ഈയടുത്ത് ഓസ്കാർ വേദിയിലെ അടി നിങ്ങൾ കണ്ടിട്ടുണ്ടാകും. എല്ലാ തൊഴിലിടങ്ങളിലും സൂക്ഷിച്ചില്ലെങ്കിൽ ഇതുതന്നെയാണ് സ്ഥിതി. വാക്കിലും നോക്കിലും പോക്കിലുമൊക്കെ ഒന്ന് മനസ്സിരുത്തുന്നത് നല്ലതാണ്. അല്ലെങ്കിൽ അടിയൊ തൊഴിയോ ഉറപ്പാണ്. കൊടുക്കുന്നവനും വാങ്ങുന്നവനും പോലും അറിഞ്ഞെന്നുവരില്ല, എന്തിനാണെന്ന്. കിട്ടിയാൽ വെറുതേ ഇളിച്ചുകൊണ്ടുനിൽക്കാം എന്നുമാത്രം. തിരിച്ചടിച്ചാൽ സിനിമയിലാണെങ്കിൽ കയ്യടികിട്ടും. ജീവിതത്തിലാണെങ്കിൽ കേസ്, വഴക്ക്, പണനഷ്ടം, മാനഹാനി. അടികൊണ്ടവൻ ജയിലിൽ ആയാലും മതി. അടിയുടെ മനഃശാസ്ത്രമോ തത്വശാസ്ത്രമോ നീതിശാസ്ത്രമോ അല്ല ഇന്ന് പറയാൻ ഉദ്ദേശിക്കുന്നത്. എൻ്റെ തൊഴിലിൽ അടി കിട്ടിയേക്കാമായിരുന്ന ചില സാഹചര്യങ്ങളെക്കുറിച്ചാണ്.
അധ്യാപനം ഒരു പാവനമായ തൊഴിലാണെന്നാണ്, ഇപ്പോഴും, എല്ലായിപ്പോഴുമുള്ള ഒരു ചിന്ത. അത് കുറെയൊക്കെ ശരിയാണുതാനും. ഞാൻ വളരെ നാളുകളായി യൂണിവേഴ്സിറ്റി/കോളേജ് അധ്യാപകനാണ്. കുറച്ചുനാൾ ഇന്ത്യയിലും ഇപ്പോൾ കൂടുതൽനാളുകളായി ഇന്ത്യക്ക് പുറത്തും ജോലി നോക്കുന്നു. ബിരുദ-ബിരുദാനന്തരതലത്തിലുള്ള ബിസിനസ് കോഴ്സുകളാണ് പഠിപ്പിക്കുന്നത്. പല രാജ്യങ്ങളിലും ജോലിനോക്കി. പത്തുനൂറു രാജ്യങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളെ പഠിപ്പിച്ചിട്ടുണ്ടാകും. പല രാജ്യങ്ങളിലും പല അനുഭവങ്ങളാണ്. പക്ഷെ എല്ലാ രാജ്യങ്ങളിലും അധ്യാപനത്തിന്റെ രീതികളൊക്കെ ഏകദേശം ഒരുപോലെ തന്നെ. പറയാനുള്ളത് പറയുന്നു, കേൾക്കേണ്ടവർ കേൾക്കുന്നു, അറിയേണ്ടവർ ചോദിക്കുന്നു, വേണ്ടാത്തവർ പോകുന്നു, അങ്ങനെ, അങ്ങനെ.
അതിൽനിന്നെല്ലാം വ്യത്യസ്‌തമായ ഒരനുഭവമായിരുന്നു നമ്മുടെ നാട്ടിലെ കോയമ്പത്തൂർ നഗരത്തിനടുത്തുള്ള ഒരു കോളേജിൽ അധ്യാപകനായിരുന്നപ്പോഴുണ്ടായത്. നല്ല പേരുകേട്ട കോളേജാണ്. എല്ലാ പ്രധാന കോഴ്സുകളും നടത്തുന്ന സ്ഥാപനം. എനിക്ക് എംബിഎ, ബിബിഎ കോഴ്സുകൾക്കാണ് പഠിപ്പിക്കേണ്ടത്. നല്ലകുട്ടികൾ. എല്ലാം നന്നായിരുന്നു. ഒരു ക്ലാസ് ഒഴികെ. ബിബിഎ അവസാന വർഷം പഠിക്കുന്നവരുടെ ഒരു ചെറിയ ക്ലാസ്. പക്ഷെ അതിനുള്ളിലുള്ളതൊക്കെ വലിയ പുള്ളികൾ. അടി, പിടി, തല്ല്, കുടി, കുത്ത് ഇത്യാദി കലാസാംസ്കാരിക സമ്പ്രദായങ്ങൾ കുടിൽവ്യവസായം പോലെ കൊണ്ടുനടക്കുന്ന ചില ‘കുട്ടികൾ’ ചിലപ്പോഴൊക്കെ ഇരിക്കാറുള്ള (പഠിക്കാറുള്ള എന്ന് പറഞ്ഞാൽ അധികപ്രസംഗമാകും) ക്ലാസ്സാണ്.
കുറച്ചുനാൾ മുൻപ് ലവന്മാർ മറ്റേതോ ക്ലാസ്സിൽ ‘ഇരിക്കുന്ന’ ചിലരുമായുള്ള ചെറിയൊരു ‘കൂടിക്കാഴ്ചക്കു’ മധ്യസ്ഥം വഹിക്കാൻ പോയ നാഗർകോവിലുകാരനായ പ്രിൻസിപ്പാളിന്റെ പരിപ്പിളകുന്നത് കണ്ടതിനുശേഷമാണ് ഒരുൾക്കിടിലം. നെറ്റിയിൽ നിന്ന് ചോരയൊലിച്ചു കണ്ടംവഴി ഓടിയ ടിയാന്റെ ചിത്രം ഇടക്കൊക്കെ മനസ്സിലേക്ക് വെറുതേ കേറിവരും. പ്രിൻസിപ്പാളിന്റെ സ്ഥിതി ഇതാണെങ്കിൽ ഒരു പീറ ലെക്ചററെ എന്ത് ചെയ്യുമായിരിക്കും? എന്തും ചെയ്യാം! തൊഴികിട്ടാതെ തൊഴിൽ ചെയ്യണമെങ്കിലും യോഗം വേണം എന്ന നിലയിലായിരുന്നു കാര്യങ്ങൾ.
ഭാഗ്യത്തിന് എനിക്ക് ഈക്ലാസ്സിൽ ‘ശിക്ഷ-ണത്തിന്’ പോകേണ്ടിയിരുന്നില്ല. ‘ഭീകരവാദികളെ’ മെരുക്കാൻ പരിശീനം ലഭിച്ച ചില അധ്യാപകർ മാത്രമേ ആ പരിസരത്തു പോകാറുള്ളൂ. പക്ഷെ ഒരുദിവസം ഈ ജനുസിൽപ്പെട്ട അധ്യാപക ശിരോമണികൾ അവധിയിലോ അല്ലെങ്കിൽ മറ്റു ക്ലാസ്സുകളിലോ ആയിപ്പോയി. ഈ ക്ലാസ്സിൽ പോകാൻ ആളില്ല. ഞാനാണെങ്കിൽ എന്തിനും തയ്യാറായപോലെ ഇരിക്കുന്നതുകണ്ട HOD (വകുപ്പ് തലൈവി) എന്നെ വെറുതെ പ്രോത്സാഹിപ്പിച്ചു യുദ്ധഭൂമിയിലേക്കയച്ചു. വിജയശ്രീലാളിതനായി ‘തിരികെ’ വരാൻ ആശംസിച്ചു. മിണ്ടാട്ടം വേണ്ട, വെറുതെ നിന്ന് ഒരു മണിക്കൂർ തികച്ചാൽമതി എന്നൊരുപദേശവും. ഒരു മണിക്കൂർ ‘ചലഞ്ച്.’
ഇങ്ങനെയൊരു ക്ലാസ്സ്മുറി അതിനു മുൻപും പിൻപും കാണുമാറായിട്ടില്ല. ഞാനൊരുത്തൻ മുന്നിലുണ്ടെന്നു കൂസാതെ ലവന്മാരും ലവളുമാരും ഒരേ കലാപം. ഒരുവിധം ഹാജർ രേഖപ്പെടുത്തി. ഇടക്ക് കേട്ട അട്ടഹാസത്തിനെയും പരിഹാസത്തിനെയും ഞാൻ അതിൻ്റെ വഴിക്കുതന്നെ വിട്ടു. വെറുതേ കേറിപിടിച്ചിട്ടെന്തിനാ! മിണ്ടാട്ടം വേണ്ട എന്നതിലെ ഗുട്ടൻസ് അപ്പോഴാണ് പിടികിട്ടിയത്. മിണ്ടിയാൽ എനിക്കുപോലും കേൾക്കാവാത്തത്രയും ശബ്ദകോലാഹലമുഖരിതമാണ് പ്രദേശം. തമിഴും മലയാളവും ഇംഗ്ലീഷും വാക്ശരങ്ങൾ ഇടവപ്പാതിയിലെ കൊടിയ മഴപോലെ പെയ്തിറങ്ങുന്നു. ഇടക്ക് ഇടിയും മിന്നലും. മിന്നൽ വെളിച്ചത്തിൽ മിണ്ടാട്ടമില്ലാതെ ബോധിവൃക്ഷചുവട്ടിലെ ബുദ്ധനെപ്പോലെ നിർവികാരനായി ഞാൻ നിൽക്കുന്നത് കാണാം. ഇരുന്നില്ല. ഇടക്ക് ഇറങ്ങി ഓടേണ്ടി വരുകയാണെങ്കിൽ നിൽക്കുന്നതാണ് ഉത്തമമെന്ന് തോന്നി. ഒരുദിവസത്തോളം നീളമുണ്ടായിരുന്ന ആ ഒരുമണിക്കൂർ എങ്ങനെയോ അവിടെ അവസാനിച്ചു. അന്ന് തൊഴികിട്ടാതെ രക്ഷപെട്ടു. പിന്നെ ആഭാഗത്തേക്കു പോകാനുള്ള ദുർവിധിയുണ്ടായില്ല.
പക്ഷെ ഇതിലും വലുത് വരാൻ ഇരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.
വിനാശകാലേ വിപരീതബുദ്ധി എന്ന് അറിവുള്ളവർ പറഞ്ഞത് വകവയ്ക്കാതെ ശമ്പളത്തിൽ കുറച്ചു മിച്ചംപിടിക്കാം എന്ന തെറ്റിദ്ധാരണയിൽ ഞാൻ കോളേജുവക ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് താമസം മാറിയസമയം. കുട്ടികൾക്ക് സ്നേഹാദരബഹുമാനമായിരിക്കുമെന്ന് കരുതിയ നിർമലമായ ആദ്യദിനങ്ങൾ. പിന്നെ മലവും മൂത്രവുമൊക്കെ കണികാണേണ്ടിവന്നത് ഉപകഥകൾ. ‘ചെറിയ’ ബിബിഎ ക്ലാസ്സിലെ ലവന്മാരുടെ കൊള്ളസങ്കേതമായിരുന്നു ഹോസ്റ്റലെന്നു വൈകിയാണ് മനസ്സിലാകുന്നത്.
ആയിടക്കാണ് കോളേജ് ഡേ തിമർത്താടുന്നദിനം വന്നെത്തിയത്. ഇതവൻമ്മാരുടെ ദിവസ്സമാണ്. രാത്രിയിലാണാഘോഷം. കോളേജ് ഡേയുടെ അവസാനം രാത്രി ഇവർക്ക് ക്യാമ്പസ്സിൽ തന്നെ ആമോദിക്കാൻ അനുവാദമുണ്ട്. ആഘോഷമെന്നാൽ അറിയാമല്ലോ. ക്യാമ്പസ്സിനകത്തുതന്നെയാണ് ഹോസ്റ്റൽ. അതിനാൽ ഇതൊന്നും കാണാതിരിക്കാൻ നിവൃത്തിയില്ല.
കോളേജുഡേ കഴിഞ്ഞു, വെടിക്കെട്ടുതുടങ്ങി. ചുറ്റിലും പൂക്കുറ്റികൾമാത്രം. ചെറിയക്ലാസ്സിലെ ലവൻമ്മാർ ക്ലാസ്സിനകത്താണെങ്കിൽ ബുദ്ധിമാത്രമേ ഇല്ലാതുള്ളായിരുന്നു. ബോധം ഉണ്ടായിരുന്നു. ഇതിപ്പോൾ രണ്ടുമില്ലാത്ത അവസ്ഥയിലാണ്. ഇവൻമ്മാരെ മൈൻഡ്‌ചെയ്യാനുള്ള രണ്ടുമൂന്ന് അധ്യാപകരുടെ കൂട്ടത്തിൽ ഞാനും. സാറ് ഹോസ്റ്റലിലാണല്ലോ എന്ന ന്യായം. ന്യൂക്ലീർ ഫിഷൻ പോലെ വേഗത്തിൽ പടരുന്ന ആവേശം. ചെയിൻ പ്രതികരണങ്ങൾ. ഇതിനിടയിൽ കൂടെയിണ്ടായിരുന്ന അധ്യാപകർ രാജ്യം വിട്ടു. ലവന്മ്മാരും ഞാനും മാത്രമായി. മിണ്ടാതെ, ഉരിയാടാതെ, പത്മവ്യൂഹത്തിനകത്തു പകച്ചുനിൽക്കുന്ന അഭിമന്യുവിനെപ്പോലെ എന്ത് ചെയ്യണമെന്നറിയാതെ ഞാൻ. നിയമവാഴ്ചയില്ലാത്ത രാജ്യത്തെ വിവരമില്ലാത്തവന്റെ കയ്യിൽ AK-47 കിട്ടിയതുപോലെ ലവൻമ്മാർ. ആ സമയത്തു തൊഴിമാത്രമേ കിട്ടുള്ളൂ എന്നുപറഞ്ഞിരുന്നുവെങ്കിൽ ഞാൻ നോബൽ സമ്മാനംപോലെ സ്വീകരിച്ചേനെ. കുടിച്ചുകൂത്താടുന്ന കുടികാരപ്പയലുകൾക്കു എന്നെ മൈൻഡ്‌ചെയ്യാൻ സമയമില്ലായിരുന്നതുകൊണ്ടു വർഷങ്ങൾക്കുശേഷം ഇതെഴുതാൻ പറ്റി. ഇടക്ക് ഡപ്പാങ്കുത്ത് ഡാൻസ് കളിക്കാൻ എന്നെയും വിളിച്ചു. ഞാൻ ഇളിച്ചുമാത്രംകാണിച്ചു. കളിച്ചുകാണിച്ചിരുന്നെങ്കിൽ ഡപ്പാങ്കുത്ത് എൻ്റെ നെഞ്ചത്താകുമായിരുന്നു. രാത്രി ഏറെ വൈകി പൂരം കഴിഞ്ഞു. കൊടിയിറങ്ങി. എങ്ങനെയോ കിട്ടിയ ജീവനും കൊണ്ട് ഞാൻ ഹോസ്റ്റൽ മുറിയിലെത്തി കതകടച്ചു കുറ്റിയിട്ടു. യുദ്ധം കഴിഞ്ഞ ശവപ്പറപ്പുപോലെ ഹോസ്റ്റൽ മന്ദിരം രാത്രിയിലുടനീളം ശബ്‍ദമുഖരിതമായിരുന്നു. എൻ്റെ മുറിക്കുമുന്നിലും ചില അപശബ്ദങ്ങൾ കേട്ടുവെങ്കിലും ഞാൻ പിന്നെ ഒന്നും മൈൻഡ് ചെയ്യാൻ പോയില്ല, ഉറക്കത്തിനെപ്പോലും.
രാവിലെ തുറന്നമുറിയുടെ മുന്നിൽ എന്നെയും തേടിയിരുന്ന സമ്മാനപ്പൊതിയും പുണ്യാഹവും കണ്ടറച്ച് അന്നുതന്നെ ഹോസ്റ്റൽ വിട്ട് ഇറങ്ങിയതാണ്. പിന്നെയൊരിക്കലും ഹോസ്റ്റൽ വാസം വേണ്ടിവന്നില്ല. ‘സമ്മാനങ്ങളും’ സ്വീകരിക്കേണ്ടിവന്നില്ല. പിന്നെ പല രാജ്യങ്ങളിൽ ജോലിയെടുത്തെങ്കിലും ഇതുപോലൊരനുഭവമുണ്ടായില്ല. തൊഴികിട്ടാതെ ഇതുവരെയും തൊഴിൽ ചെയ്യാനായി! ക്ലാസ്സുകളിൽ അധികം കോമഡികൾ പറയാതിരുന്നത് നന്നായി. അല്ലെങ്കിൽ ഓസ്കാർ വേദിയിൽ അടികൊണ്ട് ഇളിച്ചുനിന്ന ക്രിസ് റോക്കിനെപ്പോലെയായേനെ.
സുമേഷ് രാമചന്ദ്രൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ