2020 ഒക്‌ടോബർ 22, വ്യാഴാഴ്‌ച

തിരി നീട്ടുമോർമ്മ

 


തിരി നീട്ടുമോർമ്മതൻ

ഉറവിട്ട പാമ്പുകൾ

നർത്തനം ചെയ്യുമ്പോളോർക്കരുതെന്നെ നീ

ഒരു വേള നിന്നെ ഞാൻ സ്നേഹിച്ചിരുന്നിടാം

വേർപാടു ചൊല്ലി പിരിഞ്ഞിരിക്കാം

കാലമോർമ്മതൻ ചെപ്പിൽ നിറയ്ക്കുന്ന

പഴമുത്തി ലൊരു മുത്തമായ്

സഖി ഞാൻ ചേർന്നിരിക്കാം.

കർക്കടവറുതി കഴിഞ്ഞു പോയ് ചിങ്ങത്തിൻ

കവിളിൽ നുണക്കുഴി കാക്കപ്പൂ വിരിയുന്നു.

ചേമ്പിലക്കുമ്പിളിലരിപ്പൂവിറുത്തിട്ടു

പാടവരമ്പിൽക്കൂടാർത്തു രസിച്ചു

നടന്നോരു കാലം മറക്കാമെന്നോമനേ…

മറക്കാമെന്നോമനെ….

കവിളിൽ നുണക്കുഴിക്കർത്ഥമുണ്ടായതും

മാറുമറച്ചു നീ മുന്നിൽ നിറഞ്ഞതും

സ്നിഗ്ദമാമാറിൻ മുനമ്പിലെവിടെയോ

പണ്ടു ഞാൻ കണ്ടു മറന്ന കാക്കപ്പുള്ളി

നഷ്ടസ്വപ്നത്തിന്റെ നീല വിശാലത

തൃഷ്ണ തിളയ്ക്കും, മൃഗതൃഷ്ണ മാത്രം

ദ്രുതതാള നൃത്തം ചവിട്ടുമെൻ കീഴിലായ്

കാക്കപ്പൂ ചേമ്പിലക്കുമ്പിൾ ചതഞ്ഞു

നിറയുന്നൊരാർദ്ര മിഴികൾ ഞാൻ കണ്ടു

വിതുമ്പുന്ന ചുണ്ടിന്റെ കോണുകൾ കണ്ടു.



 ജനു കെ പേരാവൂർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ