2020 ഒക്‌ടോബർ 19, തിങ്കളാഴ്‌ച

മറിയയുടെ വൈറൽ വീഡിയോ







 “എന്നാലും എത്ര എളുപ്പത്തിലാണ് ഓരോ പെണ്ണുങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് “

രാവിലെ പത്രം വായിക്കുന്ന കെട്ടിയോൻ മാത്തപ്പന്റെരികിലേക്ക് ചായയുമായെത്തിയ മറിയയുടെ വാക്കുകളിൽ അവിശ്വസനീയത നിറഞ്ഞിരുന്നു,

“എനിക്കും ഒരു ദിവസമെങ്കിൽ ഒരു ദിവസം സ്റ്റാർ ആകണം അതിനെന്തേലും മാർഗ്ഗമുണ്ടെൽ പറ “

പത്രത്തിലേക്ക് കണ്ണുംനട്ടിരിക്കുന്ന മാത്തപ്പന് ചായ കൈമാറികൊണ്ട് മറിയ തന്റെ ആവശ്യമറിയിച്ചു,

“എല്ലില്ലാത്ത നാക്കും ,വിശാലമായ വിവരക്കേടും മാത്രം കൈമുതലായുള്ള നീയാണോ സ്റ്റാർ അകാൻ പോകുന്നത് “

എരിഞ്ഞു തീരാറായ സിഗരറ്റ് കുറ്റി മുറ്റത്തേക്ക് വലിച്ചെറിഞ്ഞു ഒരുകവിൾ ചായയൊന്ന് മൊത്തി മാത്തപ്പൻ തന്റെ അഭിപ്രായം പറഞ്ഞതോടെ മറിയയുടെ മുഖത്ത് സുനാമിയുടെ ലക്ഷണങ്ങൾ കണ്ട് തുടങ്ങി,

“ഇവിടെ നാറിയ നാട്ടുകാർ എനിക്കിട്ട വട്ടപ്പേരാണ് വക്കീൽ എന്നെങ്കിലും ഫേസ്ബുക്കിലെ എന്റെ ഐഡി പേര് തന്നെ അഡ്വക്കേറ്റ് മറിയ എന്നാണ് , പത്താം ക്ലാസ്സ് നാലുതവണ കുത്തിപിടിച്ചെഴുതിയിട്ടും ഇരുനൂറ്റിപത്ത് കിട്ടാത്ത എനിക്ക് ഫേസ്ബുക്കിലെ എന്റെ ഫ്രണ്ട്സിന് മുന്നിൽ എൽഎൽബികാരി വക്കീലായി വിലസാമെങ്കിൽ ,കേരളം മുഴുവൻ ശ്രദ്ധിക്കുന്ന സ്റ്റാർ ആയി മാറാനും കഴിയും “

” അതിന് നിന്റെ ഫേസ്ബുക്ക് ഫ്രണ്ട് ലിസ്റ്റിലുള്ള ബന്ധുക്കൾക്കും നാട്ടുകാർക്കുമൊക്കെ അറിയാമല്ലോ നീ വക്കീൽ പരീക്ഷ പാസ്സാകുന്നത് പോയിട്ട് പത്താംക്ലാസ്സ് കടന്നുകൂടിയിട്ടില്ലെന്ന സത്യം “

മാത്തപ്പനിൽ സംശയം ഉയർന്നതോടെ മറിയ

തന്റെ ഐഡിരഹസ്യം വെളുപ്പെടുത്തി

” അതിനിത്തിരി പുളിക്കും നാട്ടുകാരേം,ബന്ധുക്കളെയും പോയിട്ട് കൂടെകിടക്കുന്ന നിങ്ങളെപോലും എന്റെ ഫ്രണ്ട് ലിസ്റ്റിൽ ആഡ്ചെയ്തിട്ടില്ല “

“വക്കീൽമറിയ” എന്ന ഐഡിയുടെ വിജയരഹസ്യം കേട്ടതോടെ പത്രത്തിൽ നിന്നും കണ്ണുയർത്തി മാത്തപ്പന്റെ നോട്ടം കെട്ടിയോളുടെ മുഖത്തേക്കായി,

“മീൻകച്ചവടം,ദാരിദ്ര്യം പറച്ചിൽ ,ലൈവായി പാട്ടുപാടൽ

തുടങ്ങിയ പതിവ് കലാപരിപാടികൾക്ക് ഇപ്പോൾ ഡിമാൻഡ് പോയി , വൈറൽ ആകണേൽ വേറെ എന്തേലും വെറൈറ്റി പിടിക്കണം “

മറിയ മാത്തപ്പൻ സമക്ഷം കാര്യങ്ങൾ കൂടുതൽ വ്യക്തമാകുന്നതിനിടയിൽ ഗ്ലാസിലെ ചായകാലിയാക്കി മാത്തപ്പൻ അടുത്ത സിഗരറ്റിനു തീ കൊളുത്തി കഴിഞ്ഞിരുന്നു,

“വൈറൽ ആകാൻ നടക്കാതെ അടുക്കളയിൽ കയറി വയറ്റിലേക്കുള്ള എന്തേലും ഉണ്ടാക്കാൻ നോക്ക്”

ആദ്യത്തെ പുക പുറത്തേക്ക് നീട്ടിയൂതികൊണ്ട് മാത്തപ്പൻ വക ഉപദേശവും പുറത്തേക്കൊഴുകിയതോടെ ,മറിയ ബിഗ്ബോസിലെ നടിമാരെ വെല്ലുന്ന വാചാലത പുറത്തെടുത്തു ,

“നിങ്ങൾക്ക് ഇങ്ങനെ വലിച്ചോണ്ടിരിക്കാനും ,വല്ലവരേം വലിപ്പിക്കാനും മാത്രേ അറിയു “

കോപാക്രാന്തയായി അടുക്കളയിലേക്ക് മറിയ തിരിഞ്ഞു നടക്കവെയാണ് ,മറിയ -മാത്തപ്പൻ സംഭാഷണങ്ങൾ മൊത്തം കേട്ട് മുറ്റത്ത് നിന്നിരുന്ന ഇരുവരുടെയും ഏക സന്തതി ആംബ്രോസ്സ് വിഷയത്തിൽ ഇടപെട്ടത് ,

“എനിക്ക് ഒരു ഐഡിയ തോന്നുന്നു “

“എന്താണെന്ന് വെച്ചാൽ പറ “

മറിയ തൻ്റെ അടുക്കളയിലേക്കുള്ള യാത്രക്ക് പാതിവഴിയിൽ സ്റ്റോപ്പിട്ടു തിരിഞ്ഞു നിന്നു ,

” മുട്ട് വേദനയും ,നടുവേദനയും കാരണം അപ്പച്ചന് ഇപ്പോൾ നീന്താൻ ബുദ്ധിമുട്ടാണ് ,അമ്മച്ചി നല്ല അസ്സലായി നീന്തുകയും ചെയ്യും “

” ഇവിടെന്താ നീന്തൽ മത്സ്സരം വല്ലതും നടക്കുന്നോ ,നീ വളച്ചുകെട്ടാതെ കാര്യം പറ ചെക്കാ “

ആംബ്രോസ് സംസാരിച്ചു തീരും മുമ്പേ മറിയ ഇടയിൽ കയറി ,

” നാട് മൊത്തം മഴയും വെള്ളപൊക്കവുമാ , നമ്മുടെ പമ്പയാറും കരകവിഞ്ഞൊഴുകുവാ, ഇന്നലത്തെ വാർത്ത അമ്മച്ചി ശ്രദ്ധിച്ചിരുന്നോ ,രണ്ട് മാധ്യമ പ്രവർത്തകരും മുങ്ങിമരിച്ചു , അപ്പച്ചനെ വെച്ച് നമുക്കൊരു നാടകം പ്ലാൻ ചെയ്താലോ “

ആംബ്രോസ് കാര്യങ്ങൾ വിശദമാക്കവേ മാത്തപ്പൻ -മറിയ ദമ്പതിമാരുടെ രണ്ടു ജോഡികണ്ണുകൾ ആകാംക്ഷയോടെ അംബ്രോസിലേക്ക്

“അതായത് പമ്പയാറ്റിൽ വള്ളത്തിൽ പോകുന്ന അച്ഛൻ വള്ളം മുങ്ങി വെള്ളത്തിൽ വീഴുന്നു, മുങ്ങി താഴുന്ന അച്ഛനെ അമ്മ നീന്തിചെന്ന് രക്ഷപ്പെടുത്തുന്നു , ഇതൊക്കെ കരയിൽ നിൽക്കുന്ന ഞാൻ വീഡിയോപിടിക്കുന്നു , അമ്മച്ചി അതിസാഹസികമായി അപ്പച്ചനെ രക്ഷപ്പെടുത്തുന്ന വീഡിയോ വാട്ട്സാപ്പ് വഴിയും ഫേസ്ബുക്ക് വഴിയും വൈറൽ ആകുന്നു കേരളം മുഴുവൻ കാണുന്നു , അമ്മച്ചിയെ തേടി ചാനലുകളായ ചാനലുകൾ എത്തുന്നു……”

അംബ്രോസ്സ് കാര്യങ്ങൾ വിശദീകരിക്കവേ മറിയയുടെ ഇരുകരങ്ങളും അംബ്രോസിനെ ചുറ്റിവരിഞ്ഞിരുന്നു , ആവേശം നിറഞ്ഞ മറിയയുടെ വാക്കുകൾ ഇടവപ്പാതിപോലെ പുറത്തേക്ക് ,

“പത്ത് തലയ ഈ അംബ്രോസിന് , തനി രാവണൻ,സംഗതി വൈറലായാൽ ഈ മറിയയെ തേടി രാഷ്ട്രപതിയുടെ ധീരതയ്കുള്ള അവാർഡ് വരെ എത്താനുള്ള സാധ്യതയുണ്ട്”

അംബ്രോസിനെ പുല്കി മറിയയുടെ ആവേശം നിറഞ്ഞവാക്കുകൾ മാത്തപ്പനിലേക്ക് ഒഴുകുന്നതിനിടയിൽ “രാവിലെ അമ്മചിക്ക് ഒന്ന് പല്ല് തേക്കാമായിരുന്നു എന്ന ആംബ്രോസിന്റെ വാക്കുകൾ വനരോദനമായി കലാശിച്ചു

അങ്ങനെ അംബ്രോസിന്റെയും മറിയയുടെയും നിർബന്ധപ്രകാരം വള്ളവുമായി മാത്തപ്പൻ വീടിന് മുന്നിലുള്ള പമ്പയാറ്റിലേക്ക് ,ചാടാൻ റെഡിയായി മേക്കപ്പുമിട്ട് മറിയ ,വീഡിയോപിടിക്കാൻ ആംബ്രോസ്സ് അങ്ങനെ എല്ലാം തയ്യാർ ,

പമ്പയാറിനു ഒത്ത നടുഭാഗത്ത് എത്തിയപ്പോൾ പ്ലാൻ ചെയ്ത പോലെ മാത്ത്പ്പൻ വള്ളം മുക്കി ,വെള്ളത്തിൽ മുങ്ങിതാഴുന്ന മാത്തപ്പനെ കണ്ട് അലറിവിളിച്ചു പമ്പയാറ്റിലേക്ക് ചാടാനായി ഓടിയടുക്കുന്ന മറിയ ,

“മറിയ ചേച്ചി പറഞ്ഞ സാരികൊണ്ട് വന്നിട്ടുണ്ട് ”

റോഡിലൂടെ സൈക്കിളിൽ വന്ന ഇൻസ്റ്റാൾമെന്റ് തുണി കച്ചവടക്കാരൻ ആറുമുഖന്റെ വാക്ക് കേട്ടതോടെ ചാടാനായി കാല് പൊക്കിയ മറിയ സ്വിച്ചിട്ടപോലെ നിന്നു ,

മറിയ റിവേഴ്സ്ഗിയറിൽ ആറുമുഖന്റെ സൈക്കിളിനരുകിലേക്ക് ,

മറിയ സാരിക്കായി ആറുമുഖനോട് വിലപേശുമ്പോൾ ,പമ്പയാറ്റിലെ വെള്ളം കുടിച്ചു മുങ്ങിതാന്നുകൊണ്ടിരുന്ന മാത്തപ്പനെ രക്ഷിക്കാൻ വീഡിയോപിടുത്തം ഉപേക്ഷിച്ചു ആംബ്രോസ്സ് പമ്പയാറ്റിലേക്ക്

വെള്ളംകുടിച്ചു തളർന്ന മാത്തപ്പനെയും തോളിലേറ്റി ആംബ്രോസ് കരയണയുമ്പോൾ,

പുതുതായി വാങ്ങിയ സാരിയും കയ്യിലേന്തി നറുപുഞ്ചിരിയോടെ മറിയ അവർക്കരികിലേക്ക്,

“സോറി മാത്തു,നിങ്ങൾ വള്ളം മുക്കിയ സമയത്തുതന്നെ ആറുമുഖൻ സാരിയുമായി വന്നു അതാ കുഴപ്പമായത് , സാരമില്ല നിങ്ങൾ ഒന്നുടെ വള്ളംമുക്ക് ,ഞാൻ ഈ പുതിയ സാരിയുടുത്ത് ചാടാം ,കേരളം മുഴുവൻ കാണുന്നതല്ലെ പുതിയസാരി തന്നെയുടുക്കാം “

മറിയ പറഞ്ഞുതീരും മുമ്പേ മാത്തപ്പൻ തന്റെ സകലക്ഷീണവും മറന്ന് മറിയയുടെ കരണത്ത് രണ്ടു പെട,

അപ്രതീക്ഷിത അടിയിൽ മറിയയും സാരിയും പമ്പയാറ്റിലേക്ക്, മറിയക്ക് നീന്തൽഅറിയാവുന്നതിനാൽ മാത്തപ്പനെപോലെ വെള്ളംകുടിച്ചില്ല എന്ന് മാത്രം ,

നീന്തി കരയ്ക്ക് കയറിയ മറിയ ,കിതക്കുന്ന മാത്തപ്പനും,മിഴിച്ചു നില്ക്കുന്ന ആംബ്രോസിനും,വായ്പൊളിച്ചു നില്ക്കുന്ന ആറുമുഖനും മുന്നിലൂടെ വൈറൽ ആകാൻവന്ന മറിയ വിറച്ചുകൊണ്ട് ചവുട്ടിതുള്ളി വീട്ടിലേക്ക്.



കെ. ആർ. രാജേഷ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ