ഇന്റർനെറ്റ് അഡിക്ഷൻ ഡിസോർഡർ എന്നൊരു രോഗമുണ്ടോ? ഒരു പക്ഷേ ഇതൊരു രോഗമായി ഇന്റർനാഷണൽ ക്ലാസ്സിഫിക്കേഷൻ ഓഫ് ഡിസീസസിന്റെ പതിനൊന്നാം എഡിഷനിലോ (ICD 11), ഡയഗണോസ്റ്റിക് ആൻഡ് സ്റ്റാറ്റിറ്റിക്കൽ മാനുവൽ ഓഫ് മെന്റൽ ഡിസോർഡർ അഞ്ചാം എഡിഷനിലോ (DSM 5) ഉൾപ്പെടുത്തിയിട്ടില്ല എന്നത് ഒരു സത്യം തന്നെയാണ്. ഇവ രണ്ടുമാണ് മാനസിക രോഗനിർണ്ണയത്തിനാധാരമായ അടിസ്ഥാന പുസ്തകങ്ങൾ. അതുകൊണ്ടു തന്നെ ഈ അവസ്ഥയെ ഒരു രോഗമായി നിർണ്ണയിക്കുവാൻ കഴിയില്ല. എന്നാൽ അധികം താമസിയാതെ ഇങ്ങനെയൊരു രോഗം പുതിയ പതിപ്പുകളിൽ ഇടം പിടിക്കും എന്നത് തീർച്ചയാണ്.
ഇന്റർനെറ്റിന്റെയും സാമൂഹിക മാധ്യമങ്ങളുടെയും ഉപയോഗം അനുദിനം വർദ്ധിച്ചുവരികയാണ്. 12 മുതൽ 19 വരെയുള്ള കൗമാരക്കാരും, 20 മുതൽ 29 വരെയുള്ള നവയുവത്വവും ആയിരുന്നു ഇതിനു ഇരകൾ എന്നായിരുന്നു അടുത്ത കാലം വരെയുള്ള നിഗമനം. എന്നാൽ ഇന്നിത് പ്രായഭേദമെന്യേ, ലിംഗഭേദമെന്യേ ധാരാളം ആളുകളെ സ്വാധീനിക്കുന്നു എന്ന് പറയാതിരിക്കുവാൻ കഴിയില്ല. ദിനം തോറും നമ്മെ ആസക്തരാക്കുന്നുണ്ട് ഈ മീഡിയകൾ.
ഇത് നമ്മിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാക്കുന്നു എന്ന് പരിശോധിക്കാം. നമ്മെ മറ്റുള്ളവരിൽ നിന്നും അകറ്റിനിറുത്തുന്നതിനൊപ്പം, തനിയെ ഇരുന്നു ഇന്റെർനെറ്റിലോ, സോഷ്യൽ മീഡിയയിലോ വ്യാപാരിക്കുന്നതിനായി ധാരാളം സമയം അനാവശ്യമായി ചിലവഴിക്കപ്പെടുന്നു. മറ്റുള്ളവരുടെ ജീവിത നിലവാരം നമ്മെക്കാൾ മെച്ചമാണെന്ന അബദ്ധധാരണ പലരുടേയും ആത്മാഭിമാനത്തിനു തന്നെ കോട്ടം വരുത്തുന്നു. വിഷാദത്തിനും, ആകാംഷ രോഗങ്ങൾക്കും, പ്രത്യേകിച്ച് സാമൂഹിക ആകാംഷാരോഗത്തിനും വഴിയൊരുക്കുന്നു. ഉറക്കം കുറയുകയും അനുബന്ധ രോഗങ്ങൾക്കും അപകടങ്ങൾക്കും, ജോലിയിൽ ശ്രദ്ധക്കുറവിനും കാരണമാകുന്നു. ശാരീരിക വ്യായാമം കുറയുന്നതിനോടനുബന്ധമായ രോഗങ്ങളും, അമിതവണ്ണവും ഉണ്ടാകുന്നു. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും, അവസരങ്ങളിൽ നിന്നും ഓടിയൊളിക്കുന്നതിനാൽ കരുണയെന്ന വികാരം കുറയുകയും ജീവിതത്തിലും, ബന്ധങ്ങളിലും പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഇവയെല്ലാം ഈ ആസക്തിയുണ്ടാക്കുന്ന പ്രശ്നങ്ങളുടെ ഒരു ചെറിയ ശതമാനം മാത്രമാണ്.
നമുക്ക് ആനന്ദം നൽകുന്ന ഒരു ഹോർമോണും ന്യൂറോകെമിക്കലുമായ ഡോപ്പാമിൻ ആണ് ഈ ആസക്തിക്കു കാരണം. നമുക്കിഷ്ടമുള്ള ഒരു സോഷ്യൽ മീഡിയ ആപ്പ് തുറക്കുമ്പോൾ തന്നെ തലച്ചോറിലെ ഡോപ്പാമിൻ തരംഗങ്ങൾ കൂടുവാൻ തുടങ്ങും. അത് നമ്മുടെ സന്തോഷത്തെ ഉണർത്തും. നമുക്ക് കൂടുതൽ സന്തോഷം കിട്ടുന്ന ഈ പ്രവൃത്തിയെ തലച്ചോർ ഓർത്തുവയ്ക്കുകയും, വീണ്ടും വീണ്ടും ഈ പ്രവൃത്തി ആവർത്തിക്കുവാൻ ഉപഭോക്താവിനെ പ്രേരിപ്പിക്കുകയും ചെയ്യും.
എങ്ങനെ നമുക്കിതിൽ നിന്നും തലയൂരാം എന്ന് നോക്കാം. നമ്മൾ ഏറ്റവുമധികം ഇതിനടിമയാകുന്നത് സ്മാർട്ട് ഫോൺ വഴിയാണ്. അതിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പുകൾ ഒന്നൊന്നായി ഡിലീറ്റു ചെയ്യുക എന്നതാണ് ആദ്യമാർഗ്ഗം. അത്യാവശ്യം വേണ്ടത് ലാപ്ടോപ്പ് വഴിയോ മറ്റു കമ്പ്യൂട്ടറുകൾ വഴിയോ ആകാം. ജോലി സമയങ്ങളിൽ ഫോൺ ഓഫ് ചെയ്തു വയ്ക്കുക എന്നത് അടുത്ത വഴി. സോഷ്യൽ മീഡിയ നോട്ടിഫിക്കേഷനുകൾ നിശബ്ദമാക്കി വയ്ക്കുക. നോട്ടിഫിക്കേഷനുകൾ പ്രേരകങ്ങളായി പ്രവർത്തിക്കും. നമുക്ക് ഫോൺ തുറന്നു നോക്കുവാനുള്ള വാഞ്ചയും വർദ്ധിക്കും. ഇന്റർനെറ്റിനു വേണ്ടി കൃത്യമായ സമയമൊരുക്കി വയ്ക്കുക എന്നത് മറ്റൊരു മാർഗ്ഗം. അല്ലാത്ത സമയത്ത് വിളികൾക്കു മാത്രം ഫോൺ ഉപയോഗിക്കുക. ഫോൺ, ടാബ്ലറ്റ്, ലാപ്ടോപ്പ് എന്നിവയ്ക്ക് ശയനമുറിയിലേക്കുള്ള പ്രവേശനം പൂർണ്ണമായും നിഷേധിക്കുക.
നമ്മൾ കരുതുന്നതിനേക്കാൾ ഗുരുതരമായ ഭവിഷ്യത്തുകൾ നമ്മെ തേടിയെത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കുക. തലമുറകളെത്തന്ന ഈപകടത്തിലാകുന്ന ഈ ആസക്തി ഒഴിവാക്കി, ഏറ്റവും ഉപകാരപ്രദമാക്കി സ്മാർട്ഫോണുകളെ ഉപയോഗിക്കുവാൻ ശീലിക്കുക. ഇതാകട്ടെ ഈ മാസത്തെ ചിന്ത.
ഡോ. സുനീത് മാത്യു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ