അധികം വേവിക്കാത്ത പ്രകൃതിദത്ത വിഭവങ്ങളുടെ ഒരു ചേരുവയാണ് സാലഡ്. പഴങ്ങൾ മാത്രം ഉള്ള ഫ്രൂട്ട് സാലഡ്, പച്ചിലകൾ കൊണ്ടുണ്ടാക്കുന്ന ഗ്രീൻ സാലഡ്, പച്ചക്കറികളും പഴവർഗ്ഗങ്ങളും ചേർത്തുണ്ടാക്കുന്ന മിക്സ്ഡ് സാലഡ്, മീറ്റ് ചേർത്തുണ്ടാക്കുന്ന സാലഡ് എന്നിവയെല്ലാം നമുക്ക് പരിചിതമാണല്ലോ. പച്ചമാംസം (ബീഫ്) കൊണ്ടുണ്ടാക്കുന്ന തോ പച്ച മത്സ്യം ( ട്യൂണ ) കൊണ്ടുണ്ടാക്കുന്ന സാലഡുകളും ചിലയിടങ്ങളിലെല്ലാമുണ്ട്. 17-ാം നൂറ്റാണ്ടിനു മുൻപു തന്നെ മനുഷ്യർ സാലഡുകൾ ഉപയോഗിക്കുവാൻ തുടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. അതിനുമേറെ വർഷങ്ങൾക്കു മുൻപു തന്നെ ഇതുണ്ടായിരുന്നിരിക്കണം. അക്കാലങ്ങളിൽ സാലഡുകളിൽ എണ്ണയും ചെറിയ അളവിൽ ചേർത്തിരുന്നത്രേ.
ധാരാളം നാരുകൾ അടങ്ങിയ ഒരു ഭക്ഷണമാണ് സാലഡ്. ഇത് ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനും വേനൽക്കാല ഉഷ്ണത്തിൽ നിന്നും ആശ്വാസം നൽകുന്നതിനും ഉത്തമമാണ്. മിക്ക ജീവകങ്ങളും അടങ്ങിയിട്ടുള്ള ഇതിൽ ഊർജ്ജം (കലോറി) കുറവാണെന്നത് ശരീര ഭാരം കുറയ്ക്കുന്നവർക്കും അനുയോജ്യമാണ്.
വേനൽക്കാലത്തിന് അനുയോജ്യമായ ഒരു സാലഡ് ഈ ലക്കത്തിൽ പരിചയപ്പെടുത്തുന്നു.
ചേരുവകൾ
സവാള – 1
ക്യാരറ്റ് – 1
പുളി കുറഞ്ഞ മാങ്ങ – 1
പിഞ്ചു വെള്ളരി – 1
മാതള നാരങ്ങ – 1
മല്ലിയില – 10 ഇതൾ
വിനീഗർ – 1 ടേബിൾസ്പൂൺ
ഒലിവ് ഓയിൽ – 1 ടേബിൾസ്പൂൺ
കുരുമുളക് പൊടി – 1/2 ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മാതള നാരങ്ങ, മാങ്ങ എന്നാവയൊഴിച്ചുള്ള ചേരുവകൾ എല്ലാം വളരെ ചെറുതായി അരിഞ്ഞെടുക്കുക. അതിലേയ്ക്ക് പുളി കുറഞ്ഞ മാങ്ങ ചിരണ്ടിച്ചേർക്കുക. തുടർന്ന് മാതള നാരങ്ങ അടർത്തിയെത്തത് ചേർക്കുക. ഇതിലേയ്ക്ക് വിനാഗിരിയും, ഉപ്പും, കുരുമുളക് പൊടിയും ചേർത്തിളക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഒലിവ് ഓയിൽ കൂടി ചേർക്കുകയാണെങ്കിൽ കൂടുതൽ നന്ന്. കാഴ്ചയിൽ മനോഹരവും രുചികരവുമായ സാലഡ് തയ്യാറായിക്കഴിഞ്ഞു.
ഡോ ഷേർളി സുനീത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ