2022 മേയ് 24, ചൊവ്വാഴ്ച

പാരാവാരം-പാരായണം!


 


ഈയിടെയായി എല്ലാമാസ്സത്തിൻ്റെയും അവസാനമായെന്നറിയുന്നത് ഡോക്ടർ സുനീത് മാത്യുവിന്റെ സന്ദേശം കാണുമ്പോഴാണ്. ലേഖനത്തിന്റെ കാര്യം എന്തായി എന്ന ചോദ്യം.  ജോലിത്തിരക്കിൽ പലപ്പോഴും  മറന്നുപോകും എന്നതാണ് വാസ്തവം. ഈ സന്ദേശം കാണുമ്പോൾ ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്, ഞാൻ എന്തിനാണ് എഴുതുന്നതെന്ന്. അല്ലെങ്കിൽ വായിക്കുന്നതെന്ന്. വെറുതെ സമയം കളയാനല്ല, ഉറപ്പ്. വായിക്കുന്നവരുടെയും സമയംകളയാനില്ല. പിന്നെന്തിനാണ്?

ഒരുത്തരം മാത്രമേയുള്ളൂ. എഴുതുമ്പോൾ, നമുക്ക് എന്തൊക്കയോകൂടി പറയാനുണ്ടെന്ന തോന്നൽ. വായിക്കുമ്പോൾ, നമുക്കെന്തൊക്കയോകൂടി അറിയാനുണ്ടെന്ന തോന്നൽ. ഈയൊരു തോന്നൽ ഇല്ലെങ്കിൽ, എഴുത്തുമില്ല, വായനയുമില്ല. ഇതുരണ്ടും ഇല്ലെങ്കിൽ ജീവിതവും അതിന്റെ കൂടെ ഇല്ലാതാകുന്നു.

പുതുതായി പലതും അറിയുവാനും പറയുവാനും അനുഭവിക്കാനും ബാക്കിയുള്ളതുകൊണ്ടാണല്ലോ ഇത്രയും കഷ്ടപ്പെട്ട് നാമൊക്കെ ജീവിക്കുന്നത്. ഒരുജീവിതംകൊണ്ട് ചെയ്യാവുന്നതിന് പരിധിയുണ്ട്താനും. അപ്പോൾപ്പിന്നെ മറ്റുള്ളവർ പറയുന്നതു കേൾക്കുകയും എഴുതുന്നതു വായിക്കുകയും, പറ്റുമെങ്കിൽ പുതിയജീവിതങ്ങളും അനുഭവങ്ങളും എഴുതിയുണ്ടാക്കുകയുമാണ് ചെയ്യാൻ കഴിയുന്നത്.

വായനയെക്കുറിച്ചു പലരും പലതും പറഞ്ഞുവച്ചിട്ടുണ്ടെങ്കിലും ഏറ്റവും ഹൃദ്യമായി തോന്നിയത് ഇതാണ്;

“A reader lives a thousand lives before he dies . . . The man who never reads lives only one.”

ഒരു വായനക്കാരൻ മരിക്കുന്നതിന് മുൻപ് ഒരായിരം ജീവിതങ്ങൾ ജീവിക്കുന്നു…വായിക്കാത്തവനോ വെറും ഒന്ന് മാത്രം.

എന്നെ വായിക്കുന്ന നിങ്ങൾ കുറച്ചു നേരത്തേക്കെങ്കിലും എൻ്റെ ചിന്തകളിലൂടെ ഞാനായി മാറുന്നു. നിങ്ങളെ വായിക്കുന്ന ഞാനും അതുതന്നെ ചെയ്യുന്നു. നിങ്ങളിലൂടെ സഞ്ചരിക്കുന്ന ഞാൻ കുറേ നേരത്തേക്കെങ്കിലും എന്നെ മറക്കുന്നു, എൻ്റെ ജീവിതവും. പുതിയ അനുഭവങ്ങളിലൂടെ, രീതികളിലൂടെ, ചിന്തകളിലൂടെ കുറച്ചുനേരം ഞാൻ നിങ്ങളായിപ്പോകുന്നു. കൂട്ടത്തിൽ പറയട്ടെ സർഗ്ഗാത്മകമായ എഴുത്തുകളുടെ വായനയാണ് ഇവിടെ കൂടുതലും വിവക്ഷിക്കുന്നത്. എന്നിരുന്നാലും വായിക്കുന്നത് ‘ഫിക്ഷൻ’  ആയാലും ‘നോൺ-ഫിക്ഷൻ’ ആയാലും ഈ യാത്രതന്നെയാണ്. പുതിയത് തേടിയുള്ള പ്രയാണം! ആ യാത്രയുടെ സന്തോഷം വീണ്ടും വീണ്ടും അവിടെയെത്തിക്കാൻ പ്രേരണ നൽകുന്നു.

എഴുതുമ്പോഴും ഇതുതന്നെയാണ് സ്ഥിതി. തൻ്റെ തന്നെ അനുഭനങ്ങളിലൂടെയോ അല്ലെങ്കിൽ ഭാവനയിലൂടെയോ, അറിവിലൂടെയോ ഉള്ള യാത്ര ആന്ദകരമാണ്. പുതിയതുണ്ടാക്കുമ്പോഴുള്ള പേറ്റുനോവ്. ഹോ…അതൊന്നനുഭവിക്കുകതന്നെ വേണം.  ഒരിക്കലെങ്കിലും.

ബഷീറിനെയും, തകഴിയേയും, മാധവിക്കുട്ടിയെയെയും, മുകുന്ദനെയും, എംടിയെയും, ചെക്കോവിനെയും, ടോൾസ്റോയിയെയും, ടോണി മോറിസനെയും, ടാഗോറിനെയുമൊക്കെ നാം സ്നേഹിച്ചുപോകുന്നത് അവർ പകർന്നുതന്ന അവാച്യമായ അനുഭൂതികൾ കൊണ്ടുതന്നെയാണ്. ഒരായിരം കഥാപാത്രങ്ങളുടെ ജീവിതസന്ധികളിലൂടെ കടന്നുപോയി, അവരുടെ ജീവിതം ജീവിച്ച്, ജീവിതം പഠിച്ചവരാണ് നമ്മൾ വായനക്കാർ. എഴുത്തുകാരോ, ഒരായിരം കഥാപാത്രങ്ങളെ സൃഷ്ടിച്ചു ജീവിതം പഠിച്ചവരും പഠിപ്പിച്ചവരുമാണ്. വായനകൊണ്ടും എഴുത്തുകൊണ്ടും ലഭ്യമാകുന്നത് വെറും വിനോദം മാത്രം അല്ലെന്നതാണ് സത്യം.

കൂടുതൽ വായിക്കുന്നവരെ ബുദ്ധിജീവികൾ എന്നു വിളിക്കാറുണ്ട് നമ്മുടെ നാട്ടിൽ. അതിൽ കുറച്ചൊക്കെ കാര്യം ഉണ്ട് എന്നാണ് ബ്രെയിൻ സയൻസ് ഗവേഷകർ പറയുന്നത്. വായിക്കുന്നവരുടെ തലച്ചോർ കൂടുതൽ ജോലിചെയ്യുന്നു, ഉഷാർ ആയിരിക്കുന്നു. വായിക്കുന്നവർ കൂടുതൽ  സന്തോഷം ഉള്ളവരത്രെ! കാണുന്നതിലും കേൾക്കുന്നതിലും കൂടുതൽ തലച്ചോറിലെ ന്യൂറോണുകൾ നാം വായിക്കുമ്പോൾ കത്തിക്കയറുന്നു, തലകുത്തിമറിയുന്നു എന്നാണ് തലച്ചോർ ശാസ്ത്രത്തിൽ വൈദഗ്ദ്ധ്യം നേടിയവർ പറയുന്നത്! എഴുതുമ്പോഴും അങ്ങനെതന്നെയാണെന്നാണ് എൻ്റെ അനുഭവം. വായിക്കുന്നവരും എഴുതുന്നവരും ഈ വകുപ്പിൽ ചുളുവിൽ ബുദ്ധിജീവികളാകുന്നു. ശരിക്കും അക്ഷരം കൂട്ടിവായിക്കാനറിയുന്ന ആർക്കും കഴിയുന്നകാര്യമാണിത്. വായനാശീലം ഉണ്ടാക്കിയെടുത്താൽ മാത്രം മതിയാകും. കൂടുതൽ വായിക്കുന്നവർക്ക് എഴുതാതിരിക്കാനാകില്ല എന്നതാണ് അനുഭവം.

ബിഎ ക്കും എംഎ ക്കും ഒക്കെ ‘വായിക്കുന്നു’ എന്ന് പഴമക്കാർ പറയുന്നത് വെറുതെയല്ല. നമ്മുടെ സർവ്വകലാശാലകളിൽ പണ്ടൊരു തസ്തികയുണ്ടായിരുന്നു. റീഡർ (വായനക്കാരി/വായനക്കാരൻ). ഇപ്പോഴത്തെ അസ്സോസിയേറ്റ് പ്രൊഫസറിനു തുല്യമായ പദവി. വിദ്യാഭാസവും അധ്യാപനവും എല്ലാം വായന തന്നെ. 

Natalie Phillips എന്ന ഇഗ്ലീഷ് ഗവേഷകയുടെ പഠനത്തിൽ മനസ്സിലായത് വെറുതെയങ്ങു വായിച്ചുപോകുന്നതിലും തലച്ചോറിനു നന്ന് മനസ്സിരുത്തി വായിക്കുന്നതാണ്. മനസ്സിരുത്തിയുള്ള പരന്നവായന നിങ്ങളെ നല്ലവളാക്കും (നല്ലവനും), കൂടുതൽ സഹനശക്തിയുള്ളവരാക്കും. എന്ത് അനിശ്ചിതത്വത്തെയും നേരിടാൻ പ്രാപ്തരാക്കും. മറ്റുള്ളവരെ കൂടുതൽ മനസ്സിലാക്കുന്നവരും, സഹാനുഭൂതിയും അനുകമ്പയും ഉള്ളവരും ആക്കിത്തീർക്കും. മനഃക്ലേശം കുറയ്ക്കും, ഓർമ്മശക്തി കൂട്ടും, മറവി രോഗങ്ങൾ മാറ്റി നിർത്തും, സര്‍ഗ്ഗവൈഭവം കൂട്ടും. ‘ആനന്ദലബ്ധിക്കിനിയെന്തുവേണം’ അല്ലേ? ഈ പറഞ്ഞതൊന്നും ഞാൻ പറയുന്നതല്ല, ഗവേഷണം നടത്തി കണ്ടെത്തിയതാണ്. അതുകൊണ്ട്തന്നെ വിശ്വാസയോഗ്യമാണ്‌. സംശയമുള്ളവർക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ്. പശ്ചാത്തപിക്കേണ്ടിവരില്ല, തീർച്ച.

പുസ്തകം കണ്ടാൽ തന്നെ ഉറക്കം വരുന്നവരെയും കണ്ടിട്ടുണ്ട്. നന്നായി ഉറങ്ങാൻ ഉപകരിക്കുമെങ്കിൽ അതും വായനയുടെ ഗുണമായി ഗണിക്കാം.

അപ്പോൾ പറഞ്ഞു വന്നത് നിങ്ങൾ ഒരുവർഷം ഒരു പത്തു പുസ്തകങ്ങളെങ്കിലും വായിച്ചാൽ ബുദ്ധികൂർമ്മതയുണ്ടാകും എന്നതിലുപരി ആരോഗ്യമായി സന്തോഷത്തോടെ വളരെ വർഷങ്ങൾ ജീവിക്കും എന്നതുതന്നെയാണ്.

സമുദ്രംപോലെ വിശാലമായ വായനയുടെ കയങ്ങളിലേക്കിറങ്ങുന്നതിലും വലിയ ആനന്ദം എന്തിരിക്കുന്നു!

നിങ്ങൾ ഇപ്പോഴും ഇതുവായിച്ചിരിപ്പാണോ? ഒരുപുസ്തകം എടുക്കണം, വായിക്കണം (ഇതിവൃത്തത്തിന്റെ ഈ ലക്കം വായിച്ചു കഴിഞ്ഞു മതി കേട്ടോ :).


സുമേഷ് രാമചന്ദ്രൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ