നമ്മുടെ പെൺകുട്ടികൾ ഉറക്കെ സംസാരിക്കുവാൻ പാടില്ല. ഉറക്കെ കരയാൻ പാടില്ല. കാലങ്ങളായി നമ്മൾ കേൾക്കുന്നതും, പെൺകുട്ടികളെ ശാസിക്കുന്നതുമായ വാചകങ്ങളാണ്. ലിംഗനീതിയില്ലാത്ത വാചകങ്ങൾ തന്നെ. ആൺകുട്ടികൾക്ക് ഇതൊക്കെയാകാം എന്ന് നമ്മൾ ചിന്തിക്കുന്നതോടൊപ്പം ഈ തോന്നൽ ആൺ കുട്ടികളിലും പെൺ കുട്ടികളിലും ഒരു പോലെ സ്വാധീനിക്കപ്പെടുന്നു. ഇതൊരു നല്ല ഉപദേശമായാണ് പലരും കാണുന്നത്. എന്നാൽ ഇത് പെൺ കുട്ടികളോട് ചെയ്യുന്ന വലിയ ചതിയാണ്.
എങ്ങനെയൊക്കെ ഇതിന്റെ സ്വാധീനം പെൺകുട്ടികളെ ചതിക്കുന്നു എന്ന് നോക്കാം. ആൺകുട്ടികളേക്കാൾ താഴ്ന്ന ഒരാളാണ് ഞാൻ എന്ന ചിന്തയുണ്ടാകുന്നു. അവർ ചെയ്യുന്ന പലകാര്യങ്ങളും തങ്ങൾക്ക് ചെയ്യാൻ കഴിയില്ല എന്ന തോന്നൽ അപകർഷതാ ബോധത്തിലേയ്ക്കും, അടിമത്വ മനോഭാവത്തിലേക്കും നയിക്കുന്നു.
അടുത്ത വലിയ പ്രശനം, ഉറക്കെ കരയാനോ, ശബ്ദമുണ്ടാക്കാനോ ശീലമില്ലാത്തവർ, അവർക്കു അപകടമോ ദുരനുഭവമോ ഉണ്ടാകുമ്പോൾ പകച്ചു പോകുന്നു. പ്രതികരണശേഷി ഇല്ലാതാകുന്നു. ആ സാഹചര്യം മറ്റുള്ളവരെ അറിയിച്ചു രക്ഷപെടാനുള്ള അവസരം ഇല്ലാതാകുന്നു. പല സ്ത്രീകളും അവർക്കു നേരെയുള്ള അതിക്രമങ്ങളിൽ പ്രതികരിക്കാത്തതിന്റെ കാരണവും ഇത് തന്നെ.
അത് പോലെ തന്നെയാണ് നല്ല/ ചീത്ത സ്പർശനങ്ങൾ. ഇത് പെൺകുട്ടികളും ആൺകുട്ടികളും അറിഞ്ഞിരിക്കണം. തെറ്റായ ഒരു സ്പർശ്ശനം തടയാൻ അവർക്കു കഴിയണം. തന്റെ സമ്മതമില്ലാതെ ഒരാൾ തന്റെ ശരീരത്തിൽ സ്പർശിക്കുന്നത് തടയാൻ വാക്കുകൾ കൊണ്ടോ ഒരു നോട്ടം കൊണ്ടോ പോലും കഴിയും. അതിനു പ്രോത്സാഹനം നൽകേണ്ടത്, മാതാപിതാക്കളാണ്, കുടുംബമാണ്, അധ്യാപകരാണ്, സമൂഹമാണ്.
ഇത്രയും എഴുതേണ്ടി വന്നത്, കഴിഞ്ഞ ദിവസം ഉണ്ടായ രാഷ്ട്രീയക്കാരനായ സിനിമാനടനും, മാധ്യമപ്രവർത്തകയായ ഒരു സ്ത്രീയും തമ്മിൽ ഉണ്ടായ പ്രശ്നങ്ങൾ കാരണമാണ്. തന്റെ ശരീരം തന്റെ അവകാശമാണെന്ന് അവർക്ക് അപ്പോൾ തന്നെ ബോധ്യപ്പെടുത്താമായിരുന്നു. എങ്കിൽ പ്രശ്നങ്ങൾ ഇത്ര സങ്കീർണ്ണമാകുമായിരുന്നില്ല. അതിനു പറ്റാതെ പോയ കാര്യമാണ് മുകളിൽ സൂചിപ്പിച്ചത്.
നമ്മുടെ പെൺകുട്ടികൾ ഉറക്കെ സംസാരിക്കട്ടെ. ഉച്ചത്തിൽ പറയട്ടെ. അതവരുടെ അവകാശമാണ്.
ഡോ. സുനീത് മാത്യു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ