2022 മാർച്ച് 3, വ്യാഴാഴ്‌ച

അൽപം ദോശ പുരാണം

 


ഭക്ഷണംഅത്യാവശ്യം നന്നായി കഴിക്കുന്നവർ തന്നെയാണ് നമ്മൾ മലയാളികൾ. നമുക്കെല്ലാം പ്രിയപ്പെട്ട ഒരു ആഹാരം തന്നെയാണ് ദോശ. ദോശ കഴിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ദോശയെപ്പറ്റി മിക്കവർക്കും അറിയാത്ത ചില കാര്യങ്ങൾ കൂടിയുണ്ട്.  അരിയും ഉഴുന്നുമല്ലല്ലോ ഇവയുടെ പ്രധാന ചേരുവകൾ. ചോറിനെ അപേക്ഷിച്ച് തീർച്ചയായും മെച്ചപ്പെട്ട ആഹാരം തന്നെയാണ് ഇഡ്‌ലിയും ദോശയും എന്നതിൽ തർക്കമില്ല. അതിലെ ഉഴുന്നാണ് ഇതിനെ കുറച്ചുകൂടി മെച്ചപ്പെട്ട ആഹാരമാക്കുന്നത്.

മാംസ്യം, പൊട്ടാസിയം,മഗ്നീഷ്യം, കാൽസിയം,ഇരുമ്പ്  തുടങ്ങി ചെറിയ അളവിൽ ജീവകം ബി യുടെ പല അനുബന്ധ ജീവജങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം, പൊട്ടാസിയം എന്നിവ ഹൃദയാരോഗ്യത്തിന് നല്ലതു തന്നെ. ഇതിലടങ്ങിയിരിക്കുന്ന ഇരുമ്പ്, ജീവകം ബി, മാംസ്യം എന്നിവ ഹീമോഗ്ലോബിൻ, ചുവന്ന രക്താണുക്കൾ എന്നിവയുടെ നിർമ്മാണത്തിന് സഹായിക്കുന്നു. രക്തക്കുറവുള്ളവർക്കും ഗർഭിണികൾക്കും ഉത്തമമായ ഒരു ഭക്ഷണം തന്നെയാണിത്. ദഹനത്തിനും അധികം ബുദ്ധിമുട്ടില്ലാത്ത ഈ ആഹാരം ആബാലവൃദ്ധം ആളുകളെയും തൃപ്തിപ്പെടുത്തും എന്നതിലും തർക്കമുണ്ടാകാനിടയില്ല. ഇതിൽ അടങ്ങിയിരിക്കുന്ന കാൽസ്യം അസ്ഥികളുടെയും പല്ലുകളുടെയും സംരക്ഷണത്തിൽ വലിയൊരു പങ്കു വഹിക്കുന്നുണ്ട്.

 ദോശയുടെ ഉത്ഭവത്തെക്കുറിച്ച് പല അഭിപ്രായങ്ങളുമുണ്ടെക്കിലും എ. ഡി. ഒന്നാം നൂറ്റാണ്ടിൽ തമിഴ് ജനത ദോശ ഉണ്ടാക്കിയിരുന്നു എന്നതിന് പല തെളിവുകളുമുണ്ട്. സംഗം കൃതികളിൽ ഇതിനെക്കുറിച്ച് വ്യക്തമായി പ്രദിപാദിക്കുന്നുണ്ട് എന്നത് തന്നെ കാരണം. ഉഡുപ്പിയിൽ  ജനിച്ച്  തമിഴ്‌നാട്ടിൽ വളർന്ന ഒരു വിഭവമാണ് മസാല ദോശ. ചാലൂക്യ രാജാവ് 12 ആം നൂറ്റാണ്ടിൽ തയ്യാറാക്കിയ ഒരു സംസ്കൃത എൻസൈക്ലോപീഡിയ ആയ മനസോല്ലാസയിൽ മസാല ദോശയുടെ നിർമ്മിതി വിവരിക്കുന്നുണ്ട്.

 തമിഴ് ദോശ മൃദുവും കട്ടികൂടിയതുമായിരുന്നു. കനം കുറഞ്ഞതും ക്രിസ്പിയുമായ ദോശ കർണാടകത്തിന്റെ സംഭാവനയാണ്. ഇന്നിപ്പോൾ 500 അധികം ദോശ വകകൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ദോശ അത്ര നിസ്സാരക്കാരനല്ല എന്നർത്ഥം. സാദാ ദോശ തുടങ്ങി, വെള്ളം കൂട്ടിയുണ്ടാക്കുന്ന നീർ  ദോശ, ബട്ടർ ദോശ, ചീസ് ദോശ, വിവിധ പച്ചക്കറികൾ അടക്കം ചെയ്തിട്ടുള്ള ഊത്തപ്പങ്ങൾ, വിവിധ മാംസങ്ങൾ ചേർത്ത ദോശകൾ അങ്ങനെ ദോശകൾ കടന്നുകയറുന്ന മേഖലകൾ അത്ര ചെറുതല്ല. ഇന്നിപ്പോൾ പല അന്തർദേശീയ വിമാനത്താവളങ്ങളിലും ലഭിക്കുന്ന ഒരു വിഭവമുമായി മാറിക്കഴിഞ്ഞു നമ്മുടെ സ്വന്തം ദോശ.

 വീട്ടിൽ ദോശമാവുണ്ടാക്കുമ്പോൾ അതിലേയ്ക്ക് ഒരു പിടി ഫ്‌ളാക്സ് സീഡ് കൂടി ചേർക്കുകയാണെങ്കിൽ ദോശയുടെ ഗുണം വീണ്ടും വർദ്ധിപ്പിക്കുവാൻ കഴിയും. ഒരു പിടി ജീവകങ്ങളും ധാതുക്കളും അടങ്ങിയ ഒന്നാണ്

ഫ്‌ളാക്സ്. പോരാത്തതിന് നാരുകളുടെ ഒരു കലവറയും. ഇത് മൂലം ദോശയെ നാരുകൾ അടങ്ങിയ ഒരു ഭക്ഷണം ആക്കി മാറ്റുവാൻ സാധിക്കും.

 

ഡോ. ഷേർളി സുനീത്    


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ