2020 ഒക്‌ടോബർ 22, വ്യാഴാഴ്‌ച

വഴിയമ്പലം


  പേമാരിയാർത്തുപെയ്തൊരു

രാത്രിയിലാണ്
എന്നെയുമുദരത്തിൽ
പേറിയമ്മയാ വഴിയമ്പലത്തിൽ
ചേക്കേറിയത്..
ആ പേമാരിയുടെയന്ത്യത്തി-
ലായിരുന്നു
ഈ ഭൂമിയിലെ ജീവിതത്തിനു
ഞാൻ തുടക്കമിട്ടത്..
വഴിയമ്പലത്തിലെ അഴുകിയ
തറയിൽ
ജീവിതദുഃഖങ്ങളുടെ
പലവലുപ്പത്തിലുള്ള
കാൽപ്പാടുകളുണ്ടായിരുന്നു,
ഇന്നിന്റെ
വർണ്ണനൂലുകളിൽ
കോർക്കപ്പെട്ടവസാനം
നിറംമങ്ങിയ ജീവിതം
പേറുന്നവരുറങ്ങുന്ന
അനേകം മുറികളും..
ആ മുറികളിലേക്കെന്റെ
കണ്ണും കാതുമൊരുനിമിഷം
പാഞ്ഞുചെന്നു..
ആദ്യത്തെ മുറിയിൽ
പിറക്കപ്പെടുംമുന്നേ
വേരറുക്കപ്പെട്ട
ചില ഭ്രൂണങ്ങളുടെ നേർത്ത
ഞരക്കങ്ങൾ..
അടുത്ത മുറിയിൽ
പിഞ്ചിളംമേനിയിൽ
ചോരത്തിണർപ്പുമായി
ചില വിതുമ്പലുകൾ..
മൂന്നാമത്തെ മുറിയിൽ
വിടർന്നുപൂക്കുംമുന്നേ
പിച്ചിയെറിയപ്പെട്ട
ചില കൗമാരസ്വപ്നങ്ങളുടെ
കാലൊച്ചകൾ..
താലിച്ചരടുവരെയറുത്തു
ദാഹംമാറ്റിയ പാതിയുടെ
കാൽച്ചുവട്ടിൽ
ഞെരിഞ്ഞമർന്ന
ചില അലറിക്കരച്ചിലുകൾ
നാലാമത്തെ
മുറിയിൽനിന്നായിരുന്നു..
അഞ്ചാമത്തെ മുറിയിൽ
പൊന്നുമക്കളുടെ തെറ്റിപ്പോയ
വഴികളിൽ
കണ്ണീർമഴയൊഴുക്കിയ
അമ്മക്കണ്ണുകളുടെ
കൂമ്പാരമായിരുന്നു..
ആറാമത്തെ മുറിയിൽ
ഞാൻ കണ്ടത്
ജീവിതസായാഹ്നത്തിലൊ_
റ്റപ്പെട്ടവരുടെ
മൗനം പേറുന്ന
ഊന്നുവടികളായിരുന്നു..
ശേഷിച്ച മുറികളിലേക്കു നോട്ടം
പായിക്കാനാവാതെ
അമ്മയുടെയുദരത്തിലേ
-യ്ക്കിനിയുമൊരു
മടക്കത്തിനുള്ള
വഴിയന്വേഷിച്ചാ
വഴിയമ്പലമുറികളിൽ നിന്നു
ഞാൻ തിരികെ നടന്നു.. !



അമ്മു സൗമ്യ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ