2022 ഏപ്രിൽ 27, ബുധനാഴ്‌ച

കണ്ണൊലിപ്പ്



1.

കലണ്ടറക്കങ്ങൾക്കെല്ലാമിപ്പോൾ
നിറം ചുവപ്പാണ്.
ആയുസ്സിന്റെ മണിക്കൂർ സൂചി
തുരുമ്പായി പൊടിഞ്ഞു തുടങ്ങുന്നു.
ഹൈവേ റോഡിന്റെ നെടുനെഞ്ചത്തൊരു
കുപ്പക്കുഞ്ഞൻ തലപൊക്കുന്നു.

2.

പള്ളനിറഞ്ഞവന്റെ കവിതകളിൽ
മൂക്കൊലിപ്പ് നിറയുമ്പോൾ
കഞ്ഞിക്ക് കണ്ണീരുപ്പിടാൻ
റേഷൻ കാർഡിന്റെ കനം വേണ്ടന്ന്
മറ്റൊരുത്തന്റെ നെടുവീർപ്പ്.

3.

ജനാലപ്പടിക്കൽ സൂര്യൻ
മഞ്ഞ മഷികൊണ്ട് ഹാജരൊപ്പിടുന്നു.
ഗാന്ധി ബഹിഷ്കരിച്ച പേഴ്‌സ്.
മുഖാവരണങ്ങളിനി
വാക്സിനില്ലാത്ത കണ്ണൊലിപ്പിനെയും
തടയുമാറാകട്ടെ.
കുപ്പക്കുഞ്ഞന്മാർ ലോറിട്ടയറുകളിൽ
ചതഞ്ഞു മരിക്കാതിരിക്കട്ടെ.

നവ്യ എസ് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ