2020 ഒക്‌ടോബർ 19, തിങ്കളാഴ്‌ച

ഇതിഹാസ ഭൂമിയിൽ .. : സഞ്ചാരം :

 


ഖസാക്ക്, പാലക്കാട്.‌


 

കൂമൻകാവങ്ങാടിയിൽ ബൈക്കടുപ്പിച്ചപ്പോൾ അപരിചിതത്വം തെല്ലും തോന്നിയില്ല. എന്നെങ്കിലും ഒരിക്കൽ ഇവിടെ എത്തിച്ചേരുമെന്ന് മുന്നേ കരുതിയതാണ്. വരും വരായകളുടെ അതേ ഓർമ്മകൾ തന്നെ.

വഴിയമ്പലത്തിനരികിൽ ബൈക്ക് നിർത്തി റോഡിന് എതിർവശത്തുള്ള സർബത്തു കട ലക്ഷ്യമാക്കി നടന്നു. രാമശേരിയിൽ നിന്ന് വയറു നിറയെ ഇഡ്ഡലിയുമടിച്ചു കൊണ്ടുള്ള വരവാണ്.വിശപ്പ് തെല്ലുമില്ല, ദാഹവും.

എങ്കിലും കൂമങ്കാവങ്ങാടിയിൽ ആദ്യമായി വണ്ടിയിറങ്ങി ഒരു സർബത്തു കുടിക്കാതെ ഖസാക്കിലേക്ക് പോകുന്നതെങ്ങനെ.. !

“ചേട്ടാ.. ഒരു സർബത്തു “

“ഐസുണ്ടോ? “

“ആ തണുപ്പുണ്ട് “

“ഉണ്ടോ!”

“ആ ഉണ്ടെന്നു “

കളഞ്ഞു..,

ആ സർബത്തു കടക്കാരൻ ഐസുണ്ടോ എന്ന് ചോദിക്കുമ്പോൾ ‘ഐസില്ല, പകരം വെള്ളത്തിന് ഐസിനെക്കാൾ തണുപ്പാണ് ‘ എന്നു പറയുമെന്നും സർബത്തു കുടിച്ചു തീർക്കുന്നതിനിടയിൽ എന്റെ പേര് വിവരങ്ങളും ആഗമനോദ്ദേശവും വിശദമായി ചോദിച്ചു മനസ്സിലാക്കുമെന്നും ഞാൻ വെറുതെ ആശിച്ചു.

എവിടെ, ആ കടക്കാരൻ സർബത്തു തന്നു മറ്റു ജോലികളിലേക്ക് പോയി.

സർബത്തു കുടിച്ചു കൊണ്ട് കൂമങ്കാവങ്ങാടിയുടെ ഏകദേശ ചിത്രം ഞാൻ മനസ്സിലാക്കി.ഇന്നിവിടം ബസ് റൂട്ടിന്റെ അവസാനമൊന്നുമല്ല.പാലക്കാട് നിന്നും, തിരിച്ചു പാലക്കാടേക്കും ഇടവിട്ട് ബസുകൾ ഇതിലൂടെ ചീറി പാഞ്ഞു കൊണ്ടിരിക്കുന്നു.കടയുടെ നേരെ എതിർവശത്തായി റോഡിനപ്പുറം ഒരു മുത്തശ്ശി മരം നിൽപ്പുണ്ട്. അവിടം നാലഞ്ചു ഏറുമാടങ്ങൾ നിൽക്കുന്നതായി ഞാൻ വെറുതെ സങ്കൽപ്പിച്ചു.

വഴിയമ്പലത്തിനു സമാന്തരമായി ഒരു കനാൽ ഖസാക്കിലേക്ക് പോകുന്നുണ്ട്, അതിനടുത്തായി വഴി യാത്രക്കാർക്ക് വിശ്രമിക്കാനുള്ള കുറച്ചു ഇരിപ്പിടങ്ങളും.

സർബത്തു കുടി കഴിഞ്ഞു ബൈക്കെടുത്തു ഖസാക്ക് ലക്ഷ്യമാക്കി നീങ്ങി.കണ്മുന്നിലേക്കെത്തുന്ന ഓരോ ആളിലും ഖസാക്കിലെ ഓരോ കഥാപാത്രത്തെ ഞാൻ കണ്ടു. കരിമ്പനകൾക്കരികിൽ ക്ഷീണിതനായി വിശ്രമിക്കുന്ന കുട്ടാടൻ പൂശാരി, ബൈക്കിനു നേരെ കൈവീശി കാണിച്ച അപ്പുക്കിളി, പാടത്തു നിന്ന് പുല്ലരിയുന്ന ചാന്തുമ്മ, ഉമ്മറത്തിരുന്നു കളിച്ചു കൊണ്ടിരിക്കുന്ന കരുവും കാസിമും കുഞ്ഞാമിനയും, അവരോട് വഴക്ക് കൂടുന്ന മൈമൂന…

അങ്ങനെ…അങ്ങനെ.. അങ്ങനെ..

ഈ സ്വപ്ന യാത്ര ഖസാക്കിലേക്കെത്താൻ ഇനിയും സമയമെടുക്കും, അപ്പോഴേക്ക് നമുക്ക് ഖസാക്കിന്റെ ഇതിഹാസത്തെ പറ്റി പറയാം,ആ ഇതിഹാസ നായകനെ പറ്റിയും.

വർഷങ്ങൾക്ക് മുൻപ്, കുറച്ചു കൂടെ കൃത്യമാക്കിയാൽ തൊള്ളായിരത്തി അമ്പതുകളിൽ, സിരകളിൽ വിപ്ലവവീര്യവുമായി നടന്നിരുന്ന ഒവി വിജയനെന്ന എഴുത്തുകാരന്റെ അദ്ധ്യാപക ജോലി ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് നഷ്ടമാകുന്നു. പൊടുന്നനെയുണ്ടായ ജോലി നഷ്ട്ടപ്പെട്ടലിന്റെ മാനസിക പിരിമുറക്കത്തിൽ നിന്ന് രക്ഷ നേടാനായി വിജയൻ മാഷ് തന്റെ സഹോദരി ജോലി ചെയ്തിരുന്ന തസ്രാക്ക് എന്ന പാലക്കാടൻ ഗ്രാമത്തിലേക്കെത്തുന്നു.

ഒവി ഉഷ തസ്രാക്കിലെ ഏകാധ്യാപക വിദ്യാലയത്തിലെ അദ്ധ്യാപികയാണ്.വാഹന സൗകര്യങ്ങൾ നന്നേ കുറവുള്ള ആ കാലത്തു ദിനേനെ പട്ടണത്തിൽ നിന്ന് തസ്രാക്കിലേക്കെത്താനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി ഗ്രാമത്തിലെ ഒരു പ്രമാണി താൽക്കാലികമായി വിട്ട് നൽകിയ ഞാറ്റുപുരയിലായിരുന്നു അവർ താമസിച്ചിരുന്നത്. തസ്രാക്കിൽ തന്റെ സഹോദരിയോടൊപ്പം കുറച്ചു ദിവസങ്ങൾ ചെലവഴിച്ച വിജയൻ മാഷ് ദിവസങ്ങൾക്കകം തിരിച്ചു പോകുകയും പിന്നീട് പലയിടങ്ങളിലൂടെ സഞ്ചരിച്ചു ഒടുവിൽ ഡൽഹിയിലെത്തി ഒരു ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.

അവിടെ വെച്ചാണ് ഖസാക്കിന്റെ ഇതിഹാസം എന്ന കൃതി എഴുതാൻ ആരംഭിക്കുന്നത്.160 ഓളം പേജുകൾ മാത്രമുള്ള ഈ നോവൽ എഴുതി തീർക്കാൻ മാഷ് 12 വർഷത്തോളെമെടുത്തു.

ഖസാക്കിന്റെ ഇതിഹാസം തസ്രാക്ക് എന്ന പാലക്കാടൻ ഗ്രാമത്തിന്റെ കഥയല്ല. തസ്രാക്ക് ഒരു നിമിത്തം മാത്രമായിരുന്നു. പിന്നിട്ട വഴികളിൽ തന്റെ കൂടെയുണ്ടായിരുന്ന ചിന്തകളും അനുഭവങ്ങളും വിജയൻ മാഷ് തസ്രാക്കിലേക്ക് കൊണ്ട് വരികയാണുണ്ടായത്. തസ്രാക്ക്, അല്ലെങ്കിൽ ഖസാക്ക് എന്ന ഗ്രാമത്തിലൂടെ അദ്ദേഹം പല ഗ്രാമങ്ങളെയും പല ജീവിതങ്ങളെയും വരച്ചു കാണിച്ചു.

ഈയൊരു കൃതി മലയാള സാഹിത്യത്തെ രണ്ട് കാലഘട്ടമായി തിരിച്ചു, ഖസാക്കിന് മുൻപും ഖസാക്കിന് ശേഷവും.

ഖസാക്കിലെ ഏകാധ്യാപക വിദ്യാലയത്തിൽ അധ്യാപകനായി എത്തുന്ന രവി എന്ന യുവാവിലൂടെ കഥ പറഞ്ഞു തുടങ്ങുന്ന കൃതി പല കഥാപാത്രങ്ങളിലൂടെയും വ്യത്യസ്ഥ കഥാസന്ദർഭങ്ങളിലൂടെയും കടന്നു പോകുന്നു. ഈ നോവലിലെ പ്രധാന കഥാപാത്രം ആരെന്നു ചോദിച്ചാൽ പലർക്കും പല ഉത്തരങ്ങളായിരിക്കും. ഓരോ വായനയിലും പ്രധാന കഥാപാത്രങ്ങളായി രവിയും നൈസാമലിയും മൈമൂനയും അപ്പുക്കിളിയുമെല്ലാം മാറി മാറിയെത്തുന്നു.

ഖസാക്കിന്റെ ഇതിഹാസം ഒരൊറ്റ തവണ വായിച്ചു പോകുന്നവർക്കുള്ള കൃതിയല്ല. ഓരോ വായനയിലും കഥാപാത്രങ്ങൾക്കൊക്കെ വ്യത്യസ്ഥ സ്വഭാവങ്ങൾ കൈവരുന്നതായി കാണാം.

ആദ്യ വായനയിൽ രവി പിന്നോക്ക ഗ്രാമത്തിൽ പഠിപ്പിക്കാനെത്തുന്ന സേവനതല്പരനായ അധ്യാപകനാണെങ്കിൽ പിന്നീടുള്ള വായനകളിൽ രവി കൂസലില്ലാതെ നടക്കുന്ന ഒരു സഞ്ചാരിയായും ലൈംഗികാസക്തിയുള്ളവനായും വിഷാദരോഗിയായും ഭ്രാന്തനായുമൊക്കെ മാറുന്നു.

വായനകൾ പലയാവർത്തി പിന്നിടുമ്പോൾ നൈസാമലിയുടെ തുടകൾക്കിടയിൽ ലൈംഗിക ദാഹം തീർത്ത, ഏകാദ്ധ്യാപക വിദ്യാലയത്തെ ശക്തമായി എതിർത്ത അള്ളാപിച്ചാ മൊല്ലാക്ക എന്ന വില്ലൻ പുരോഹിതൻ ദുഃഖഭാരം താങ്ങാനാകാതെ അസമയത്തു പള്ളിയിൽ കയറി സുബ്ഹി ബാങ്ക് കൊടുത്ത പുരോഹിതനായും ഒടുവിൽ ചങ്ക് പൊട്ടി മരിച്ച നിസ്സഹായനായ ഖസാക്കുകാരനായും മാറുന്നു.

ഖാലിയാരിക്കും രവിക്കും മുങ്ങാക്കോഴിക്കും ലൈംഗിക ദാഹം തീർത്തു കൊടുത്ത ഖസാക്കിലെ യാഗാശ്വം മൈമൂന കയ്യിൽ നീലഞരമ്പുകളുമായി ഇന്നും ഉൾനാടൻ ഗ്രാമപാതകളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.

എല്ലാത്തിനും സാക്ഷിയായി പാലക്കാടൻ കാറ്റേറ്റ് കരിമ്പനകൾ അങ്ങിങ്ങായി തലയുയർത്തി നിൽക്കുന്നു.

കരിമ്പനകൾ താണ്ടി ബൈക്ക് ഖസാക്കിലെ ഞാറ്റുപുരക്ക് മുന്നിലെത്തി.നോവലിൽ ഏകാദ്ധ്യാപക വിദ്യാലയമായി മാഷ് പരിചയപ്പെടുത്തിയ ഞാറ്റുപുര ഇപ്പോൾ ഒവി വിജയൻ സ്മാരകമാണ്. ‘L’ ആകൃതിയിലുള്ള രണ്ടു മുറികളും മറ്റൊരു മുറിയുമാണ് ഞാറ്റുപുരയിലുള്ളത്. രണ്ടു മുറികളിൽ വിജയൻ മാഷിന്റെ കാർട്ടൂണുകളും ഒരു മുറിയിൽ മിനി തീയേറ്ററുമാണുള്ളത്.

ഞാറ്റുപുരയുടെ വലതു വശത്തായി ചെറിയൊരു കരിങ്കൽ ശില്പോദ്യാനം കാണാം. അള്ളാപിച്ചാ മൊല്ലാക്കയുടെ കരിങ്കൽ രൂപത്തിൽ നിന്ന് തുടങ്ങി മൈമൂന നീരാടിയ അറബികുളത്തിൽ അവസാനിക്കുന്ന ശിൽപോദ്യാന പാതയുടെ ഇരുവശവും ഖസാക്കിലെ കഥാപാത്രങ്ങൾ കരിങ്കൽ രൂപങ്ങളായി നിലകൊള്ളുന്നു.

ഞാറ്റുപുരക്ക് പുറകിൽ സ്മാരക സമിതി ഓഫീസ് കെട്ടിടവും അതിനകത്തു വിശാലമായ ഒരു ഓഡിറ്റോറിയവുമുണ്ട്. പല കലാകാരന്മാർ വരച്ചിട്ടുള്ള നിരവധി പെയിന്റിങ്ങുകൾ ഭിത്തിയിലും മറ്റുമായി തൂങ്ങി കിടക്കുന്നു. എനിക്കേറെ ഇഷ്ടമായത് രാത്രി ചെതലിയുടെ തായ്‌വാരത്തിലൂടെ ഖസാക്കിലേക്ക് നിലവിളിച്ചോടുന്ന കുട്ടാപ്പുനരിയുടെ ചിത്രമാണ്.

ഓഡിറ്റോറിയത്തിന് പുറകിൽ വിജയൻ മാഷിന്റെ പ്രധാന കൃതികളുടെ പേരിൽ ഉണ്ടാക്കിയിട്ടുള്ള സന്ദർശക മണ്ഡപങ്ങളും.

ഖസാക്കിലെ കാഴ്ചകളായി ഒന്നും തന്നെയില്ല. നോവൽ വായിക്കാതെ ഖസാക്കിലെത്തുന്നവർ നിരാശരായി മടങ്ങുന്നതും അത് കൊണ്ട് തന്നെയാണ്. പക്ഷെ ഖസാക്കിന്റെ അടുത്തറിയുന്നവർക്ക് ഖസാക്ക് വലിയൊരനുഭവം തന്നെയാണ്.

ഞാറ്റുപുരയിലെ കാവിതറയിൽ കുറെ നേരം ഒറ്റക്കിരിക്കുമ്പോൾ, ധർമ്മ പുരാണം ഗാലറിയിലിരുന്ന് ഒരിക്കൽ കൂടി ഖസാക്കിന്റെ പേജുകൾ മറിച്ചിടുമ്പോൾ, കരിങ്കൽ മതിലിൽ നിന്ന് പുറത്തേക്ക് തള്ളുന്ന ഓന്തിൻ തല കാണുമ്പോൾ നമ്മൾ വീണ്ടും ആ പഴയ ഖസാക്കിലേക്കെത്തുന്നു… അവിടുന്ന് പിന്നെയും ഒരുപാട് ദൂരം പിന്നിലേക്ക് സഞ്ചരിച്ചു ഓന്തുകൾക്കും ദിനോസറുകൾക്കും മുമ്പുള്ള ചെതലിയുടെ താഴ്വരയിലെത്തുന്നു….

കരിമ്പനകൾ പാലക്കാടൻ കാറ്റ് വീശുന്നത് നോക്കി, ആകാശത്തിലെ കരിക്കിൻ തൊണ്ടുകളെണ്ണി കുറെ നേരം അങ്ങനെയിരുന്നു.ഇടക്കപ്പെഴോ സ്മാരകത്തിന്റെ മാനേജർ മുരളി കൂട്ടിനായെത്തി. എന്റെ അതേ പ്രായം, ഞങ്ങൾ ഖസാക്കിനെ പറ്റി, വിജയൻ മാഷിനെ പറ്റി, ഖസാക്കിലെ കഥാപാത്രങ്ങളെ പറ്റി ഒരുപാട് സമയം അങ്ങനെ സംസാരിച്ചിരുന്നു.

നേരം വൈകുന്നേരത്തോടടുത്തിരിക്കുന്നു, പോകാൻ സമയമായി…..

സായാഹ്‌ന യാത്രകളുടെ അച്ഛാ… വിട തരിക.. മന്ദാരത്തിന്റെ ഇലകൾ ചേർത്ത് തുന്നിയ ഈ പുനർജനിയുടെ കൂടു വിട്ട് ഞാൻ വീണ്ടും യാത്രയാണ്.



സുഹൈൽ സുഗു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ