2020 ഒക്‌ടോബർ 19, തിങ്കളാഴ്‌ച

നിരന്തര നാഗ ദംശനത്തിൻ രഹസ്യം : ആരോഗ്യം





ഒരാളെ തന്നെ ഒരേ പാമ്പ്, അല്ലെങ്കിൽ പല പാമ്പുകൾ തുടർച്ചയായി കടിക്കുന്നതായും അയാൾ അവിടെ നിന്ന് താമസം മാറി മറ്റൊരു വീട്ടിൽ ചെന്നപ്പോൾ അവിടെയും ചെന്ന് അതേ പാമ്പുകടിച്ചതുമായുള്ള ഒരു വാർത്ത, പത്രത്തിലും സോഷ്യൽ മീഡിയകളിലും അടുത്തിടെ വൈറലായിരുന്നു. ചിലരെ പല തവണ ഇടിവെട്ടി എന്നുമുള്ള പത്ര വാർത്തകൾ ഇതുപോലെ കാണാറുണ്ട് .

എന്താണ് ഇതിന് പിന്നിലെ യഥാർഥ്യം?

പാമ്പുകളെ ഏറെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഇന്ത്യയിൽ നാഗ ശാപവും നാഗ കോപവും സർപ്പക്കാവുകളും നാഗ ആരാധനകളും എല്ലാം വളരെ സാധാരണമാണ് അതുകൊണ്ട് തന്നെ പാമ്പുകൾക്ക് ഒരു ദിവ്യ പരിവേഷം ഉണ്ട്. നാഗദേവന്മാരും നാഗ രാജാവുമുള്ള നാഗ ലോകം വരെയുണ്ട് പുരാണത്തിൽ. ക്ഷിപ്ര വിശ്വാസികളായ ചിലരെ സംബന്ധിച്ചിടത്തോളം ഇത്തരം കഥകൾ അവരുടെ മനസ്സിൽ ഉറഞ്ഞു കൂടുകയും പഴംങ്കഥകളും മറ്റുള്ളവർ പറയുന്ന കഥകളും ഒത്തുചേർന്ന് ഒരു അനുകൂലാന്തരീക്ഷം സൃഷ്ടിക്കുക ചെയ്യാം. ഇത്തരം കഥകളിലെ നായകനാകാൻ അവരുടെ ഉപബോധമനസ്സ് കൊതിക്കുന്നുണ്ടാവാം. കഥയിലെ സ്ഥിര നായകൻ പാമ്പ് ആയതുകൊണ്ട്, ആ റോൾ കിട്ടില്ല . ഇരയാകുന്നതിലൂടെ കീർത്തിമാൻ ആവുക എന്നുള്ള ആഗ്രഹമേ നടക്കൂ. ഇതാണ് ഇത്തരം പാമ്പ് കടിയുടെ പിന്നിലെ സത്യം .

കുടുംബത്തിൽ ഒരു സർപ്പക്കാവ് ഉണ്ടാവുകയും അവിടത്തെ സർപ്പങ്ങളെ അപമാനിച്ചതായി ആരെങ്കിലും പറയുകയോ, ചെയ്തതായി അറിയുകയോ ചെയ്താൽ അതുമൂലം മാനസിക ഭീതി ഉടലെടുക്കുന്ന മൃദുല മനസ്കരായ ആൾക്കാരിലാണ് മിക്കവാറും സർപ്പ കോപത്തിൻ്റെ ലക്ഷണങ്ങൾ കാണിക്കുക. ചിലതരം ത്വക്ക് രോഗങ്ങൾ ( Icthiosis ), അബോർഷനുകൾ ഇവയൊക്കെ നാഗ ശാപത്തിൻറെ തലയിൽ കെട്ടി വയ്ക്കാറുണ്ട്. നമുക്കോർമ്മയില്ലാത്ത, കഴിഞ്ഞ ജന്മത്തിൽ നിങ്ങൾ അറിയാതെ ഏതെങ്കിലും പാമ്പിനേയോ, അവയുടെ ഇണയേയോ കൊല്ലുകയോ, മുട്ട നശിപ്പിക്കുകയോ ഒക്കെ ചെയ്തു എന്നാവും ചില മത ആചാര്യന്മാരുടെ അഭിപ്രായം. അതുകൊണ്ട് നാഗ ദോഷത്തിനുള്ള പരിഹാരങ്ങളും യഥാവിധി അവർ ചെയ്യിക്കും. “വിശ്വാസം ഉള്ളവന് ആശ്വാസമുണ്ട് “എന്ന് പറയുന്നതുപോലെ കുറച്ചു പണം ഒക്കെ മുടക്കി ശക്തമായ പൂജയും മന്ത്രവും ഒക്കെ ചെയ്താൽ കുറേക്കാലത്തേയ്ക്ക് ഇവർക്ക് നാഗദോഷം ഇല്ലാതിരിക്കും . പക്ഷേ അവർ അന്ധവിശ്വാസി ആണെങ്കിൽ വീണ്ടും നാഗദോഷം പിടിപെടും കാരണം രോഗം മനസ്സിനാണല്ലോ വീണ്ടും പൂജകൾ തഥൈവ. ശരിയായ മാനസിക രോഗികളിൽ മന്ത്രങ്ങൾ കൊണ്ടും തന്ത്രങ്ങൾ കൊണ്ടും എപ്പോഴും ഫലം കിട്ടണമെന്നില്ല .

ഇതിനൊക്കെ മറുപടി പറയുന്ന സൈക്കോ ന്യൂറോ ഇമ്യൂണോളജി എന്ന ശാസ്ത്ര ശാഖ വളരാൻ തുടങ്ങിയിട്ടേയുള്ളു. മൊട്ടിട്ടില്ല. ശാസ്ത്രീയ മരുന്നു ചികിത്സ കൊണ്ട് ക്ഷിപ്ര വിശ്വാസിയുടെ രോഗം മാറണമെന്നില്ല തക്കം കിട്ടിയാൽ വീണ്ടും വരാം എന്നാൽ അർദ്ധ വിശ്വാസി ആയ ഒരാളുടെ നാഗദോഷം മാറാൻ ഇത്തരം ചെറിയ തന്ത്ര മന്ത്രാദികൾ മതിയാകും. ഇത്തരം അശാസ്ത്രീയ കെട്ടു കഥകളിലൂടെ വിഷഹാരികളും അമരത്വം നേടാറുണ്ട്. നാഗ ശാപത്തിന് കാരണമായ സംഭവം സങ്കൽപ്പ കഥയായതിനാൽ ഇല്ല എന്നോ ഉണ്ടോയെന്ന് ഇരയ്ക്ക് പറയാനും പറ്റില്ല. ഇല്ലാത്ത രോഗങ്ങൾക്ക് കാണാത്ത രോഗകാരണം എന്ന് പറയുന്നതുപോലെയാണിത്.

സത്യത്തിൽ എന്താണ് രോഗിയുടെ ആവശ്യം:

ശരിയായ മാനസിക രോഗമുള്ള രോഗിക്ക് രോഗം കൊണ്ട് ലക്ഷ്യം ഉണ്ടായിരിക്കില്ല. എന്നാൽ അങ്ങനെ അല്ലാതെയുള്ള ഇത്തരം മാനസിക രോഗിയുടെ ഉപബോധമനസ്സിൽ ചില ലക്ഷ്യങ്ങൾ ഉണ്ടാകും. ആ ലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞു അത് സാക്ഷാത്കരിക്കുകയോ നിരാകരിക്കുകയോ ചെയ്തു കഴിഞ്ഞാൽ മാത്രമേ ആ രോഗിയെ രക്ഷപ്പെടുത്താനാകൂ. ചിലർക്ക് ഇരയാകുമ്പോൾ ലഭിക്കുന്ന പ്രശസ്തിയാണ് താല്പര്യം . പത്രത്തിലും മീഡിയകളിലും വാർത്തകൾ വരുമല്ലോ. ചിലർക്ക് രോഗിയാകുന്നതിലൂടെ ലഭിക്കുന്ന പ്രത്യേക പരിഗണനകളും പരിചരണങ്ങളും ശ്രദ്ധേയുമാണ് വേണ്ടത് . സ്വയം ഉള്ള വിശ്വാസവും മറ്റുള്ളവരെ ഇത്തരം വിശ്വാസങ്ങളിലേക്ക് അടുപ്പിക്കാനുള്ള ഒരു വഴിയും മായി ചിലർ ഇതിനെ കാണുന്നു.

ഇത്തരം രോഗങ്ങൾ തിരിച്ചറിയുന്നതെങ്ങനെ?

ഇവരുടെ ശരീരത്തിൽ പാമ്പുകടിച്ചതുപോലെയുള്ള പാടുകൾ ഉണ്ടാവുകയും രക്തം ഒഴുകുകയും ചെയ്യാം . പക്ഷേ ലാബിൽ രക്തപരിശോധന നടത്തി കഴിഞ്ഞാൽ അണലി വർഗ്ഗത്തിൽപെട്ട വിഷങ്ങൾ ആണെങ്കിൽ വേഗം തിരിച്ചറിയാൻ കഴിയും. ബ്ലീഡിംഗ് ടൈം ക്ലോട്ടിംഗ് ടൈം എന്നിവ വ്യത്യാസം വരും. മൂർഖൻ, വെള്ളിക്കെട്ടൻ എന്നിവയുടെ ന്യൂറോ ടോക്സിക്കായ വിഷങ്ങളെ രക്തപരിശോധന നടത്തി കണ്ടെത്താനാവില്ല നാഡികളെ ബാധിക്കുന്ന വിഷങ്ങൾ ശരീരത്തിൻറെ പ്രതികരണശേഷിയും പ്രവർത്തനത്തെയും മന്ദീഭവിക്കുന്നു .വേദന കുറവായിരിക്കും കൺ പോളകൾ ചലിപ്പിക്കാനും നാവു നീട്ടാനുമാവില്ല. രക്തത്തെ ബാധിക്കുന്ന അണലി കടിച്ചാൽ നല്ല വേദനയും നീരു മുണ്ടാവും.

ചിലർക്ക് പാമ്പുകളെ കുറിച്ചും അതിൻറെ വിഷങ്ങളെക്കുറിച്ചുമൊക്കെ നല്ല ധാരണ ഉണ്ടാകും. അവർ ഡോക്ടർമാരെ പറ്റിക്കുന്ന രീതിയിൽ കൃത്യമായ കള്ള ലക്ഷണങ്ങൾ പ്രകടിപ്പിച്ചു എന്ന് വരാം ലാബ് ടെസ്റ്റുകളെ വരെ നാം അവിശ്വസിച്ചു പോകും. ഇവരെ കടിച്ച സാഹചര്യങ്ങൾ പരിശോധിച്ചാലും ഇത്തരം കള്ളകളികൾ നമുക്ക് മനസ്സിലാകും ഇവരുടെ കൂടെ ആരെങ്കിലും ബോധമുള്ള ആൾക്കാർ ഉണ്ടെങ്കിൽ കടിക്കില്ല. ഇങ്ങനെയുള്ള ആൾക്കാരെ എത്ര തവണ പാമ്പ് കടിച്ചാലും ഇടി വെട്ടിയാലും നേരിട്ടുള്ള ദൃക്സാക്ഷികൾ ആരും ഉണ്ടാവുകയില്ല..ചിലപ്പോൾ ദൂരെ കൂടി പോകുന്ന ഒരു പാമ്പിനെ അവർ കാണിച്ചു തന്നുവെന്ന് വരാം. ( പക്ഷേ അറംപറ്റി പോകുന്നതുപോലെ പോലെ ചിലപ്പോഴെങ്കിലും യഥാർത്ഥത്തിലുള്ള പാമ്പുകടി കിട്ടുകയും “പുലി വരുന്നേ പുലി വരുന്നേ ” എന്ന് കഥയിലെ പോലെ വേണ്ടത്ര പരിചരണം കിട്ടാതെ മരിച്ചു പോവുകയും ചെയ്യാം ഇത്തരക്കാരെ ശാസ്ത്രീയ ചികിത്സയേക്കാൾ മറ്റു രീതിയിലുള്ള തട്ടിക്കൂട്ട് ചികിത്സകൾ കൊണ്ട് രക്ഷപ്പെടുത്താൻ ( ?) എളുപ്പമാണ്. ചികിത്സയാണ് വേണ്ടത്. പബ്ലിസിറ്റിയല്ല.


വാൽ കഷണം:

പല തവണ ലഘുവായി പാമ്പ് കടിച്ചാൽ പിന്നീട് വലിയ രീതിയിലുള്ള പാമ്പ് വിഷബാധയിൽ നിന്ന് രക്ഷപ്പെടാവുന്ന രീതിയിൽ ശരീരത്തിൽ lg G ആൻ്റി ബോഡി ഉണ്ടായി പ്രതിരോധശേഷി കൈവരിക്കുന്നതിനായി പഠനങ്ങൾ ഉണ്ട് .

ഇന്ത്യയിലെ ചില ആദിവാസി വിഭാഗങ്ങൾ ബോധപൂർവം പാമ്പുകളെ കൊണ്ട് കുട്ടികളെ കടിപ്പിക്കാറുണ്ടത്രെ .

ലഹരിമരുന്ന് ആയും പാമ്പുകടി ഉപയോഗിക്കുന്ന ആൾക്കാരുണ്ട്.2014 ഓഗസ്റ്റിൽ കേരളത്തിൽ ഇത്തരം അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.



ഡോ മനോജ് കുമാർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ