യാത്രയാകാൻ തയ്യാറെടുക്കുന്ന രാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ച് തീവണ്ടി കേരളത്തിലേക്ക് കടന്നു. ജന്നലിലൂടെ അരിച്ചിറങ്ങിയ തണുത്ത കാറ്റ് കറുപ്പും വെളുപ്പുമിടകലർന്ന മുടിയിഴകളെ തലോടി കടന്നു പോയപ്പോൾ, മുപ്പതു വർഷം മുമ്പ് മറവിയുടെ മാറാലയിൽ മൂടിയ ജന്മനാടിന്റെ ഗന്ധം തികട്ടി വന്നു. ഒപ്പം പഴയൊരു തീവണ്ടി യാത്രയും.
ജനറൽ കമ്പാർട്ട്‌മെന്റിലെ തറയിൽ വിരിച്ച പത്രക്കടലാസിലിരുന്നും കിടന്നും ഹരിനാരായണനൊപ്പം രണ്ടു രാപ്പകലുകൾ. തമിഴ്നാടും ആന്ധ്രയും മദ്ധ്യപ്രദേശും കടന്ന് ആഗ്രയിലെത്തിയപ്പോഴേക്കും തികച്ചും അവശരായിരുന്നു അവർ.
മതങ്ങൾ മതിൽ കെട്ടിത്തിരിച്ച മനസ്സുകൾ അറിയാതെയടുത്തപ്പോൾ അതൊരുഗ്രസ്ഫോടത്തിനു തിരി കൊളുത്തുമെന്നവരറിഞ്ഞില്ലായിരുന്നു. രണ്ടു വ്യക്തികളുടെയിഷ്ടം രണ്ടു വീട്ടുകാരുടെയിഷ്ടക്കേടാവുകയും, അത് രണ്ടു സമുദായങ്ങളേറ്റെടുക്കുകയും ചെയ്തത് വളരെപ്പെട്ടെന്നായിരുന്നു.
“അവരെ ജീവിക്കാനനുവദിക്കരുത്. പച്ചക്കു കത്തിക്കണം രണ്ടിനേയും”
കൊലവിളിച്ചു കൊണ്ടു പാഞ്ഞടുക്കുന്ന ആൾക്കൂട്ടത്തിനു മുമ്പിൽ ജീവനും കയ്യിൽ പിടിച്ചോടിയ അവരുടെയടുത്തു വന്നുനിർത്തിയ കാറിൽ നിന്നും ജോസഫേട്ടൻ പറഞ്ഞു,
“പെട്ടെന്ന് കയറൂ, രണ്ടു പേരും”
അതിവേഗം പാഞ്ഞ കാറിനു പിന്നിൽ ആൾക്കൂട്ടം ദൂരെ മറഞ്ഞത് ആശ്വാസത്തോടെയവർ കണ്ടു.
“ആരുമറിഞ്ഞിട്ടില്ല ഞാൻ വന്നത്. ഇതാ ഇതു വച്ചോളൂ. കുറച്ചു പണവും ഒരെഴുത്തുമുണ്ട്. ഞാൻ പണ്ട് ജോലിചെയ്തിടത്തെ മുതലാളിയുടെ വിലാസമതിലുണ്ട്. വല്ലപ്പോഴും എനിക്ക് കത്തയക്കണം. മറ്റാരുടെയെങ്കിലും പേരിലെഴുതിയാ മതി”
ജനറൽ കമ്പാർട്ടുമെന്റിന്റെ ജനാലക്കൽ നിന്ന് ജോസഫേട്ടനതു പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“ജീവിക്കാനനുവദിക്കാത്തവരുടെയിടയിൽ നിന്നും നിങ്ങൾ രക്ഷപെട്ടോളൂ. ഈ നാടിനെ ഒരു ദു:സ്വപ്നം പോലെ മറന്നേക്കൂ. ഒരുപാടു വർഷങ്ങൾക്കു മുമ്പിതുപോലൊരു പലായനത്തിനൊടുവിലാണ് ഞാനും ജലജയുമിവിടെത്തിയത്. എനിക്കുമുണ്ടായിരുന്നു ഇതു പോലൊരു സഹായി. കാലം കടം തീർത്തതാണെന്നു കരുതിയാൽ മതി”
പതുക്കെ നീങ്ങിയ വണ്ടി പ്ളാറ്റ്ഫോം വിടും വരെയും ജോസഫേട്ടൻ കൈ വീശി. കേവലമൊരു ടാക്‌സി ഡ്രൈവറായ ജോസഫ് അവരുടെയുള്ളിൽ വളരുകയായിരുന്നു.
കത്തിൽ പറഞ്ഞയാളെച്ചെന്നു കണ്ട് കത്തേൽപ്പിച്ചപ്പോൾ പരുക്കനെന്നവർ കരുതിയ ആനന്ദ് ത്രിപാഠി കത്തു വായിക്കവേ വികാരനിർഭരനായി.
“എന്നോടൊപ്പം എന്റെ നിഴലായി നടന്നവനാണ് ജോസഫ്. പിറന്ന നാടിനോടുള്ളയിഷ്ടം കൊണ്ടാണവൻ ഏറെ വേദനയോടെ എന്നെ വിട്ടു പോകാൻ തീരുമാനിച്ചത്. അവനു വേണ്ടപ്പെട്ടവർ എനിക്കും വേണ്ടപ്പെട്ടവരാണ്. ഇവിടെ നിങ്ങളെത്തേടിയാരും വരില്ല. നാളെ മുതൽ എന്റെയോഫീസിൽത്തന്നെ ജോലിക്കു കയറിക്കോളൂ. താമസവും മറ്റെല്ലാക്കാര്യങ്ങളും ഇന്നു തന്നെ ശരിയാക്കാം”
ആനന്ദ് ത്രിപാഠിയോടു യാത്ര പറഞ്ഞിറങ്ങവേ ജോസഫ് ഒരു പ്രഹേളികയായ്ത്തോന്നി അവർക്ക്.
പ്രണയനിലാവൊഴുകി നീങ്ങുന്ന യമുനാതീരത്തെ സ്നേഹസ്തംഭം. താജ്മഹൽ. പെയ്യാതെ കനംവച്ച അവരുടെ പ്രണയമേഘങ്ങൾ എത്രയോ തവണ ആ തിരുമുറ്റത്ത് പെയ്തൊഴിഞ്ഞു!!
ജോസഫേട്ടന്റെ കത്തുകളിലൂടെ ഉറ്റവരെന്നു കരുതിയവരുടെ ക്രൂര മനസുകൾ ഇപ്പോഴും വിഷം ചീറ്റുന്നതവരറിഞ്ഞു. ഇപ്പോഴുമവർ കാത്തിരിക്കയാണവരെ- കൊല്ലാൻ! പിന്നെയവരൊന്നിച്ചു തീരുമാനിച്ചു. മറന്നേക്കുക എല്ലാവരെയും. ജോസഫേട്ടൻ പറഞ്ഞതുപോലെ, ഒരു ദു:സ്വപ്നം പോലെ!
കാലമെത്ര വേഗമാണോടി മറയുന്നത്! ദേശാടനപ്പക്ഷികളെപ്പോലെ പറന്നിറങ്ങിയത്, സ്വന്തമായൊരു കൂടുകൂട്ടിയത്, ആ കൂട്ടിൽ രണ്ട് മുട്ടകൾ വിരിഞ്ഞത്, അവർ പറക്കാൻ പഠിച്ചത്. ഒക്കെയിന്നലെക്കഴിഞ്ഞപോലെ…
ഗൂഗിൾ മാപ്പിൽ ഇറങ്ങേണ്ട സ്റ്റേഷൻ അടുത്തടുത്തു വന്നു. ഒട്ടും കരുതിയതല്ല ഇങ്ങനെയൊരു യാത്രയുണ്ടാവുമെന്ന്. മക്കൾ കൂടെ വരാമെന്നു പറഞ്ഞെങ്കിലും അവരെ വിലക്കി.
“ഈ യാത്ര അമ്മക്ക് തനിയെ പോകേണ്ടതാണ്. എപ്പോഴെങ്കിലും ഒരു വിനോദയാത്രയായി നിങ്ങൾ പോയാൽ മതി.”
അകലെ ശാന്തമായൊഴുകുന്ന ഭാരതപ്പുഴ. ബാഗിൽ ഭദ്രമായി വച്ചിരുന്ന പൊതി അവിടെത്തന്നെയുണ്ടെന്നൊരിക്കൽ കൂടിയുറപ്പു വരുത്തി, ഷാഹിദ ഇറങ്ങാൻ തയ്യാറായി.
അമൂല്യമായ ആ പൊതി നനയുവാനിനി അധിക നേരമില്ലല്ലോയെന്ന് ഒരു ഞെട്ടലോടെയവർ ഓർത്തു. പ്ളാറ്റ്ഫോമിൽ നിന്നും ആളൊഴുക്കിനൊപ്പം പുറത്തേക്കു കടന്ന ഷാഹിദയുടെ കവിളിലെ കണ്ണീർ നനവിൽ പ്രഭാതരശ്മികൾ പ്രതിഫലിച്ചു.
അനിൽ കുമാർ എം ബി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ