2020 ഒക്‌ടോബർ 18, ഞായറാഴ്‌ച

വെൺപൊങ്കൽ



തെക്കേയിന്ത്യയിൽ പ്രത്യേകിച്ചും തമിഴ് നാട്ടിൽ പ്രചാരത്തിലുള്ള ഒരു പ്രഭാത ഭക്ഷണമാണ് വെൺ പൊങ്കൽ. പൊങ്കൽ ഉത്സവത്തിന് വ്യാപകമായി തയ്യാറാക്കിയിരുന്ന ഒരു ഭക്ഷണമെന്ന രീതിയിലാണ് ഇതിനീപ്പേര് ലഭിച്ചത്. പ്രോട്ടീൻ ധാരാളമുള്ള ഈ പ്രഭാത ഭക്ഷണം ഒരു സെർവിൽ 200 കലോറി ഊർജ്ജം നൽകും. നാലു പേർക്കു യോജിച്ചവിധത്തിലുള്ള അളവുകളാണ് ഇവിടെ ചേർക്കുന്നത്.



ചേരുവകൾ



ചെറുപയർ പരിപ്പ് (Moong Dal) – 1/2 cup

പച്ചരി – 3/4 cup

ജീരകം – 1 ടീ സ്പൂൺ

ഇഞ്ചി ചതച്ചത് – ഒരു ചെറിയ കഷണം

കുരുമുളക് – 10 -12 എണ്ണം.

അണ്ടിപ്പരിപ്പ് – 10 -12 എണ്ണം.

പച്ചമുളക് രണ്ടായി പിളർന്നത് – 2 എണ്ണം.

നെയ്യ് – 4 ടേബിൾ സ്പൂൺ

വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ

ഉപ്പ് – ആവശ്യത്തിന്



തയ്യാറാക്കുന്ന വിധം.


അരിയും പരിപ്പും വൃത്തിയായി കഴുകി വയ്ക്കുക. ഒരു കുക്കർ അടുപ്പിൽ വച്ച് അതിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ജീരകം ചേർത്ത് മെതുവായി പൊട്ടുമ്പോൾ ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് ഇളക്കുക. ശേഷം അണ്ടിപ്പരിപ്പ്, കുരുമുളക് എന്നിവ ചേർക്കുക. അതിനു ശേഷം നാലു കപ്പ് വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോൾ അരിയും പരിപ്പും ചേർക്കുക. ഒപ്പം ആവശ്യത്തിന് ഉപ്പും.

ആദ്യ വിസിലിനു ശേഷം, തീ കുറച്ചു വയ്ക്കുക. തുടർന്ന് മൂന്നു വിസിലുകൾക്കു ശേഷം തീയണയ്ക്കാം. ആവി പോയതിനു ശേഷം കുക്കർ തുറന്ന് നെയ്യ് ചേർക്കുക. ശേഷം ഒരു തവിയുപയോഗിച്ച് നന്നായി ഉടയ്ക്കുക. രുചികരമായ വെൺ പൊങ്കൽ തയ്യാർ. തേങ്ങാച്ചമ്മന്തി ചേർത്ത് പ്രഭാത ഭക്ഷണമായി ഉപയോഗിക്കാം.



ഡോ. ഷേർളി സുനീത് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ