2022 ഏപ്രിൽ 27, ബുധനാഴ്‌ച

പിൻവിളി


 

ശരീരം കോച്ചുന്ന തണുപ്പ്  വൃശ്ചികമാസമാണ്. നേരം പുലരാൻ നാഴികകൾ ഇനിയും ബാക്കി.  ചുമരിലെ ഘടികാരത്തിൽ നിന്ന്  രണ്ടുവട്ടം മണി മുഴങ്ങി. അവൾ അരികെ കിടക്കുന്ന കുഞ്ഞിനെ നോക്കി.

 ജീവിതം ദുസ്സഹമായി തോന്നിയപ്പോൾ ഈ പത്തു വയസ്സുകാരിയുടെ ചിരിയും, കൊഞ്ചലുമാണ് ജീവിതത്തെ കരുത്തോടെ അഭിമുഖീകരിക്കുവാൻ പ്രാപ്തി നേടി തന്നത്.

ഉറക്കത്തിൽ എന്തോ സ്വപ്നം കണ്ട് പിറുപിറുക്കുന്ന ഋതു മോളെ നെഞ്ചോട് ചേർത്ത് സാവിത്രി ഇരുട്ടിലേക്ക് കണ്ണുനട്ടു. തണുത്ത പുലരിയുടെ സുഖത്തിൽ മിഴികളെ ഉറക്കംതഴുകി കൺമുന്നിൽ പല ചിത്രങ്ങളും തെളിഞ്ഞു.

അച്ഛനും, അമ്മയും, ഏട്ടൻമാരും അതിനിടയിൽ താനും. കുഞ്ഞിപ്പെങ്ങളുടെ എന്ത് ആവശ്യത്തിനും ചാടി പുറപ്പെടുന്ന ആങ്ങളമാർ എന്നിട്ടും ആ പെങ്ങൾ കാരണം തല കുനിഞ്ഞു പോയ ഏട്ടൻമാർ. പ്രായത്തിന്റെ ചപലതയിൽ അന്യപുരുഷനാണ് ജീവിതത്തിലെല്ലാം എന്ന് തോന്നിയ പത്തൊമ്പത് വയസുകാരിക്ക് പക്വത   കൈവന്നപ്പോഴേക്കും ജീവിതമാകെ കൈവിട്ട് പോയിരുന്നു.

ശിവേട്ടന്റെ കൂടെ ഇറങ്ങി തിരിച്ച ആ ദിവസം തനിക്കു നേരെ ആ വീടിന്റെ വാതിലടഞ്ഞു. അപ്പോഴൊക്കെ ആശ്വാസമയത് ശിവേട്ടന്റെ സ്നേഹമായിരുന്നു. പിരിയുന്നതുവരെയും ആ സ്നേഹം നിലനിന്നിരുന്നുവല്ലോ.?

പിന്നെ എപ്പോഴാണത് ഇല്ലാതായത്. ഋതുമോളുടെ ഒന്നാം പിറന്നാളിന്റെയന്ന്  വന്ന ഫോൺ കോളാണ് എല്ലാം തകിടം മറിച്ചത്. വിളിച്ചതോ ഭാര്യയെന്ന് പറഞ്ഞുകൊണ്ട്..! വിശ്വസിക്കാനേ തോന്നിയില്ല. പക്ഷേ ശിവേട്ടന്റെ ആ മുഖം, ആ ഭാവം എല്ലാം വിളിച്ചോതുന്നുണ്ടായിരുന്നു. ഒന്ന് നിഷേധിച്ചിരുന്നെങ്കിൽ,താനെല്ലാം മറന്നേനേ.!

സഹിക്കാവുന്നതിലുമപ്പുറമായിരുന്നു ആ നിൽപ്പ്  അതാണ് തന്റെ മനസിന്റെ താളം തെറ്റിച്ചത്. താനൊരു സാധാരണ പെണ്ണായി.  ആ ത്രിസന്ധ്യയിൽ ശിവേട്ടനിറങ്ങി പോകുമെന്ന് കരുതിയതേയില്ല .

ഒരു പിൻവിളി പ്രതീക്ഷിച്ചു കാണും.പക്ഷെ തന്റെ ഭാഗത്തുനിന്ന്. അതുണ്ടായില്ല. പല പിണക്കങ്ങൾക്കുമൊടുവിൽ ഒരായിരം സോറിയുമായി ശിവേട്ടൻ കടന്നുവരാറാണ് പതിവ് പക്ഷെ ഇപ്രാവശ്യം മാത്രം അങ്ങനെ സംഭവിച്ചില്ല.

വർഷം ഒമ്പത് കഴിഞ്ഞു.ആള് ജീവിച്ചിരിപ്പുണ്ടോന്ന് പോലും അറിവില്ല, പിന്നെ കരുതി ഞാൻ മാത്രല്ലല്ലോ അങ്ങേർക്ക് ഭാര്യ..! ഞാനറിയാത്ത മറ്റവളു കൂടിയുണ്ടല്ലോ..? അവിടെയായിരിക്കും.

വീടിന്റെ പടിയിറങ്ങുമ്പോൾ കയ്യിൽ കരുതിയ എസ് എസ് എൽ സി ബുക്കും, ടി ടി സി യുടെ സർട്ടിഫിക്കറ്റുകളും ആയിരുന്നു ജീവിക്കാൻ ആകെയുള്ള ബലം. സ്കൂളുകളിൽ ദിവസവേതനത്തിന് ജോലി ചെയ്തോണ്ടിരുന്നതുകൊണ്ട് പട്ടിണിയായില്ല.

ഇതിനിടയ്ക്ക് സ്കൂൾ മീറ്റിംങ്ങിൽ വച്ചായിരുന്നു മൂത്തേട്ടന്റെ ഭാര്യയെ കണ്ടത്. !

പരിചയപ്പെടലിനൊടുവിലാണ് ബന്ധത്തിന്റെ ആഴം മനസിലായത്. അവരുടെ വർത്തമാനത്തിൽ നിന്നുമാണ് . അച്ഛൻ അടുത്തുള്ള സ്കൂളിൽ പൈസയൊക്കെ അടച്ച് ജോലി ശരിയാക്കിയതും, തരാനായി മാറ്റി വെച്ച ആഭരണത്തെ കുറിച്ചുമൊക്കെ അറിഞ്ഞത്.

ഏടത്തിയിലൂടെ വീട്ടിലെ വിശേഷങ്ങൾ എല്ലാം കേട്ടത് കണ്ണീരിന്റെ നനവോടെയായിരുന്നു.

ഞങ്ങളുടെ വിശേഷങ്ങൾ ഏടത്തിയിലൂടെ വീട്ടുകാരും അറിഞ്ഞുവെന്ന് വ്യക്തം .

അതാണല്ലോ വർഷങ്ങൾക്കു മുന്നേ തന്റെ പിറകിലടഞ്ഞ ആ വാതിൽ ഇന്നിതാ തനിക്കു മുന്നിൽ തുറന്നിരിക്കുകയാണ്. നിറഞ്ഞ മനസ്സോടെ ഞങ്ങളെ സ്വീകരിക്കാൻ കാത്തിരിക്കുകയാണവർ. ഈ പുനസമാഗമം ഒരിക്കലും പ്രതീക്ഷിച്ചതല്ലല്ലോ…?

ഒന്ന് വേഗം നേരം വെളുത്തെങ്കിൽ, പാറി അവരുടെ ചാരത്തണയാമായിരുന്നു. ആ ധന്യമായ മുഹുർത്തത്തെ ഓർത്ത് സാവിത്രിക്ക് നേരം പുലരുന്നതേയില്ലെന്ന് തോന്നി.

എന്നും ഉണരുന്ന സമയത്തിനു മുന്നേ തന്നെ ഉറക്കമെഴുന്നേറ്റു. ചെയ്യാൻ ഒരുപാട് ജോലികളൊന്നുമില്ല, ഉറക്കത്തിലായിരുന്ന കുഞ്ഞിനെ തട്ടിയുണർത്താൻ വൃഥാ ഒരു ശ്രമം നടത്തി ,ചിണുങ്ങി കൊണ്ടവൾ ചെരിഞ്ഞു കിടന്നതല്ലാതെ ഉണരാനവൾ കൂട്ടാക്കിയില്ല.

എത്രയൊക്കെ നേരത്തെ തന്നെ  ഇറങ്ങണമെന്ന് കരുതിയിട്ടും  പുറപ്പെടാൻ എന്നിട്ടും വൈകി. പോകുവാനായി അവളൊരു ടാക്സി ഏർപ്പാടാക്കിയിരുന്നു. കാരണം കൊണ്ടുപോകാൻ അത്രമാത്രം ലഗേജും, സാധന സാമഗ്രികളും ഉണ്ടായിരുന്നു.

വീട്ടിലേക്കുള്ള യാത്രയിൽ അവളുടെ മനസ് ഓർമ്മകളെ കൂട്ടുപിടിച്ച് പിറകോട്ട് യാത്രയായി. അതിന്റെ സുഖാലസ്യത്തിൽ തെല്ലിട മിഴിയൊന്ന് അടഞ്ഞപ്പോഴാണ് ഭയങ്കരമായ ഒരു ശബ്ദം കേട്ടത്.

കണ്ണുതുറന്നപ്പോൾ വണ്ടി വായുവിലായിരുന്നു.ഡ്രൈവറും, അവളും, മോളും എല്ലാം തലകീഴായിരിക്കുന്നു. ഡോറു തുറന്ന് പുറത്തേക്ക് തെറിച്ചു പോകുന്ന മോളെ; മാഞ്ഞു പോകുന്ന ബോധത്തിലും ചേർത്തണയ്ക്കാനവൾ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു. ഒരു സ്പോടനത്തോടെ വണ്ടി നിലം തൊടുമ്പോഴേക്കും ഋതു മോളുടെ കരച്ചിലിനെ സാക്ഷിയാക്കി ശേഷിച്ച അവളിലെ ജീവനും പറന്നകന്നിരുന്നു.


രമ്യ രതീഷ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ