്ടിക്കാലത്തിന്റെ സ്നേഹർദ്രമായ നനുത്ത സ്വരം പുറത്തേടുക്കും..അതൊരിക്കലും സരസൂ കേൾക്കുകയുമില്ല..ചീത്ത വിളിക്കുമ്പോൾ സ്വരം ഉയരും..അതു മാത്രം കേൾക്കും..!

കഴിഞ്ഞ കൊല്ലം സതീശൻ വന്നപ്പോൾ ആണ് കല്യാണിക്ക് ഒരു കിടക്ക വാങ്ങിയത്..

അങ്ങനെ ധന്വന്തരം കുഴമ്പു മണക്കുന്ന ഏടത്തിയുടെ പഴയ മെത്ത സരസുവിന് കിട്ടി..പായയിൽ കിടന്നു മുതുക് വേദന തുടങ്ങിയിരുന്നു.. പ്രായവും കൂടുന്നു..

ഏടത്തിയുടെ മണമുള്ള മെത്തയിൽ കിടന്ന് കണ്ണടക്കുമ്പോൾ കുഞ്ഞിലെപോലെ ആ കരവലയത്തിലെ സുരക്ഷിതത്വത്തിൽ സരസൂ എല്ലാം മറന്ന് ഉറങ്ങുവാൻ തുടങ്ങി..ഏടത്തിയുടെ കൈ പിടിച്ചു വേല കാണാൻ പോയത് സ്വപ്നം കണ്ട് ഉറക്കത്തിൽ സരസൂ പുഞ്ചിരിച്ചു.. ശബ്ദങ്ങളില്ലാത്ത ചെണ്ടമേളം കണ്ട് തലയാട്ടി..ഓലപ്പീപ്പിയും,ബലൂണും, വിൽക്കുന്നവർക്കിടയിലൂടെ,കൈകോർത്തു പിടിച്ച് അത്ഭുതം കൂറുന്ന മിഴികളോടെ രണ്ടു പെണ്കിടാങ്ങൾ നടന്നു..!

 കല്യാണിയുടെ ദിനചര്യകൾ ഒന്നും സരസൂ തെറ്റിച്ചില്ല.. വെയിൽ കാഞ്ഞിരിക്കുന്ന

കല്യാണിയുടെ കാലിൽ കുഴമ്പ് തേച്ചു.. മുറ്റമടിച്ചു, തുണിതിരുമ്പി,പേൻ നോക്കി..

“നിനക്ക് ഈ കഞ്ഞി ത്തിരി കൂടി വേവിച്ചാലെന്താ കുരി പ്പെ..?”

അടഞ്ഞു പോയ കർണപുടം തുളച്ചു കല്യാണിയുടെ ക്ഷോഭം സരസുവിന്റെ ചെവിയിൽ എത്തി..

കല്യാണിയെക്കാൾ ആറേഴു വയസ് ഇളയതാണെങ്കിലും,സരസുവും,എഴുപതോടടുക്കുന്നു..

വയ്യ..ഒന്ന് ആശുപത്രിയിൽ പോണം..പെൻഷൻ കിട്ടട്ടെ..സതീശൻ ഉണ്ടായിരുന്നെങ്കിൽ ആസ്പത്രിയിൽ കൊണ്ടൊവുമായിരുന്നു.അവൻ പോയില്ലേ..!!

മഴ ഇടിച്ചുകുത്തിപ്പെയ്ത ഒരു കർക്കടകത്തിൽ..

ആളിക്കത്തുന്ന അടുപ്പിലേക്ക് വെള്ളമൊഴിച്ചാലെന്നപോലെ അന്ന് സൂര്യൻ കെട്ടുപോയി..!!പിന്നീടുള്ള ജീവിതത്തിന് ചാരനിരമായിരുന്നു..

അവന്’കിഡ്നി’ തകരാറായായിരുന്നു ..

അവൻ ദുബായിൽ നിന്നും വന്നപ്പോൾ ഇട്ടുവന്ന കറുത്ത ഷൂസുകൾ രണ്ടും ഏടത്തി ദിവസവും തുടച്ചു മിനുക്കി, കോണിപ്പടിയിൽ വെറ്റില ചെല്ലവും, കിണ്ടിയും വെക്കുന്നതിന്റെ അടുത്തായി വെക്കും..ഇടക്കിടെ എടുത്തു തലോടും..

മുറ്റത്തു  പണ്ട് ഓടിക്കളിച്ച സതീശന്റെ കുഞ്ഞിക്കാലടി കൾ ഓർത്തോ എന്തോ ഏടത്തി കണ്ണീർ വാർക്കും..

എന്നെങ്കിലും സതീശൻ യോഗ്യനായി വരുമെന്നും ആ ഷൂസുകൾ അണിഞ്ഞു മുറ്റത്തും,തിണ്ണയിലും കട,കട ശബ്ദമുണ്ടാക്കി നടക്കുമെന്നും ഏടത്തി കരുതുന്നുണ്ടോ..?

അവന്റെ ഫോട്ടോയിലേക്ക് നോക്കി ആന്ധ്യം പരന്നു തുടങ്ങിയ കണ്ണുകളുമായി  പറയും..”പോയി സുഗിക്കേടാ നീ..രണ്ടു തള്ളാരെ പറ്റി നിനക്ക് വല്ല ചിന്തയും ണ്ടോ..?”

വൈകുന്നേരം ആയാൽ കാക്കകൾക്ക്,അണ്ണാറക്കണ്ണന്മാർക്ക്  ,ഒക്കെ തീറ്റ കൊടുത്തു കൊണ്ടിരിക്കും ഏടത്തി..ഏടത്തിയുടെ തലവെട്ടം കണ്ടാൽ കാക്കകൾ കൂട്ടത്തോടെ പറന്നിറങ്ങും..അണ്ണാറക്കണ്ണന്മാർ ചിൽചിലുന്നനെ മാവിൽ നിന്നും പേരയിൽ നിന്നും ഒക്കെ വാലും കുലുക്കി ഇറങ്ങിവരും, .മൈനകളും,പറമ്പൻതെയ്യനും ഏടത്തിയുടെ കൈവെള്ളയിൽ നിന്നു വരെ അപ്പം കൊത്തിയെടുക്കും..

“സരസൂ..ഇനി അപ്പം വേണ്ട..ട്ടോ

അവരുടെ കൊക്കിലൊക്കെ ഒട്ടിപ്പിടിക്കും..വേറെ ന്തേലും ഉണ്ടാക്കിക്കോ..”

സന്ധ്യ മയങ്ങുന്നു..രണ്ടുപേരും അരത്തിണ്ണയിൽ പറവകൾ ചേക്കേറുന്നതു നോക്കിയിരുന്നു..ലോട്ടയിൽ പാർന്നുവെച്ച കാപ്പിയിൽ നിന്നും ആവി പറന്നുയർന്നു വാനിൽ ലയിച്ചു .

ചുവന്നരണ്ട മാനത്തെ ശോണ മേഘങ്ങൾ ഭൂമിയിലെ വൃദ്ധരുടെ സങ്കടങ്ങളാണെന്ന് സരസുവിന് തോന്നി..!

ഈ പകലും തങ്ങളെ പോലെ സായന്തനത്തിലെത്തി യിരിക്കുന്നു..

ശബ്ദഘോഷങ്ങളില്ലാത്ത,ആരവമില്ലാത്ത ഒരു നിശ്ശബ്ദ ചലച്ചിത്രരംഗം പോലെ സരസൂ  

ഉമ്മറത്തൂണിൽ ചാരി നെടുവീർപ്പിട്ടു..

“വിളക്ക് വെക്കാൻ ഇനി ആരേലും പറയണോ..?”

കല്യാണി ഒച്ചയെടുത്തു..

സരസൂ എണീറ്റ് അകത്തു പോയി..

അന്തി വന്നു..മാനത്തു മഴക്കുള്ള വട്ടം കൂട്ടലായി.. ഇടി മുരണ്ടു..മഴ കോരി ചൊരിഞ്ഞു..

മാനത്തെ പൂരപ്പറമ്പിൽ പറചെണ്ടകൾ മുഴങ്ങി..

കഞ്ഞിയും പയർ മെഴുക്കു പുരട്ടിയും കഴിച്ചു ഏടത്തിയും അനിയത്തിയും ഉറങ്ങാൻ കിടന്നു.. കൊളുത്തു പോയ ജനാല കാറ്റിൽ തുറന്നടഞ്ഞു

മുഖത്തേക്ക് ഈറനടിച്ചു..

കിടക്കയിൽ കിടന്ന് കല്യാണി പഴങ്കഥകളുടെ ഉരുക്കഴിച്ചു..

രാവുകളിൽ കല്യാണി പറയുന്ന ബാല്യ സ്മൃതികളൊന്നും സരസൂ കേൾക്കുകയില്ല.. ചീത്ത വിളിക്കുന്നതും,കലി തുള്ളുന്നതും മാത്രം കേൾക്കും..

എന്നാലും ഒരിക്കൽപോലും കല്യാണിയെ വിട്ട് സരസൂ എങ്ങട്ടും പോയില്ല..അല്ലെങ്കിൽ തന്നെ എങ്ങട്ട് പോവാൻ..?

മഴ ഓട്ടിൻ പുറത്ത് ചരൽ വാരിയേറിഞ്ഞു.പൊട്ടിയ ഓടിന്റെ വിടവിലൂടെ സരസുവിന്റെ മെത്തയിലേക്ക്  മഴവെള്ളം ഇറ്റു വീഴാൻ തുടങ്ങി..

“ഇങ്ങോട്ടേക്ക് കിടന്നോ..”

കല്യാണി ഉച്ചത്തിൽ പറഞ്ഞു..

സരസൂ പുതപ്പുമെടുത്തു കല്യാണിയുടെ അടുത്ത് കിടന്നു.. സംവത്സരങ്ങൾക്കപ്പുറം ഏടത്തിയുടെ അടുത്ത് കിടക്കുന്ന പഴയ പേടിക്കാരിയായ പെണ്കുട്ടിയായി..

ഏട്ടത്തി തലയിൽ തേയ്ക്കാറുള്ള കയ്യോന്നി എണ്ണയുടെ മണം അവർ ശ്വാസമെടുത്തു വലിച്ചു.

പതിവു പോലെ കല്യാണി കുട്ടിക്കാലത്തിന്റെ ഇടവഴിയിലും,മനക്കലെ തൊടിയിലും,പാമ്പിൻ കാവിലും ഒക്കെ സഞ്ചരിക്കാൻ തുടങ്ങി..

“സരസൂ..നിനക്കോർമിണ്ടോ..നമ്മൾ കോട്ടേക്കാട് പൂരത്തിന് പോയത്..??”

“ഓർമിണ്ട് ഏടത്തിയെ..”

കല്യാണിക്ക് ആദ്യമായി രാക്കഥയിലെ ചോദ്യത്തിന് മറുപടി കിട്ടി..!!

“തിരിച്ചു പൊരുമ്പോ നീ ഉറങ്ങിപ്പോയിരുന്നു..,നിന്നെ തോളിലിട്ടു നടന്ന് ഞാൻ ഏറ്റം പിന്നിലായി പോയി..ആളും മനുശേരും ഇല്ലാത്ത ഇടവഴിയിൽ..കൂടെ ള്ളോരോക്കെ ഒത്തിരി മുന്നിൽ..”

സരസൂ പതിറ്റാണ്ടുകൾക്കപ്പുറം കല്യാണിയുടെ രാക്കഥ കേട്ടു..

“എക്കെ  ഓർമിണ്ട് ഏടത്യെ..”

ഇരുട്ടിൽ സരസുവിന്റെ കണ്കോണിൽ നീർ തിളങ്ങി..

പിന്നിൽ തിറതെയ്യം പോലൊരു സാധനം  എന്റെ തോളിൽ കിടക്കുന്ന നീ എനിക്ക് കാണിച്ചു തന്നു..

വീണും,ഉരുണ്ടും,പിരണ്ടും, നമ്മൾ രണ്ടാളും..ഓടി..

അത് യക്ഷിയായിരുന്നുത്രേ..പിറ്റേന്ന് നമ്മക്ക് രണ്ടാൾക്കും വിറച്ചു പനിച്ചു..”..കല്യാണി ചിരിച്ചു..

“ഓർമീണ്ട്”

 സരസൂ പിന്നേയും ഈ വാക്കുകൾ മാത്രം പെറുക്കിയിട്ടു..മറ്റൊന്നും പറയാൻ പരതിയിട്ട് കിട്ടിയില്ല..

“നെണക്ക്‌ ഏടത്തിയോട് ഈറണ്ടോ കുട്ട്യേ..”

കല്യാണിക്ക് ഗദ്ഗദം തൊണ്ടയിൽ കുരുങ്ങി..

സരസൂ ഏടത്തിയെ മുറുക്കെ കെട്ടിപ്പിടിച്ചു..

ഏടത്തിക്ക് ഇപ്പോഴും പനിയ്ക്കുന്നുണ്ടെന്നു സരസുവിന് തോന്നി..

“നമ്മക്ക്..ആരും വേണ്ട..നെണക്ക് ഞാനും, എനിക്ക് നീയും മതി..”

അവർ തോരാതെ കണ്ണീർ വാർത്തു.. ചുളിഞ്ഞ കൈപ്പത്തികളാൽ പരസ്പരം കണ്ണീർ തുടച്ചു….

പുറത്തു തച്ചടിച്ചു പെയ്യുന്ന മഴയെ തോല്പിക്കാനെന്ന വണ്ണം അവർ കൂലംകുത്തി ഒഴുകി.. മഴ നിലച്ചു..

കണ്ണീർ നദിയിൽ സ്നേഹത്തിന്റെ പുളിനങ്ങൾ വിരിഞ്ഞ ആ വീടിനെ രാവ് ഇളം ചൂടിന്റെ ഒരു വൽകലം പുതപ്പിച്ചു..


ഷബാന ബീഗം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ