2021 ഓഗസ്റ്റ് 25, ബുധനാഴ്‌ച

സോയാ ചങ്ക്സ് മോമോസ്


 

സോയാബീൻസ് സംസ്കരിച്ചു പൊടിച്ചുണ്ടാക്കുന്ന ഒരു സസ്യാഹാരമാണ് സോയച്ചങ്ക്സ്. ഇത് കടകളിൽ ലഭ്യമാണ്. 52 % വരെ മാംസ്യം അടങ്ങിയ സോയയെ വെജിറ്റബിൾ മീറ്റ് എന്നും വിശേഷിപ്പിക്കാറുണ്ട്. ഇൻസുലിൻ പ്രതിരോധത്തെ ചെറുക്കുമെന്നതിനാൽ പ്രമേഹരോഗികൾക്ക് സോയ ഗുണകരമാണ്. ഇത് രക്തത്തിൽ നല്ല കൊളസ്ട്രോൾ കൂട്ടുന്നു. അവയവങ്ങളിൽ അടിയുന്ന കൊഴുപ്പിനെ കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സോയ ഉത്തമമാണ്. കാൽസ്യത്തിന്റെയും ഇരുമ്പിന്റെയും കലവറതന്നെയാണ് ഇത്. നല്ലയളവിൽ നാരുകൾ അടങ്ങിയിട്ടുള്ള സോയ സസ്യാഹാരികൾക്ക് ഏറെ ഉത്തമവുമാണ്. ഇത്രയേറെ ഗുണങ്ങൾ ഉണ്ടെങ്കിലും ഇത് സ്‌തനാർബുദം ഉള്ളവർ സ്ഥിരമായി കഴിക്കുന്നത് നല്ലതല്ല എന്ന് പറയപ്പെടുന്നു. ഈസ്ട്രജൻ എന്ന ഹോർമോണിന്റെ അളവിനെ കൂട്ടുവാൻ ഇതിന് കഴിയും എന്ന് ചില പഠനങ്ങൾ പറയുന്നത് കൊണ്ടാണ് ഇത് ഇക്കൂട്ടർക്ക് നല്ലതല്ല എന്ന് പറയുന്നത്. മാംസാഹാരങ്ങളിലെന്ന പോലെ ഇതും രക്തത്തിലെ യൂറിക് ആസിഡ് അളവ് വർദ്ധിപ്പിക്കുന്നതായും പഠനങ്ങൾ ഉണ്ട്. 25 മുതൽ 30 ഗ്രാം വരെ ദിനം പ്രതി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പലപ്പോഴും ദോഷങ്ങളേക്കാൾ ഗുണകരവുമാണ്. ഒന്നും അധികമായാൽ നന്നല്ല എന്നല്ലേ പ്രമാണം.

തെക്കു കിഴക്കൻ ഏഷ്യാക്കാരുടെ ഒരു വിഭവമാണ് മോമോസ്. ഇന്നിത് ഇന്ത്യയിൽ മിക്കയിടങ്ങളിലും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. പച്ചക്കറികൾ, മാംസം, തുടങ്ങിയവയെല്ലാം ഉപയോഗിച്ചു ഉണ്ടാക്കുന്ന രുചികരമായ ഒരു വിഭവമാണിത്. ഇത് എണ്ണയിൽ വരുത്തും, ആവിയിൽ പുഴുങ്ങിയും തയ്യാറാക്കുന്നു. സോയാചങ്ക്‌സ് ഉപയോഗിച്ചുണ്ടാക്കുന്ന രുചികരമായ ഒരു മോമോസ് ഇവിടെ പരിചയപ്പെടുത്തുന്നു. 

ചേരുവകൾ 1

സോയാചങ്ക്‌സ്  30 മിനിറ്റ് കുതിർത്തത് 100 ഗ്രാംസ്

സവാള(ചെറുതായി അരിഞ്ഞത്) ഒന്ന്

പച്ചമുളക് നന്നായി അരിഞ്ഞത് ഒന്ന്

ഇഞ്ചി നന്നായി  ഒരു ചെറിയ കഷ്ണം

മല്ലിയില, കറിവേപ്പില നന്നായി അരിഞ്ഞത് ഒരു സ്പൂൺ

മഞ്ഞൾപ്പൊടി 1/ 2 ടീസ്പൂൺ

മുളകുപൊടി ഒരു ടീസ്പൂൺ

കുരുമുളക് പൊടി 1/ 2 ടീസ്പൂൺ

ഉപ്പ് ആവശ്യത്തിന് 

എണ്ണ ആവശ്യത്തിന്

ചേരുവകൾ 2

മൈദ ഒരു കപ്പ്

ഗോതമ്പുപൊടി  ഒരു കപ്പ്

എണ്ണ ഒരു സ്പൂൺ വെള്ളം ആവശ്യത്തിന്

ഉപ്പ് ആവശ്യത്തിന്

പാചക രീതി

സവാള, പച്ചമുളക് തുടങ്ങി ഒന്നാം ചേരുവകൾ എല്ലാം നന്നായി വരട്ടി മാറ്റി വയ്ക്കുക. രണ്ടാം ചേരുവകൾ എല്ലാം നന്നായി കുഴക്കുക. ഒട്ടുന്ന പരുവത്തിൽ അത് ഉരുളകളാക്കി ചെറിയ പൂരിയുടെ വലുപ്പത്തിൽ പരത്തുക. അതിലേക്കു വരട്ടി വച്ചിരിക്കുന്ന സോയ മിക്ച്ചർ വയ്ക്കുക. അതിനുശേഷം അത് ഒരു കിഴിപോലെയാക്കുക. ഈ കിഴികൾ എണ്ണയിൽ മുക്കിപ്പൊരിക്കുകയോ ആവിയിൽ പുഴുങ്ങിയെടുക്കുകയോ ചെയ്യാം. 

ഡോ. ഷേർളി സുനീത്  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ