ഇനിയൊരിക്കലും ജീവിക്കാനാകില്ല എന്ന അവസാനത്തെ ഉറപ്പ് ഏതോ അജ്ഞാത വികാരത്തിന്മേൽ എഴുതി ചേർത്താണ് ലക്ഷ്മി വീട് വിട്ടിറങ്ങിയത്.ജീവിതത്തിൻ്റെ ഏതോ അറ്റത്ത് ആരോ തനിയ്ക്ക് വേണ്ടി വിഷാദാത്മകമായ ഒരു സിംഫണി രൂപപ്പെടുത്തുന്ന പോലെ ലക്ഷ്മിക്ക് അനുഭവപ്പെട്ടു. രാത്രി പത്ത് മണിയ്ക്ക് ശേഷം തൻ്റെ ജീവിതം സമയത്തിന് അതീതമായേക്കാം.
റെയിൽവേ സ്‌റ്റേഷൻ വിജനമായിരുന്നു. ഇരുട്ടിൽ നിന്ന് ഇരുട്ടിലേക്ക് ഏതോ ചരക്ക് ട്രെയിൻ പ്രയാണം നടത്തുന്നുണ്ടായിരുന്നു.പ്ലാറ്റ്ഫോമിലെ പ്ലാസ്റ്റിക്ക് കസേരയുടെ അടിയിൽ പുരാതനമായ ദു:ഖഛായയോടെ ഏതോ പട്ടി കിടന്ന് മോങ്ങി.
അവൾ ട്രാക്കിലേക്ക് നടന്നു. കാമനകളെ ചൂഴുന്ന മുല്ലപ്പൂ ഗന്ധം അവളുടെ മൂക്കിലേക്ക് പടർന്നു .ലക്ഷ്മി ഓർത്തു പണ്ട് അനിലിനോടൊപ്പം ഈ വഴി വന്നത്. ഒരു പക്ഷേ ആത്മഹത്യയ്ക്ക് മുല്ലപ്പൂ മണമായിരിക്കാം.
ലക്ഷ്മി ട്രാക്കിൽ തല വെച്ച് കിടന്നു. ആത്മഹത്യക്കൊരുങ്ങുന്ന ഏതൊരുവളുടെയും കണ്ണുകൾ പോലെ അവളുടെ കണ്ണുകളും ചത്തു മലച്ചിരുന്നു. ട്രാക്കിൽ മലത്തിൻ്റെയും മൂത്രത്തിൻ്റെയും ഗന്ധം. ആ ഗന്ധം തലച്ചോറിൽ ഏകാന്തമായ വേദന സൃഷ്ടിച്ചു.
അപ്പുറത്തെ ട്രാക്കിൽ നിന്നും ലക്ഷ്മി ഒരു ശബ്ദം കേട്ടു .
“ആരാണ്ട അത് “
അത്യധികം കരുത്തുറ്റ ഒരു സ്ത്രീ ശബ്ദം.
ലക്ഷ്മി മിണ്ടാതെ നിന്നു.
യ്യ് ഒന്നും ന്നെ ചാവാനും സമ്മയ്ക്കു ലെ? കള്ള നാറികളേ… പതിയെ ആ ശബ്ദം ഒരു വിലാപമായി മാറി. രണ്ട് ദു:ഖങ്ങൾ പരസ്പരം കാണാതെ സമാന്തര വഴികളിൽ നിന്നു.
” ഞാൻ… ഞാൻ .. ലക്ഷ്മി”
‘ഏത് ലക്ഷ്മി ?’ അനക്കെന്താ ഇവടെ പണി ”?
അവൾ ഗദ്ഗദത്തോടെ പറഞ്ഞു
“ചാവാൻ “….
ആ സ്ത്രീ ഉറക്കെ ചിരിക്കാൻ തുടങ്ങി.
“അനക്കെത്രയാടി പ്രായം?”
”അതെന്തിനാ നിങ്ങൾ അറിയുന്നേ?” ലക്ഷ്മി കുറച്ച് ഈർഷ്യയോടെ ചോദിച്ചു.
” യ്യി പറയ്യ് ലക്ഷ്മ്യേ… ചാവുമ്പോൾ കൂട്ടുള്ളത് സങ്കടാ… ന്നാലും കൊറച്ച് വർത്താനം പറഞ്ഞാ സൊകാ “
“ഇരുപത് ”
”എന്ത്യേ അനക്ക് പറ്റ്യേ”
ലക്ഷ്മി കരയാൻ തുടങ്ങി.
” മെല്ലെ കരയടി ഹമ്ക്കേ ആള് കൂട്യാ ചാവാൻ പറ്റൂല.
” അനിലേട്ടൻ എന്നെ പറ്റിച്ചു .. “
“ഓൻ അൻ്റെ ന്തേലും കട്ടോ?” ഓനാരാ?
“ഞങ്ങൾ പ്രേമിച്ചിരുന്നു. അയാൾ വേറെ കെട്ടി”
”അല്ല ചേച്ചിയാരാ? എന്താ ഇവിടെ? ലക്ഷ്മി ചോദിച്ചു.
സ്ത്രീ ചിരിച്ചു.
” അന്നോടാരാടി മൊയന്തേ പ്രേമിക്കുന്നത് കല്യാണം കഴിക്കാനാന്ന് പറഞ്ഞേ “
ലക്ഷ്മിയ്ക്ക് ശരീരം മരവിക്കുന്ന പോലെ തോന്നി.
“അന്നോട് ഒരു കാര്യം പറയാം. ഈ ദുനിയാവില് പെരുത്ത ആണ് ങ്ങളും പെണ്ണ്ങ്ങളും ഇണ്ട്. ഇമ്മാതിരി കാര്യത്തിന് ആണേ ഒരൂസം നൂറാള് ചാവണ്ടതാ. ഞാൻ തന്നെ കൊറേ ചാവണ്ടി വരും.
ലക്ഷ്മി തൊണ്ടയിൽ പിടഞ്ഞ കരച്ചിലമർത്തി.
” ചേച്ചി ഞാൻ അത്രയ്ക്ക് സ്നേഹിച്ചു അവനെ ”
“എടീ യ്യ് കൊറേ കാലം ഓനേ സ്നേഹിച്ചിക്കി . ഇനി യ്യ് അന്നെ നല്ല ഉസാറായി പ്രേമിക്ക്.
അയ്ൻ്റടക്ക് ആണു പെണ്ണുമായി വരുന്നോര്യൊക്കെ സ്നേഹിക്കെടി ….”
”അങ്ങനെ സ്നേഹിച്ച്… സ്നേഹിച്ച്.. ഹ ഹ .” സ്ത്രീ ഭ്രാന്തമായി ചിരിച്ചു.
“ചേച്ചി എന്താ ഇവിടെ? ചേച്ചിക്ക് എന്ത് പറ്റീട്ടാ”
ലക്ഷ്മിയുടെ ചോദ്യത്തിന് നിശബ്ദത മാത്രം മറുപടിയായി. അവളെ ഏതോ അജ്ഞാത വികാരം കീഴ്പ്പെടുത്തി.
പിറ്റേന്ന് അച്ഛൻ കൊണ്ട് വന്ന പത്രത്തിലൂടെ ലക്ഷ്മി കണ്ണോടിച്ചു. മാനസിക രോഗ ആശുപത്രിയിൽ നിന്ന് ചാടിയ ഒരു സ്ത്രീയെ
റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പിടിച്ചു എന്ന വാർത്ത വായിച്ചപ്പോൾ അവൾക്ക് നിർവ്വികാരത തോന്നി. അതിനടിയിൽ ട്രാക്കിൽ ആത്മഹത്യ ചെയ്ത രണ്ട് സ്ത്രീകളുടെ ഫോട്ടോ ഉള്ള മറ്റൊരു വാർത്തയും ഉണ്ടായിരുന്നു.
അവൾക്ക് ശബ്ദങ്ങളെ പത്രത്തിലെ മുഖങ്ങളോടും മുഖങ്ങളെ ശബ്ദങ്ങളോടും ചേർത്ത് വെയ്ക്കാൻ കഴിഞ്ഞില്ല. ജീവിതം ഒരു അജ്ഞാത രഹസ്യമായി അവൾക്ക് തോന്നി.
ശ്രീബ.എം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ