2020 ഒക്‌ടോബർ 19, തിങ്കളാഴ്‌ച

ഒരു സങ്കീർത്തനം പോലെ : പുസ്‌തകാസ്വാദനം




 “ഹൃദയത്തിൽ ദൈവത്തിന്റെ കൈയ്യൊപ്പുള്ള എഴുത്തുകാരന്റെ കല “


മലയാള നോവൽ ചരിത്രത്തിലെ എക്കാലത്തെയും അനശ്വരസൃഷ്ടിയാണ് പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനം പോലെ’. വായനയ്ക്ക് അപചയം സംഭവിക്കുന്നു എന്ന വിലാപമുയർന്ന കാലത്ത് അതിരുകളില്ലാത്ത വായനാസമൂഹത്തെ സൃഷ്ടിച്ച്, വയലാർഅവാർഡ് അടക്കം 9 അവാർഡുകൾ നേടിയ നോവൽ.. !

“തോരാതെ പെയ്യുന്ന ഒരു പെരുമഴയിൽ എന്റെ മനസിലെ പച്ചക്കാടുകൾ കത്തിക്കൊണ്ടിരുന്നു” എന്നാണ് പെരുമ്പടവം ഈ നോവൽ രചനാകാല അനുഭവത്തെ വിശേഷിപ്പിക്കുന്നത്, മനോഹരമായ ആഖ്യാനവും, വഴക്കമുള്ള ഭാഷയും കൊണ്ട് വായനക്കാരെ ആഴത്തിൽ സ്വാധീനിച്ച രചന. പ്രണയത്തിന്റെ അതിമനോഹരമായ ആവിഷ്കാരം..!

പ്രശസ്തനായ റഷ്യൻ സാഹിത്യകാരൻ ദസ്തയോവ്സ്കിയുടെ ജീവിതകഥ. ലോകത്തിനു മുന്നിൽ അസന്മാർഗിയും ചൂതുകളിക്കാരനുമൊയാണെങ്കിലും സ്നേഹത്തിനുവേണ്ടി ദാഹിക്കുന്ന, നോവലിസ്റ്റിന്റെ നിഷ്കളങ്കഹൃദയത്തെ തിരിച്ചറിയുന്ന പെൺകുട്ടിയുടെ കഥ. നോവലിന്റെ പകർത്തെഴുത്തുകാരിയായി അദ്ദേഹത്തിന്റെ ജീവിതത്തിലേക്കു കടന്നുവരുന്ന അന്നയുടെ കഥ. അവരുടെ അപൂർവ്വ പ്രണയത്തിൻറെ കഥ…. അതാണീ നോവൽ !

റഷ്യയുടെയും, സെന്റ്പീറ്റേഴ്സ് ബർഗിന്റെയും, നേവാനദിയുടെയുമെല്ലാം അതിമനോഹരമായ ചിത്രങ്ങൾ വരഞ്ഞിട്ടുകൊണ്ടാണ് നോവലിന്റെ സഞ്ചാരം. അതിരുകളില്ലാത്ത പ്രണയത്തിന്റെ വശ്യതയും , ശാന്തതയും മനസിലേക്കു പടർന്നിങ്ങുന്നു. അനാദിയായ ആ പ്രണയനിമിഷങ്ങളിൽ നമ്മുടെഹൃദയവും അലിഞ്ഞു ചേരുന്നു.

രചനയുടെ മാന്ത്രികതയാൽ നോവലിസ്റ്റ് നമ്മെ നാമിന്നോളറിയാത്ത അനുഭൂതി മണ്ഡലങ്ങളിലേക്ക് കൊണ്ടുപോകുന്നു. പ്രണയാതുരവും സംഘർഷഭരിതരുമായ മുഹൂർത്തങ്ങളുടെ പെരുമഴക്കാലം തീർത്ത് അവാച്യമായ അനുഭൂതികളായ് അതു പെയ്തുനിറയുകയും, ജീവിതാനുഭവങ്ങളുടെ …. വായനാനുഭവത്തിന്റെ പുതിയ ചക്രവാളങ്ങൾ തുറന്നു തരികയും ചെയ്യുന്നു ഈ നോവൽ !



എം.ബി. ശ്രീക്കുട്ടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ