വെള്ളം നിറഞ്ഞു കിടന്നിരുന്ന കുഴിയിൽ വീണപ്പോൾ, ഇരുന്ന് നിരങ്ങുന്ന പലക വണ്ടി തെറിച്ചുപോയി. അരുകിൽ വാഹനങ്ങളുടെ ഇരമ്പൽ. ആളുകളുടെ സംസാരവും കേൾക്കാം. വേണു തപ്പിത്തടഞ്ഞ് അരുകിലെ പലക വണ്ടിയിൽ കയറി ഇരുന്നു. ആളുകളെ നോക്കി കൈകൂപ്പി. പിന്നെ യാചിച്ചു.
പലക വണ്ടിയിലെ പാത്രത്തിൽ നാണയ തുട്ടുകൾ വീഴുന്നത് വേണു കേട്ടു. പിന്നെയും നിരങ്ങി നീങ്ങിയപ്പോൾ നാണയത്തുട്ടുകൾ കൂടുതൽ വീഴുവാൻ തുടങ്ങി. വാഹനങ്ങൾ കടന്നു പോകുമ്പോൾ തനിക്ക് ചുറ്റിലും നാണയങ്ങളും പെരുകി. കൈ വെക്കുന്ന സ്ഥലങ്ങളിൽ എല്ലാം നാണയങ്ങൾ. വണ്ടിയിലെ പാത്രം നിറഞ്ഞപ്പോൾ വേണു പണം കീശയിൽ നിറച്ചു. പെട്ടന്ന് പാത്രത്തിലെയും കീശയിലേയും നാണയങ്ങൾ ആരൊക്കെയോ വാരി എടുക്കുവാൻ തുടങ്ങി. വേണുവിനെ ആരോ പൊക്കി എടുത്തു ദൂരേ മാറ്റി ഇരുത്തി. ഇപ്പോൾ ചുറ്റിലും ആളുകളുടെ സംസാരം ഇല്ല. ഇരമ്പി പായുന്ന വാഹനങ്ങളും ഇല്ല.
പൂക്കളുടെ സുഗന്ധം മാത്രം. പിന്നെയും മുന്നോട്ട് നീങ്ങിയപ്പോൾ ഒരു സ്ത്രീയുടെ കരച്ചിൽ ദൂരേ കേട്ടു. പിന്നെയും നിരങ്ങി നിങ്ങി. വേണു കൈ നീട്ടി. അവർ ഭിക്ഷ തരാതെ കടന്നുപോയി. പിന്നെയും നീങ്ങിയപ്പോൾ ആളുകളുടെ കരച്ചിലുകൾ.
ഭിക്ഷ ഒന്നും കിട്ടുന്നില്ല. വേണു ഉറക്കെ ചോദിച്ചു.
“ഭിക്ഷ കിട്ടാത്ത ഈ സ്ഥലം ഏതാണ്? ”
” ഇത് സെമിത്തേരി ആണ്. ” എവിടെ നിന്നോ മറുപടിയുണ്ടായി. വേണു ധൃതിയിൽ നിരങ്ങി നീങ്ങി.
അപ്പോൾ തനിക്ക് ഒരു പാട് ഭിക്ഷ കിട്ടിയ ആദ്യ സ്ഥലം ഏതാണ്?
തദവസരത്തിൽ, പ്രാവുകൾ കുറുകുന്ന ഗോപുരത്തിൽ, ക്രൂശിത രൂപത്തിന്റെ താഴെ, കാണിക്ക വഞ്ചിയിലും ചുവട്ടിലും നാണയങ്ങൾ കുമിഞ്ഞു കൂടിക്കൊണ്ടിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ