2022 മാർച്ച് 3, വ്യാഴാഴ്‌ച

തിരിച്ചറിവ്


 

'യാത്രക്കാരുടെ പ്രത്യേക ശ്രദ്ധക്ക്.'

 അനൗൺസ്മെന്റ് ശ്രുതിയെ ചിന്തയിൽ നിന്നും ഒന്നുണർത്തി. ട്രെയിൻ ഇനിയും ഒരു മണിക്കൂർ ലേറ്റ്. രാവിലെ ഒൻപത്  മണിക്ക് വന്നിരുന്നതാണ്. കിട്ടിയ വണ്ടിക്ക് 'പാലക്കാട്' എത്തണം. മറ്റൊന്നും ചിന്തിച്ചില്ല.

പ്ലാറ്റുഫോമിലേക്ക്  തിരക്ക് കൂടി കൂടി വരുന്നു. ചുറ്റുപാടും നോക്കി.  പരിചയക്കാരെ ആരേയും കാണല്ലേ എന്നു പ്രാർത്ഥിച്ചു. ഫോൺ സ്വിച്ച് ഓഫ് ആക്കി വച്ചിരിക്കുകയാണ്.

നീതുവിന്റെ കയ്യും കാലും, വായും വെറുതെയിരിക്കില്ല. " നീതൂ .... അവിടെ ഒന്നടങ്ങിയിരിക്ക് "     ശ്രുതിയുടെ ശബ്ദം ഒന്നുയർന്നു.

 അടുത്തിരിക്കുന്ന വൃദ്ധ ദമ്പതികൾ അവരെ ഒന്നു നോക്കി. വൃദ്ധനെന്തോ മോളുടെ കുസൃതികൾ ഇഷ്ടപെട്ടില്ലെന്നു  തോന്നുന്നു. കുലീനത്വം തോന്നിക്കുന്ന മുഖത്തോടു കൂടിയ വൃദ്ധ ഇതെല്ലാം കണ്ട് ചിരിക്കുന്നുണ്ടായിരുന്നു. പെട്ടന്ന് അവർ ശ്രുതിയോടു ചോദിച്ചു.

"എവിടേക്കാ ; മോളേം കൊണ്ട് "

"പട്ടാമ്പി "

" ഒറ്റക്കേയുള്ളൂ ; മോൾടെ അച്ഛൻ ?"

"അവർക്കെന്തോ തിരക്ക് "

 എന്തോ ഭാഗ്യത്തിന് അവർ പിന്നെ ഒന്നും ചോദിച്ചില്ല. ഏതോ ഒരു ട്രെയിൻ വന്നു നിന്നു . സ്റ്റേഷൻ ഒന്നുണർന്നു.

ചായ' 'കാപ്പി' വിളികളിൽ മുഖരിതമായി പരിസരം. നീതു 'പരിപ്പുവട' ക്കായി ചിണുങ്ങൽ തുടങ്ങിയിട്ട് കുറച്ചു നേരമായി. കയ്യിൽ  ഉണ്ടായിരുന്ന നൂറുരൂപയുമായി ഇറങ്ങിയതാണ്. ടിക്കറ്റ് എടുത്തതിന്റെ ബാക്കി കയ്യിലുണ്ട്. അത് ചിലവാക്കിയാൽ വീട്ടിലേക്കെത്തൽ ബുദ്ധിമുട്ടാവും. നീതുവിന്റെ ശ്രദ്ധ അതിൽ നിന്നൊക്കെ മാറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു.

 പെട്ടന്ന്  ... വികൃതമായ ചെളി  കട്ടപിടിച്ച നഖങ്ങൾ ഉള്ള ഒരു മുഷിഞ്ഞ കൈ നീതുവിന്റെ മുന്നിലേക്ക് നീണ്ടു. നീട്ടി പിടിച്ച കൈകളിൽ പാതി കടിച്ച ഒരു പരിപ്പുവടയുമായി ഒരു ഭ്രാന്തൻ. കറ പിടിച്ച പല്ലുകൾ മുഴുവൻ പുറത്തേക്കു കാണിച്ച് ചിരിക്കുകയാന്നയാൾ.

 നീതുവിനെ ശ്രുതി കൂടുതൽ തന്നോട് ചേർത്ത് പിടിച്ചു. അവൾ അയാളെ തുറിച്ചു നോക്കി. കീറി പറിഞ്ഞ ഷർട്ടും പാന്റും . കുളിച്ചിട്ട് മാസങ്ങൾ ആയിട്ടുണ്ടാവും. കാടു പിടിച്ച പോലെ മുടിയും താടിയും . കാണുമ്പോൾ തന്നെ ഭീകരതയും, അറപ്പും ഉളവാക്കുന്ന രൂപം.

 ഒരു നിമിഷം തനിച്ച് പുറപ്പെട്ട സമയത്തെ ശ്രുതി ശപിച്ചു. പക്ഷേ രാവിലെ കിട്ടിയ മുഖത്തെ പാടുകൾ മറന്നു കളയാനും അവൾക്കായില്ല. തിണർത്തു കിടക്കുന്നുണ്ട് പ്രതിപാദ്യം ഇപ്പോഴും തന്റെ ഭാഗത്തും തെറ്റുകളുണ്ട്. പക്ഷേ സമ്മതിച്ചു കൊടുക്കാനും വയ്യ.

 ണ്ടു വർഷത്തെ പ്രണയം. വിവാഹം കഴിഞ്ഞ ആദ്യ വർഷങ്ങളിൽ സ്നേഹം കൊണ്ട് നിറക്കുകയായിരുന്നു ദിനേശേട്ടൻ. അന്നത്തെ ദിനങ്ങൾ എന്നാണ് തനിക്ക് നഷ്ടപ്പെട്ടു തുടങ്ങിയത്. നീതുവിന്റെ വരവോടു കൂടി ദിനേശേട്ടനെ അത്ര ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് സത്യമാണ്. തന്നെ മനസ്സിലാക്കാൻ ഏട്ടനും ശ്രമിച്ചിട്ടില്ല.

രാവിലെ തിരക്കിട്ട പണികൾക്കിടയിലായിരുന്നു ആക്രോശം.

 " ടീ ... ചായ എടുത്തില്ലേ ഇതുവരെ? "

 ദേഷ്യം ഇരച്ചു കയറി. രാവിലെ അഞ്ച് മണിക്ക് കയറിയതാണ് അടുക്കളയിൽ . ഒന്ന് തിരിഞ്ഞ് നോക്കിയിട്ടില്ല. എല്ലാം മുന്നിലെത്തിക്കണം. ഒക്കത്ത് നിന്ന് മോളെ താഴെ ഇറക്കി ദേഷ്യം തീർക്കാൻ എന്ന വണ്ണം  ചായ ഗ്ലാസ്സ് ഒന്നമർത്തി തന്നെ ടീപ്പോയിൽ വച്ചു. ടീപ്പോയുടെ അടിയിൽ ഇരുന്ന മോളുടെ കയ്യിലേക്ക് ഏതാനും തുള്ളികൾ തെറിച്ചു.

 പിന്നെ എന്താണ് സംഭവിച്ചതെന്ന് ഓർമ്മയില്ല. ദിനേശേട്ടൻ എഴുന്നേൽക്കുന്നതും മാർദ്ദവമില്ലാത്ത കരങ്ങൾ തന്റെ കവിളിൽ പതിച്ചതും ഓർമ്മയുണ്ട്. കരഞ്ഞു തളർന്ന് കുറേ നേരം കട്ടിലിൽ കിടന്നു. ദിനേശേട്ടൻ ഒന്നും കഴിക്കാതെ ഓഫീസിലേക്കു പോയെന്നു തോന്നുന്നു. കയ്യിൽ കിട്ടിയ ഡ്രസ്സുമായി ഇറങ്ങിയതാണ്. അതിനിടയിൽ മോൾക്കൊന്നും കഴിക്കാൻ കൊടുത്തുമില്ല. പാൽ കയ്യിൽ കരുതിയിരുന്നു. ശ്രുതി വേഗം പാൽക്കുപ്പി ബാഗിൽ നിന്നെടുത്ത് മോൾക്കു കൊടുത്തു.

 "അമ്മേ .... എനിച്ചു പാൽ വേണ്ടമ്മേ... പപ്പുവട മതിയമ്മേ " അവൾ വീണ്ടും ഭ്രാന്തന്റെ പരിപ്പുവട നോക്കി ചിണുങ്ങാൻ തുടങ്ങി.

 അടുത്തിരുന്ന വൃദ്ധ ദമ്പതികളിലെ വൃദ്ധൻ എന്തൊക്കെയോ പറഞ്ഞ് ഭ്രാന്തനെ ഓടിച്ചു വിട്ടു. നീതുവിന്റെ കരച്ചിൽ ഉച്ചസ്ഥാനത്തിലെത്തി. എന്തായാലും വട വാങ്ങാതെ നിവൃത്തിയില്ല. അവളുടെ കൈയ്യും പിടിച്ച് റയിൽവേ കാന്റീനിലേക്ക് നടന്നു.

 വീട്ടിലേക്കുള്ള യാത്രയിൽ ദിനേശേട്ടൻ എന്നും വാങ്ങിത്തരാറുള്ള പ്രിയപ്പെട്ട ' ഉഴുന്നുവട' ചില്ലു കൂട്ടിൽ

തന്നെ കാണാതെ വിഷമിച്ചിട്ടുണ്ടാകുമോ? ഫോണിൽ വിളിച്ചിട്ടുണ്ടാകും. കാണാതായപ്പോൾ പരിഭ്രമിച്ച് ഓടി നടക്കുന്നുണ്ടാവും. നടക്കട്ടെ കുറച്ച്. തന്റെ വിഷമം അറിയാത്ത ആളുടെ ഒപ്പം ഇനി ജീവിക്കണ്ട. എന്തൊക്കെയോ ചിന്തകൾ. കാശ് കൊടുത്ത് തിരിഞ്ഞു നോക്കിയപ്പോൾ മോളെ കാണാനില്ല.

 " നീതൂ .... മോളേശ്രുതിയുടെ ഹൃദയ താളം വേഗത്തിലായി . കണ്ഠം ഇടറി. കണ്ണുകൾ നിറഞ്ഞു തുളുമ്പി.

മോൾ പ്ലാറ്റ്ഫോമിന്റെ അറ്റത്തെത്തിയിരിക്കുന്നു. ട്രെയിൻ ചൂളം വിളിച്ച് ദൂരെ നിന്ന് വരുന്നുണ്ട്. അതാ അവൾ താഴേക്കു വീഴുന്നു.

 ത്ര മാത്രമേ ഓർമ്മയുള്ളൂ. കണ്ണു തുറക്കുമ്പോൾ പ്ലാറ്റ്ഫോമിലെ ബഞ്ചിൽ താൻ കിടക്കുന്നു. ആളുകൾ ചുറ്റും കൂടിയിട്ടുണ്ട്. വൃദ്ധ ദമ്പതികളുടെ കയ്യിൽ ഗീതു മോളും.

 " മോളേ ..." കരച്ചിലിനിടയിൽ ശബ്ദം പുറത്ത് വന്നില്ല. തുരുതുരെ ഉമ്മകൾ കൊണ്ട് നിറച്ചു. ഗീതുവിന് ശ്വാസം മുട്ടിയെന്ന് തോന്നുന്നു.

 " പ്രാന്തൻ ഇല്ലായിരുന്നെങ്കിൽ കുട്ടി ഉണ്ടാവുമായിരുന്നില്ല."

"എത്ര പെട്ടന്നാ പ്രാന്തൻ താഴേക്കിറങ്ങി കുട്ടിയെ രക്ഷിച്ചേ"

 യാത്രക്കാർ ശ്രുതിയോടായി ഇങ്ങനെ എന്തൊക്കെയോ പറയുന്നു. ശ്രുതിയുടെ കണ്ണുകൾ ഭ്രാന്തനു വേണ്ടി അലഞ്ഞു. ദൂരെ പരിപ്പുവടയും പിടിച്ചു കൊണ്ട് , ആരെയോ പ്രതീക്ഷിച്ചു കൊണ്ട് അയാൾ തന്റെ വികൃതമായ പല്ലുകൾ പുറത്തു കാട്ടി ചിരിക്കുന്നു. ട്രെയിൻ കാത്തു നിൽക്കാതെ ഗീതു മോളേയും കൊണ്ട് ഓട്ടോറിക്ഷ  ലക്ഷ്യമാക്കി നടന്നു. അപ്പോഴും കരയുന്ന ദിനേശേട്ടന്റെ മുഖവും ചിരിക്കുന്ന  ഭ്രാന്തന്റെ മുഖവും മനസ്സിൽ തിരിച്ചറിവിന്റെ പാത വെട്ടിത്തെളിക്കുകയായിരുന്നു.

 

സുനിത. കെ. എൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ