2020 ഒക്‌ടോബർ 22, വ്യാഴാഴ്‌ച

കുരിശുമരണം

 


ഒളിഞ്ഞും തെളിഞ്ഞുമുള്ള വിചാരണകൾക്കൊടുവിൽ

 നിന്നെ സ്നേഹിച്ച കുറ്റത്തിന് നീയടക്കമുള്ള അധികാരികൾ

എന്നെ കുരിശു മരണത്തിനു വിധിച്ചു.

വിധി പ്രസ്ഥാവത്തെ

ജനക്കൂട്ടം ഹർഷാരവത്തോടെ സ്വീകരിച്ചു.

നിങ്ങളിൽ പാപമില്ലാത്തവർ

കല്ലെറിയട്ടെ

എന്നു പറയാനാരുമുണ്ടായില്ല

നിന്റെ നിലനിൽപ്പിന്റെ സുസ്ഥിരതയോർത്ത് 

ഞാനെല്ലാം നിശബ്ദയായി

കേട്ട് കുരിശിലേറാൻ തയ്യറായി 

കാൽവരിക്കുന്നിലേക്ക് ഒർമ്മകളുടെ ഭാരമേറിയ കുരിശും വഹിച്ച്  നടന്നു.

നിന്റെ പരിഹാസത്തിന്റെ കൂർത്ത കല്ലുകൾ യാത്രയിലുടനീളം നീളൻ മുറിപ്പാടുകൾ നൽകി.

നിന്റെ തിരസ്കാരങ്ങൾ ഞാനേൽക്കുന്ന ചാട്ടവാറടികളാണ്

നിന്റെ ആക്രോശങ്ങൾ

 തലയിലമർത്തി വച്ച് രക്തം കിനിയിക്കുന്ന

 മുൾക്കിരീടമാണ്

മുഖം തിരിച്ചുള്ള നിന്റെ പതം പറച്ചിൽ

എന്റെ നേർക്കുള്ള

കാർക്കിച്ചു തുപ്പലാണ്

അവഗണനയോടെയുള്ള നോട്ടം

എനിക്കു നീട്ടുന്ന മീറ കലർന്ന വെള്ളമാണ്

എല്ലാവരുടെയും മുമ്പിൽ വച്ചു നീ തള്ളിപ്പറഞ്ഞത്

ചോരയും വെള്ളവുമൊഴുകിയ വിലാപ്പുറത്തേറ്റ 

ആഴത്തിലുള്ള അവസാന

മുറിവാണ് .

ഒടുവിൽ

കുരിശിൽ നിന്നിവളെ ഇറക്കിക്കിടത്താനൊരു

മടിത്തട്ടില്ലാതെ 

വെറും മണ്ണിൽ അവരെന്നെ കിടത്തും.

സുഗന്ധ കൂട്ടുകളോ 

പുതിയ കച്ചകളോ

ഉണ്ടാവില്ല.

തയ്യൽക്കൂടാതെയുള്ള മേലങ്കി ഞാനന്നേ

നിനക്കൂരി തന്നതല്ലേ?

 മേലങ്കിയെ ചൊല്ലിയുള്ള തർക്കത്തിൽ നീ പങ്കെടുക്കരുത്

മേലങ്കിയെച്ചൊല്ലി

നീയും തർക്കിക്കരുത്

ഒരിക്കലും തുറക്കാത്ത കണ്ണുകളെ 

ഒരിക്കൽ കൂടി 

ഇടം കണ്ണിട്ട് നോക്കി 

തഞ്ചത്തിലടുത്തു വന്ന്

മിടിപ്പുകൾ നിലച്ച തണുത്ത വിരലറ്റത്ത്  പതിയെ  തൊട്ട് മരണം ഉറപ്പുവരുത്തണം.

 നീ പേടിക്കരുത് 

ഞാൻ ഉയർത്തെഴുന്നേൽക്കുകയേ ഇല്ല

നീ കാണുന്ന സ്വപ്നത്തിലല്ലാതെ .



ദീപാ മാത്യു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ