മലയാളികളുടെ പ്രിയപ്പെട്ട നോവലിസ്റ്റായ ശ്രീ.TD രാമകൃഷ്ണൻ , ശ്രീലങ്കയിലെ ആഭ്യന്തര കലാപങ്ങളുടെ പശ്ചാത്തലത്തിൽ വർത്തമാന കാല യാഥാർത്ഥ്യങ്ങളും ചരിത്രവും ഐതിഹ്യവും സമന്വയിപ്പിച്ചെഴുതിയ നോവലാണ് “സുഗന്ധി എന്ന ആണ്ടാൾ ദേവനായകി. ”
ഇന്ത്യക്കാരനായ പീറ്റർ ജീവാനന്ദം എന്ന സിനിമാ തിരക്കഥാകാരൻ സ്കോട്ലൻഡുകാരായ ക്രിസ്റ്റി , മേരി ആൻ എന്നിവർക്കൊപ്പം woman behind the fall of tigers എന്ന സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലെത്തുന്നു. സർക്കാരിന്റെ പ്രതിനിധിയായ ‘സമരവീരയും ‘ അവരുടെ സഹായത്തിനായുണ്ട്. ഈഴപ്പോരിൽ കൊലചെയ്യപ്പെട്ട പ്രമുഖ ഈഴംപെൺ പോരാളിയും പ്രശസ്ത ഡോക്ടറും മനുഷ്യാവകാശ പ്രവർത്തകയുമായ രജനി തിരണഗാമക്കുറിച്ച് സിനിമയെടുക്കുകയാണ് അവരുടെ ലക്ഷ്യം. പീറ്ററിന് ഇയക്കത്തിലെ വനിതാ വിഭാഗം ലീഡറും പഴയ കൂട്ടുകാരിയുമായ സുഗന്ധിയെ കണ്ടെത്തന്നെമെന്ന ആഗ്രഹവും യാത്രയുടെ ലക്ഷ്യമായുണ്ട്.
DP (ഡിവൈൻ പേൾ ) എന്ന പട്ടാള ബംഗ്ലാവിൽ വച്ച് തമിഴ് വിടുതലൈ പുലികളുടെ വനിതാ വിഭാഗം കമാൻഡറായിരുന്ന തമിഴൊലിയിൽ നിന്ന് സുഗന്ധിയെക്കുറിച്ച് ചെറിയൊരു സൂചന ലഭിച്ചതനുസരിച്ച് അന്വേഷണം തുടരുമ്പോൾ സുഗന്ധി എഴുതിയതെന്ന് കരുതപ്പെടുന്ന “ഒരു പെൺപോരാളിയിൻ വാഴ്ക്കൈ കുറിപ്പുകൾ ” എന്ന ആത്മകഥയുടെ ആദ്യത്തെ അദ്ധ്യായം പീറ്ററിന് ലഭിയ്ക്കുന്നു ….
1983 ലെ കലാപത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട് അനാഥയായ അവൾ അമ്മാവന്റെ സംരക്ഷണയിൽ വളരുന്നതിനിടെ തമിഴ് വിടുതലൈ പുലികൾ എന്ന പ്രസ്ഥാനത്തിൽ ആകൃഷ്ടയായി ഇയക്കത്തിൽ ചേർന്ന കഥയറിഞ്ഞെങ്കിലും അവൾ എവിടെയാണുള്ളതെന്നതിന്റെ സൂചനകളൊന്നും കിട്ടിയില്ല . ജീവിച്ചിരിക്കുന്നുണ്ടെന്നു മനസ്സിലാക്കി അന്വേഷണം തുടരവേ യാദൃച്ഛികമായി മീനാക്ഷി രാജരത്തിനം എഴുതിയ “ദേവനായകിയിൻ കതൈ” വായിക്കാനിടയാകുന്നു. ഒൻപത് – പത്ത് നൂറ്റാണ്ടുകളിലെ ചേര- ചോള ഭരണകാലമാണ് ഇതിന്റെ പശ്ചാത്തലം ഇന്നത്തെ വിഴിഞ്ഞം തുറമുഖത്തിനും തിരുവനന്തപുരത്തിനും ഇടയ്ക്കുള്ള സ്ഥലങ്ങൾ ചേർന്ന പ്രദേശമായിരുന്നു കാന്തള്ളൂർ എന്ന അതി മനോഹരമായ തുറമുഖ നഗരം… പ്രശസ്തമായ സൈനികകേന്ദ്രങ്ങളും വൈജ്ഞാനിക കേന്ദ്രങ്ങളുമുൾപ്പെട്ട അതിപ്രാധാന്യമുള്ള സ്ഥലം…
ചേര ചക്രവർത്തിയുടെ സാമന്തനും കാന്തള്ളൂരിലെ രാജാവുമായ മഹീന്ദ്ര വർമ്മൻ , സൈനിക കേന്ദ്രത്തിന്റെ മേധാവിയായ പെരിയ കോയിക്കന്റെ മകൾ ദേവനായകിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായി തന്റെ എട്ടാമത്തെ ഭാര്യയായിസ്വീകരിക്കുകയും , ബുദ്ധിമതിയും രാജ്യതന്ത്രജ്ഞയുമായ അവളെ രാജഭരണത്തിൽ സഹായിയാക്കുകയും ചെയ്തു. പക്ഷേ രാജ രാജ ചോളന്റെ ആക്രമണത്തിൽ മഹീന്ദ്ര വർമ്മൻ കൊല്ലപ്പെട്ടു പിന്നീട് ദേവനായകിയെക്കുറിച്ച് പല കെട്ടു കഥകളും പ്രചരിക്കുകയുണ്ടായി…
എന്നാൽ ദേവനായകി തന്റെ ഭർത്താവിനെ കൊന്ന രാജരാജചോളന്റ ഏഴാമത്തെ റാണിയായി തഞ്ചാവൂരിലേക്ക് പോവുകയാണുണ്ടായത്. “പോരിൽ ജയിച്ചവനല്ലേ മണ്ണിനും പെണ്ണിനും യജമാനൻ ” എന്ന ചൊല്ലും “പെണ്ണൊരു പുഴയാണ് , എപ്പോഴും ഒഴുകാൻ കൊതിക്കുന്ന പുഴ” എന്ന ബുദ്ധനാരുടെ വാക്കുകളും ആണധികാരത്തിന്റെ പ്രതീകങ്ങൾ മാത്രമായേ നമുക്കു കാണുവാൻ കഴിയുകയുള്ളു. ഒരേ സമയം നിരവധി ഭാര്യമാരുള്ള രാജാവ്, സ്വന്തം ഭാര്യമാരെ അരത്താലിയിൽ പൂട്ടിയിട്ട് അന്തഃപുരത്തിലൊളിപ്പിക്കുകയും , വീണ്ടും ഇഷ്ടപ്പെട്ടവരെ തേടിപ്പിടിച്ച് രമിക്കുകയും ചെയ്യുന്ന , വിചിത്രമായ , ആൺകോയ്മയിൽ അധിഷ്ഠിതമായ ആചാരത്തിൽ നിന്ന് രക്ഷപെടാൻ വിദ്യാസമ്പന്നയും, പെണ്ണിന്റെ കണ്ണീരു തുടക്കാനായി അവതരിക്കപ്പെട്ടതെന്ന് …കരുതുന്നവളുമായ ദേവനായകി ആഗ്രഹിക്കുന്നതിൽ തെറ്റു കാണാനാവില്ലല്ലൊ.
സ്വന്തം മകളെ തട്ടിയെടുത്തു മൃഗീയമായി കൊലപ്പെടുത്തിയ സിംഹള രാജനോടുള്ള പ്രതികാരമായാണ് പിന്നീടവളുടെ ജീവിതം. സന്ദർഭവശാൽ രാജരാജന്റ മകൻ രാജേന്ദ്രചോളന്റെ ഗുരുവായും പങ്കാളിയായും കഴിയുന്ന ദേവനായകിയ്ക്ക് യവന നായികയായ ക്ലിയോപാട്രയുമായി പലയിടത്തും സാദൃശ്യം തോന്നിയേക്കാം.!
തന്റെ കുഞ്ഞിനെ കൊന്ന സിംഹള രാജൻ മഹീന്ദനോട് പ്രതികാരം ചെയ്യാനായി സിഗിരയ (സുസാന സുപിന) യിലെ സ്വപ്നനഗരത്തിൽ എത്തുന്ന ദേവനായകി ജ്ഞാനോദയം നേടി വിശുദ്ധയാവുകയും, പേടിച്ചരണ്ട മഹീന്ദൻ അവളുടെ മുലകൾ അരിഞ്ഞു വീഴ്ത്തുകയും ചെയ്യുന്നു. അതേ സമയം തന്നെ രാജേന്ദ്രചോളന്റെ സൈന്യം സ്വപ്നനഗരം കീഴടക്കുകയും ചെയ്യുന്നു. ഈ അവസരത്തിൽ, അമാനുഷിക ശക്തി നേടിയ ദേവനായകി ആകാശത്തേക്കുയർന്ന് രക്ഷപ്പെടുകയും അങ്ങിനെ ആണ്ടാൾ ദേവനായകിയെന്ന പേരിൽ അറിയപ്പെടുകയും ചെയ്തു….
മനുഷ്യശരീരമുപേക്ഷിച്ച് ഈ ഭൂമിയിൽ സഹസ്രാബ്ദത്തോളം തന്റെ സാന്നിദ്ധ്യമുണ്ടാകുമെന്നും സ്ത്രീയുടെ കണ്ണീരു വീഴുന്നിടത്ത് താനുണ്ടാകുമെന്നും പുതു ജന്മങ്ങൾ – അവതാരങ്ങൾ സൃഷ്ടിക്കപ്പെടാമെന്നും അവൾ രാജേന്ദ്രചോളനോട് പറയുന്നുണ്ട്… !
ചുരുങ്ങിയ ജീവിത കാലയളവിനുള്ളിൽ അഞ്ചു പുരുഷൻമാരൊടൊപ്പം ഇഷ്ടത്തോടെയും അല്ലാതെയും ജീവിക്കേണ്ടി വന്ന ദേവനായികയുടെ കഥയ്ക്ക് ആയിരം കൊല്ലത്തെ പഴക്കമുണ്ടെന്നും ഒരു പക്ഷേ ഒരു ഐതീഹ്യമാണെന്നും നമുക്കാശ്വസിക്കാം…
പ്രണയവും , രതിയും, താന്ത്രികാനുഷ്ഠാനങ്ങളുമെല്ലാം വായനക്കാരിലും വല്ലാത്തൊരുൻമാദം നിറയ്ക്കുമെന്നതിൽ സംശയമില്ല. പക്ഷേ സമൂഹത്തിൽ ഇന്നും തുടരുന്ന പുരുഷാധിപത്യത്തിന്റെ നേർക്കാഴ്ചയാണതെന്ന് പറയാതെ പറയുന്നു നോവലിസ്റ്റ്. വർത്തമാനകാല യാഥാർത്ഥ്യങ്ങളും, ചരിത്രവും ഐതീഹ്യവും സംയോജിപ്പിച്ചുള്ള രചനാശൈലി ഗംഭീരംതന്നെ.
ഈഴപ്പോരിൽ കൊല്ലപ്പെട്ട രജനിയെക്കുറിച്ചുള്ള വിവര ശേഖരണത്തിനിടയിൽ തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന പലസന്ദർഭങ്ങളും പീറ്ററിനും സംഘത്തിനുമുണ്ടായി. പ്രഭാകരന്റെ മരണത്തോടെ ഒട്ടൊന്നൊതുങ്ങിയെങ്കിലും ഇപ്പൊഴും തമിഴ് ഈഴം സ്വപ്നം കാണുന്ന നിരവധി പേർ അവസരത്തിനായി കാത്തിരിയ്ക്കുന്നുണ്ട്. അവരുടെ ഓരോ ചെറിയ നീക്കങ്ങളും മനസ്സിലാക്കി തൽക്ഷണം പ്രതികാരം ചെയ്യുന്ന കിരാതരായ ഫാസിസ്റ്റ് മനോഭാവമുള്ള ശ്രീലങ്കൻ പട്ടാളവും സിംഹത്തിന്റെ മുന്നിലെ മാൻപേടകളെപ്പോലെ ഞെരിഞ്ഞമരുന്ന സ്ത്രീ ജീവിതങ്ങളും കഥയിൽ നിറഞ്ഞ് നിൽക്കുന്നു. സ്വന്തം സംഘടനയിലായാലും, ശത്രു ചേരിയിലായാലും നിശ്ശബ്ദമാക്കപ്പെടുന്ന സ്ത്രീ ജീവിതം അഥവാ ആണധികാരത്തിന്റെ ഉൻമത്തഭാവം ചരിത്രത്തിലും വർത്തമാനത്തിലും ഭേദമില്ലാതെ തുടരുന്നു മിത്തുകൾ മാത്രമേ സ്ത്രീക്ക് ആശ്വസിക്കുവാൻ ഇത്തിരിയെങ്കിലും വക നൽകുന്നുള്ളു എന്ന് അടിവരയിടുന്ന പ്രമേയം.
വുമൺ എഗൻസ്റ്റ് വാർ എന്ന മീറ്റിംഗിൽ വച്ച് രജനിയെക്കുറിച്ച് ഇന്നുള്ള ആധികാരികരേഖയായ ” No more tears Sister “എന്ന documentory യുടെ പ്രദർശനം നടന്നു. മീറ്റിംഗിന്റെ സംഘാടകയും മെഡിക്കൽ വിദ്യാർത്ഥിനിയും ധീരയുമായ “പൂമണി സെൽവ നായകം ” എന്ന യുവതി, തന്നെ നിർദ്ദയം കീഴ്പ്പെടുത്തിയ മനുഷ്യസിംഹത്തിനെ കൗശലപൂർവ്വം കൊലപ്പെടുത്തി അനേകം യുവതികൾക്ക് ആശ്വാസമേകി സ്വയം ബലിമൃഗമായ കഥ ആരിലും സഹാനുഭൂതി ജനിപ്പിക്കും. സിംഹത്തിന്റെ ഇംഗിതത്തിന് വഴങ്ങി മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും സിംഹാധിപത്യത്തിന്റെ, ജീവിക്കുന്ന രക്തസാക്ഷിയായ ആർക്കിയോളജിസ്റ്റ് ജൂലി, അയാളുടെ മരണശേഷം പീറ്ററിന്റെ പങ്കാളിയും സുഹൃത്തും വഴികാട്ടിയുമാകുന്നു.
“ലങ്കയിലെ ആക്ടീവിസ്റ്റായ എല്ലാ സ്ത്രീകളും ഒരു പ്രാവശ്യമെങ്കിലും റേപ് ചെയ്യപ്പെട്ടിട്ടുണ്ടാകും ” എന്ന ജൂലിയുടെ വാക്കുകൾ ഞെട്ടലോടെയേ ശ്രവിക്കാനാവൂ ! കാനഡയിൽ ഒളിവ് ജീവിതം നയിക്കുന്ന സുഗന്ധിയെ, പീറ്റർ കാണാനിടയാകുന്നു. ഈഴപ്പോരിന്റെ രക്തസാക്ഷിയായി, ഇരുകൈകളും വെട്ടിമാറ്റപ്പെട്ട് , ആസിഡ് പൊള്ളലിൽ മുഖം വികൃതമായ അവസ്ഥയിലുമായിരുന്നിട്ടുപോലും അവളിലെ പോരാട്ട വീര്യത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല… ഒളിവിലിരുന്നവൾ , അനുജത്തിമാരോടൊപ്പം തൂലിക പടവാളാക്കി പോരാടിക്കൊണ്ടിരുന്നു ….
“ജീവിതത്തിൽ ഒരാളെയല്ലേ നമുക്കു പ്രണയിക്കാൻ കഴിയൂ, മറ്റെല്ലാ ബന്ധങ്ങളും വെറും മഹത്വവൽക്കരിക്കപ്പെട്ട വ്യഭിചാരങ്ങളല്ലേ” എന്ന സുഗന്ധിയുടെ വാക്കുകൾ പീറ്ററിൽ സുഗന്ധിയുടെ ഓർമ്മകൾ പടർത്തുന്നു… ദേവനായകിയുടെ കഥയെഴുതിയ, മീനാക്ഷി രാജരത്തിനം തന്റെ പ്രണയിനിയായിരുന്ന സുഗന്ധി തന്നെയെന്ന് തിരിച്ചറിയുന്ന നിമിഷങ്ങൾ വികാരനിർഭരമാണ്.
”എനിക്ക് പെണ്ണിന്റെ കണ്ണീരു വീഴുന്നിടങ്ങളിലെല്ലാം ഓടിയെത്തേണ്ടി വരും , പല നഗരങ്ങളും ചുട്ടെരിക്കേണ്ടിയും വരും ”
എന്നു പറഞ്ഞ ആ ദേവനായകിയുടെ അവതാരമല്ലേ… അക്ക (സുഗന്ധി)യെന്നും, ആ അവതാരം തന്നെയല്ലേ രജനി തിരണഗാമയെന്നും ഒരവസരത്തിൽ അനുജത്തി അരുൾ , സുഗന്ധിയോട് ചോദിക്കുന്നുണ്ട്…!!
ലോകരാജ്യങ്ങളുടെ തലവൻമാർ പങ്കെടുക്കുന്ന ചോഗം (CHOGM) മീറ്റിംഗിൽ വച്ച് ആജന്മശത്രുവും യുദ്ധക്കുറ്റവാളിയുമായ രാജ്യത്തിന്റെ പരമാധികാരിയെ വധിക്കാനായി “മോസ്കിറ്റോ ഡ്രോൺ ” എന്ന ഏറ്റവും അത്യന്താധുനിക ഉപകരണം , ഒരു ബുദ്ധ പ്രതിമയുപയോഗിച്ച് (പണ്ട് ദേവനായകിയും സിംഹ ശൈലം തകർക്കാനായി ഉപയോഗിച്ചതും ബുദ്ധ പ്രതിമകളായിരുന്നു), നടപ്പാക്കുവാനുള്ള പരിശീലനത്തിടെ പിടിക്കപ്പെട്ട അരുളും യമുനയും; അവരിൽ ലങ്കൻ പട്ടാളം പ്രയോഗിക്കുന്ന ക്രൂരമായ പീഡന മുറകൾ വായനക്കാരന്റെ രക്തം പോലും മരവിപ്പിക്കും. സ്ത്രീ ജീവിതത്തിനും ചാരിത്ര്യത്തിനും പരിശുദ്ധിയ്ക്കും മാനുഷിക മൂല്യങ്ങൾക്കും വിലകൽപിക്കാത്ത ഒരു സമൂഹ ജീവിതം വായനക്കാർക്ക് മുന്നിൽ അനുഭവവേദ്യമാക്കുന്ന കഥാകാരനെ നമിക്കുന്നു…
ഒടുവിൽ – സിനിമാ പ്രൊജക്റ്റും, പ്രിയ കൂട്ടുകാരിയെയും, അവളിൽ വളരുന്ന തന്റെ കുഞ്ഞിനെയും ഉപേക്ഷിച്ച് , രക്ഷപ്പെടാനായി മാതൃ രാജ്യത്തെയ്ക്ക് വിമാനം കയറുന്ന പീറ്റർ മനുഷ്യന്റെ സ്വാർത്ഥതയുടെ നിസ്സഹായാവസ്ഥയുടെ ഉത്തമോദാഹരണമാണ്.
സിംഹശൈലം തകർത്തശേഷം ഇരുമുലകളും വെട്ടിയരിയപ്പെട്ട് ആകാശത്തേക്കുയർന്നു പോയ ദേവനായകിയെപ്പോലെ…. കൊളംബ് ചുട്ടെരിച്ച് ആകാശത്തേക്കുയർന്ന ഇരുകൈകളും നഷ്ടപ്പെട്ട സുഗന്ധിയെപ്പോലെ… ഇയക്കപ്പോരിൽ കൊല ചെയ്യപ്പെട്ട രജനിയെപ്പോലെ…. വിമോചന സമരങ്ങളുടെ സ്ഥലകാലങ്ങൾക്കൊപ്പം
രൂപം കൊള്ളുന്ന ദേവനായകി , സുഗന്ധി,രജനി എന്ന മൂന്ന് കഥാപാത്രങ്ങൾ അവസാനം ഒരൊറ്റ കഥാപാത്രത്തിൽ വിലയം പ്രാപിക്കുന്നു.
ഒരു കാൽ സിഗിരിയയിലും മറുകാൽ ശ്രീപാദമലയിലും വച്ച് , കത്തിയെരിയുന്ന കൊളംബിൽ നിന്നും തന്റെ ജൻമ സ്ഥലമായ കാന്തള്ളൂരിലേയ്ക്ക് പീറ്ററിനൊപ്പം അപ്പോഴും അവൾ യാത്ര തുടരുന്നുണ്ടായിരുന്നു… വിപ്ലവവും , ജനാധിപത്യവും ആശയപരമായി വ്യതിചലിക്കുമ്പോൾ സംഭവിക്കുന്ന ദാരുണമായ അവസ്ഥയെ നോവലിസ്റ്റ് സമർത്ഥമായി അവതരിപ്പിച്ചിരിക്കുന്നു… അതി സങ്കീർണ്ണമായ കഥാപാത്രങ്ങളെ അനായാസമായി അവതരിപ്പിച്ച “സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ” മികച്ചൊരു വായനാനുഭവമാണ് തരുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ