2022 ഏപ്രിൽ 27, ബുധനാഴ്‌ച

“വുമൺസ് ഡേ”


 ജനൽപാളികൾ അടയുന്ന ശബ്ദം കേട്ടാണ് വൈശാഖൻ  കണ്ണു തുറന്നത്… പുറത്തു തകർത്തു പെയ്യുന്ന മഴ. അകത്തോട്ടു തുളച്ചു കയറിയ മിന്നൽ വെളിച്ചത്തിൽ അയാൾ ചുവരിലെ ക്ലോക്കിൽ ശ്രദ്ധിച്ചു. പുലർച്ചെ അഞ്ചു മണിയാകുന്നതേയുള്ളു. നേരം വെളുക്കാൻ ഇനിയും സമയം ഉണ്ടല്ലോ.. എഴുന്നേറ്റു ജനൽ അടയ്ക്കാൻ  മടി തോന്നി.. ഇത്രയും കോലാഹലത്തിനിടയിലും  വായ അല്പം തുറന്നു കിടന്നുറങ്ങുന്ന ഭാര്യ വീണയെ നോക്കി അയാൾ ഒരു നിമിഷം ആലോചിച്ചു..

” വീണേ എണീറ്റാ ജനലൊന്നടച്ചേ… എന്തോരുറക്കമാ…”

വീണയിൽ നിന്നൊരു പ്രതികരണവും കാണാത്തപ്പോൾ അയാൾ ഒന്നുറച്ചു മുരടനക്കി…

” അയ്യോ ചേട്ടാ…എന്തേ.. സുഖമില്ലേ..”

വീണ ചാടിയെണീറ്റു ലൈറ്റ് ഇടാൻ തുടങ്ങിയതും.. അയാൾ കണ്ണ് പൂട്ടി മിണ്ടാതെ കിടന്നു…

” ദാ ചേട്ടാ ഈ ചൂട് വെള്ളം കുടിക്ക്..  തൊണ്ട ശരിയാകും…” 

അടുത്തിരുന്ന ഫ്ലാസ്കിൽ നിന്നും ചൂട് ജീരകവെള്ളം എടുത്തയാൾക്ക് കൊടുത്തു കൊണ്ടവൾ പറഞ്ഞു.. ഉണ്ടാക്കിയെടുത്ത ഒരു ചുമയോടെ വൈശാഖൻ എണീറ്റിരുന്നു.. ഗ്ലാസ് വാങ്ങി കുടിക്കാൻ തുടങ്ങിയതും പുറത്തു മഴയുടെ ശക്തി കൂടി.

” ജനലിന്റെ ഗ്ലാസ് പൊട്ടിയെന്നാ  തോന്നുന്നേ…”

ആരോടെന്നില്ലാതെ അയാൾ മുരണ്ടു..

കേൾക്കാത്ത താമസം വീണ എണീറ്റ് ജനൽ അടച്ചു കുറ്റിയിട്ടു.. വെള്ളം മുഴുവൻ കുടിച്ചയാൾ പിന്നെയും കിടന്നു. വീണ പതിവ് പോലെ അടുക്കളയിലേക്കു പോയി എന്നു കണ്ടപ്പോൾ വൈശാഖൻ തന്റെ മൊബൈൽ എടുത്തു .

ഫേസ്ബുക്കിൽ കയറിയപ്പോൾ ആദ്യമേ കണ്ടത്  കൂടെ ജോലി ചെയ്തിരുന്ന അഞ്ജുവിന്റെ പുതിയ ഫോട്ടോയാണ്..  ഉടൻ ഒരു ലൈക് കൊടുത്തുകൊണ്ടയാൾ കമന്റിൽ ”   ” ഇടാനും മറന്നില്ല.

വൈശാഖൻ ഈ വർഷം ജൂണിൽ സർവിസിൽ നിന്നു വിരമിക്കും.   നീണ്ട മുപ്പത്തിയഞ്ചു വർഷങ്ങളായി അയാൾ  സ്റ്റേറ്റ് ബാങ്കിന്റെ  പല ബ്രാഞ്ചുകളിലായി ജോലി ചെയ്തു വരികയായിരുന്നു .. ഇപ്പോൾ ഈ അവസാന വർഷങ്ങൾ തിരുവനന്തപുരം നഗരത്തിൽ തന്നെ കിട്ടിയ സന്തോഷത്തിൽ ആയിരുന്നു വീണയും വൈശാഖനും..

കൊല്ലത്തെ ബ്രാഞ്ചിൽ ഉണ്ടായിരുന്ന മീനയ്ക്ക് പതിവ് പോലെ ഒരു ഗുഡ് മോർണിംഗ് അയച്ചു നോക്കുമ്പോഴാണ് കോളേജിലെ ഗ്രൂപ്പിൽ വുമൺസ് ഡേ പരിപാടികളെ കുറിച്ചുള്ള പോസ്റ്റ് അയാൾ കണ്ടത്.. ഓ..  ഇന്നാണോ  അപ്പോൾ വുമൺസ് ഡേ?. അന്നാൽ പിന്നെ ഇനി അത് കഴിഞ്ഞു മതി ബാക്കി.. പെട്ടെന്നുണ്ടായ ഒരു ഉന്മേഷത്തോടെ അയാൾ ഗൂഗിളിന്റെ സഹായത്തോടെ  മനോഹരമായ ഒരു വുമൺസ് ഡേ സന്ദേശം  തയാറാക്കിയെടുത്തു. അതിനിടയ്ക്ക് വീണ കൊണ്ട് വെച്ചിട്ടു പോയ ചൂട് ചായയും ബദാമും എടുത്തു കൊറിച്ചു കൊണ്ടയാൾ ഒരു കൊള്ലാജ്  ഉണ്ടാക്കി . ആരെയെങ്കിലും വിട്ടുപോയോ.. തല ചൊറിഞ്ഞു കൊണ്ടയാൾ ആലോചിച്ചു..

മീന..അഞ്ചു.. സതി.. ട്രീസ,ബിനു.. സാവിത്രി… ജയന്തി.. ആയിഷ ..ബെറ്റി.. ഇനി ആരാണാ അദ്‌ഭുത വനിത… ആലപ്പുഴ ബ്രാഞ്ചിലെ ആ പൂച്ചക്കണ്ണിയുടെ പേരോർമ്മ വരുന്നില്ലല്ലോ.. അയാൾ കുറെ നേരം തല പുകച്ചിരുന്നു.. ആരെയാണ് താൻ മറക്കുന്നത്… “ശെടാ.. ഈ മറവി.. ഹാ. തല്ക്കാലം ഇത് മതി..”

ഉടൻ തന്നെ അയാൾ ബാങ്കുകാരുടെ ഗ്രൂപ്പിൽ അത് പോസ്റ്റ് ചെയ്തു.. “എന്റെ മുന്നിൽ നിങ്ങൾആണ് മാതൃക സ്ത്രീകൾ..  സ്ത്രീയാണ് ഉലകം …ഹാപ്പി വുമൺസ് ഡേ…   സ്നേഹത്തോടെ വൈശാഖൻ❤️  “

മെസ്സേജ് അയച്ചു കഴിഞ്ഞതും അയാൾ കിടക്ക വിട്ടെഴുന്നേറ്റു.. ഒരു പുതിയ ഉന്മേഷം.. മൂളിപ്പാട്ടോടെ അയാൾ ഫ്രഷ് ആകാൻ തുടങ്ങി. കുളി കഴിഞ്ഞു വന്നപ്പോഴും ചായ കപ്പ് അവിടെ തന്നെ..

.ഈ വീണ എന്തു ചെയ്യുന്നു … ഇതെടുത്തു കൊണ്ടുപോകാൻ അവൾക്ക് സമയം കിട്ടിയില്ലേ.

“ഡേയ് ..എവിടെ പോയി .. ഈ കപ്പ് എടുത്തോണ്ട് പോയെ  ..  എത്ര പ്രാവശ്യം തന്നോട് പറഞ്ഞിട്ടുണ്ട്.. എനിക്കിത് ഇഷ്ടമല്ലായെന്ന്..” 

 അവൾക്കെന്താ അല്ലെങ്കിൽ പണി.. പകൽ മുഴുവൻ ടീവിയും കണ്ടു സമയം കൊല്ലും.  ഒന്നും അറിയണ്ടായല്ലോ ..അയാൾക്ക് വീണയോട് അരിശം തോന്നി..

കട്ടിലിൽ പതിവ് പോലെ ഇന്നിടേണ്ട വസ്ത്രം എടുത്തു വച്ചിട്ടില്ലല്ലോ.. അവളിതെവിടെ പോയി..

വുമൺ’സ് ഡേ  അല്ലെ.. ഇന്ന് റോസ് നിറത്തിലെ ഷർട്ട് ആകാം..മുണ്ടും ഉടുക്കാം.. ആലോചിച്ചു കൊണ്ടയാൾ  അലമാര തുറന്ന് പിങ്ക് ഷർട്ടും മുണ്ടും എടുത്തു ധരിച്ചു..

ഡൈനിങ്ങ് ടേബിളിൽ അടച്ചു വച്ചിരുന്ന ഇഡലിയും ചട്ണിയും എടുത്തു കഴിച്ചിട്ടയാൾ ഉമ്മറത്തെ കസേരയിൽ അല്പസമയം ഇരുന്നു.. എന്നും ഉള്ള പതിവാണത്.. പ്രാതൽ കഴിഞ്ഞു വൈശാഖന് ഒരു ചായ വേണം.. പത്രം വായിച്ചു കൊണ്ട് ചായ  കുടിച്ചിട്ടാണ് അയാൾ എന്നും ബാങ്കിലേക്ക് പോകുക.. അപ്പോഴേക്കും കാറിൽ അയാൾക്കുള്ള ഉച്ചഭക്ഷണം വീണ എടുത്തു വെച്ചിരിക്കും.. വൈശാഖന് ഉച്ചക്ക് മീൻ നിർബന്ധമാണ്. ലഞ്ച് ബോക്സിൽ മീൻ കഷ്ണം ഇല്ലെങ്കിൽ അതുപോലെ തിരികെ വരും.. അത് കാരണം വീണ തലേ ദിവസമേ മീൻ വാങ്ങി വച്ചിരിക്കും. പത്രം വായിച്ചുകൊണ്ടയാൾ മൊബൈലിലെ മെസ്സേജസ് നോക്കാൻ തുടങ്ങി.. തുടങ്ങി…ആഹാ.. പതിനേഴു പുതിയ മെസ്സേജുകളോ.. പുഞ്ചിരിച്ചു കൊണ്ടയാൾ ഓരോന്നായി തുറന്നു വായിച്ചു തുടങ്ങി..

തിരുവനന്തപുരം ശാഖയിലെ സുഗന്ധിയുടെ മെസ്സേജ് ആണയാൾ ആദ്യം വായിച്ചത്.. അതിനു കാരണവും ഉണ്ട്.. സുഗന്ധി വൈശാഖന്റെ കവിതകളുടെ ഒരു ആരാധകയാണ്..പലപ്പോഴായി എഴുതി പ്രസിദ്ധീകരിച്ച അയാളുടെ കവിതകൾ എല്ലാം സുഗന്ധി വായിച്ചിട്ടുണ്ട്.. അയാളുടെ വുമൺ എംബവർമെന്റ് പരിപാടിയുടെ ഭാഗമായ വെള്ളിയാഴ്ച്ചകളിലെ  കലാപ്രദർശനം ബ്രാഞ്ചിലെ  വനിതകളുടെ ഇടയിൽ ഒരു വൻവിജയമാണ്. അവരുടെ കണ്ണിൽ തന്നോടുള്ള ആരാധന കണ്ടയാൾ  അവരുമായുള്ള നിമിഷങ്ങൾ ഭാവനയിൽ ഓർത്തു എത്ര പ്രാവശ്യം കുളിർ കോരിയിട്ടുണ്ട്..

മിക്ക  മെസ്സേജുകൾക്കും മറുപടിയായി ❤️ ഉം ചുരുക്കം ചിലതിന് 🙏 ഉം ഇട്ട ശേഷം വാച്ചിൽ സമയം കണ്ട വൈശാഖൻ ഞെട്ടിയെണീറ്റു.. മണി ഒൻപതര..

“ശേ.. സമയം കുറേയായല്ലോ..”

ഇന്ന് പെണ്ണുങ്ങൾ വരുന്നതിന് മുൻപേ പ്യൂൺ രവിയുടെ സഹായത്തോടെ അവരുടെ ടേബിളിൽ പൂക്കൾ വെച്ച് അവരെ അതിശയപ്പെടുത്തണം എന്നയാൾ രാവിലെ കുളിച്ചു കൊണ്ടിരുന്നപ്പോൾ തീരുമാനിച്ചതാണ്… ഇനി ഇപ്പോ അതിനു സമയം കിട്ടില്ലല്ലോ.. എല്ലാം ഈ വീണ കാരണമാണ്.. അവളിതെവിടെ പോയി കിടക്കുന്നു.. . സമയത്തിനൊരു ചായ തരാൻ പോലും അവളെ കൊണ്ട് കൊള്ളില്ല..

പത്രം മടക്കി വെച്ചുകൊണ്ടയാൾ എണീറ്റ് കാർ  സ്റ്റാർട്ട് ചെയ്തു.. ഗേറ്റ് അടയ്ക്കാൻ നിക്കാതെ ആ കറുത്ത ഹോണ്ട സിറ്റി സിറ്റിയിലെ ട്രാഫിക്കിലേക്ക് പാഞ്ഞു … ബാങ്കിലോട്ട് തിരിയുമ്പോൾ ജംഗ്ഷനിൽ  ഒരു പൂക്കട ഉണ്ടായിരുന്നല്ലോ.. അത് തുറന്നു കാണുമോ എന്തോ.. ആലോചനയിൽ മുഴുകി കാർ ഓടിച്ചു മുന്നിലുള്ള സൈക്കിൾകാരൻ  താഴെ വീണത് അയാളറിഞ്ഞില്ല..  പൊടുന്നനെ എവിടെ നിന്നോ പൊട്ടിമുളച്ചത് പോലെ ഒരു ആൾക്കൂട്ടം ഹോണ്ട സിറ്റിയെ പൊതിഞ്ഞു.

ഭാഗ്യം.. സൈക്കിൾകാരന്  ഒന്നും സംഭവിച്ചില്ല.. ആൾക്കാര് വിടുന്ന ലക്ഷണം കാണാത്തത് കൊണ്ടയാൾ ആ പയ്യനെ മെല്ലെ വിളിച്ചു ആയിരം രൂപ കൊടുത്തു . അതോടെ പയ്യൻ ശാന്തനായി.. ഒരു വിധം കാറും എടുത്തയാൾ പൂക്കടയിലെത്തി.. ചുമന്ന റോസാപുഷ്പങ്ങൾ പന്ത്രണ്ടെണ്ണം എണ്ണി വാങ്ങി മൂളിപ്പാട്ടോടുകൂടി അയാൾ കാർ പറപ്പിച്ചു..

ഫോൺ ശബ്ദിച്ചപ്പോൾ എടുത്തു നോക്കിയ വൈശാഖന് ദേഷ്യം വന്നു.. വീണയാണ്.. അയാൾ  ഫോൺ  അറ്റൻഡ് ചെയ്യണ്ട എന്ന് തീരുമാനിച്ചു.. സമയത്തിന് ഒരു വിലയുമില്ലാത്തവൾ..

ബാങ്കിന്റെ മുന്നിൽ കാർ പാർക്ക് ചെയ്തിട്ട് റോസാപുഷ്പങ്ങൾ കവറിൽ ഒളിപ്പിച്ചുകൊണ്ട് വൈശാഖൻ ഉള്ളിലേക്ക് കയറി.. ആദ്യം നോക്കിയത് സുഗന്ധിയുടെ സീറ്റിലേക്കാണ്…ഭാഗ്യം അവളെത്തിയിട്ടില്ല ഇതുവരെ.. ആകെ വന്നിട്ടുള്ളത് സീമയും ട്രീസയുമാണ്…

ആശ്വാസത്തോട അയാൾ തന്റെ ക്യാബിനിലേക്ക് കയറി.. മേശവലിപ്പ് തുറന്ന് മഞ്ഞ സ്റ്റിക്ക്പാഡ് എടുത്തുകൊണ്ട് ഓരോരുത്തർക്കും പ്രത്യേകം  വുമൺസ് ഡേ ആശംസകൾ എഴുതി.. രവിയെ വിളിപ്പിച്ചു എല്ലാ വനിതകളുടെയും സീറ്റിൽ വെപ്പിച്ചു കഴിഞ്ഞയാൾ ഒരു പുഞ്ചിരിയോടെ സീറ്റിൽ ചാരിയിരുന്നു. സർപ്രൈസ് കാണുമ്പോൾ എല്ലാവരുടെയും മുഖത്തുണ്ടാകാൻ പോകുന്ന ഭാവങ്ങൾ ഓർത്തയാൾ പുഞ്ചിരിച്ചു..

പിന്നെയും ഫോണിൽ വീണയുടെ മുഖം.. ഇവൾക്കിതെന്തിന്റെ കുഴപ്പമാ… ജോലിത്തിരക്കിൽ ശല്യപ്പെടുത്തരുതെന്ന് എത്രവട്ടം പറഞ്ഞിട്ടുണ്ട്… തന്നോട് തന്നെ പിറുപിറുത്തു കൊണ്ടയാൾ ഫോൺ എടുത്തു.. മറുവശത്തുള്ളയാൾക്ക് പറയാൻ അവസരം കിട്ടുന്നതിന് മുൻപേ വൈശാഖൻ തന്റെ ദേഷ്യം തീർത്തു..

” എത്ര പ്രാവശ്യം പറയണം.. നിന്നെ പോലെ പണിയില്ലാതെ ഇരിക്കുവല്ല ഞാൻ. എന്തെങ്കിലും വേണെങ്കിൽ മെസ്സേജ് അയച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞിട്ടില്ലേ വീണേ.. നീ എന്നാണ് മനസ്സിലാക്കുക

എന്താന്നു വച്ചാ പറയു വേഗം..  എനിക്ക് വേറെ പണിയുണ്ട്.. ”

മറുവശത്തു നിന്നൊരു  പുരുഷശബ്ദം കേട്ടയാൾ ഒരു നിമിഷം ആലോചിച്ചു..

” വൈശാഖൻ അല്ലെ… ഞാൻ ജനറൽ ആസ്പത്രിയിലെ  റിസപ്ഷനിൽ

നിന്നാണ്.. താങ്കളുടെ  വൈഫ് വീണയെ ഇവിടെ അഡ്മിറ്റ് ചെയ്തിരിക്കുന്നു..വേഗം വരണം.. ”

തിടുക്കത്തിൽ കാറെടുക്കാനായി ഇറങ്ങിയ വൈശാഖനെ സന്ധ്യയും ട്രീസയും സുഗന്ധിയും വിടർന്ന ചിരിയോടെ പൊതിഞ്ഞു..

 ” സാർ.. തേങ്ക്സ് .. യു ആർ സൊ സെൻസിറ്റീവ് .   സ്ത്രീകളോടിത്രയും സംവേദനക്ഷമതയുള്ള ഒരു ഓഫീസർ ഞങ്ങൾക്കിതാദ്യമായാണ്.. സാറിന്റെ വൈഫ് എത്ര ലക്കി ആണ്.. ”

ഉത്തരം പറയാതെ പരിഭ്രമം ഒരു ചിരിയിൽ ഒതുക്കി കൊണ്ടയാൾ കാറിൽ കയറി വാതിലടച്ചു.. സിറ്റിയിലെ ട്രാഫികിലൂടെ കാർ പറത്തി ഒരു വിധം ജനറൽ ഹോസ്പിറ്റൽ റിസപ്ഷനിൽ അയാളെത്തി.. അവിടെ ഉണ്ടായിരുന്ന പയ്യനോട് എന്താണ് പറ്റിയതെന്ന് ചോദിക്കും മുൻപേ ആണയാൾ അടുത്ത വീട്ടിലെ മാലിനിയെ കണ്ടത്.. വൈശാഖനെ കണ്ടവൾ അയാളുടെ അടുത്തേക്ക് ചെന്നു..

” ഞാൻ വീട്ടിൽ ചെടിക്ക് വെള്ളം ഒഴിച്ചോണ്ടു നിക്കുമ്പോളാ വീണ മുറ്റത്തേക്ക് വരുന്നത്.. പെട്ടെന്ന് അയ്യോന്ന് വിളിച്ചോണ്ട് വീഴുവേം ചെയ്തു.. ഞാൻ നോക്കുമ്പോൾ  ദാ താഴെ വീണു  കിടക്കുന്നു വിളിച്ചിട്ടെണീക്കുന്നുമില്ല..

 അതു കൊണ്ടാ ആശുപത്രിയിൽ കൊണ്ട് വന്നത്.. ”

ഒറ്റശ്വാസത്തിൽ മാലിനി പറഞ്ഞു നിർത്തി.. അപ്പോഴേക്കും റിസെപ്ഷനിലെ പയ്യൻ ഡോക്ടർ വിളിക്കുന്നു എന്ന് പറഞ്ഞത്.. പച്ച കർട്ടൻ വകുത്തുമാറ്റി എമർജൻസി വാർഡിലേക്ക് കയറുമ്പോൾ വൈശാഖന്റെ കാലും  കയ്യും  വിറയ്ക്കുന്നുണ്ടായിരുന്നു..

” ബോധം വരാൻ അല്പം സമയം എടുക്കും.. എന്റെ ക്യാബിനിലേക്ക് വരൂ”

പറഞ്ഞു കൊണ്ട് ഡോക്ടർ മുന്നിൽ നടന്നപ്പോൾ ഭയത്തോടെ വൈശാഖൻ പിന്തുടർന്നു .

” സ്‌ട്രെസ് കാരണം പാനിക് അറ്റാക്ക് വന്നതാണ്.. എപ്പോഴും സ്ട്രെസ്സിലാണോ വൈഫ്?”.

ഡോക്ടറുടെ ചോദ്യത്തിന് എന്ത്‌ മറുപടി കൊടുക്കും എന്നാലോചിക്കവേ അയാളുടെ മൊബൈൽ ശബ്ദിച്ചു.. മുകളിൽ നോട്ടിഫിക്കേഷൻ കണ്ടയാൾ ഫോൺ ഓഫ് ചെയ്തു..

” ഹാപ്പി വുമൺസ് ഡേ…. സ്ത്രീയാണ് ഉലകം.. സ്ത്രീയാലേ ഉലകം”.


ഷീന പിള്ളൈ സിങ്ങ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ