ഒച്ചിന്റെ ഒച്ച കേട്ടിട്ടുണ്ടോ?
കാറ്റുറങ്ങുമ്പോൾ
നിശബ്ദതയിൽ ഉറങ്ങാതെയിരുന്നാൽ
ചെവിയിൽ ഒരു തീവണ്ടി പാളം
തിമിർക്കുന്നത് പോലെ ഒച്ച് കടന്നു പോകും.
ആൾത്തിരക്കിലെ ബഹളം കനക്കുമ്പോൾ
റയിൽവേ സ്റ്റേഷൻ നിശബ്ദം.
തീവണ്ടി നിശബ്ദമായി കടന്നു പോകും.
ഇരിപ്പിടത്തിൽ ഒരാൾ രസികനെങ്കിൽ
മനസ്സിന്റെ നിശബ്ദത പറയാതെ വയ്യ.
മുഖം മിനുങ്ങിയ സുന്ദരി സുന്ദരന്മാർ
കണ്ണുകളുടക്കുന്നുവെങ്കിലവിടം നിശബ്ദം.
അന്തിചുമപ്പിൽ മുഖവും കണ്ണും “നത്തി”ന്റെ
കണ്ണുകളായി നിറവുള്ളതായി
അറിവുചൊരിയുമ്പോൾ അവിടം നിശബ്ദത
തളം കെട്ടി നിൽക്കും.
പരിസരം മൗനത്തിന്റെ നേർത്ത വലയത്തിൽ കനപ്പെടും.
ഊരും പേരും അറിയത്തവർ
തെരുവിൽ പരസ്പരം തലയെടുക്കുമ്പോൾ
ശക്തമായ ബഹളത്തിന്റെ നടുവിൽ
നിശബ്ദത രുധിരമണിഞ്ഞു വശ്യം.
ചിനങ്ങിയമഴയത്ത് അടുപ്പ് തെളിക്കുന്ന
വേദനകൊണ്ട് മനോനില തെറ്റിയ
മുടികോതാത്തയമ്മയ്ക്കു വായിൽ
മൗനം, ‘ ഇതെന്താ കത്താത്തേ’…
പുകയുന്ന അടുപ്പ് മൗനം വിടുന്നില്ല
ചുറ്റും കാഴ്ചകാരുടെ ആകാംക്ഷ നിറഞ്ഞ നിശബ്ദത.
ഇരമ്പി കയറിയ വാഹനത്തിന്റെ
നിലക്കാത്ത സൈറനിൽ
ചക്രങ്ങളരച്ച തലച്ചോറിന്റെ നിശബ്ദത
ചുറ്റും കൂടിയ മൗനം.
സ്കൂളിൽ പോകാതെ നിന്നു
കരയരുന്ന കുഞ്ഞ്
കൗതകത്തിൽ വാഹനം ഡ്രൈവറുടെ
കളിപ്പാട്ടമാകുമ്പോൾ കൂട്ടുകാരുടെ
മരണഭയം നിശബ്ദത.
പ്രണയിനി നിഷേധിച്ചതിനു നിശബ്ദ പ്രതികാരം
പ്രാണൻ ശിലാതൈലത്തിൽ
ചാമ്പലാകുമ്പോൾ തീപ്പെട്ടി കൊള്ളികൾ നിശബ്ദം .
ചുറ്റും തീക്കാറ്റിന്റെ നിശബ്ദത
പിടയുന്ന ജീവനവിടെ മൗനം.
മൗനം സമ്മതവും നിലനിൽപ്പിന്റെ
തത്വശാസ്ത്രവും.
ശിവദാസൻ മുക്കം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ