2022 മാർച്ച് 3, വ്യാഴാഴ്‌ച

മരമൊഴികൾ


വിറകുവെട്ടുകാരൻ
മരം വെട്ടുകാരനാവാൻ
അധിക കാലം വേണ്ടി വന്നില്ല
ഒരിക്കൽ കോടാലി പ്രയോഗിക്കുന്നതിനു
മുൻപ്
മരം ഇങ്ങനെ പറഞ്ഞു
നിൻ്റെ വിശപ്പ് അറിഞ്ഞു ഞാൻ
പൂക്കുന്നു കായ്ക്കുന്നു
വിയർപ്പറിഞ്ഞ് തണലാവുന്നു
നീരുറവകളുടെ
സൂക്ഷിപ്പുകാരനാവുന്നു
വേരുകളിലൂടെ ജലസമൃദ്ധിതേടുന്നു
കൊടുങ്കാറ്റിനെ തഴുകി മെരുക്കുന്നു
ഇടിമിന്നലിനെ തലോടി തിരിച്ചയക്കുന്നു
പ്രതിരോധത്തിന് ഔഷധത്തെ പകർന്നു തരുന്നു
എൻറെ ജാതിയോ മതമോ ജനനതിയ്യതിയോ
ആരും കുറിച്ചു വച്ചിട്ടില്ല
അതിനാൽ എനിക്കാരും തുണയാവുന്നില്ല 
ഇനി പ്രയോഗിക്കാം നിൻ്റെ കോടാലി
മരമൊഴികൾ മനസ്സിൽ തറച്ച
ചിലർ മടങ്ങിപ്പോയി
കോടാലി എങ്ങുംപോയില്ല
ഇപ്പൊൾ ജനതർക്കം  പ്രതിവാദം
പ്രതികരണം വിമർശനം
മരത്തിന് മണ്ണ് ഇടണോ
ജലമിടണോ എന്നതാണ്

സോമനാഥൻ കെവി

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ