2022 മേയ് 24, ചൊവ്വാഴ്ച

അഗ്നിയിൽ വേവാത്ത പൂവ്


 സ്കൂൾ മുറ്റം ഉത്സവഛായയോടെ അലങ്കരിക്കപ്പെട്ടിരുന്നു. നിറഞ്ഞ സദസ്സിന്റെ കയ്യടികൾക്കിടയിലൂടെ ദേവാനന്ദൻ വേദിയിലേക്കാനയിക്കപ്പെട്ടു. സ്വതസിദ്ധമായ പുഞ്ചിരിയോടെ അദ്ദേഹം സദസ്സിലേക്കു കണ്ണോടിച്ചു. ദേശീയ പുരസ്‌കാരജേതാവിന്റെ യാതൊരു ഭാവവാഹാദികളുമില്ലാതെ.

തന്റെ പിതാവ് ജോലിസംബന്ധമായി ഈ നാട്ടിലുണ്ടായിരുന്ന രണ്ടു വർഷം പഠിച്ച വിദ്യാലയത്തിലാണ് ഇന്ന് ദേവാനന്ദൻ ക്ഷണിക്കപ്പെട്ടിരിക്കുന്നത്. തെളിച്ചം കുറഞ്ഞ ഓർമ്മകളിലെ സ്കൂൾ മുറ്റവുമായി യാതൊരു ബന്ധവും ഇപ്പോൾ കാണാനില്ലെന്ന് ഒരു മൃദുവ്യഥയോടെ അദ്ദേഹമോർത്തു.

“ബഹുമാന്യരെ” അദ്ധ്യക്ഷൻ പറഞ്ഞു തുടങ്ങി

“ഒരസുലഭമുഹൂർത്തത്തിനു സാക്ഷികളാകാൻ തെരഞ്ഞടുക്കപ്പെട്ടവരാണ് നാമോരോരുത്തരും. ദേശീയ പുരസ്‌കാര ജേതാവും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ ദേവാനന്ദനെ ആദരിക്കാൻ ഭാഗ്യം ചെയ്തവരാണു നമ്മൾ. എത്രയോ വർഷങ്ങളായി മലയാള സാഹിത്യത്തിന്റെ തിരുമുറ്റത്ത് സുഗന്ധം വിരിയിച്ച സൃഷ്ടികൾ നടത്തിയ ഇദ്ദേഹത്തെയാദരിക്കാൻ ഇത്രയും നാൾ കഴിയാതിരുന്നത് മാപ്പർഹിക്കാത്ത തെറ്റെന്നേറ്റുപറഞ്ഞുകൊണ്ട് നിറഞ്ഞ കയ്യടികളോടെ ഈ ചടങ്ങിലേക്ക് നമുക്ക് സ്വാഗതം ചെയ്യാം.”

പ്രാസംഗീകരുടെ വാക്കുകളിലൂടെ ദേവാനന്ദനെക്കുറിച്ച്, അദ്ദേഹത്തിന്റെ രചനകളെക്കുറിച്ച് സദസ്സ് കൂടുതൽ കൂടുതലറിഞ്ഞു.

അവസാനത്തെ ആശംസാ പ്രസംഗത്തിനായി സ്കൂളിന്റെ പ്രധമാദ്ധ്യാപിക ഗോപികാ ദാസ് എഴുന്നേറ്റു.

“വേദിയിലും സദസ്സിലുമിരിക്കുന്ന എല്ലാവർക്കും എന്റെ നമസ്കാരം. ഇവിടെ വരാമെന്നേറ്റിരുന്നയാളിന്റെ പെട്ടെന്നുണ്ടായ അസൗകര്യമാണ് ആശംസാ പ്രസംഗത്തിലേക്കെന്നെയെത്തിച്ചത്.”

“ഞാനൊരു കഥ പറഞ്ഞുകൊണ്ട് തുടങ്ങാം. പഠിച്ചു കൊണ്ടിരിക്കേ വിവാഹത്തിനു സമ്മതിക്കേണ്ടിവന്ന ഒരു നാട്ടിൻപുറത്തുകാരിയുടെ കഥ. സുമുഖനായ ചെറുപ്പക്കാരൻ, നല്ല വിദ്യാഭ്യാസം, ജോലി.  അവൾക്കൊരു നിബന്ധനയേയുള്ളായിരുന്നു. വിവാഹത്തിനു ശേഷവും പഠനം പൂർത്തിയാക്കണം, ഒരു ജോലി നേടണം.

എന്നാൽ ആദ്യരാത്രിയിൽത്തന്നെ അവളുടെ ആഗ്രഹങ്ങൾക്കുമേൽ ലിംഗമേധാവിത്വത്തിന്റെ ഉഗ്രശാസനം. തന്റെ ഭാരിച്ച സ്വത്തിനനന്തരാവകാശികളുണ്ടാവാനും അവരെ പോറ്റി വളർത്താനും തന്റെ കാര്യങ്ങൾ നോക്കാനുമാണ് കല്യാണം കഴിച്ചതെന്നു ഭർത്താവ് തുറന്നടിച്ചപ്പോൾ, വീണുടഞ്ഞ സ്വപ്നങ്ങളിൽ തട്ടി ചോരയൊലിപ്പിച്ചിരി ക്കാൻ അവൾ തയ്യാറല്ലായിരുന്നു. ഒരു ദിവസത്തെ പോലും ആയുസ്സ് തികയാത്ത ദാമ്പത്യത്തെ ഒരു ദു:സ്വപ്നം പോലെ കുടഞ്ഞെറിഞ്ഞ് അവൾ ഭർതൃഗൃഹത്തിന്റെ പടികളിറങ്ങി.”

“രണ്ടു കയ്യും നീട്ടി സ്വീകരിച്ച മാതാപിതാക്കളായിരുന്നു അവളുടെ ശക്തി.”

“അന്നവൾ തിരികെ വരാതിരുന്നെങ്കിൽ ഇന്ന് ഈ സ്കൂളിന്റെ പ്രധമാദ്ധ്യാപിക മറ്റൊരാളായിരുന്നേനെ”

സദസ്സിൽ നിന്നും നിർത്താത്ത കരഘോഷം. ദേവിക തുടർന്നു,

“മാറു മറയ്ക്കാൻ നികുതിയടക്കേണ്ടി വന്ന ഒരു സ്ത്രീ സമൂഹം, സമത്വത്തിന്റെ ഈ നവനാൽക്കവലയിൽ ചർച്ചയല്ലാതായിട്ട് കാലമേറെയായി. പൂർണ്ണമായ സ്ത്രീ സമത്വമെന്നതിപ്പോഴും ഒരു മരീചികയാണെന്ന തിരിച്ചറിവ്, അതിശ്തമായ ഭാഷയിൽ “അഗ്നിയിൽ വേവാത്ത പൂവ്” എന്ന തന്റെ നോവലിലൂടെ അനുവാചകരിലേക്കെ- ത്തിച്ചിരിക്കുകയാണ് ശ്രീ ദേവാനന്ദൻ. സ്ത്രീ സമത്വമെന്ന സുന്ദരമായ സങ്കൽപ്പം തന്റെ മിക്ക സൃഷ്ടികളിലും വിഷയമാവുകയും അതു  വായനക്കാർ സ്വീകരിക്കുകയും ചെയ്യുന്നത് സമൂഹം ഈ വിഷയത്തിനു നൽകുന്ന പ്രാധാന്യമാണ് കാണിക്കുന്നത്.”

“ശ്രീ ദേവാനന്ദന്റെ സ്ഥാനത്ത് ഒരു സ്ത്രീ യാണിങ്ങനെയെഴുതുന്നതെങ്കിൽ അവൾ ഒരു സ്ത്രീപക്ഷയെഴുത്തുകാരിയെന്നാവും അറിയപ്പെടുക. എന്നാൽ ഇദ്ദേഹത്തെയാരും സ്ത്രീപക്ഷയെഴുത്തുകാരനെന്നു വിശേഷിപ്പിക്കില്ല. നാമാർജ്ജിച്ചുവെന്നു നമ്മെ വിശ്വസിപ്പിച്ച, നാം വിശ്വസിച്ച സ്ത്രീ സമത്വത്തിന്റെ യഥാർത്ഥയവസ്ഥ, വരികൾക്കിടയിൽ വായിച്ചുബോദ്ധ്യപ്പെ ടേണ്ടിയിരിക്കുന്നു.”

ഒന്നു നിർത്തിയിട്ട് അവർ അവസാനിപ്പിച്ചു,

“ദേശീയ പുരസ്‌കാരജേതാവായ ശ്രീ ദേവാനന്ദനെ അഭിനന്ദിക്കുന്നതോടൊപ്പം, ഒരിക്കലുമുണങ്ങാത്ത ആ തൂലികത്തുമ്പിൽ നിന്നും പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകൾക്കു വേണ്ടി സംസാരിക്കുന്ന അക്ഷരങ്ങൾ ഇനിയുമിനിയും പിറക്കട്ടെയെന്നുമാശം- സിച്ചു കൊണ്ട് നിർത്തുന്നു. നന്ദി.”

ചടങ്ങ് അതിന്റെ  പൂർണ്ണതയിലേ- ക്കെത്തുംമുമ്പ് ദേവാനന്ദന്റെ മറുപടി പ്രസംഗം.

“സമൂഹമെന്നത് വിളക്കെണ്ണയാണ്. അതിലൊരു തിരിയിട്ട് കത്തിക്കുകയാണ് എഴുത്തുകാരൻ ചെയ്യുന്നത്. തിരി നന്നെങ്കിൽ അതു നന്നായിക്കത്തും. ക്ളാവു പിടിക്കാത്ത നിലവിളക്കെങ്കിൽ അതു ചുറ്റും പ്രകാശം പരത്തും.”

“എന്നാൽ ഇടക്കിടക്ക് ആ തിരി നീട്ടിക്കൊടുത്തില്ലെങ്കിൽ കരിന്തിരി കത്തി, പ്രകാശമന്യമാവും. അപ്പോഴും വിളക്കെണ്ണ വറ്റുന്നില്ലയെന്നോർക്കണം. “

“ഇത്രയും കാലം ഞാൻ ശ്രദ്ധയോടെ നീട്ടിക്കൊണ്ടിരുന്ന എന്റെ തിരികൾ ഇന്നിവിടെ തീർന്നു പോയിരിക്കുന്നു. വൈകിയെത്തിയ തിരിച്ചറിവുകൾ പുതിയ തിരികൾക്കയിത്തം കല്പിച്ചിരിക്കുന്നു. തണുത്തുറഞ്ഞ കാൽപ്പനികതയെ നേരിന്റെ വെയിൽച്ചൂടു കൊണ്ടിനിയുരുക്കുവാനാവില്ല. കാലത്തിന്റെ കാവ്യനീതിയാവാം.”

“ഈ ആദരവിനു നന്ദി. എഴുത്തുകാരന്റെ ആടയാഭരണങ്ങളഴിച്ചുവച്ച് ഒരു സാധാരണ മനുഷ്യനായി ഞാൻ പടിയിറങ്ങുന്നു. എല്ലാവർക്കും നല്ലതു വരട്ടെ.”

സ്തബ്ധമായ വേദി വിട്ട്, നിശ്ശബ്ദമായ സദസ്സിലൂടെ ദേവാനന്ദൻ തിരികെ നടന്നു. ഇളവെയിലിൽ വാടിയ പൂവു പോലെ.


അനിൽ കുമാർ എം ബി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ